സഹകരണ സംഘങ്ങളുടെ ഭവനവായ്പാ കാലാവധി 15 വര്‍ഷമാക്കുന്നു

[mbzauthor]

സഹകരണ സംഘങ്ങളുടെ ഭവന വായ്പയുടെ കാലാവധി 10 വര്‍ഷത്തില്‍ നിന്ന് 15വര്‍ഷമാക്കി മാറ്റാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. സഹകരണ സംഘം രജിസ്ട്രാര്‍ നല്‍കിയ ശുപാര്‍ശ അംഗീകരിച്ച് സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കി. എറണാകുളം ജില്ലാ എംപ്ലോയീസ് ഹൗസിങ് സഹകരണ സംഘത്തിന്റെ അപേക്ഷയിലാണ്, എല്ലാസംഘങ്ങള്‍ക്കും ബാധകമാകുന്നവിധത്തില്‍ തീരുമാനമുണ്ടായത്.

ദീര്‍ഘകാല വായ്പ നല്‍കാന്‍ അനുമതിയുള്ള കാര്‍ഷിക ഗ്രാമവികസന ബാങ്കുകള്‍ക്ക് മാത്രമേ പത്തുവര്‍ഷത്തില്‍ കൂടുതല്‍ വായ്പാ കാലാവധി നല്‍കാനാകൂ. ഹൗസിങ് സഹകരണ സംഘങ്ങളടക്കം നല്‍കുന്ന ഭവന വായ്പയുടെ നിലവിലെ കാലാവധി പരമാവധി 120 മാസമാണ്. ഇത് 180 മാസമാക്കി വര്‍ദ്ധിപ്പിക്കണമെന്ന അപേക്ഷയാണ് എറണാകുളം ജില്ല എംപ്ലോയീസ് ഹൗസിങ് സഹകരണ സംഘം നല്‍കിയത്.

ഇത് ചട്ടത്തിലെ വ്യവസ്ഥയില്‍ ഇളവ് നല്‍കേണ്ട നയപരമായ തീരുമാനമായതിനാല്‍ രജിസ്ട്രാര്‍ അപേക്ഷ സര്‍ക്കാരിന് കൈമാറി. ഒരുസംഘത്തിന്റെ അപേക്ഷയാണെങ്കിലും എല്ലാ പ്രാഥമിക ഹൗസിങ് സഹകരണ സംഘങ്ങള്‍ക്കും ഇത് ബാധകമാക്കേണ്ടതാണെന്ന ശുപാര്‍ശയും ഇതിനൊപ്പം രജിസ്ട്രാര്‍ സര്‍ക്കാരിന് നല്‍കി. രജിസ്ട്രാറുടെ ശുപാര്‍ശ സര്‍ക്കാര്‍ അതേപടി അംഗീകരിച്ചു. പൊതുതാല്‍പര്യം മുന്‍നിര്‍ത്തി സഹകരണ ചട്ടം 56 അനുസരിച്ചുള്ള പ്രാഥമിക ഹൗസിങ് സഹകരണ സംഘങ്ങളുടെ വായ്പാ കാലാവധി 180 മാസമാക്കി നീട്ടി സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കുകയും ചെയ്തു.

സഹകരണ സംഘങ്ങളുടെ ഭവന വായ്പയുടെ കാലാവധി പത്തുവര്‍ഷമായതിനാല്‍ പലസംഘങ്ങളും ബുദ്ധിമുട്ട് നേരിടുന്നുണ്ട്. ഇതിനെ മറികടക്കാന്‍ വാണിജ്യ ബാങ്കുകളുമായി ധാരണയുണ്ടാക്കുകയാണ് സംഘങ്ങള്‍ ചെയ്യാറുള്ളത്. സംഘങ്ങള്‍ക്ക് നല്‍കാന്‍ കഴിയാത്ത അധികം തുകയും വാണിജ്യബാങ്കുകളില്‍നിന്ന് ലഭ്യമാക്കി നല്‍കുകയാണ് ചെയ്യുന്നത്. സംഘവുമായി ധാരണയുണ്ടാക്കുന്നതിനാല്‍ ഇതിനുള്ള നടപടിക്രമം എളുപ്പമാകും. പക്ഷേ, അധികംവരുന്ന തുകയ്ക്ക് വാണിജ്യ ബാങ്കിന്റെ ഉയര്‍ന്ന പലിശ നിരക്കും, ജാമ്യ വ്യവസ്ഥകളുമെല്ലാം ബാധകമാകും.

എംപ്ലോയീസ് സംഘങ്ങളുടെ അംഗങ്ങള്‍ മറ്റൊരു സ്ഥാപനത്തിലെ ജീവനക്കാരായിരിക്കും. അവര്‍ക്കും അവര്‍ അംഗമായ സ്വന്തം സംഘത്തില്‍നിന്ന് പത്തുവര്‍ഷം കൂടുതല്‍ കാലയളവില്‍ വായ്പ ലഭിക്കാത്ത സ്ഥിതിയുണ്ട്. ഇതിനെല്ലാം സര്‍ക്കാരിന്റെ പുതിയ തീരുമാനത്തിലൂടെ പരിഹാരമാകും. കൂടുതല്‍ വായ്പകള്‍ നല്‍കാന്‍ ഹൗസിങ് സഹകരണ സംഘങ്ങള്‍ക്ക് വഴിയൊരുങ്ങുകയും ചെയ്യും.

[mbzshare]

Leave a Reply

Your email address will not be published.