സാമ്പത്തിക-സാമൂഹിക ക്ഷേമപദ്ധതികള്‍: സഹകരണമേഖലയുടെ സാധ്യത പ്രയോജനപ്പെടുത്തണം- ഐക്യരാഷ്ട്ര സഭ

moonamvazhi

അനന്തസാധ്യതകളുണ്ടായിട്ടും സാമ്പത്തിക-സാമൂഹികക്ഷേമപദ്ധതികള്‍ക്കായി ലോകത്തെ സഹകരണമേഖലയെ വേണ്ടവിധം പ്രയോജനപ്പെടുത്തുന്നില്ലെന്നു അഭിപ്രായമുയരുന്നു. ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറലിന്റെ 2023 ലെ റിപ്പോര്‍ട്ടിലാണു സഹകരണമേഖലയുടെ സംഭാവന സാമ്പത്തിക-സാമൂഹികരംഗങ്ങളില്‍ വേണ്ടത്രയില്ലെന്നു ചൂണ്ടിക്കാട്ടുന്നത്. എല്ലാവരുടെയും സാമ്പത്തിക-സാമൂഹികക്ഷേമം വര്‍ധിപ്പിക്കാന്‍ സഹകരണപ്രസ്ഥാനത്തെ സഹായിക്കുന്നതിനു സംരംഭകത്വ സംവിധാനസമീപനം മുഖ്യമാര്‍ഗമായി ഉപയോഗപ്പെടുത്തണമെന്നു റിപ്പോര്‍ട്ടില്‍ നിര്‍ദേശിക്കുന്നു. മാന്യമായ ജോലികള്‍ നല്‍കിയും ദാരിദ്ര്യനിര്‍മാര്‍ജനംവഴിയും പരിസ്ഥിതി സുസ്ഥിരത പ്രോത്സാഹിപ്പിച്ചും അംഗരാജ്യങ്ങളുടെ സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ ( Sustaianable Development Goals – SDG ) നേടിയെടുക്കുന്നതിനു സഹകരണമേഖലയെ സഹായിക്കുന്നതിനുള്ള കാതലായ നയങ്ങളും കര്‍മപരിപാടികളും ആവിഷ്‌കരിക്കണമെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു.

സാമൂഹികവികസനം, സാമ്പത്തികവികസനം, പരിസ്ഥിതി സംരക്ഷണം എന്നിവയിലൂടെ സാമൂഹികമായി ഉള്‍ച്ചേര്‍ത്തും ദാരിദ്ര്യവും വിശപ്പും തുടച്ചുനീക്കിയും സഹകരണപ്രസ്ഥാനം സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനെ തന്റെ റിപ്പോര്‍ട്ടില്‍ യു.എന്‍. സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് ശ്ലാഘിക്കുന്നുണ്ട്. എന്നാല്‍, ഇതിന്റെ പോരായ്മകളും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ നേടിയെടുക്കുന്നതിനുള്ള തങ്ങളുടെ പ്രവര്‍ത്തനത്തിലെ മുഖ്യപങ്കാളി സഹകരണപ്രസ്ഥാനമാണെന്നു അംഗരാജ്യങ്ങള്‍ അംഗീകരിക്കുമ്പോഴും മൊത്തത്തിലുള്ള സാമ്പത്തിക-സാമൂഹിക മുന്നേറ്റത്തില്‍ സഹകരണപ്രസ്ഥാനം വഹിക്കുന്ന പങ്ക് താരതമ്യേന ചെറുതാണെന്നു റിപ്പോര്‍ട്ടില്‍ വിലയിരുത്തുന്നു. സഹകരണമേഖല ഒന്നും ചെയ്യുന്നില്ലെന്നല്ല, സഹകരണമേഖലക്കു നല്‍കാന്‍ കഴിയുന്ന വലിയ സംഭാവനകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇതു ചെറുതാണെന്നാണു ഗുട്ടറസിന്റെ പക്ഷം.

ഐക്യരാഷ്ട്രസഭയുടെ റിപ്പോര്‍ട്ടനുസരിച്ചു സഹകരണസംരംഭകത്വ ആവാസവ്യവസ്ഥക്കു /  സംവിധാനത്തിനു ( Co-operative Entrepreneurial Ecosystem )  അഞ്ചു മുഖ്യ കാര്യപരിപാടികളാണു വേണ്ടത്. നയ-നിയന്ത്രണങ്ങള്‍, വിദ്യാഭ്യാസവും ശേഷി കെട്ടിപ്പടുക്കലും, സഹകരണസംസ്‌കാരം, ഫണ്ടിങ്-ധനകാര്യ ശൃംഖല, പങ്കാളിത്തം എന്നിവയാണിവ. ഇതിന്റെ വിജയകരമായ ഉദാഹരണങ്ങളായി റിപ്പോര്‍ട്ടില്‍ നല്‍കിയിരിക്കുന്നതു സ്‌പെയിനിലെ മോണ്‍ട്രഗോണ്‍ സഹകരണ കോര്‍പ്പറേഷനെയും ഇസ്രായേലിലെ കിബുട്‌സ് പ്രസ്ഥാനത്തെയുമാണ്.

സഹകരണസ്ഥാപനങ്ങളെ വിജയകരമായ ബിസിനസ് സംരംഭങ്ങളായി പരിവര്‍ത്തിപ്പിക്കുന്നതിനു നാലു മുഖ്യ ശിപാര്‍ശകളാണു റിപ്പോര്‍ട്ടില്‍ ഐക്യരാഷ്ട്രസഭ അംഗരാജ്യങ്ങള്‍ക്കുമുമ്പാകെ വെക്കുന്നത്. സംരംഭകത്വ സംവിധാന സമീപനം, സമഗ്രമായ വിവരശേഖരണം, ദേശീയ വികസനപദ്ധതികളിലും നയവിശകലനങ്ങളിലും സഹകരണമേഖലയുടെ പങ്കാളിത്തം ഉറപ്പാക്കല്‍, സഹകരണപ്രസ്ഥാനത്തെ പ്രോത്സാഹിപ്പിക്കാനായി സാങ്കേതികവിദ്യയിലും ശേഷി കെട്ടിപ്പടുക്കലിലും സഹായം നല്‍കല്‍ എന്നിവയാണു ഈ നാലു മുഖ്യ ശിപാര്‍ശകള്‍.

സാമൂഹികവികസനത്തിനായുള്ള സഹകരണസംഘങ്ങളുടെ വിദഗ്ധസംഘങ്ങള്‍ക്കിടയിലെ ചര്‍ച്ചകളില്‍നിന്ന് ഉരുത്തിരിഞ്ഞ കാര്യങ്ങളാണു റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. സാമ്പത്തിക-സാമൂഹിക കാര്യങ്ങള്‍ക്കായുള്ള യു.എന്‍. വകുപ്പിന്റെ നേതൃത്വത്തിലുള്ള ഈ വിദ്ഗധസമിതിയോഗങ്ങളില്‍ അന്താരാഷ്ട്ര സഹകരണസഖ്യ ( ഐ.സി.എ  ) വും പങ്കാളിയാണ്. സാമൂഹികവികസനത്തിലും സുസ്ഥിര വികസനലക്ഷ്യങ്ങള്‍ നേടുന്നതിലും സഹകരണപ്രസ്ഥാനത്തെ വലിയൊരു പങ്കാളിയായാണ് ഐക്യരാഷ്ട്രസഭ പരിഗണിക്കുന്നത്. സാമൂഹികവികസനത്തില്‍ സഹകരണമേഖലയുടെ പ്രാധാന്യം വിശദമാക്കിക്കൊണ്ട് 1950 കള്‍ മുതല്‍ ഐക്യരാഷ്ട്ര പൊതുസഭ പ്രമേയങ്ങള്‍ പാസാക്കുന്നുണ്ട്.


സുസ്ഥിര വികസന ലക്ഷ്യങ്ങളിലേക്കുള്ള പ്രയാണത്തില്‍ സഹകരണമേഖലയുടെ ബിസിനസ് മാതൃക പ്രധാന പങ്ക് വഹിക്കുന്നുണ്ടെന്നു ഐക്യരാഷ്ട്രസഭ അംഗീകരിച്ചിരിക്കുകയാണെന്നു റിപ്പോര്‍ട്ടിനെ പരാമര്‍ശിച്ചുകൊണ്ട് അന്താരാഷ്ട സഹകരണസഖ്യം ( ഐ.സി.എ ) പ്രസിഡന്റ് ഏരിയല്‍ ഗ്വാര്‍കോ അഭിപ്രായപ്പെട്ടു. ഇതൊരു യാദൃച്ഛികതയല്ല. ആഗോള കാര്യപരിപാടിയിലെ പ്രധാന വെല്ലുവിളികളെ നേരിടുന്നതിലുള്ള നമ്മുടെ കൂട്ടായ ശ്രമങ്ങളാണ് ഇതു വെളിവാക്കുന്നത്. ലോകത്തെ ഭരണകൂടങ്ങളോടുള്ള ഐക്യരാഷ്ട്രസഭയുടെ ഈ ആഹ്വാനം ഓരോ രാജ്യത്തും ഓരോ മേഖലയിലും ആഗോളതലത്തിലും സമഗ്രമായൊരു സഹകരണമാതൃക പിന്തുടരാനുള്ള നമ്മുടെ ശ്രമങ്ങള്‍ക്കുള്ള അനുമതിയാണ്. അഭിവൃദ്ധി, സമത്വം, ജനാധിപത്യം, സമാധാനം എന്നിവ ഉറപ്പാക്കുന്ന ഒരു സാമ്പത്തികബന്ധവ്യവസ്ഥയെ ലോകജനത അടിയന്തരമായി ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകതയാണ് ഇത് ഊന്നിപ്പറയുന്നത് – അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published.