ഹോര്‍ട്ടി കോര്‍പ്പിന്റെ രുചികരമായ ‘വാട്ടുകപ്പ’; ഉത്പാദനം സഹകരണ സംഘങ്ങളുടെ സഹായത്തോടെ

Deepthi Vipin lal

കപ്പക്കര്‍ഷകര്‍ക്ക് കൈത്താങ്ങായി ഹോര്‍ട്ടി കോര്‍പ്പിന്റെ ‘വാട്ടുകപ്പ’ വിപണിയില്‍ എത്തിച്ചു. കര്‍ഷകരില്‍ നിന്നും സംഭരിച്ച കപ്പ സഹകരണസംഘങ്ങളുടെ സഹായത്തോടെ ഉണക്ക് യന്ത്രങ്ങളുടെ സഹായത്തോടെ വാട്ടുകപ്പയാക്കി മാറ്റി, പാക്കറ്റുകളിലാക്കിയാണ് എത്തിക്കുന്നത്. ഫാര്‍മര്‍ പ്രൊഡ്യൂസര്‍ കമ്പനികള്‍, വ്യക്തിഗത സംരംഭകര്‍ എന്നിവരും സംരംഭത്തില്‍ പങ്കാളികളാകുന്നു.

സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി തരിശുഭൂമി ഏറ്റെടുത്ത് വിവിധ വിളകള്‍ കൃഷി ചെയ്തു. കപ്പ കൃഷിയിലാണ് വിപ്ലവകരമായ വര്‍ധന ഉണ്ടായത്. ഇത്തരത്തില്‍ 13,000 ടണ്‍ കപ്പയാണ് അധികമായി ഉത്പാദിപ്പിച്ചത്. കൊവിഡ് പ്രതിസന്ധി കൂടി വന്നതോടെ കര്‍ഷകര്‍ക്ക് വിപണി കണ്ടെത്താനും സാധിക്കാതായി. ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ നിര്‍ദ്ദേശമനുസരിച്ച് 12 രൂപ നിരക്കില്‍ ഹോര്‍ട്ടി കോര്‍പ്പ് കപ്പ സംഭരിച്ചത്. ഇത്തരത്തില്‍ സംഭരിച്ച കപ്പയാണ് സഹകരണ സംഘങ്ങളുടെയും കൂട്ടായ്മകളുടെയും സഹായത്തോടെ
വാട്ടുകപ്പയാക്കിയത്.

ഒരു ടണ്‍ പച്ചക്കപ്പ സംഭരിക്കുമ്പോള്‍ ഏകദേശം 15 തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. അധിക ഉത്പാദനത്തിലൂടെ സംഭരിച്ച മുഴുവന്‍ കപ്പയും ഇത്തരത്തില്‍ സംസ്‌കരിച്ച് വിപണിയില്‍ എത്തിക്കുമ്പോള്‍ കൂടുതല്‍ തൊഴിലവസരം ഉണ്ടാകും. സഹകരണ മേഖലയിലെ സംരംഭകരെ കൂടി ഉള്‍പ്പെടുത്തി പദ്ധതി വിപുലമാക്കാനാണ് ഹോര്‍ട്ടികോര്‍പ്പ് ആലോചിക്കുന്നത്. വിപണി കണ്ടെത്താനാവാത്ത മറ്റ് വിളകളെയും ഇത്തരത്തില്‍ ഭക്ഷ്യോത്പന്നമാക്കാനും ആലോചനയുണ്ട്. ബജറ്റില്‍ തന്നെ ഭക്ഷ്യസംസ്‌കരണത്തിന് വലിയ പ്രാധാന്യം നല്‍കിയിട്ടുള്ളതിനാല്‍, അത്തരം സബ് സിഡികള്‍ കൂടി പ്രയോജനപ്പെടുത്താനും സഹകരണ സംഘങ്ങളുടെ സാധ്യതകള്‍ കൂടുതല്‍ പ്രയോജനപ്പെടുത്താനുമാണ് പദ്ധതി.

നിലവില്‍ 500 ഗ്രാമിന്റെ ഒരു പാക്കറ്റിന് 50 രൂപയാണ് വില. കേന്ദ്ര കിഴങ്ങു വിള ഗവേഷണ നിലയത്തിലെ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് മരച്ചീനി പ്രാഥമിക സംസ്‌കരണം നsത്തി വാട്ടുകപ്പയാക്കുന്നത്. 100 ഗ്രാം വാട്ട് കപ്പയില്‍ 87.5 ഗ്രാം അന്നജവും 2.5 ഗ്രാം മാംസ്യവും 0.75 ഗ്രാം കൊഴുപ്പും 4 ഗ്രാം ദഹന നാരും ഉണ്ടാകുമെന്നാണ് കണക്ക്. വാട്ടുകപ്പ ഏകദേശം ആറു മാസം വരെ കേടുകൂടാതെ സൂക്ഷിക്കാനും സാധിക്കും.

വാട്ടുകപ്പ ‘യുടെ വിപണി ലോഞ്ചിംഗ് മുഖ്യമന്ത്രി പിണറായി വിജയന്‍ ക്ലിഫ് ഹൗസില്‍ നിര്‍വ്വഹിച്ചു. കൃഷിമന്ത്രി പി. പ്രസാദിന്റെ
അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ വട്ടിയൂര്‍ക്കാവ് എംഎല്‍എ വി കെ പ്രശാന്തും പങ്കെടുത്തു. കാര്‍ഷികോത്പാദന കമ്മീഷണര്‍ ഇഷിതാ റോയി ഐ.എ.എസ്, കൃഷി വകുപ്പ് സെക്രട്ടറി ഡോ. രത്തന്‍ കേല്‍ക്കര്‍ ഐ.എ.എസ്, ഹോര്‍ട്ടികോര്‍പ്പ് എം.ഡി. ജെ.സജീവ്, ജില്ലാ മാനേജര്‍ പ്രദീപ് എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Latest News