അഞ്ച് അര്‍ബന്‍ ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് 12.75 ലക്ഷം രൂപ പിഴയിട്ടു

moonamvazhi

ബാങ്കിങ് നിയന്ത്രണനിയമം ലംഘിച്ചതിനു ഗുജറാത്ത്, തെലങ്കാന, തമിഴ്‌നാട് സംസ്ഥാനങ്ങളിലെ അഞ്ച് അര്‍ബന്‍ സഹകരണ ബാങ്കുകള്‍ക്കു റിസര്‍വ് ബാങ്ക് പിഴയിട്ടു. ശിക്ഷിക്കപ്പെട്ട അര്‍ബന്‍ ബാങ്കുകളില്‍ മൂന്നും ഗുജറാത്തില്‍ നിന്നുള്ളവയാണ്. കഴിഞ്ഞാഴ്ചയും ഗുജറാത്തിലെ അഞ്ച് അര്‍ബന്‍ ബാങ്കുകളെ റിസര്‍വ് ബാങ്ക് ശിക്ഷിച്ചിരുന്നു. ഇത്തവണ ശിക്ഷിക്കപ്പെട്ട അഞ്ചു ബാങ്കുകളുംകൂടി 12.75 ലക്ഷം രൂപയാണു പിഴയായി അടയ്‌ക്കേണ്ടത്. ഒരു അര്‍ബന്‍ ബാങ്കിന്റെ പ്രവര്‍ത്തനത്തില്‍ റിസര്‍വ് ബാങ്ക് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണം മൂന്നു മാസത്തേക്കു നീട്ടിയിട്ടുമുണ്ട്.

ബറൂച്ച് ജില്ലയിലെ അങ്കലേശ്വറിലുള്ള നവ്‌സര്‍ജന്‍ വ്യാവസായിക സഹകരണ ബാങ്കിനാണു കൂട്ടത്തില്‍ ഏറ്റവും വലിയ തുക പിഴയിട്ടത്. ഈ ബാങ്ക് ഏഴു ലക്ഷം രൂപയാണു പിഴയടയ്‌ക്കേണ്ടത്. മറ്റു ബാങ്കുകളില്‍ നിക്ഷേപം ഇടുന്നതു സംബന്ധിച്ചും നിങ്ങളുടെ ഇടപാടുകാരെ അറിയുക ( കെ.വൈ.സി ) എന്നതു സംബന്ധിച്ചുമുള്ള വ്യവസ്ഥകള്‍ ലംഘിച്ചതാണു കുറ്റം. മെഹ്‌സാന ജില്ലാ പഞ്ചായത്തു കര്‍മചാരി സഹകരണ ബാങ്കിനു മൂന്നു ലക്ഷം രൂപയാണു പിഴയിട്ടത്. നിക്ഷേപം മറ്റു ബാങ്കുകളില്‍ ഇടുന്നതു സംബന്ധിച്ച വ്യവസ്ഥയും 1949 ലെ ബാങ്കിങ് നിയന്ത്രണനിയമത്തിലെ 56 -ാം സെക്ഷനിലെ 26 എ ( 2 ) വ്യവസ്ഥയും ലംഘിച്ചു എന്നതാണ് ഈ ബാങ്കിന്റെ കുറ്റം. പഞ്ചമഹാലിലെ ഹാലോല്‍ അര്‍ബന്‍ സഹകരണ ബാങ്ക് രണ്ടു ലക്ഷം രൂപയാണു പിഴയൊടുക്കേണ്ടത്. ബാങ്കിന്റെ ഡയറക്ടര്‍മാര്‍ക്കും ബന്ധുക്കള്‍ക്കും അവരുമായി ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ക്കും വഴിവിട്ടു വായ്പ കൊടുത്തു എന്നതാണു ബാങ്കിനുമേല്‍ ആരോപിച്ചിട്ടുള്ള കുറ്റം. ഈ മൂന്നു ബാങ്കുകളും ഗുജറാത്തിലാണു പ്രവര്‍ത്തിക്കുന്നത്.

ബാങ്കിന്റെ ഡയറക്ടര്‍മാര്‍ക്കും ബന്ധുക്കള്‍ക്കും അവര്‍ക്കു താല്‍പ്പര്യമുള്ള സ്ഥാപനങ്ങള്‍ക്കും വഴിവിട്ടു വായ്പ നല്‍കി എന്നതിനാണു തെലങ്കാനയിലെയും തമിഴ്‌നാട്ടിലെയും ബാങ്കുകളെ ശിക്ഷിച്ചത്. തെലങ്കാനയിലെ ഖമ്മത്തു പ്രവര്‍ത്തിക്കുന്ന സ്റ്റംബദ്രി സഹകരണ അര്‍ബന്‍ ബാങ്കിനു അര ലക്ഷം രൂപയാണു റിസര്‍വ് ബാങ്ക് പിഴയിട്ടിരിക്കുന്നത്. തമിഴ്‌നാട് സേലത്തെ സുബ്രഹ്‌മണ്യനഗര്‍ അര്‍ബന്‍ സഹകരണ ബാങ്ക് 25,000 രൂപയാണു പിഴയൊടുക്കേണ്ടത്. ബാങ്കിങ് നിയന്ത്രണനിയമത്തിലെ സെക്ഷന്‍ 46 ( 4 ) ( 1 ), 56 എന്നിവയിലെ 47 എ ( 1 ) ( സി ) വ്യവസ്ഥകളനുസരിച്ചാണു റിസര്‍വ് ബാങ്ക് അര്‍ബന്‍ ബാങ്കുകള്‍ക്കെതിരെ പിഴശിക്ഷാനടപടിയെടുത്തിരിക്കുന്നത്. രാംഗഡിയ അര്‍ബന്‍ സഹകരണ ബാങ്കിനുമേല്‍ ഏര്‍പ്പെടുത്തിയിട്ടുള്ള നിയന്ത്രണം റിസര്‍വ് ബാങ്ക് ഏപ്രില്‍ എട്ടുവരെ നീട്ടിയിട്ടുമുണ്ട്.

ബാങ്കിങ് നിയന്ത്രണനിയമത്തിലെ വിവിധ വ്യവസ്ഥകള്‍ ലംഘിച്ചതിന്റെ പേരില്‍ കഴിഞ്ഞാഴ്ച റിസര്‍വ് ബാങ്ക് ഗുജറാത്തിലെ അഞ്ച് അര്‍ബന്‍ ബാങ്കുകളെ പിഴശിക്ഷയ്ക്കു വിധേയമാക്കിയിരുന്നു. ഭുജ് കമേഴ്‌സ്യല്‍ സഹകരണ ബാങ്ക്, ഛോട്ടാ ഉദേപൂരിലെ സന്‍ഖേദ നാഗരിക് സഹകരണ ബാങ്ക്, ലിംദി അര്‍ബന്‍ ബാങ്ക്, വഡോദരയിലെ ശ്രീഭാരത് സഹകരണ ബാങ്ക, പര്‍ലഖേമുന്‍ഡി ബാങ്ക് എന്നിവയെയാണു മൊത്തം 13.5 ലക്ഷം രൂപ പിഴയടയ്ക്കാന്‍ ശിക്ഷിച്ചത്.

Leave a Reply

Your email address will not be published.