ഹരിതം സഹകരണത്തില്‍ ഈ വര്‍ഷം പുളിമരം
– അനില്‍ വള്ളിക്കാട്
സംസ്ഥാന സഹകരണ വകുപ്പിന്റെ പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനമായ ‘ഹരിതം സഹകരണം’ പദ്ധതിയുടെ നാലാം വര്‍ഷമായ 2021 ല്‍ സംസ്ഥാനമാകെ ഒരു ലക്ഷം പുളിമരങ്ങള്‍ വെച്ചുപിടിപ്പിക്കും.
ലോക പരിസ്ഥിതി ദിനമായ ജൂണ്‍ അഞ്ചു മുതലാണ് അതതു വര്‍ഷത്തെ നടീല്‍ പ്രവൃത്തികള്‍ ആരംഭിക്കുക. കേരളത്തിന്റെ പരിസ്ഥിതി സംതുലനാവസ്ഥ നിലനിര്‍ത്തുന്നതിനും ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതിനുമായി അഞ്ചു വര്‍ഷം കൊണ്ട് അഞ്ചു ലക്ഷം ഫലവൃക്ഷത്തൈകള്‍ സഹകരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ വെച്ചുപിടിപ്പിക്കുക എന്നതാണു പദ്ധതിയുടെ ലക്ഷ്യം. ‘തീം ട്രീസ് ഓഫ് കേരള’ എന്ന പേരില്‍ ആവിഷ്‌കരിച്ച പദ്ധതിയിലൂടെ പ്ലാവ്, കശുമാവ്, തെങ്ങ് എന്നിവയാണു കഴിഞ്ഞ വര്‍ഷങ്ങളില്‍ വെച്ചുപിടിപ്പിച്ചത്. നാരു കൂടുതലുള്ള ഒരു ലക്ഷം നാടന്‍ മാവിന്‍തൈകള്‍ 2022 ല്‍ നടുന്നതോടെ പദ്ധതി ലക്ഷ്യം പൂര്‍ത്തീകരിക്കാനാണു പരിപാടി.
തിരുവനന്തപുരത്ത് സഹകരണവകുപ്പിന്റെ കെട്ടിട നിര്‍മാണത്തിനു മരങ്ങള്‍ മുറിച്ചു മാറ്റേണ്ടിവന്നതിനെത്തുടര്‍ന്നു സംസ്ഥാനത്താകെ ഒരു ലക്ഷം വൃക്ഷത്തൈകള്‍ നടാന്‍ വകുപ്പ് തീരുമാനിച്ചിരുന്നു. ആലില പദ്ധതിയെന്ന പേരില്‍ നടപ്പാക്കിയ ഈ പ്രവര്‍ത്തനത്തില്‍ അഞ്ചു ലക്ഷം വൃക്ഷത്തൈകള്‍ കേരളത്തില്‍ നട്ടത് ആവേശമായി. അതിനെത്തുടര്‍ന്നു സുവര്‍ണകേരളം പദ്ധതിയിലൂടെ പച്ചക്കറിക്കൃഷി നടത്തിയതും വന്‍വിജയമായതോടെയാണു 2018 ല്‍ അഞ്ചു വര്‍ഷം നീളുന്ന ഹരിതം സഹകരണം പദ്ധതി ആരംഭിച്ചത്. ആദ്യത്തെ വര്‍ഷം ഒരു ലക്ഷം പ്ലാവിന്‍ തൈകളാണു നട്ടത്. രണ്ടാം വര്‍ഷം കശുമാവും മൂന്നാം വര്‍ഷം തെങ്ങിന്‍ തൈകളും നട്ടു.
കേരളം വികസിക്കുന്നതിനനുസരിച്ച് മലിനീകരണവും കൂടാനുള്ള സാഹചര്യം നിലവിലുണ്ട്. കാലാവസ്ഥാ വ്യതിയാനം കേരളത്തിന്റെ അന്തരീക്ഷത്തെയും വലിയ തോതില്‍ ബാധിച്ചു വരുന്നു. അതിനെ ചെറുക്കാന്‍ ഫലപ്രദമായ പദ്ധതികളിലൊന്നു മരം വെച്ചുപിടിപ്പിക്കുക എന്നതാണ്. അതിനനുയോജ്യമായ മരമാണ് പുളി. അന്തരീക്ഷത്തിലെ നൈട്രജന്റെയും സള്‍ഫറിന്റെയും ഓക്‌സൈഡുകളെ നിയന്ത്രിക്കുന്നതിനു പുളിമരത്തിനു വലിയ കഴിവുണ്ടെന്നു കണ്ടെത്തിയിട്ടുണ്ട്. അതുകൊണ്ടുകൂടിയാണ് ഈ വര്‍ഷം പുളിമരം തിരഞ്ഞെടുത്തത്.
പുളി പ്രതിരോധം കൂട്ടും
പുളിയില്‍ അടങ്ങിയിരിക്കുന്ന അസ്‌കോര്‍ബിക് ആസിഡ് ശരീരത്തിനു പ്രതിരോധം വര്‍ധിപ്പിക്കാന്‍ സഹായിക്കുമെന്നാണു കണ്ടെത്തല്‍. ഓരോ 100 ഗ്രാം വാളന്‍ പുളിയിലും 28 മില്ലിഗ്രാം സോഡിയവും 628 മില്ലിഗ്രാം പൊട്ടാസ്യവും അടങ്ങിയിട്ടുണ്ട്. ഇതിനു പുറമെ ദിവസേനയുള്ള ആരോഗ്യ പരിപാലനത്തിനു സഹായകമാകുന്ന മഗ്‌നീഷ്യം, അയേണ്‍, ഫോസ്ഫറസ്, കാല്‍സ്യം തുടങ്ങി വിവിധ മൂലകങ്ങളും പുളിയില്‍ അടങ്ങിയിട്ടുണ്ട്.
പുളിയിനങ്ങളില്‍ പുതിയ കണ്ടുപിടുത്തങ്ങള്‍ വന്നിട്ടുണ്ട്. ആന്ധ്രാപ്രദേശിലെ ഡോ. വൈ.എസ്.ആര്‍. ഹോര്‍ട്ടികള്‍ച്ചറല്‍ സര്‍വകലാശാല കണ്ടുപിടിച്ച ‘അനന്തരുധിര’ , ‘തെട്ടു അമാലിക’ എന്നീ രണ്ടിനങ്ങളാണു ഇവയില്‍ പ്രധാനം. വെള്ളത്തില്‍ ലയിക്കുന്ന ചുവപ്പു നിറമുള്ള പിഗ് മെന്റായ ‘ആന്തോസയാനിന്‍ ഉണ്ട് എന്നതാണ് ‘അനന്തരുധിര’ യുടെ പ്രത്യേകത. ഇതിലെ ചുവപ്പു പിഗ്‌മെന്റ് പ്രകൃതിദത്തമായ നിറമായി ഭക്ഷണ പദാര്‍ഥങ്ങളില്‍ ഉപയോഗിക്കാം. പള്‍പ്പ് അനുപാതം കൂടുതലുള്ള ഇനമാണ് ‘തെട്ടു അമാലിക’. ഇതു കൂടുതല്‍ വിളവു നല്‍കുന്ന ഇനമാണ്.
തൃശ്ശൂര്‍ വെണ്ണൂര്‍ ബാങ്ക് മുന്‍നിരയില്‍
സംസ്ഥാനത്ത് സഹകരണ മേഖലയിലെ കാര്‍ഷിക പദ്ധതികള്‍ക്കു കൂടുതല്‍ പ്രോത്സാഹനം നല്‍കുന്ന തൃശ്ശൂര്‍ ജില്ലയിലെ വെണ്ണൂര്‍ സഹകരണ ബാങ്ക് ഈ വര്‍ഷവും ഹരിതം സഹകരണം പദ്ധതി വിജയിപ്പിക്കാനുള്ള നടപടി പൂര്‍ത്തിയാക്കി. രാജ്യത്തു തന്നെയുള്ള നല്ലയിനം ഫലവൃക്ഷത്തൈകള്‍ കണ്ടെത്തി മുന്‍കൂട്ടി സംഭരിച്ചു വയ്ക്കുകയാണ് വെണ്ണൂര്‍ ബാങ്ക് ചെയ്യുന്നത്. കുറഞ്ഞ വിലയ്ക്കു കേരളത്തിലുടനീളം സുലഭമായി തൈകള്‍ കിട്ടാന്‍ ഇതു സഹായിക്കും. മുന്‍ വര്‍ഷങ്ങളില്‍ കേരളത്തിലെ വിവിധ സഹകരണ സംഘങ്ങളിലേക്കു വെണ്ണൂര്‍ ബാങ്കില്‍ നിന്നു ധാരാളം ഫലവൃക്ഷത്തൈകള്‍ കൊണ്ടുപോയിരുന്നു. ബാങ്കിന്റെ മേലഡൂരില്‍ പ്രവര്‍ത്തിക്കുന്ന ജീവനം ഇക്കോ സഹകരണ സ്റ്റോറിലൂടെയാണു തൈകളുടെ വിതരണം. ഇത്തവണ ആന്ധ്രയില്‍ നിന്നുള്ള മികച്ച ഇനം പുളി തൈകള്‍ക്കു പുറമെ നാടന്‍ പുളികളുടെ തൈകളും ഇവിടെ ആവശ്യാനുസരണം സംഭരിച്ചിട്ടുണ്ടെന്നു ബാങ്ക് സെക്രട്ടറി ഇ.ഡി. സാബു അറിയിച്ചു.