അംഗീകാരം കിട്ടാതെ മണ്‍മറഞ്ഞ മഹാപ്രതിഭ

moonamvazhi

കണ്ടുപിടിത്തക്കാരന്‍, എന്‍ജിനിയര്‍, വ്യവസായി എന്നീ നിലകളില്‍ പ്രശസ്തനായ ഗോപാല്‍സ്വാമി ദൊരൈസ്വാമി നായിഡു എന്ന ജി.ഡി. നായിഡുവിന്റെ ഇതിഹാസതുല്യമായ ജീവിതകഥയുടെ രണ്ടാംഭാഗം. ഏതെങ്കിലും പാശ്ചാത്യ രാജ്യത്തായിരുന്നുവെങ്കില്‍കണ്ടുപിടിത്തത്തിനു നോബല്‍ സമ്മാനംവരെ നായിഡുവിനെ തേടിയെത്തുമായിരുന്നു.

 

വിവാഹാവശ്യങ്ങള്‍, ടൂര്‍ പ്രോഗ്രാമുകള്‍ എന്നിവയ്ക്കായി പ്രത്യേക ബസ്സുകള്‍ വാടകയ്ക്കു നല്‍കുന്ന സമ്പ്രദായം ഇന്ത്യയിലാദ്യമായി കൊണ്ടുവന്നതു ദൊരൈസ്വാമി എന്ന ജി.ഡി. നായിഡുവാണ്. ഇന്ത്യയിലെ ടൂറിസ്റ്റ്ബസ് വ്യവസായത്തിന്റെ പിതാവ് എന്നു വേണമെങ്കില്‍ അദ്ദേഹത്തെ വിളിക്കാം. ഇന്ത്യയിലാദ്യമായി ദിവസേന ഓടുന്ന ഇന്റര്‍‌സ്റ്റേറ്റ് ലിമിറ്റഡ് സ്റ്റോപ്പ് ബസ്‌സര്‍വീസ് തുടങ്ങിയതും ദൊരൈസ്വാമിയാണ്. പാലക്കാട് – പഴനി റൂട്ടിലാണു രണ്ടു സംസ്ഥാനങ്ങള്‍ കടന്നുപോകുന്ന ബസ് സര്‍വീസ് രാജ്യത്താദ്യമായി നിലവില്‍വന്നത്. രണ്ടു ബസ്സുകള്‍ ഇതിനായി ഏര്‍പ്പെടുത്തിയിരുന്നു. ഒന്നു പാലക്കാട്ടു നിന്നും മറ്റേതു പഴനിയില്‍ നിന്നും ഒരേ സമയം പുറപ്പെടും.

സ്വന്തം
ബസ് സ്റ്റാന്റ്

ലോങ്‌റൂട്ട് ബസ്സുകള്‍ ആരംഭിച്ചതോടെ ഇതിലെ യാത്രക്കാര്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ ദൊരൈസ്വാമി മനസ്സിലാക്കി. അവര്‍ക്കു പ്രാഥമിക കൃത്യങ്ങള്‍ നിര്‍വഹിക്കുന്നതിനും ഭക്ഷണം കഴിക്കുന്നതിനുമായി തന്റെ ബസ്സുകള്‍ ഓടുന്ന പ്രധാന നഗരങ്ങളില്‍ സ്ഥലം വാങ്ങി അദ്ദേഹം സ്വന്തമായി ബസ്സ്റ്റാന്റുകള്‍ പണിതു. ബസ്സുകള്‍ വഴിവക്കില്‍നിന്നു യാത്ര പുറപ്പെടുന്ന അക്കാലത്ത് ഇതും പുതുമയുള്ള സംരംഭമായിരുന്നു. എല്ലാവിധ ആധുനിക സജ്ജീകരണങ്ങളുമുള്ളതായിരുന്നു ഈ ബസ് ടെര്‍മിനലുകള്‍. ദീര്‍ഘദൂര യാത്രികര്‍ക്കായി ഒന്നോ രണ്ടോ ദിവസം താമസിക്കാനായി മുറികള്‍, ലഗേജുകള്‍ സുരക്ഷിതമായി സൂക്ഷിക്കാന്‍ ക്ലോക്ക് റൂമുകള്‍, ഇന്ത്യന്‍- യൂറോപ്യന്‍ ഭക്ഷണശാലകള്‍, ടോയ്‌ലറ്റുകള്‍, വണ്ടികള്‍ സര്‍വീസ് ചെയ്യാന്‍ വര്‍ക്ക്‌ഷോപ്പ്, നല്ല ഇരിപ്പിടങ്ങളുള്ള വിശാലമായ കാത്തിരിപ്പുസൗകര്യം എന്നിവ ഇവിടങ്ങളില്‍ ഏര്‍പ്പെടുത്തി. ഈ ബസ് ടെര്‍മിനലുകളിലെ സൗകര്യങ്ങള്‍ മറ്റു ചെറുകിട ബസ് ഓപ്പറേറ്റര്‍മാര്‍ക്കും സൗജന്യമായി ഉപയോഗിക്കാന്‍ അനുവാദം നല്‍കിയതിലൂടെ ദൊരൈസ്വാമി കൂടുതല്‍ ജനകീയനായി.

ആ സമയത്തു ജര്‍മനിയിലെ ഒരു വ്യവസായപ്രമുഖന്‍ ഇന്ത്യ ചുറ്റിക്കാണാനായി ഭാര്യയ്‌ക്കൊപ്പം വന്നപ്പോള്‍ യാത്രയ്ക്കിടെ കോയമ്പത്തൂരിലെത്തി. നല്ല യൂറോപ്യന്‍ ഭക്ഷണം ലഭിക്കാതെ ഭാര്യയുടെ വയറിനു സുഖമില്ലാതായി. അന്നു കോയമ്പത്തൂരിലെ ഹോട്ടലുകളിലൊന്നും യൂറോപ്യന്‍ ഭക്ഷണം ലഭിക്കില്ലായിരുന്നു. അപ്പോഴാണു ദൊരൈസ്വാമിയുടെ ബസ് ടെര്‍മിനലില്‍ നല്ല യൂറോപ്യന്‍ ഭക്ഷണം ലഭിക്കുമെന്ന് ആരോ പറഞ്ഞത്. അവിടെയെത്തിയ ജര്‍മന്‍ ബിസിനസ്സുകാരനെ ദൊരൈസ്വാമി നേരിട്ടെത്തി സ്വീകരിക്കുകയും ആതിഥ്യമരുളുകയും ചെയ്തു.

ദൊരൈസ്വാമിയെക്കുറിച്ച് വിശദമായി ചോദിച്ചറിഞ്ഞ ആ ജര്‍മന്‍കാരന്‍ അദ്ദേഹത്തെ ജര്‍മനിയിലേക്കു ക്ഷണിച്ചു. ഇതിനിടെ നൂറിലധികം ബസ്സുകളുമായി ദൊരൈസ്വാമിയുടെ യുണൈറ്റഡ് മോട്ടോര്‍ സര്‍വീസസ് ( ഡങട ) വളര്‍ന്നിരുന്നു. തന്റെ ബസ്സുകളുടെ ബുക്കും പേപ്പറുമെല്ലാം ധാരാളം തവണ പകര്‍പ്പെടുത്തു വിവിധ സര്‍ക്കാര്‍ ഓഫീസുകളിലും ബാങ്കുകളിലും എത്തിക്കേണ്ട സമയംകൊല്ലിയായ പ്രശ്‌നം ദൊരൈസ്വാമിയെ ബുദ്ധിമുട്ടിച്ചു. ഇതിനായി അദ്ദേഹം ഒരു ഫോട്ടോസ്റ്റാറ്റ് മെഷീന്‍തന്നെ രൂപപ്പെടുത്തി. അങ്ങനെ ഇന്ത്യയിലെ ആദ്യത്തെ ഫോട്ടോസ്റ്റാറ്റ് മെഷീനും കണ്ടുപിടിക്കപ്പെട്ടു.

ബസ്സില്‍ ടിക്കറ്റ് കൊടുക്കാന്‍ അന്നു കാര്‍ബണ്‍ പേപ്പര്‍ വളരെ അത്യാവശ്യമായിരുന്നു. കാര്‍ബണ്‍ പേപ്പര്‍ വിദേശത്തുനിന്നു ഇറക്കുമതി ചെയ്യുന്നതുമൂലം വലിയ വിലയായിരുന്നു. വരുമാനത്തില്‍ ഒരു പങ്ക് കാര്‍ബണ്‍ പേപ്പറിനു പോകുന്നത് ഒഴിവാക്കാന്‍ എന്താണു വഴി?
അതു സ്വന്തമായി നിര്‍മിക്കുകതന്നെ. അങ്ങനെ ഇന്ത്യന്‍നിര്‍മിത കാര്‍ബണ്‍ പേപ്പര്‍ ദൊരൈസ്വാമിയുടെ ഫാക്ടറിയില്‍ നിന്നു പുറത്തിറങ്ങി. ടൈപ്പ്‌റൈറ്ററിനുള്ള ഇങ്ക് റോളറുകളും ഇതോടൊപ്പം സ്വന്തമായി നിര്‍മിച്ച് വിപണിയിലിറക്കി.

ടിക്കറ്റ് വെന്‍ഡിങ്
മെഷീന്‍

നൂറിലധികം ബസ്സുകളായതോടെ അവയുടെ കളക്ഷന്‍ കണക്കുകൂട്ടി തിട്ടപ്പെടുത്താന്‍ ധാരാളം സമയം വേണ്ടിവന്നിരുന്നു. ഇതൊഴിവാക്കാനായി ലോകത്തിലെ ആദ്യത്തെ ടിക്കറ്റ് വെന്‍ഡിങ് മെഷീന്‍ ദൊരൈസ്വാമിയുടെ പണിശാലയില്‍ പിറന്നു. അദ്ദേഹത്തിന്റെ ബസ് സര്‍വീസുകളിലെല്ലാം 1930 കളില്‍ ടിക്കറ്റ് മെഷീനുകള്‍ ഉണ്ടായിരുന്നു എന്ന് ഇന്ന് ആലോചിക്കാനാവുമോ? ബസ്സുകളുടെ എണ്ണം കൂടിയതോടെ അവയില്‍ ജോലി ചെയ്യാനായി ആവശ്യത്തിനു ഡ്രൈവര്‍മാരെയും തകരാറുകള്‍ പരിഹരിക്കാന്‍ മെക്കാനിക്കുകളെയും കിട്ടാതായി. ഇതുകാരണം ബസ് സര്‍വീസ് മുടങ്ങുന്നത് അദ്ദേഹത്തിന്റെ ശ്രദ്ധയില്‍പ്പെട്ടു. തന്നെപ്പോലെ അത്യാവശ്യം എഴുതാനും വായിക്കാനും മാത്രമറിയാവുന്ന സ്‌കൂള്‍ ഡ്രോപ്പൗട്ടുകളെ അദ്ദേഹം തേടി കണ്ടുപിടിച്ചു. ആദ്യഘട്ടമായി 40 പേരെ തപ്പിയെടുത്തു തന്റെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ ഡ്രൈവിങ്ങും വാഹനങ്ങളുടെ റിപ്പയറിങ്ങും ഒരു ക്രാഷ് കോഴ്‌സ് പോലെ ആറു മാസംകൊണ്ട് പഠിപ്പിച്ചു തന്റെ കമ്പനിയില്‍ ജോലി നല്‍കി. അതു വന്‍വിജയമായി. അങ്ങനെ ഇന്ത്യയിലെ ആദ്യത്തെ അനൗദ്യോഗിക ഐ.ടി.ഐ. പിറവികൊണ്ടു. ഈ പാഠ്യപദ്ധതി അദ്ദേഹം തുടര്‍ന്നുപോന്നു.

യു.എം.എസ്. സര്‍ട്ടിഫിക്കറ്റുള്ള ഡ്രൈവര്‍മാരുണ്ടെങ്കില്‍ വണ്ടി വഴിയില്‍ കിടക്കില്ല എന്ന നിലയായതോടെ കോഴ്‌സും ഹിറ്റായി. വണ്ടിപ്പണികള്‍ക്കു പുറമേ ലേത്ത് വര്‍ക്കുകള്‍, ഇലക്ട്രീഷ്യന്‍ പണികള്‍ എന്നിവയെല്ലാം ക്രാഷ് കോഴ്‌സുകളായി അദ്ദേഹം നടത്തിയിരുന്നു. പത്താം ക്ലാസ് പാസാകരുത് എന്ന ഒറ്റ നിബന്ധനയേ ഈ കോഴ്‌സുകള്‍ക്കു ചേരാനുള്ള യോഗ്യതയായി നിഷ്‌കര്‍ഷിച്ചിരുന്നുള്ളൂ. അധ്യാപകരെ കല്ലെറിഞ്ഞ് സ്ലേറ്റും പുസ്തകവും തോട്ടിലെറിഞ്ഞു സ്‌കൂള്‍ വിട്ടോടിയ ദൊരൈസ്വാമി അങ്ങനെ നല്ലൊരധ്യാപകനെന്ന പേരും നേടി.

ആദ്യത്തെ
വിദേശയാത്ര

കമ്പനികള്‍ തന്റെ അസാന്നിധ്യത്തിലും നന്നായി പ്രവര്‍ത്തിക്കുമെന്ന നിലയിലെത്തി എന്നു ബോധ്യം വന്നപ്പോള്‍ 1932 ല്‍ ദൊരൈസ്വാമി ആദ്യത്തെ വിദേശസഞ്ചാരത്തിനൊരുങ്ങി. സുഹൃത്തായ ജര്‍മനിയിലെ ബിസിനസ്സുകാരന്റെ ക്ഷണപ്രകാരം ആദ്യയാത്ര ജര്‍മനിയിലേക്കായിരുന്നു. ഈ ജര്‍മന്‍കാരനു ക്യാമറ നിര്‍മിക്കുന്ന റോളിഫ്‌ളക്‌സ് എന്ന ലോകപ്രശസ്ത കമ്പനിയുണ്ടായിരുന്നു. കമ്പനിയിലെത്തിയ ദൊരൈസ്വാമിക്കു ക്യാമറകള്‍ നന്നായി ഇഷ്ടപ്പെട്ടു. അക്കാലത്തെ ക്യാമറകളുടെ ഒരു വലിയ പോരായ്മയായിരുന്നു ഫോക്കസിങ് ചെയ്യാനുള്ള ബുദ്ധിമുട്ട്. വളരെ വിദഗ്ധനായ ഒരു ക്യാമറാമാനുമാത്രമേ ശരിയായ ചിത്രങ്ങള്‍ എടുക്കാന്‍ സാധിക്കുമായിരുന്നുള്ളൂ. ഫോട്ടോ എടുത്തു ഫിലിം വാഷ് ചെയ്തു കയ്യില്‍ കിട്ടാന്‍ ദിവസങ്ങള്‍ പിടിക്കും. കിട്ടുമ്പോഴാണ് ഔട്ട് ഓഫ് ഫോക്കസ് പ്രശ്‌നം ശ്രദ്ധയില്‍പ്പെടുക. മൂവി ക്യാമറയിലൊക്കെ ഇതു വലിയ സാമ്പത്തികബാധ്യത വരുത്തും.

കമ്പനി സന്ദര്‍ശിച്ച് ഒരാഴ്ചക്കുള്ളില്‍ വളരെ സിമ്പിളായി ക്യാമറയുടെ ഫോക്കസ് സെറ്റ് ചെയ്യുന്നതിനുള്ള ടെക്‌നോളജി വികസിപ്പിച്ച് ജര്‍മന്‍കാരനു ദൊരൈസ്വാമി കൈമാറി. ഡിജിറ്റല്‍ കാലഘട്ടത്തിനു മുമ്പുവരെ ക്യാമറകളില്‍ ലോകവ്യാപകമായി ഉപയോഗിച്ചിരുന്നതു ദൊരൈസ്വാമി കണ്ടുപിടിച്ച ഫോക്കസിങ് ടെക്‌നോളജിയാണ്. ജര്‍മനിയിലെ താമസത്തിനിടയില്‍ ഷേവ് ചെയ്യാന്‍ ബാര്‍ബര്‍ഷോപ്പിലെത്തിയ ദൊരൈസ്വാമി അവിടുത്തെ ചാര്‍ജ് കേട്ട് അമ്പരന്നുപോയി. ചുമ്മാതല്ല ജര്‍മന്‍കാരെല്ലാം താടിവളര്‍ത്തുന്നത് എന്ന് ആത്മഗതം ചെയ്ത ദൊരൈസ്വാമിയുടെ ചിന്ത പോയതു വേറൊരു വഴിക്കാണ്. അദ്ദേഹം കളിപ്പാട്ടക്കാറിന്റെ മോട്ടോറുകളും ഏതാനും ഷേവിങ്ങ് ബ്ലേഡുകളും വാങ്ങിയാണു നാട്ടിലേക്കു മടങ്ങിയത്. അന്നത്തെ ഷേവിങ് ബ്ലേഡ് ഇന്നത്തെപ്പോലെ കനം കുറഞ്ഞതായിരുന്നില്ല. ഒരു എം.എം. കനം വരുമായിരുന്നു. നാട്ടിലെത്തിയ ദൊരൈസ്വാമി ടോയ് മോട്ടോറും ബ്ലേഡും സംയോജിപ്പിച്ച് ലോകത്തിലെ ആദ്യത്തെ ഇലക്ട്രിക് റേസര്‍ കണ്ടുപിടിച്ചു. കൂടാതെ കട്ടി കുടിയ ഷേവിങ് ബ്ലേഡിനെ ഇന്നത്തെ രൂപത്തിലേക്കു മാറ്റി കനം കുറയ്ക്കുകയും അതു വന്‍തോതില്‍ നിര്‍മിക്കുന്നതിനുള്ള ഓട്ടോമാറ്റിക് മെഷീന്‍ വികസിപ്പിക്കുകയും ചെയ്തു. അടുത്ത ലോകസഞ്ചാരത്തില്‍ ഈ കണ്ടുപിടിത്തങ്ങളുമായാണ് അദ്ദേഹം പോയത്. ജര്‍മനിയിലെ ലോക വ്യവസായമേളയില്‍ ഇതു പ്രദര്‍ശിപ്പിച്ചു. ആ കണ്ടുപിടിത്തത്തിന് അഡോള്‍ഫ് ഹിറ്റ്‌ലര്‍ നേരിട്ട് അദ്ദേഹത്തിനു പ്രശസ്തിഫലകം സമ്മാനിച്ചു. ഈ കണ്ടുപിടിത്തങ്ങള്‍ക്കും ദൊരൈസ്വാമി പേറ്റെന്റ് എടുത്തില്ല. ലോകപ്രശസ്ത റേസര്‍ബ്ലേഡ് നിര്‍മാതാക്കള്‍ കനം കുറഞ്ഞ റേസര്‍ബ്ലേഡ് ടെക്‌നോളജി കോപ്പി ചെയ്ത് ഉടനടി വിപണിയിലെത്തിച്ചു.

ലോകസഞ്ചാരത്തിനിടെ ഒരു ബ്രഡ് നിര്‍മാണശാല സന്ദര്‍ശിക്കാന്‍ ദൊരൈസ്വാമിക്ക് അവസരം വന്നു. അപ്പോഴാണ് അവിടെ ബ്രഡ് സ്ലൈസ് ചെയ്യുന്ന മെഷീന്‍ അദ്ദേഹത്തിന്റെ കണ്ണില്‍പ്പെട്ടത.് അതിനുപയോഗിക്കുന്ന കത്തികള്‍ മെഷീന്‍ നിറുത്തി കൂടെക്കൂടെ മൂര്‍ച്ച കൂട്ടേണ്ടി വരുന്നു. ഇതു വളരെ സമയം നഷ്ടപ്പെടുത്തുന്ന മിനക്കെട്ട പരിപാടിയായിരുന്നു. ദൊരൈസ്വാമി അതിനും ഉടനടി പരിഹാരം കണ്ടുപിടിച്ചു.
കത്തികള്‍ക്കു പകരം നൂല്‍ക്കമ്പികള്‍ ഉപയോഗിച്ച് ബ്രഡ് മുറിക്കാനുള്ള യന്ത്രം ആഴ്ചകള്‍ക്കുള്ളില്‍ അദ്ദേഹം രൂപപ്പെടുത്തി. ലോകവ്യാപകമായി ഇന്നും ഉപയോഗിക്കുന്നത് അതേ ടെക്‌നോളജി തന്നെ.

ആദ്യത്തെ വൈദ്യുത
മോട്ടോര്‍

ദൊരൈസ്വാമിയുടെ കമ്പനിയില്‍ നിര്‍മിക്കുന്ന ലേത്ത് മെഷീനുകള്‍ക്കാവശ്യമായ ഇലക്ട്രിക് മോട്ടോറുകള്‍ ബ്രിട്ടനില്‍നിന്ന് ഇറക്കുമതി ചെയ്യുകയായിരുന്നു. അന്ന് ഇന്ത്യയില്‍ മോട്ടോറുകള്‍ നിര്‍മിച്ചിരുന്നില്ല. ചില സമയത്തു കപ്പല്‍ സര്‍വീസ് മുടങ്ങുന്നതിനാല്‍ മോട്ടോറുകള്‍ സുഗമമായി കിട്ടിയിരുന്നില്ല. ഇതുമൂലം ലേത്തുകളുടെ വില്‍പ്പന തടസ്സപ്പെട്ടു. എന്നാല്‍, മോട്ടോര്‍ സ്വന്തമായി നിര്‍മിച്ചുകളയാം എന്നു ദൊരൈസ്വാമി തീരുമാനിച്ചു. മോട്ടോര്‍ നിര്‍മിക്കാനാവശ്യമായ കോറുകളോ ലാമിനേഷനുകളോ ഇന്‍സുലേറ്റഡ് ചെമ്പുകമ്പിയോ കപ്പാസിറ്ററുകളോ ഒന്നും അക്കാലത്ത് ഇന്ത്യയില്‍ ഉണ്ടാക്കിയിരുന്നില്ല. ഇവയെല്ലാം തന്റെ പണിശാലകളില്‍ സ്വന്തമായി രൂപപ്പെടുത്തി ഇന്ത്യയിലെ ആദ്യത്തെ ഇലക്ട്രിക് മോട്ടോര്‍ 1937 ല്‍ ഡങട ബ്രാന്‍ഡ്‌നാമത്തില്‍ തന്റെ 44 -ാം വയസില്‍ ദൊരൈസ്വാമി പുറത്തിറക്കി. ഇന്ത്യയുടെ വ്യവസായ വളര്‍ച്ചയ്ക്ക് ഈ മോട്ടോര്‍ ചെയ്ത സംഭാവന ഒന്നുമതി ദൊരൈസ്വാമി എന്ന പേരു ചരിത്രത്തില്‍ രേഖപ്പെടുത്താന്‍.

1941 വരെ ഇന്ത്യയില്‍ വിറ്റിരുന്ന റേഡിയോകളെല്ലാം വിദേശനിര്‍മിതമായിരുന്നു. ഇറക്കുമതിച്ചുങ്കം മൂലം അവയ്‌ക്കെല്ലാം വലിയ വിലയുമായിരുന്നു. ഒരു സമ്പന്നനുപോലും താങ്ങാനാകാത്തതായിരുന്നു റേഡിയോകളുടെ വില. ഒരു രൂപയ്ക്ക് 100 തേങ്ങ കിട്ടിയിരുന്ന, ഒരു പവന്‍ സ്വര്‍ണം 35 രൂപയ്ക്കു കിട്ടിയിരുന്ന അന്ന് ഒരു റേഡിയോ വാങ്ങണമെങ്കില്‍ 300 രൂപ വേണ്ടിയിരുന്നു. ഒരു റേഡിയോ വാങ്ങി അഴിച്ച് അതിന്റെ ഉള്ളുകള്ളികള്‍ മനസ്സിലാക്കിയ ദൊരൈസ്വാമി സ്പീക്കറും ഗാങ് കണ്ടന്‍സറും ട്രാന്‍സ്‌ഫോര്‍മറും കാബിനെറ്റും ഉള്‍പ്പടെ
സാധിക്കുന്നത്ര പാര്‍ട്‌സുകള്‍ സ്വന്തം ഫാക്ടറിയില്‍ നിര്‍മിച്ച് വാല്‍വുകള്‍ ഇറക്കുമതി ചെയ്തു സ്വന്തമായി റേഡിയോ നിര്‍മാണം ആരംഭിച്ചു. ജര്‍മനിയിലെ ഗ്രണ്ടിംഗ് കമ്പനിയുടെ സാങ്കേതികപിന്തുണയുമുണ്ടായിരുന്നു.

 

അങ്ങനെ 1941 ജൂലായ് 19 ന് ആദ്യത്തെ ഇന്ത്യന്‍ നിര്‍മിത റേഡിയോ സെറ്റ് പുറത്തിറങ്ങി. 70 രൂപയായിരുന്നു പ്രാരംഭവില. റെക്കോഡ് പ്ലയറുകള്‍, ഹോട്ടല്‍ മ്യൂസിക് സിസ്റ്റം, ഓട്ടോമാറ്റിക് ജൂക്ക് ബോക്‌സുകള്‍ എന്നിവയും അക്കാലങ്ങളില്‍ ഡങട റേഡിയോ ഫാക്ടറിയില്‍ നിന്നും പുറത്തിറങ്ങിയിരുന്നു. ടെലിവിഷനുകളും പില്‍ക്കാലത്ത് ഡങട നിര്‍മിച്ചിരുന്നു. ഇന്ത്യയിലെ ആദ്യ ടെലിവിഷന്‍ ബൂസ്റ്റര്‍, യാഗി ആന്റിനകള്‍, ഇന്ത്യയിലെ ആദ്യ ഡിഷ് ആന്റിനകള്‍ എന്നിവയെല്ലാം ഡങട ഫാക്ടറികളില്‍ നിന്നു പുറത്തിറങ്ങിയവയാണ്. ഇന്ത്യന്‍നിര്‍മിത കൊതുക്ബാറ്റായ ഹണ്ടര്‍ ഡങട ന്റെ ഒരുല്‍പ്പന്നമാണെന്നറിയുക.

കാര്‍ഷികരംഗത്തും
കണ്ടുപിടിത്തങ്ങള്‍

താന്‍ ആദ്യകാലങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന കാര്‍ഷികവൃത്തിയിലും ധാരാളം കണ്ടുപിടുത്തങ്ങള്‍ ദൊരൈസ്വാമി നടത്തിയിട്ടുണ്ട്. ഹൈബ്രിഡ് കൃഷിയുടെ ഇന്ത്യന്‍ ഉപജ്ഞാതാവ് അദ്ദേഹംതന്നെയാണ്. കുരുവില്ലാത്ത പപ്പായ, തക്കാളിയുടെയും ആപ്പിളിന്റെയും രുചിയുള്ള പപ്പായകള്‍, ഒരാള്‍പ്പൊക്കത്തില്‍ വളരുന്നതും വലിയ കായകള്‍ ഉണ്ടാകുന്നതുമായ പപ്പായ, 20 അടിവരെ ഉയരം വയ്ക്കുന്നതും ഭീമന്‍പഴങ്ങള്‍ ഉണ്ടാകുന്നതുമായ വാഴയിനങ്ങള്‍, ചോളം, വിളവ് കൂടിയ പരുത്തി എന്നിവയെല്ലാം അദ്ദേഹം തന്റെ കൃഷിത്തോട്ടങ്ങളില്‍ രൂപപ്പെടുത്തിയിരുന്നു.
ഒരു കൗതുകം എന്നതിലുപരി ഇതിന്റെ വ്യവസായമൂല്യം അക്കാലത്ത് ആരും തിരിച്ചറിയാതിരുന്നതിനാല്‍ ഈ വിളകളുടെ രഹസ്യമെല്ലാം അദ്ദേഹത്തില്‍ത്തന്നെ ഒതുങ്ങി.

ആദ്യത്തെ ഇന്ത്യന്‍നിര്‍മിത ഡീസല്‍ എഞ്ചിനുകള്‍ക്കു രൂപം കൊടുത്തതും ദൊരൈസ്വാമിയാണ്. 1930 കളില്‍ അദ്ദേഹം ഡിസൈന്‍ ചെയ്തു തദ്ദേശീയമായി നിര്‍മിച്ച ഡീസല്‍ എഞ്ചിനുകള്‍ ഉപയോഗിച്ച് വെള്ളം പമ്പ് ചെയ്യുന്ന വാട്ടര്‍ പമ്പുകളും വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്ന ജനറേറ്ററുകളും വളരെയധികം ജനപ്രീതി നേടി. രാവിലെ തറക്കല്ലിട്ടാല്‍ വൈകുന്നേരം നിര്‍മാണം പൂര്‍ത്തിയാകുന്ന റെഡിമേഡ് വീടുകള്‍ ദൊരൈസ്വാമിയുടെ കണ്ടുപിടുത്തങ്ങളില്‍ ഒന്നായിരുന്നു.

 

അന്നത്തെ മദ്രാസ് ഗവര്‍ണര്‍ സര്‍ ആര്‍തര്‍ ഹോപ്പിന്റെ പേരില്‍ 1945 ല്‍ ഇന്ത്യയിലെ ആദ്യത്തെ പോളിടെക്‌നിക് കോളേജ് കോയമ്പത്തൂരില്‍ ആരംഭിച്ചു. പിന്നീട് അതു ദൊരൈസ്വാമി സര്‍ക്കാരിനു വിട്ടുകൊടുത്തു. ഇന്ന് ആ സ്ഥാപനം ഗവണ്‍മെന്റ് കോളേജ് ഓഫ് ടെക്‌നോളജി കോയമ്പത്തൂര്‍ എന്നറിയപ്പെടുന്നു. ഇന്ത്യയില്‍ ബാറ്ററിയില്‍ ഓടുന്ന ആദ്യത്തെ ഇലക്ട്രിക് സൈക്കിള്‍ നിര്‍മിച്ചതും ദൊരൈസ്വാമിതന്നെ. 1940 ലായിരുന്നു അത്. ആദ്യത്തെ ഇന്ത്യന്‍നിര്‍മിത കാര്‍ 1952 ല്‍ ദൊരൈസ്വാമിയുടെ ഫാക്ടറിയിലാണു ജന്മമെടുത്തത്. ഇന്ത്യയിലെ സമാന വ്യവസായഭീമന്‍മാര്‍ ഉടക്കു വച്ചതുമൂലം ആവശ്യമായ ലൈസന്‍സുകള്‍ ലഭിക്കാതെ ഈ സംരംഭം തുടക്കത്തിലേ ഒടുങ്ങി.

വാഹനങ്ങളുടെ ടയര്‍ മാറ്റുന്ന മെഷീന്‍, വാഹനങ്ങള്‍ ഉയര്‍ത്തി നിറുത്തി കഴുകുന്ന ഹൈഡ്രോളിക് ലിഫ്റ്റ്, തെങ്ങ് കയറ്റയന്ത്രം, ലോകത്തെ ആദ്യത്തെ വോട്ടിങ് മെഷീന്‍ എന്നിവയെല്ലാം ദൊരൈസ്വാമിയുടെ കണ്ടുപിടിത്തങ്ങളില്‍ ചിലതു മാത്രമാണ്. കൂടാതെ ഇന്ത്യന്‍നിര്‍മിത സിനിമാ പ്രൊജക്റ്റര്‍, മൂവി ക്യാമറ, ബോള്‍ പേനകള്‍, റീ ഫില്ലറുകള്‍, വില കുറഞ്ഞ ക്ലോക്കുകള്‍ എന്നിവയെല്ലാം നാടന്‍ സാങ്കേതിക വിദ്യകളുപയോഗിച്ച് ഇന്ത്യക്കു സ്വാതന്ത്ര്യം കിട്ടുന്നതിനുമുമ്പുതന്നെ താങ്ങാനാകുന്ന വിലയ്ക്ക് അദ്ദേഹത്തിന്റെ ഫാക്ടറികളില്‍ നിന്നു പുറത്തുവന്നിട്ടുണ്ട്.

തന്റെ കൂടെയുള്ള സമര്‍ഥരായ ജീവനക്കാരെയെല്ലാം കലവറയില്ലാതെ ജി.ഡി. നായിഡു പ്രോത്സാഹിപ്പിച്ചിരുന്നു. അവര്‍ക്കു സ്വന്തമായി സ്ഥാപനങ്ങള്‍ തുടങ്ങാനാവശ്യമായ എല്ലാ സഹായവും അദ്ദേഹം നല്‍കി. തന്മൂലം നൂറുകണക്കിനു മോട്ടോര്‍ നിര്‍മാണ യൂണിറ്റുകളും ഫൗണ്ടറികളും കോയമ്പത്തൂരില്‍ രൂപമടുത്തു. കോയമ്പത്തൂരിനെ ‘ ഇന്ത്യയിലെ മാഞ്ചസ്റ്ററാ ‘ ക്കി വളര്‍ത്തിയെടുത്തതില്‍ ഈ വന്‍വ്യവസായിയുടെ പങ്ക് വളരെ വലുതാണ്.

ഏതെങ്കിലും പാശ്ചാത്യ രാജ്യത്തായിരുന്നെങ്കില്‍ നോബല്‍ സമ്മാനംവരെ ലഭിക്കേണ്ട കണ്ടുപിടിത്തങ്ങള്‍ നടത്തിയ ജി.ഡി. നായിഡു 1974 ജനുവരി നാലിന് 81 -ാമത്തെ വയസില്‍ അന്തരിച്ചു. നായിഡു സ്ഥാപിച്ച വ്യവസായ സാമ്രാജ്യം ജി.ഡി. ഗ്രൂപ്പ് ഓഫ് കമ്പനീസ് എന്ന പേരില്‍ ഇപ്പോഴും ഉയരങ്ങളിലേക്കു കുതിച്ചുകൊണ്ടിരിക്കുന്നു. ജീവിതകാലത്ത് ഒരു വിധത്തിലുള്ള അംഗീകാരവും അദ്ദേഹത്തിന്റെ കണ്ടുപിടിത്തങ്ങള്‍ക്കു ലഭിച്ചില്ല. അടുത്ത സുഹൃത്തായിരുന്ന ഡോ. സി.വി. രാമനാണു കണ്ടുപിടിത്തങ്ങളുടെ പേരില്‍ ജി.ഡി. നായിഡുവിനെ ‘ ഇന്ത്യന്‍ എഡിസന്‍ ‘ എന്നു വിളിച്ചത്. ( അവസാനിച്ചു )

 

 

 

Leave a Reply

Your email address will not be published.

Latest News
error: Content is protected !!