സഹകരണ സംഘത്തിലെ സബ് സ്റ്റാഫ് തസ്തികയില്‍ ശൂന്യവേതനാവധി സേവനകാലമാവില്ല

Deepthi Vipin lal

കേരള സര്‍വീസ് ചട്ടപ്രകാരം വകുപ്പ് ജീവനക്കാരുടെ അവധി വ്യവസ്ഥകള്‍ സഹകരണ സംഘത്തിലെ ക്ലാസ് ഫോര്‍ ജീവനക്കാര്‍ക്ക് ബാധകമാവില്ലെന്ന് സര്‍ക്കാരിന്റെ തീര്‍പ്പ്. സ്ഥാനക്കയറ്റം ലഭിക്കുന്നതിന് അവധികള്‍ സേവനമായി കണക്കാക്കുന്ന വ്യവസ്ഥയും ഇവര്‍ക്ക് അനുവദിക്കാനാവില്ല. സഹകരണ സംഘത്തിലെ സബ്സ്റ്റാഫ് തസ്തികയിലുള്ളവര്‍ ശൂന്യവേതനാവധിയില്‍ പ്രവേശിച്ചാല്‍ അത് സേവനകാലമായി പരിഗണിക്കില്ലെന്നും സര്‍ക്കാര്‍ ഉത്തരവില്‍ വ്യക്തമാക്കുന്നു.

ചിറക്കടവ് സര്‍വീസ് കോ-ഓപ്പറേറ്റീവ് ബാങ്കില്‍ പ്യൂണ്‍ തസ്തികയിലുള്ളയാള്‍ക്ക് ക്ലര്‍ക്കായി സ്ഥാനക്കയറ്റം നല്‍കിയത് സംബന്ധിച്ചുള്ള പരാതിയില്‍ തീര്‍പ്പാക്കിയുള്ള ഉത്തരവിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്. ചിറക്കടവ് ബാങ്കില്‍ പ്യൂണ്‍ തസ്തികയില്‍ ജോലി ചെയ്തിരുന്ന ജീവനക്കാരിക്കു ഭരണസമിതി ജൂനിയര്‍ ക്ലര്‍ക്കായി സ്ഥാനക്കയറ്റം നല്‍കി. മൂന്നു വര്‍ഷം സേവനം പൂര്‍ത്തിയാക്കാതെയാണ് സ്ഥാനക്കയറ്റം നല്‍കിയതെന്ന് കാണിച്ച് മുഖ്യമന്ത്രിക്കും സഹകരണ മന്ത്രിക്കും പരാതി ലഭിച്ചു. തുടര്‍ന്ന് കാഞ്ഞിരപ്പള്ളി അസിസ്റ്റന്റ് രജിസ്ട്രാര്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കി.

 

പ്യൂണ്‍ തസ്തികയില്‍ ജോലിയില്‍ പ്രവേശിച്ച വനിത ഒന്നര വര്‍ഷം ശൂന്യവേതനാവധി എടുത്തിരുന്നു. ഡിഗ്രി കോഴ്‌സ് പൂര്‍ത്തിയാക്കുന്നതിനും എച്ച്.ഡി.സി. കോഴ്‌സ് ചെയ്യുന്നതിനുമായിരുന്നു അവധി. കോഴ്‌സ് പൂര്‍ത്തിയാക്കിയ അവരെ തിരികെ പ്യൂണ്‍ തസ്തികയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. ഇതിന് ശേഷം എട്ടു മാസം കഴിഞ്ഞപ്പോള്‍ ജൂനിയര്‍ ക്ലര്‍ക്കായി ഇവരെ ഭരണസമിതി സ്ഥാനക്കയറ്റം നല്‍കി നിയമിച്ചു. ഈ സ്ഥാനക്കയറ്റം നല്‍കുന്നതിന് മൂന്നു വര്‍ഷം സേവനം പൂര്‍ത്തിയാക്കിയിട്ടില്ലെന്ന് അസിസ്റ്റന്റ് രജിസ്ട്രാറും അന്വേഷണത്തില്‍ കണ്ടെത്തി. ഇതനുസരിച്ച് സ്ഥാനക്കറ്റം ജോയിന്റ് രജിസ്ട്രാര്‍ റദ്ദാക്കി. അധികമായി വാങ്ങിയ ശമ്പളം തിരിച്ചുപിടിക്കാനും ഉത്തരവിട്ടു. ഇതിനെതിരെ ബാങ്ക് ജീവനക്കാരി ഹൈക്കോടതിയെ സമീപിച്ചു. ജോയിന്റ് രജിസ്ട്രാറുടെ നടപടി ഹൈക്കോടതിയും ശരിവെച്ചു. പിന്നീട് സര്‍ക്കാരിന് അപ്പീല്‍ നല്‍കി. ഇതില്‍ ബന്ധപ്പെട്ട കക്ഷികളെ നേരില്‍ കേട്ടു. നിയമവിരുദ്ധമായി അധികശമ്പളം വാങ്ങിയിട്ടില്ലെന്നും ചെയ്യാന്‍ നിയോഗിച്ചുള്ള ജോലിക്ക് മാത്രമാണ് ശമ്പളം കൈപ്പറ്റിയതെന്നുമായിരുന്നു പരാതിക്കാരിയുടെ വാദം.

സഹകരണ സംഘത്തിലെ പ്യൂണ്‍ തസ്തികയില്‍ പ്രൊബേഷന്‍ പൂര്‍ത്തിയാക്കുകയോ സ്ഥിരപ്പെടുത്തുകയോ ചെയ്തതിന് ശേഷമല്ല ശൂന്യവേതന അവധി അനുവദിച്ചിട്ടുള്ളതെന്നായിരുന്നു ജോയിന്റ് രജിസ്ട്രാറുടെ വിശദീകരണം. ജീവനക്കാരെ സ്ഥിരപ്പെടുത്താതെ മൂന്നു മാസത്തില്‍ക്കൂടുതല്‍ എടുക്കുന്ന ശൂന്യവേതനാവധി സ്ഥാനക്കയറ്റത്തിന് പരിഗണിക്കാനാവില്ലെന്നും ജോയിന്റ് രജിസ്ട്രാര്‍ അറിയിച്ചു. ഈ വാദങ്ങളെല്ലാം കേട്ടശേഷമാണ് സഹകരണ സംഘം ജീവനക്കാര്‍ക്ക് നിര്‍ണായകമായ തീര്‍പ്പ് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. സഹകരണ സംഘത്തിലെ ക്ലാസ് ഫോര്‍ ജീവനക്കാര്‍ക്ക് കെ.എസ്.ആര്‍. ചട്ടത്തിലെ അവധി വ്യവസ്ഥകള്‍ ബാധകമല്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. സബ്സ്റ്റാഫുകള്‍ക്ക് ശുന്യവേതനാവധി സര്‍വീസ് കാലയളവും ആയിരിക്കില്ല.

Leave a Reply

Your email address will not be published. Required fields are marked *

Latest News