സഹകാരികളുടെ ‘ നോളജ് കമ്പാനിയന്‍ ‘

[mbzauthor]

1969 ലെ കേരള സഹകരണസംഘം നിയമപ്രകാരം രൂപീകൃതമായ പ്രാഥമിക വായ്പാ സഹകരണസംഘം. പത്തു വര്‍ഷത്തെ പ്രവര്‍ത്തനം വഴി പതിനാറു കോടി രൂപ നിക്ഷേപമായി സ്വരൂപിച്ചു. പത്തു കോടിയിലധികം രൂപ വായ്പയും നല്‍കി. മോശമല്ലാത്ത സാമ്പത്തികനില കൈവരിച്ചപ്പോള്‍ സംഘത്തിനു സ്വന്തമായി സ്ഥലം വാങ്ങി കെട്ടിടം നിര്‍മിക്കാന്‍ ഭരണസമിതി തീരുമാനിച്ചു. ഗ്രാമത്തിലെ പ്രധാന റോഡിനോടു ചേര്‍ന്ന് ഒരു കോടിയോളം രൂപ മുടക്കി അമ്പതു സെന്റ് സ്ഥലം വാങ്ങി. നാട്ടിലെ സ്വകാര്യ കരാറുകാരനു കെട്ടിടം പണിയാനുളള കരാര്‍ നല്‍കി. 80 ലക്ഷം രൂപ മുടക്കി അമ്പതു സെന്റിന്റെ ഒരു ഭാഗത്തു കെട്ടിടംപണി പൂര്‍ത്തിയാക്കി. ബാക്കിവന്ന സ്ഥലത്തില്‍ ഇരുപതു സെന്റ് വാങ്ങിയതിന്റെ ഇരട്ടി വിലയ്ക്കു സ്വകാര്യ സ്ഥാപനത്തിനു വിറ്റു. ഇത്രയും കാര്യങ്ങള്‍ ഒരു വര്‍ഷത്തിനിടയില്‍ സംഘം ഭരണസമിതി തീരുമാനമെടുത്തു ചെയ്തപ്പോള്‍ സെക്രട്ടറിയോ ഭരണസമിതി അംഗങ്ങളോ ഇതുമായി ബന്ധപ്പെട്ട നിയമമോ ചട്ടങ്ങളോ ഉത്തരവുകളോ പരിശോധിച്ചില്ല. ഈ ഇടപാടുകള്‍ നടക്കുന്നതിനിടയില്‍ സംഘംഓഫീസ് സന്ദര്‍ശിച്ച സഹകരണ ഇന്‍സ്‌പെക്ടര്‍ സഹകരണവകുപ്പിന്റെ അനുമതിയില്ലാതെ സ്ഥലം വാങ്ങി കെട്ടിടം നിര്‍മിച്ചതിനെപ്പറ്റി കുറിപ്പെഴുതി. എന്നാല്‍, കുറിപ്പില്‍ ഒരിടത്തും സഹകരണസംഘങ്ങള്‍ സ്ഥലം വാങ്ങുമ്പോഴും കെട്ടിടം നിര്‍മിക്കുമ്പോഴും ആസ്തി വില്‍ക്കുമ്പോഴും പാലിക്കേണ്ട നിയമം, ചട്ടങ്ങള്‍, ഉത്തരവുകള്‍, സര്‍ക്കുലറുകള്‍ എന്നിവയെപ്പറ്റി സൂചിപ്പിക്കുകയാ പരാമര്‍ശിക്കുകയാ ചെയ്തില്ല. അതായത,് സംഘം ജീവനക്കാരോ ഭരണസമിതിയോ സഹകരണവകുപ്പ് ഉദ്യോഗസ്ഥനോ തങ്ങള്‍ അടിസ്ഥാനപരമായി അറിഞ്ഞിരിക്കണ്ട കാര്യങ്ങള്‍ അറിയാതെ ജോലി ചെയ്യുന്നു എന്നു ചുരുക്കം. ഇത്തരം വീഴ്ചകള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ എന്താണു പോംവഴി? സഹകരണമേഖലയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നവര്‍ തങ്ങളെ നിയന്ത്രിക്കുന്ന നിയമവും ചട്ടങ്ങളും ഉത്തരവുകളും സര്‍ക്കുലറുകളും മനസ്സിലാക്കുകയും ആവശ്യം വരുമ്പോള്‍ ഉപയോഗിക്കുകയും ചെയ്താലേ ഈ സംവിധാനം ശരിയായ രീതിയില്‍ മുന്നോട്ടു പോവുകയുള്ളു.

സഹകരണവകുപ്പ് മുന്‍ ജോയന്റ് രജിസ്ട്രാര്‍ പോള്‍ ലെസ്ലി.സി. തയാറാക്കി എറണാകുളം സ്വാമി ലോ ഹൗസ് പ്രസിദ്ധീകരിച്ച’കേരള സഹകരണ സംഘം നിയമവും ചട്ടങ്ങളും ‘എന്ന പുസ്തകം സഹകരണമേഖലയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നവര്‍ക്കും സഹകരണ വിദ്യാര്‍ഥികള്‍ക്കും ഏതു സമയത്തും റഫറന്‍സിന് ഉപയോഗിക്കാവുന്നതാണ്. 2015 ല്‍ ഒന്നാം പതിപ്പ് പുറത്തിറക്കിയ ഈ പുസ്തകത്തിന്റെ പരിഷ്‌കരിച്ച നാലാം പതിപ്പാണ് ഇപ്പോള്‍ വിപണിയിലുള്ളത്. സര്‍ക്കാറുകള്‍ മാറുന്നതിനനുസരിച്ച് സഹകരണനിയമത്തിലും ചട്ടങ്ങളിലും മാറ്റങ്ങള്‍ പതിവായ കേരളത്തില്‍ മലയാളത്തില്‍ തയാറാക്കിയ പുസ്തകം എല്ലാവര്‍ക്കും പ്രയോജനപ്പെടുമെന്നു പുസ്തകത്തിന് അവതാരിക എഴുതിയ കേരള ഹൈക്കോടതിയിലെ ജസ്റ്റിസ് വി. ചിദംബരേഷിന്റെ അഭിപ്രായം പൂര്‍ണമായും ശരിവെക്കുന്നതാണു 1704 പേജുളള പുസ്തകത്തിന്റെ ഉള്ളടക്കം.

ഒറ്റ വായനയില്‍
എല്ലാ വിവരവും

സഹകരണനിയമത്തിലെ വകുപ്പുകളും ബന്ധപ്പെട്ട ചട്ടങ്ങളും ഉത്തരവുകളും സര്‍ക്കുലറുകളും മാത്രമല്ല സഹകരണസ്ഥാപനങ്ങളെ ബാധിക്കുന്ന കോടതിവിധികള്‍വരെ കൃത്യമായി തരംതിരിച്ച് പ്രസക്തമായ പേജുകളില്‍ത്തന്നെ കൊടുത്തിരിക്കുന്നതിനാല്‍ സാധാരണക്കാരന് ഒറ്റ വായനയില്‍ ഒരു വിഷയത്തിന്റെ എല്ലാ വശങ്ങളും മനസ്സിലാക്കാനാവും. കേരള സര്‍വീസ് ചട്ടങ്ങള്‍, പെന്‍ഷന്‍ സ്‌കീം, ഡെപ്പോസിറ്റ് ഗ്യാരണ്ടി സ്‌കീം, റിട്ടയര്‍മെന്റ് ആനുകൂല്യങ്ങള്‍, റിസ്‌ക് ഫണ്ട് സ്‌കീം, ഓംബുഡ്‌സ്മാന്‍, ബാങ്കിങ് റുലേഷന്‍ നിയമം, കേരള ബാങ്ക് രൂപവത്കരണം തുടങ്ങിയവയ്ക്കു പുറമെ സഹകരണ ഓഡിറ്റ് സഹായിയും നാലാം പതിപ്പിന്റെ ഭാഗമാക്കിയിട്ടുണ്ട്. ഉത്തരവുകളും സര്‍ക്കുലറുകളും വിഷയാടിസ്ഥാനത്തില്‍ തരംതിരിച്ച് പൂര്‍ണരൂപത്തില്‍ നല്‍കിയതിനാല്‍ സഹകരണസ്ഥാപനങ്ങളിലും സഹകരണവകുപ്പിന്റെ ഓഫീസിലുമെല്ലാം പഴയ ഉത്തരവുകള്‍ കണ്ടെത്താന്‍ സമയം പാഴാക്കേണ്ടതില്ല.

1969 ലെ കേരള സഹകരണനിയമം നടപ്പാവുന്നതിനു മുമ്പു മലബാര്‍ ഭാഗത്ത് 1932 ലെ മദ്രാസ് സഹകരണസംഘം നിയമവും തിരുവിതാംകൂര്‍-കൊച്ചി ഭാഗത്ത് 1951 ലെ തിരുവിതാംകൂര്‍-കൊച്ചി സഹകരണസംഘം നിയമവുമായിരുന്നു ബാധകമായിരുന്നത്. നിയമസഭ പാസാക്കിയ ശേഷം ഗവര്‍ണര്‍ ഒപ്പുവെച്ച് 1969 എപ്രില്‍ 11 നു സര്‍ക്കാര്‍ വിജ്ഞാപനം ചെയ്ത കേരള സഹകരണസംഘം നിയമം പില്‍ക്കാലത്തെ ഭേദഗതികള്‍ സഹിതം അധ്യായം തിരിച്ച് വകുപ്പുകളും ഉപവകുപ്പുകളും വേര്‍തിരിച്ച് ഒറ്റനോട്ടത്തില്‍ കാണത്തക്കവിധത്തില്‍ അടിക്കുറിപ്പുകള്‍ സഹിതം ക്രമീകരിച്ച് അച്ചടിച്ച പുസ്തകത്തിലെ പേജുകളിലെ തലക്കെട്ടുകള്‍ നോക്കി വിഷയത്തിലേക്കു കടക്കാനാവും.

സഹകരണ
നിയമം

സഹകരണനിയമത്തിന്റെ ഉദ്ദേശ്യം, വ്യാഖ്യാനങ്ങള്‍, സംഘങ്ങളുടെ രൂപവത്കരണം, വ്യവഹാരപരിധി, സഹകരണസ്ഥാപനങ്ങള്‍ക്കു വിവരാവകാശ നിയമപ്രകാരമുള്ള വിവരങ്ങള്‍ നല്‍കാനുളള ബാധ്യത എന്നിവ സംബന്ധിച്ച വിവിധ കോടതിവിധികള്‍ ഈ പുസ്തകത്തില്‍ സഹകരണനിയമത്തിലെ ആദ്യ അധ്യായത്തിനു മുമ്പു വിശദീകരിച്ചിട്ടുണ്ട്. സഹകരണനിയമത്തിലെ നിര്‍വചനങ്ങള്‍ സംബന്ധിച്ച ഒന്നാം അധ്യായത്തില്‍ത്തന്നെ സംഘവുമായി ബന്ധപ്പെട്ട ഓരോ പദവും അവയുടെ അര്‍ഥവ്യാപ്തിയും കോടതിവിധികളും വ്യാഖ്യാനങ്ങളും നല്‍കിയിട്ടുണ്ട്. സംഘങ്ങളുടെ നിയമാവലിപ്രകാരമുളള നിബന്ധനകളും സഹകരണനിയമവും ചട്ടങ്ങളുമായി പൊരുത്തപ്പെടാതെ വ്യവഹരങ്ങളിലേക്കു നീങ്ങിയതിനെത്തുടര്‍ന്നുണ്ടായ കോടതിവിധികളെപ്പറ്റി പരാമര്‍ശിക്കുന്നുണ്ട്. സംഘം നിര്‍മിച്ച ഉപനിബന്ധനകള്‍ക്കു സഹകരണനിയമവും ചട്ടങ്ങളും പോലെ നിയമപ്രാബല്യമില്ലെന്നു 1981, 1990, 1991 വര്‍ഷങ്ങളിലെ കോടതിവിധികള്‍ ഉദ്ധരിച്ചുകൊണ്ട് വ്യക്തമാക്കുന്നുണ്ട്. എന്നാല്‍, നിയമത്തിനോ ചട്ടങ്ങള്‍ക്കോ എതിരാവാത്ത ഉപനിബന്ധനകള്‍ നിയമത്തിലോ ചട്ടങ്ങളിലോ പ്രത്യേകം പരാമര്‍ശിക്കാത്ത വിഷയങ്ങളില്‍ പ്രസക്തമാണെന്ന വിധിയും ചൂണ്ടിക്കാട്ടുന്നുണ്ട്. അതായത്, സഹകരണനിയമത്തിനും ചട്ടങ്ങള്‍ക്കും അനുപൂരകമായ ഉപനിബന്ധനകള്‍ സാധുവായിരിക്കും. സഹകരണസംഘങ്ങളും സര്‍ക്കാറും തമ്മില്‍ പലപ്പോഴും ഏറ്റുമുട്ടല്‍ നടക്കുന്ന ഈ വിഷയത്തില്‍ വ്യക്തത വരുത്താന്‍ പുസ്തകത്തിനു കഴിയുന്നുണ്ട്.

പുതുതായി സംഘം രൂപവത്കരിച്ച് സഹകരണരംഗത്തേക്കു കടന്നുവരുന്നവര്‍ക്ക് ഏറെ പ്രയോജനപ്പെടുന്ന വിവരണമാണ് അധ്യായം രണ്ടില്‍ സംഘങ്ങളുടെ രജിസ്‌ടേഷന്‍ സംബന്ധിച്ച് നല്‍കിയിരിക്കുന്നത്. രജിസ്ട്രാറുടെ അധികാരം, രജിസ്‌ട്രേഷന്‍ ലഭിക്കുന്നതിനുള്ള യോഗ്യത, അപേക്ഷ, നിബന്ധനകള്‍, നടപടിക്രമങ്ങള്‍, സംഘത്തിന്റെ പ്രവര്‍ത്തനപരിധി, സംഘത്തിന്റെ പേര് പരസ്യപ്പെടുത്തല്‍, ഉപനിബന്ധന ഭേദഗതി, അനുബന്ധസ്ഥാപനങ്ങള്‍ തുടങ്ങല്‍ തുടങ്ങിയ കാര്യങ്ങളില്‍ നിയമം അനുശാസിക്കുന്ന വ്യവസ്ഥകള്‍ വ്യക്തമായി പ്രതിപാദിച്ച ശേഷം ഓരോ വിഷയത്തിലും വന്ന കോടതിവിധികളുടെ രത്‌നച്ചുരുക്കം അതതു സ്ഥലത്തുതന്നെ നല്‍കിയിട്ടുണ്ട്. 1990 ലെ ഒരു കേസില്‍, സംഘത്തിന്റെ അംഗീകൃത മൂലധനം നാല്‍പ്പതു ലക്ഷം രൂപയില്‍ നിന്ന് ഒരു കോടി രൂപയാക്കാനുള്ള ഭരണസമിതി തീരുമാനത്തിനു ജോയിന്റ് രജിസ്ട്രാര്‍ നല്‍കിയ അനുമതി കോടതി റദ്ദാക്കിയതും സംഘത്തിന്റെ പൊതുയോഗത്തിനുള്ള ഭരണപരമായ പരമാധികാരം ഉറപ്പു വരുത്തിക്കൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചതും ചൂണ്ടിക്കാട്ടുന്നുണ്ട്. സംഘം ഭരണസമിതികള്‍ ബൈലോ ഭേദഗതിക്കു പുറപ്പെടുംമുമ്പു നിയമം അനുശാസിക്കുന്ന നടപടികള്‍ പൂര്‍ത്തിയാക്കണമെന്നു വ്യക്തമാക്കുന്ന നിരവധി കോടതിവിധികള്‍ ഈ അധ്യായത്തിലുണ്ട്.

അവകാശങ്ങള്‍
ബാധ്യതകള്‍

സഹകരണസംഘങ്ങളിലെ അംഗങ്ങളും അവരുടെ അവകാശങ്ങളും ബാധ്യതകളും സംബന്ധിച്ച മൂന്നാം അധ്യായവും ഒപ്പം ചേര്‍ത്ത കോടതിവിധികളും തിരഞ്ഞെടുക്കപ്പെട്ട ഭരണസമിതികള്‍ പിരിച്ചുവിട്ട് അഡ്മിനിസ്‌ട്രേറ്റര്‍മാരെ നിയോഗിച്ച് അംഗങ്ങളെ ചേര്‍ത്തു സംഘം പിടിച്ചെടുക്കുന്ന രീതി രാഷ്ട്രീയപ്പാര്‍ട്ടികള്‍ പരീക്ഷിക്കുന്ന സാഹചര്യത്തില്‍ പ്രസക്തമാണ്. സംഘാംഗത്തിനു സൗജന്യമായി വിവരങ്ങള്‍ ലഭിക്കാനുള്ള അവകാശവും വോട്ട്, ഓഹരിക്കൈമാറ്റം തുടങ്ങിയ അവകാശങ്ങളും കൃത്യമായി വിവരിച്ചിട്ടുണ്ട്. സഹകരണസംഘങ്ങളുടെ ഭരണക്രമം എന്ന അധ്യായമാണു ഭരണസമിതി അംഗങ്ങളും സംഘംഉദ്യോഗസ്ഥരും ഏറ്റവും ശ്രദ്ധിക്കേണ്ടത്. സംഘംനിയമങ്ങളും ചട്ടങ്ങളും പാലിച്ചുകൊണ്ട് പ്രവര്‍ത്തിക്കുമ്പോഴും ആയതു പാലിക്കാതെ പ്രവര്‍ത്തിക്കുമ്പോഴും സഹകരണവകുപ്പോ സര്‍ക്കാറോ ഇടപെടല്‍ നടത്തുന്നതും അതു വ്യവഹാരത്തിലേക്കു നീങ്ങുന്നതും ഒടുവില്‍ കോടതിയുത്തരവിന്റെ അടിസ്ഥാനത്തില്‍ സംഘവും വകുപ്പും സര്‍ക്കാറുമൊക്കെ തീരുമാനങ്ങള്‍ മാറ്റേണ്ടി വരുന്നതുമായ ഒട്ടനവധി കേസുകള്‍ ഈ അധ്യായത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. കമ്മിറ്റികള്‍ പിരിച്ചുവിടലും അഡ്മിനിസ്‌ടേറ്ററെ നിയമിക്കലും സംബന്ധിച്ചുള്ള പ്രസക്ത കോടതിവിധികള്‍ സാധാരണക്കാര്‍ക്കു മനസ്സിലാവത്തക്കവിധത്തില്‍ വിവരിക്കുന്നുണ്ട്. സഹകരണസംഘങ്ങളുടെ വിശേഷാധികാരങ്ങള്‍, സംഘങ്ങള്‍ക്കുള്ള സംസ്ഥാന ധനസഹായം എന്നിവ പ്രതിപാദിക്കുന്ന അഞ്ച്, ആറ് അധ്യായങ്ങള്‍ ചെറുതാണെങ്കിലും പ്രാധാന്യമുളളതാണ്. സംഘത്തിന്റെ ഫണ്ടുകള്‍ വീതിച്ചെടുക്കല്‍, അറ്റാദായം വിനിയോഗിക്കല്‍, സ്ഥാവര വസ്തു കൈമാറ്റം, ഫണ്ട് നിക്ഷേപിക്കല്‍ എന്നിവയുമായി ബന്ധപ്പെട്ട വകുപ്പുകളും വിവരണവും ഏഴാം അധ്യായത്തിലുണ്ട്. കേരളത്തിലെ സഹകരണമേഖലയിലെ മികച്ച ചുവടെന്നു വിശേഷിപ്പിക്കപ്പെടുന്ന സഹകരണ വികസന ക്ഷേമനിധി (വകുപ്പ് 57 എ) സംബന്ധിച്ച വ്യവസ്ഥകള്‍ ഈ അധ്യായത്തിലുണ്ട്. സംഘത്തിന്റെ ആസ്തികളും സ്വത്തുക്കളും നഷ്ടപ്പെടുന്നതു തടയുന്നതിനും സംഘത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടിയുള്ളതുമായ ക്ഷേമനിധി സംഘാംഗങ്ങള്‍ക്കുവേണ്ടി ആശ്വാസ പദ്ധതികള്‍ക്കു രൂപം നല്‍കുന്നുണ്ട്.

ഡെപ്പോസിറ്റ്
ഗ്യാരണ്ടി സ്‌കീം

സഹകരണ മേഖലയില്‍ അടുത്ത കാലത്തുണ്ടായ ചില സംഭവങ്ങള്‍ മൂലം നിക്ഷേപങ്ങളുടെ സുരക്ഷിതത്വം ചര്‍ച്ചയായതോടെ ഡെപ്പോസിറ്റ് ഗ്യാരണ്ടി സ്‌കീമിനു വലിയ പ്രാധാന്യം ലഭിച്ചിട്ടുണ്ട്. സഹകരണസംഘം നിയമത്തിലെ 57 ബി വകുപ്പ് പ്രകാരമുള്ള സ്‌കീമില്‍ അംഗമാകാതെ സംഘങ്ങള്‍ നിക്ഷേപം സ്വീകരിക്കാന്‍ പാടില്ലെന്ന കര്‍ശനവ്യവസ്ഥ നിയമത്തില്‍ത്തന്നെയുണ്ട്. സ്‌കീമിന്റെ വിശദാംശങ്ങള്‍ പുസ്തകത്തില്‍ പ്രത്യേകം നല്‍കിയിട്ടുമുണ്ട്. അടിസ്ഥാന സൗകര്യവികസനത്തിനു വായ്പ നല്‍കാന്‍ കണ്‍സോര്‍ഷ്യം ലെന്‍ഡിങ് സ്‌കീമും ( വകുപ്പ് 57 സി) വായ്പയെടുത്തവര്‍ മരിച്ചാല്‍ ബാധ്യത ഏറെടുക്കാന്‍ സഹകരണ റിസ്‌ക് ഫണ്ട് സ്‌കീമും ( വകുപ്പ് 57 ഡി) സംബന്ധിച്ച വ്യവസ്ഥകള്‍ ഈ അധ്യായത്തില്‍ത്തന്നെയാണ്. ഈ പദ്ധതിയുടെ വിശദാംശങ്ങളും മാര്‍ഗനിര്‍ദേശങ്ങളും പന്ത്രണ്ട് പുറങ്ങളിലായി പ്രത്യേകമായും കൊടുത്തിട്ടുണ്ട്. സഹകരണ ഓഡിറ്റ് ഡയറക്ടറുടെ നിയമനം, അധികാരം, ഓഡിറ്റിന്റെ വ്യാപ്തി, ഓഡിറ്റ്‌റിപ്പോര്‍ട്ട് തുടര്‍നടപടി, ഓഡിറ്റ് ഫീസ് തുടങ്ങിയ കാര്യങ്ങളില്‍ അടുത്ത കാലത്തു വന്ന നിയമഭേദഗതികള്‍ എട്ടാമധ്യായത്തില്‍നിന്നു വ്യക്തമാണ്. തര്‍ക്കങ്ങള്‍ തീര്‍പ്പാക്കല്‍, സംഘങ്ങള്‍ പിരിച്ചുവിടല്‍, കേരള ബാങ്ക് രൂപവത്കരണം, അപ്പീല്‍, റിവിഷന്‍, റിവ്യൂ തുടങ്ങി സഹകരണസംഘങ്ങളെ ബാധിക്കുന്ന വിവിധ വിഷയങ്ങളിലെ നിയമം അനുശാസിക്കുന്ന കാര്യങ്ങളും കോടതിവിധികളുമാണു പിന്നീടുള്ള ഒമ്പതു മുതല്‍ പതിനാറു വരെ അധ്യായങ്ങളില്‍. നിയമത്തിലെ അനുബന്ധമായി പുറപ്പെടുവിച്ച 1969 ലെ കേരള സഹകരണസംഘം ചട്ടങ്ങളും അവയില്‍ പിന്നീടു വന്ന മാറ്റങ്ങളും ഗസറ്റ് നമ്പറും തീയതിയും ഉത്തരവുനമ്പറും തീയതിയും തുടങ്ങിയവസഹിതം നല്‍കിയതിനാല്‍ റഫറന്‍സ് എളുപ്പമാണ്. കാലഹരണപ്പെട്ട ചട്ടങ്ങള്‍ ഒഴിവാക്കിയതിന്റെ ഉത്തരവുനമ്പറും തീയതിയും ലഭ്യമാണ്.

കേരള സര്‍വീസ് ചട്ടങ്ങളില്‍ സഹകരണസംഘം ജീവനക്കാര്‍ക്കു ബാധകമായ വകുപ്പുകളുടെ വിശദാംശങ്ങള്‍ അമ്പതിലധികം പേജുകളിലായി വിശദീകരിച്ചതു പുസ്തകത്തിന്റെ എടുത്തു പറയേണ്ട പ്രത്യേകതയാണ്. കെ.എസ്.ആറിലെ അവധി ചട്ടങ്ങള്‍, അച്ചടക്ക നടപടികള്‍ സംബന്ധിച്ച വ്യവസ്ഥകള്‍ എന്നിവയാണ് ഈ ഭാഗത്തില്‍ ഉള്‍പ്പെടുത്തിയത്. 1963 ലെ കേരള കോ-ഓപ്പറേറ്റീവ് ചട്ടങ്ങളും 1962 ലെ കേരള കോ- ഓപ്പറേറ്റീവ് സബോര്‍ഡിനേറ്റ് സര്‍വീസ് ചട്ടങ്ങളും സമഗ്രമായി പുസ്തകത്തിലുണ്ട്. 2021 ലെ കേരള കോ -ഓപ്പറേറ്റീവ് ബാങ്ക് റിക്രൂട്ട്‌മെന്റ് റൂള്‍സും 2006 ലെ കര്‍ഷക കടാശ്വാസ കമ്മീഷന്‍ നിയമവും അനുബന്ധ ചട്ടങ്ങളും പൂര്‍ണമായും ലഭ്യമാണ്. 1972 ലെ ഗ്രാറ്റുവിറ്റി വിതരണ നിയമം, 1973 ലെ ഗ്രാറ്റുവിറ്റി ചട്ടങ്ങള്‍, 1949 ലെ ബാങ്കിങ് റഗുലേഷന്‍ നിയമം, 2019 ലെ അനിയന്ത്രിത നിക്ഷേപപദ്ധതികള്‍ നിരോധന നിയമവും 2021 ലെ ചട്ടങ്ങളും, 2021 ലെ സഹകരണ സംഘം സെല്‍ഫ് ഫിനാന്‍സിങ് പെന്‍ഷന്‍ സ്‌കീം, 2020 ലെ സഹകരണ ബാങ്ക് കേഡര്‍ ഇന്റഗ്രേഷന്‍ സ്‌കീം, 2021 ലെ കേരള കോ-ഓപ്പറേറ്റീവ് പ്രൊഫഷണല്‍ എജുക്കേഷന്‍ ഫണ്ട് സ്‌കീം, റിസര്‍വ് ബാങ്ക് ഏകീകൃത ഓംബുഡ്‌സ്മാന്‍ പദ്ധതി, 2010 ലെ കേരള സഹകരണ ഓംബുഡ്‌സ്മാന്‍ പദ്ധതി തുടങ്ങിയവയെപ്പറ്റി വിശദാംശങ്ങളറിയാന്‍ മറ്റെങ്ങും അന്വേഷിക്കേണ്ടതില്ല. കേരള ബാങ്കിന്റെ രൂപവത്കരണചരിത്രവും സംക്ഷിപ്തമായി പുസ്തകത്തിലുണ്ട്.

ഓഡിറ്റ്
സഹായി

സഹകരണസ്ഥാപനങ്ങളുടെ ഭരണപരവും ധനപരവുമായ ഓഡിറ്റ് നടത്തുന്ന സഹകരണ ഓഡിറ്റ് വിഭാഗത്തിനുവേണ്ടി തയാറാക്കിയ ഓഡിറ്റ് സഹായി പൂര്‍ണമായി പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയതു സഹകരണസ്ഥാപനങ്ങള്‍ക്ക് ഏറെ പ്രയോജനം ചെയ്യും. ഓഡിറ്റ് വിഭാഗത്തിന്റെ പരിശോധനാസൂചകങ്ങള്‍ സ്ഥാപനങ്ങള്‍ക്കു മുന്‍കൂട്ടി ലഭിച്ചാല്‍ ഓഡിറ്റിനുള്ള തയാറെടുപ്പുകള്‍ ദൈനംദിന ജോലിയുടെ ഭാഗമാക്കാന്‍ ജീവനക്കാര്‍ക്കു കഴിയും. വരവ് ചെലവിനങ്ങള്‍, പ്രവേശന രജിസ്റ്റര്‍, നിക്ഷേപങ്ങള്‍, വായ്പകള്‍, ബാങ്ക് എക്കൗണ്ടുകള്‍, എസ്റ്റാബ്ലിഷ്‌മെന്റ് വിവരങ്ങള്‍, വ്യാപാരപ്രവര്‍ത്തനങ്ങള്‍, മിനുട്‌സ് ബുക്ക് തുടങ്ങിയ ഇനങ്ങളുടെ പരിശോധനയില്‍ ഓഡിറ്റര്‍മാരുടെ സമീപനം ഏതു രീതിയിലായിരിക്കണമെന്ന് ഓഡിറ്റ്‌സഹായി വിശദീകരിക്കുന്നുണ്ട്.

ഈ പുസ്തകത്തിന്റെ എടുത്തു പറയേണ്ട പ്രത്യേകതകളിലൊന്നു സഹകരണവകുപ്പും അനുബന്ധവകുപ്പുകളും സഹകരണരജിസ്ട്രാറും പുറപ്പെടുവിച്ച ഉത്തരവുകളും സര്‍ക്കുലറുകളും വിജ്ഞാപനങ്ങളും വിഷയാടിസ്ഥാനത്തില്‍ ക്രമീകരിച്ച് എഴുന്നൂറോളം പേജുകളില്‍ അച്ചടിച്ചിരിക്കുന്നു എന്നതാണ്. കാലികവും പ്രസക്തവുമായ ഉത്തരവുകളും സര്‍ക്കുലറുകളുമാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് എന്നതിനാല്‍ വകുപ്പുമായി അടുത്ത ബന്ധമില്ലാത്തവര്‍ക്കുപോലും സഹകരണസ്ഥാപനങ്ങളുടെ പ്രവര്‍ത്തനം ഏതു വിധത്തിലാവണമെന്ന പൊതുവായ ധാരണ ലഭിക്കുന്നു. അംഗത്വം, തിരഞ്ഞെടുപ്പ്, മിനുട്‌സ്, നിയമാവലി, വായ്പകള്‍, പലിശ, കടാശ്വാസം, നിക്ഷേപം, വ്യവഹാരം, സ്റ്റാമ്പ് ഡ്യൂട്ടി, ഗഹാന്‍ ഫീസുകള്‍ എന്നിവ സംബന്ധിച്ചുള്ള കാര്യങ്ങള്‍ ഒന്നും രണ്ടും ഭാഗങ്ങളായി ക്രമീകരിച്ചിരിക്കുന്നു. ഓഡിറ്റുമായി ബന്ധപ്പെട്ട ഉത്തരവുകളും മാര്‍ഗനിര്‍ദേശങ്ങളും മൂന്നാം ഭാഗത്തും ഭരണസമിതി, അനുകൂല്യങ്ങള്‍, ജീവനക്കാരുടെ നിയമനം, പ്രമോഷന്‍, അവധി തുടങ്ങിയവ നാലാം ഭാഗത്തും കെട്ടിടനിര്‍മാണം സംബന്ധിച്ച് അഞ്ചാം ഭാഗത്തും സര്‍ക്കുലറുകള്‍ നല്‍കിയിട്ടുണ്ട്. പലവക ഇനങ്ങളും ക്ഷീരോല്‍പ്പാദന സഹകരണ സംഘങ്ങളെ ബാധിക്കുന്ന ഉത്തരവുകളും സര്‍ക്കുലറുകളുമാണ് അവസാനഭാഗത്തില്‍.

ഉത്തരവുകള്‍
സര്‍ക്കുലറുകള്‍

സര്‍ക്കാര്‍ വകുപ്പു തലവന്‍മാരുടെ ഓഫീസില്‍ നിന്നു പുറത്തിറക്കുന്ന ഉത്തരവുകളുടേയും സര്‍ക്കുലറുകളുടേയും പകര്‍പ്പുകള്‍ അത് ഇറക്കിയ ഓഫീസില്‍ത്തന്നെ കിട്ടാത്ത അവസ്ഥയില്‍ സഹകരണമേഖലയുമായി ബന്ധപ്പെട്ട ഇത്രയേറെ ഉത്തരവുകളും സര്‍ക്കുലറുകളും ശേഖരിച്ചു ക്രോഡീകരിച്ച ഗ്രന്ഥകാരന്‍ പ്രശംസയര്‍ഹിക്കുന്നു. പുസ്തകത്തില്‍ നല്‍കിയിട്ടുള്ള ഉത്തരവുകളും സര്‍ക്കുലറുകളും കോടതിവിധിന്യായങ്ങളും പട്ടികയാക്കി പരാമര്‍ശിക്കുന്ന പേജ് നമ്പര്‍ സഹിതം പുസ്തകത്തിന്റെ ആദ്യഭാഗത്തു നല്‍കിയതിനാല്‍ റഫറന്‍സ് എളുപ്പത്തില്‍ നടക്കും. സഹകരണ ആര്‍ബിട്രേഷന്‍ സംബന്ധിച്ച് കുറിപ്പുണ്ട്. സഹകരണസംഘങ്ങളിലെ വിവിധ കാര്യങ്ങള്‍ക്കുള്ള ഫീസ്, ഓഡിറ്റ് ഫീസ്, അഫിലിയേഷന്‍ ഫീസ് തുടങ്ങിയവയുടെ നിരക്ക്, സഹകരണ വകുപ്പിന്റെ പുതുക്കിയ ഹെഡ് ഓഫ് എക്കൗണ്ട്‌സ് തുടങ്ങി സംഘങ്ങളുടെ ദൈനംദിന പ്രവര്‍ത്തനത്തിനാവശ്യമായ എല്ലാ വിവരങ്ങളും ഉള്‍പ്പെടുത്തിയാണു പുസ്തകത്തിന്റെ പുതുക്കിയ പതിപ്പ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

സഹകരണവകുപ്പില്‍ ഓഡിറ്ററായി ജോലിയില്‍ പ്രവേശിച്ച പോള്‍ ലെസ്ലിക്കു ജനറല്‍ വിഭാഗത്തിലും ഓഡിറ്റ് വിഭാഗത്തിലും വിവിധ തസ്തികകളില്‍ പ്രവര്‍ത്തിച്ച അനുഭവവും സഹകരണ ട്രെയിനിങ് കോളേജ് പ്രിന്‍സിപ്പല്‍, വിവിധ ജില്ലകളില്‍ ജോയിന്റ് ഡയറക്ടര്‍ എന്നീ നിലകളിലുളള ബന്ധങ്ങളും സഹകരണമേഖലയെ മൊത്തത്തില്‍ സ്പര്‍ശിക്കുന്ന പുസ്തകരചനക്കു സഹായകമായി എന്നു കരുതാം. കേരള സഹകരണസംഘം നിയമങ്ങളും ചട്ടങ്ങളും എന്നാണു പുസ്തകത്തിന്റെ പേരെങ്കിലും എല്ലാ അര്‍ഥത്തിലും കേരളത്തിലെ സഹകാരികളുടെ ‘ നോളജ് കമ്പാനിയന്‍ ‘ എന്നു പുസ്തകത്തെ വിശേഷിപ്പിക്കാവുന്നതാണ്.

 

കേരള സഹകരണസംഘം
നിയമവും ചട്ടങ്ങളും
– പോള്‍ ലെസ്‌ലി. സി.
പ്രസാധകര്‍ : സ്വാമി ലോ ഹൗസ്
പേജ് : 1704, വില : 2770 രൂപ

                                             (മൂന്നാംവഴി സഹകണ മാസിക ജൂലായ് ലക്കം 2023)

[mbzshare]

Leave a Reply

Your email address will not be published.