സഹകരണ സ്ഥാപനങ്ങളുടെ പരിപാടികള്‍ക്ക് പ്രോട്ടോക്കോളില്ല; വേണമെന്ന് നിയമസഭാ സെക്രട്ടറി
സഹകരണ സ്ഥാപനങ്ങളുടെ പരിപാടികളില്‍ പ്രോട്ടോക്കോള്‍ പാലിക്കേണ്ടതുണ്ടോയെന്നതില് സഹകാരികള്‍ക്കും സഹകരണ ജീവനക്കാര്‍ക്കും സംശയങ്ങള്‍ ഏറെയാണ്. അത്തരമൊരു സര്‍ക്കുലര്‍ സഹകരണ സംഘം രജിസ്ട്രാര്‍ ഇറക്കിയിട്ടില്ലെന്നതാണ് കാരണം. പരമാവധി പ്രോട്ടോക്കോള്‍ പാലിക്കുകയും ചിലതൊക്കെ തെറ്റിക്കുകയും ചെയ്താണ് സഹകരണ സംഘങ്ങളിലും ബാങ്കുകളിലും പരിപാടി നടത്തുന്നത്.
സഹകരണ ബാങ്കുകളുടെയും സംഘങ്ങളുടെയും ഔദ്യോഗിക പരിപാടികളില്‍ പ്രോട്ടോക്കോള്‍ പാലിക്കണമെന്ന വ്യവസ്ഥ നിലവിലില്ല. ഇത് സംബന്ധിച്ച് നിലവില്‍ സര്‍ക്കാര്‍ ഉത്തരവുകളോ സര്‍ക്കുലറുകളോ ഇല്ല. പ്രോട്ടോക്കോള്‍ സംബന്ധിച്ച് 2012 ജൂണ്‍ 11 ന് സര്‍ക്കാര്‍ ഉത്തരവില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍ എന്നിവ സംഘടിപ്പിക്കുന്ന പരിപാടികളില്‍ പ്രോട്ടോക്കോള്‍ നിര്‍ബന്ധമായി പാലിക്കണമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍, 1969ലെ സഹകരണ നിയമത്തിലെ വകുപ്പ രണ്ട്, ഉപവകുപ്പ് രണ്ട് (എഫ്) അനുസരിച്ച് സഹകരണ സംഘങ്ങള്‍ പൊതുമേഖലാ സ്ഥാപനത്തിന്റെ പരിധിയില്‍ വരുന്നതല്ല. അതിനാല്‍, പ്രോട്ടോക്കോള്‍ സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് സഹകരണ സംഘങ്ങള്‍ക്ക് ബാധകവുമല്ല.
പ്രോട്ടോക്കോള്‍ സംബന്ധിച്ച് കൂടുതല്‍ വ്യക്തത വരുത്തണമെന്ന് നിയമസഭാ സെക്രട്ടറി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. സര്‍ക്കാരിന് നിയന്ത്രണാധികാരവും പരിശോധനാ അധികാരവുമള്ള സ്ഥാപനങ്ങളെക്കൂടി പ്രോട്ടോക്കോള്‍ പരിധിയില്‍ കൊണ്ടുവരണമെന്നാണ് നിയമസഭാ സെക്രട്ടറി സര്‍ക്കാരിന് നല്കിയ കത്തിലെ ആവശ്യം. ഇത് പ്രധാനമായും സഹകരണ സംഘങ്ങളെ ഉദ്ദേശിച്ചിട്ടുള്ളതാണ്. സഹകരണ സ്ഥാപനങ്ങള്‍ സ്വയംഭരണാധികാരമുള്ള സ്വാശ്രയ സ്ഥാപനങ്ങളായാണ് കണക്കാക്കുന്നത്. അതിലെ നിയമപരമായ പരിശോധനയും നിയന്ത്രണവുമാണ് സര്‍ക്കാരിന് അധികാരമുള്ളത്. അതില്‍ക്കൂടുതല്‍ ഒരു നിര്‍ദ്ദേശം സര്‍ക്കാരിന് നല്കാന് പാടില്ലെന്നാണ് വ്യവസ്ഥ.
പക്ഷേ, സര്‍ക്കാരിന്റെ പൂര്‍ണ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങള്‍ എന്ന നിലയിലാണ് കേരളത്തില്‍ സഹകരണ സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ട്, സഹകരണ സ്ഥാപനങ്ങളിലെ പരിപാടികളില്‍ പ്രോട്ടോക്കോള്‍ വേണമെന്ന അഭിപ്രായവും ഉയര്‍ന്നിട്ടുണ്ട്. 2018 ആഗസ്റ്റ് ഒമ്പതിനാണ് ഇത്തരമൊരു നിര്‍ദ്ദേശമടങ്ങിയ കത്ത് നിയമസഭാ സെക്രട്ടറി സര്‍ക്കാരിന് നല്‍കുന്നത്. അതനുസരിച്ച് പ്രോട്ടോക്കോള്‍ ഉത്തരവ് പരിഷ്കരിക്കുന്നത് സര്‍ക്കാരിന്റെ പരിഗണനയിലാണെങ്കിലും ഇതുവരെ അത്തരമൊരു ഉത്തരവ് ഇറങ്ങിയിട്ടില്ല.