സി.എന്‍. കേരളം കണ്ട മികച്ച സഹകാരികളിലൊരാള്‍- സി.എന്‍ വിജയകൃഷ്ണന്‍
കേരളം കണ്ടിട്ടുള്ള ഏറ്റവും വലിയ സഹകാരികളില്‍ ഒരാളാണ് അന്തരിച്ച മുന്‍ മന്ത്രി സി.എന്‍ ബാലകൃഷ്ണന്‍ എന്ന് കേരള സഹകരണ ഫെഡറേഷന്‍ ചെയര്‍മാന്‍ സി.എന്‍ വിജയകൃഷ്ണന്‍ അഭിപ്രായപ്പെട്ടു.
കേരളത്തിനും സഹകാരികള്‍ക്കും മറക്കാന്‍ കഴിയാത്ത ഒന്നാണ് സി.എന്‍. ഉണ്ടാക്കിയ സഹകരണ വകുപ്പിന്റെ കെട്ടിടം. സഹകരണ വകുപ്പിനു മാത്രമാണ് സംസ്ഥാന തലത്തില്‍ ഇങ്ങനെ അഭിമാനിക്കാവുന്ന കെട്ടിടമുള്ളത്. രാജ്യത്തെ ഏറ്റവും മികച്ച ഖാദി വ്യവസായ കേന്ദ്രത്തിന്റെ നായകനായിരുന്നു അദ്ദേഹം. തൃശ്ശൂരില്‍ രണ്ടര ഏക്കറിലായി വ്യാപിച്ചുകിടക്കുകയാണ് ഖാദി ഭവന്‍. സി.എന്‍. തൃശ്ശൂര്‍ ഡി.സി.സി. പ്രസിഡന്റായിരുന്നപ്പോഴാണ് കെ. കരുണാകരന്റെ പേരില്‍ ഓഫീസുണ്ടാക്കിയത്. പരിചയപ്പെട്ട അന്നു്തൊട്ട് ഒരു കാരണവരെപ്പോലെ, വളരെ സ്നേഹത്തോടെയാണ് സി.എന്‍. പെരുമാറിയിട്ടുള്ളത്. എനിക്ക് മറക്കാന്‍ പറ്റാത്ത വ്യക്തിയാണ് സി.എന്‍. അദ്ദേഹമൊക്കെ എന്റെ മാതൃകയാണ്. രാജാവായിട്ടാണ് അദ്ദേഹം ജീവിച്ചത്. രാജാവായിട്ടുതന്നെ മരിച്ചു എന്നതാണ് അദ്ദേഹത്തിന്റെ വലിയ പ്രത്യേകത- വിജയകൃഷ്ണന്‍ പറഞ്ഞു.
എം.എല്‍.എ. അല്ലെങ്കിലും മന്ത്രിയല്ലെങ്കിലും സി.എന്‍. തൃശ്ശൂരില്‍ ഒരു പ്രത്യേക വ്യക്തിത്വമായിരുന്നു. സി.എന്നിന്റെ വിടവാങ്ങലില്‍ അദ്ദേഹത്തിന്റെ കുടുംബത്തിനും പാര്‍ട്ടിക്കും അദ്ദേഹത്തെ സ്നേഹിക്കുന്ന ഖാദിത്തൊഴിലാളികള്‍ക്കുമൊക്കെ ഉണ്ടായിട്ടുള്ള തീരാനഷ്ടത്തില്‍ ഞാനും പങ്കുചേരുന്നു – വിജയകൃഷ്ണന്‍ പറഞ്ഞു.