സഹകരണ വായ്പാ സംഘങ്ങളുടെ കരുതല്‍ ചെലവും ലാഭക്ഷമതയും
‘- ബി.പി. പിള്ള
( മുന്‍ ഡയരക്ടര്‍, അഗ്രിക്കള്‍ച്ചറല്‍ കോ-ഓപ്പറേറ്റീവ്
സ്റ്റാഫ് ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം )
കുടിശ്ശികപ്പലിശയ്ക്കു കരുതല്‍ വെയ്ക്കുന്നതുമായി
ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിലും ചര്‍ച്ചകളിലും മറ്റും
വിമര്‍ശനങ്ങളും നിര്‍ദേശങ്ങളും വ്യാപകമായി വന്നുകൊണ്ടിരിക്കുന്ന
സാഹചര്യത്തിലാണു ഇത്തരമൊരു ലേഖനത്തിന്റെ പ്രസക്തി.
സഹകാരികള്‍ നിര്‍ദേശിച്ചിട്ടുള്ള പരിഹാരങ്ങള്‍ക്കൊപ്പം
ഈ ലേഖനത്തിലെ നിര്‍ദേശങ്ങളും സമഗ്ര ചര്‍ച്ചയ്ക്കു
വിധേയമാകുമെന്നു പ്രതീക്ഷിക്കുന്നു.
കേരള സഹകരണ ഓഡിറ്റ് മാനുവല്‍ പ്രകാരം കുടിശ്ശികവായ്പകളിലെ മുതല്‍ഭാഗത്തിനു വെയ്‌ക്കേണ്ട കരുതല്‍ ( പ്രൊവിഷന്‍ ) നിരക്കും തുകയും കാലാകാലങ്ങളില്‍ സഹകരണ സംഘം രജിസ്ട്രാറുടെ സര്‍ക്കുലറുകളിലൂടെ സഹകരണ സംഘങ്ങളെ അറിയിക്കുമെന്നാണു വ്യക്തമാക്കിയിട്ടുള്ളത്. 2007 ഡിസംബര്‍ പത്തിലെ 40 / 2007 -ാം നമ്പര്‍ സര്‍ക്കുലറിനെ അടിസ്ഥാനമാക്കിയുള്ള കരുതലാണു സംഘങ്ങള്‍ ഇപ്പോള്‍ വെച്ചുകൊണ്ടിരിക്കുന്നത്. അതുപ്രകാരം ഓരോ സാമ്പത്തിക വര്‍ഷാവസാനവും ( മാര്‍ച്ച് 31 നു ) ഒരു വര്‍ഷത്തില്‍ താഴെ കുടിശ്ശികയായ വായ്പകള്‍ക്കു , ആള്‍ജാമ്യത്തിലുള്ള വായ്പയായാലും വസ്തു ഈടിന്മേലുള്ള വായ്പയായാലും, വായ്പയിലെ മുതല്‍ഭാഗത്തിനു കരുതല്‍ വെക്കേണ്ടതില്ല. അവയെ ഉത്തമ വായ്പകളായിട്ട് കണക്കാക്കും. ഒരു വര്‍ഷം മുതല്‍ മൂന്നു വര്‍ഷംവരെ കുടിശ്ശികയുള്ള വസ്തു ഈടിന്മേലുള്ള വായ്പകളെ ഉത്തമവായ്പകളായി കണ്ടുകൊണ്ട് കരുതലില്‍ നിന്നു ഒഴിവാക്കിയിട്ടുള്ളപ്പോള്‍ ഈ വിഭാഗത്തിലുള്ള ആള്‍ജാമ്യ വായ്പകള്‍ക്കു അതിലെ മുതല്‍ഭാഗത്തിനു പത്തു ശതമാനം കരുതലാണു നിഷ്‌കര്‍ഷിച്ചിട്ടുള്ളത്. മൂന്നു വര്‍ഷത്തിനുമേല്‍ ആറു വര്‍ഷംവരെ കുടിശ്ശികയായിട്ടുള്ള വസ്തുഈടിന്മേലുള്ള വായ്പകള്‍ക്കു അമ്പതു ശതമാനം കരുതലും ആള്‍ജാമ്യത്തിലുള്ള വായ്പകള്‍ക്കു വായ്പയിലെ മുതല്‍ഭാഗത്തിനു നൂറു ശതമാനം കരുതലും നിര്‍ബന്ധമാണ്. ആറു വര്‍ഷത്തിനുമേല്‍ കുടിശ്ശികയായിട്ടുള്ള വസ്തുഈടിന്മേലുള്ള വായ്പകള്‍ക്കു വായ്പയിലെ മുതല്‍ഭാഗത്തിനു നൂറു ശതമാനം കരുതല്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്. സ്ഥിര നിക്ഷേപ ഈടിന്മേലുള്ള വായ്പകള്‍ക്കും സ്വര്‍ണപ്പണയ വായ്പകള്‍ക്കും വായ്പ എത്ര നാള്‍ കുടിശ്ശികയായാലും അതിലെ മുതല്‍ഭാഗത്തിനു കരുതല്‍ വെക്കേണ്ടതില്ല. എന്നാല്‍, ഈ വായ്പകളിലെ കുടിശ്ശികയായ പലിശ ലാഭനഷ്ടക്കണക്കിലെ പലിശവരവില്‍ ഉള്‍പ്പെടുത്തിയാല്‍ അതിനു നൂറു ശതമാനം കരുതല്‍ വെക്കേണ്ടതുണ്ട്. മറ്റു വായ്പകളുടെ കാര്യത്തിലും ബാക്കിപത്ര ദിവസമായ മാര്‍ച്ച് 31 നു ആ വായ്പകളില്‍ ആര്‍ജിച്ച പലിശ അടയ്ക്കാനുള്ള സമയം കഴിയുകയും ആ പലിശ ലാഭനഷ്ടക്കണക്കില്‍ വരവായി ഉള്‍പ്പെടുത്തുകയും ചെയ്താല്‍ അതിനും നൂറു ശതമാനം കരുതല്‍ നിര്‍ബന്ധമായും വെയ്‌ക്കേണ്ടതുണ്ട്.
കിട്ടാക്കടവും
സംശയാസ്പദ കടവും
കിട്ടാക്കടങ്ങള്‍ക്കും സംശയാസ്പദമായ ( doubtful ) കടങ്ങള്‍ക്കും വെയ്ക്കുന്ന കരുതലും കുടിശ്ശികപ്പലിശയ്ക്കു വെക്കുന്ന കരുതലും തമ്മില്‍ അടിസ്ഥാനപരമായി വ്യത്യാസമുണ്ട്. ഇവ രണ്ടും സഹകരണ സംഘങ്ങളുടെ ലാഭത്തെ അല്ലെങ്കില്‍ നഷ്ടത്തെ ഒരേ രീതിയിലല്ല ബാധിക്കുന്നത്. കിട്ടാക്കടങ്ങള്‍ക്കും സംശയാസ്പദ കടങ്ങള്‍ക്കും വെയ്ക്കുന്ന കരുതല്‍ യഥാര്‍ഥത്തില്‍ ലഭിച്ച പലിശവരവ് ഉപയോഗിച്ചിട്ടുള്ളതാണ്. എന്നാല്‍, കുടിശ്ശികപ്പലിശയ്ക്കു വെക്കുന്ന കരുതല്‍ അതുപോലുള്ളതല്ല. ലാഭനഷ്ടക്കണക്കിലെ പലിശവരവില്‍ ഉള്‍പ്പെട്ടിട്ടുള്ള കിട്ടാനുള്ള പലിശത്തുകയില്‍ കുടിശ്ശികപ്പലിശയും കുടിശ്ശികയാകുന്നതും നില്‍പ്പുവായ്പകളില്‍ ആര്‍ജിച്ചതുമായ പലിശയും ഉള്‍പ്പെടുന്നുണ്ട്. വരവു ചെലവു കണക്കിലെ പലിശവരവും ബാക്കിപത്രത്തിലെ ആസ്തികളില്‍ കാണുന്ന കിട്ടാനുള്ള പലിശയും ഉള്‍പ്പെടുത്തിയാണു ലാഭനഷ്ടക്കണക്കിലെ പലിശ വരവുതുക നിര്‍ണയിക്കുന്നത്. ഏതു വര്‍ഷത്തെ ലാഭനഷ്ടക്കണക്കാണോ തയാറാക്കുന്നത് ആ വര്‍ഷത്തെ വരവുചെലവു സ്റ്റേറ്റ്‌മെന്റിലുള്ള കിട്ടിയ പലിശയും ആ വര്‍ഷാവസാന ദിവസം വെച്ചുകൊണ്ട് തയാറാക്കുന്ന ബാക്കിപത്രത്തിലെ ആസ്തിവിഭാഗത്തിലുള്ള കിട്ടാനുള്ള പലിശയും കൂട്ടി അതില്‍നിന്നു തൊട്ടു മുന്‍വര്‍ഷത്തെ ബാക്കിപത്രത്തില്‍ കാണിച്ചിരുന്ന കിട്ടാനുള്ള പലിശ കുറച്ചുകിട്ടുന്ന തുകയാണ് പലിശവരവായി ലാഭനഷ്ടക്കണക്കില്‍ കാണിക്കുന്നത്. കിട്ടാനുള്ള പലിശത്തുകയുടെ വേര്‍പിരിക്കലില്‍ കുടിശ്ശികയായതും കുടിശ്ശികയാകാത്തതുമായ പലിശത്തുകകള്‍ പ്രത്യേകം ബാക്കിപത്രത്തില്‍ കാണാം. ഈ കിട്ടാനുള്ള പലിശത്തുകയില്‍ കുടിശ്ശികയായ പലിശ എത്ര രൂപയാണോ ഉള്ളത് ആ തുകയ്ക്കു മുഴുവനും ലാഭനഷ്ടക്കണക്കില്‍ കുടിശ്ശികപ്പലിശയ്ക്കുള്ള കരുതല്‍ വെക്കണം. തൊട്ടു മുന്‍വര്‍ഷത്തെ ലാഭനഷ്ടക്കണക്കില്‍ എത്ര രൂപയാണോ കുടിശ്ശികപ്പലിശയ്ക്കു കരുതല്‍ വെച്ചിരുന്നത് ആ തുക മുഴുവന്‍ തുടര്‍ന്നുള്ള വര്‍ഷത്തെ ലാഭനഷ്ടക്കണക്കില്‍ മുന്നാണ്ടിലെ കുടിശ്ശികപ്പലിശയ്ക്കുള്ള കരുതല്‍ എന്ന തലക്കെട്ടില്‍ വരുമാനമായി എടുക്കാറുണ്ട്. ആയതിനാല്‍ ഓരേ വര്‍ഷവും കുടിശ്ശികപ്പലിശയ്ക്കു വെക്കുന്ന കരുതല്‍തുക തൊട്ടു മുന്‍വര്‍ഷത്തെ ഇതേ തലക്കെട്ടിലെ കരുതല്‍തുകയേക്കാള്‍ എത്രമാത്രം കൂടുതലാണോ അത്രയും തുകയാണു ലാഭനഷ്ടത്തെ സ്വാധീനിക്കുന്നത്. തന്‍വര്‍ഷത്തെ കരുതല്‍തുകയേക്കാള്‍ കുറവാണു മുന്‍വര്‍ഷത്തെ കുടിശ്ശികപ്പലിശയ്ക്കുള്ള കരുതല്‍തുകയെങ്കില്‍ കരുതലില്‍ വന്ന വര്‍ധനവുതുക മാത്രമാണു ലാഭനഷ്ടക്കണക്കിലെ ചെലവായി ബാധിക്കുന്നത്. എന്നാല്‍, തന്‍വര്‍ഷത്തെ കരുതല്‍തുക മുന്‍വര്‍ഷത്തെ കുടിശ്ശികപ്പലിശ കരുതല്‍തുകയേക്കാള്‍ കുറവാണെങ്കില്‍ കരുതലില്‍ വന്ന കുറവുള്ള ലാഭനഷ്ടക്കണക്കില്‍ വരവാകുന്നു. ഇക്കാരണത്താല്‍ പ്രവര്‍ത്തനഫലം നഷ്ടമായ സംഘം ലാഭത്തിലാകാറുണ്ട്. വരവുചെലവു സ്റ്റേറ്റ്‌മെന്റിലെ കിട്ടിയ പലിശത്തുകയോടൊപ്പം കിട്ടാനുള്ള പലിശയില്‍ കുടിശ്ശികപ്പലിശ എടുക്കാതിരിക്കുകയും നില്‍പ്പുവായ്പകളില്‍ ആര്‍ജിച്ചതും അടയ്ക്കാന്‍ സമയമാകാത്തതുമായ പലിശ മാത്രം എടുക്കുകയും ചെയ്താല്‍ കുടിശ്ശികപ്പലിശയ്ക്കു കരുതല്‍ ലാഭനഷ്ടക്കണക്കില്‍ കാണിക്കേണ്ടതില്ല. നില്‍പ്പുവായ്പകളില്‍ നിന്നുണ്ടായതും അടയ്ക്കാനുള്ള സമയം കഴിഞ്ഞ് കുടിശ്ശികയായതുമായ പലിശ ലാഭനഷ്ടക്കണക്കില്‍ പലിശവരവായി ഉള്‍പ്പെടുത്തുന്നതിന്റെ പ്രായശ്ചിത്തമാണു കുടിശ്ശികപ്പലിശയ്ക്കുള്ള കരുതല്‍. കുടിശ്ശികപ്പലിശയ്ക്കു കരുതല്‍ വെക്കുന്നതിലൂടെ സംഘം നഷ്ടത്തിലായി എന്ന ന്യായീകരണത്തിന് ഒട്ടും പ്രസക്തിയില്ല.
വായ്പയുടെ
ഗുണനിലവാരം
2004 – 05 ല്‍ വൈദ്യനാഥന്‍ കമ്മറ്റി റിപ്പോര്‍ട്ട് നടപ്പാക്കിയതിന്റെ ഫലമായി രാജ്യത്തെ മറ്റു സംസ്ഥാനങ്ങളിലെ പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങള്‍ പ്രൂഡന്‍ഷ്യല്‍ മാനദണ്ഡങ്ങള്‍ നടപ്പാക്കി. അതു പ്രകാരം ഈ സംസ്ഥാനങ്ങളിലെ പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങളുടെ വായ്പാ ഗുണനിലവാരം നില്‍പ്പുവായ്പകളില്‍ നിഷ്‌ക്രിയ വായ്പകളുടെ ( Non Performing Asset ) ശതമാനത്തെ ആസ്പദമാക്കിയാണു നിര്‍ണയിക്കപ്പെടുന്നത്. കിട്ടാക്കട, സംശയാസ്പദ വായ്പകളിലെ തുക വായ്പകളിലെ ഡിമാന്റിന്റെ എത്ര ശതമാനമാണ് എന്നുള്ള കേരളത്തിലെ രീതി അവിടങ്ങളിലില്ല. അതുകൊണ്ടുതന്നെ കേരളത്തിലെ പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങളുടെ വായ്പാ ഗുണനിലവാരം ദേശീയതലത്തില്‍ താരതമ്യപഠനത്തിനു വിധേയമാക്കാനും സാധിക്കുന്നില്ല. ഡിമാന്റ് വായ്പകളില്‍ വായ്പ തിരിച്ചടവു തീയതി പൂര്‍ത്തിയായി 90 ദിവസം കഴിഞ്ഞിട്ടും വായ്പയിലെ മുതലോ പലിശയോ മുതലും പലിശയും കൂടിയോ അടയ്ക്കാതെ കുടിശ്ശികയാകുമ്പോള്‍ നിഷ്‌ക്രിയ വായ്പയാകും. ഗഡുവായ്പകളില്‍ പലിശയോ മുതല്‍ഗഡുക്കളോ രണ്ടും കൂടിയോ 90 ദിവസത്തിനുമേല്‍ കുടിശ്ശികയായാല്‍ അവ എന്‍.പി.എ. ആകും. കാഷ് ക്രെഡിറ്റ് ഓവര്‍ഡ്രാഫ്റ്റുകളിലെ ബാക്കിനില്‍പ്പു തുക അനുവദിച്ച പരിധിയിലോ അല്ലെങ്കില്‍ ഡ്രോയിങ് പവറിലോ അധികരിച്ച 90 ദിവസത്തിനുമേല്‍ നില്‍ക്കുകയോ അല്ലെങ്കില്‍ 90 ദിവസങ്ങളില്‍ അക്കൗണ്ടില്‍ ക്രെഡിറ്റില്ലാതെ വരികയോ ക്രെഡിറ്റായ തുക അതേ കാലയളവില്‍ ഡെബിറ്റ് ചെയ്ത പലിശയില്‍ കുറവായിരിക്കുകയോ ചെയ്യുമ്പോഴാണു കാഷ് ക്രെഡിറ്റ് ഓവര്‍ഡ്രാഫ്റ്റ് അക്കൗണ്ടുകള്‍ ഔട്ട് ഓഫ് ഓര്‍ഡറാകുന്നത്. എന്നാല്‍, ഹ്രസ്വകാല കാര്‍ഷിക വായ്പകള്‍ വായ്പാ കാലാവധിക്കുശേഷം ( ആറു മാസം അല്ലെങ്കില്‍ ഒരു വര്‍ഷം ) തുടര്‍ച്ചയായ രണ്ടു വിളവെടുപ്പു കാലയളവില്‍ മുതലോ പലിശയോ അടയ്ക്കാതെ കുടിശ്ശികയായി നില്‍ക്കുമ്പോഴാണു നിഷ്‌ക്രിയ വായ്പയാകുന്നത്. കാര്‍ഷിക വായ്പകളൊഴികെയുള്ള എല്ലാ വായ്പകളിലും മാസംതോറും പലിശ ഡിമാന്റ് ചെയ്യേണ്ടതാണ്. സ്റ്റാഫ് ലോണുകളും പ്രൊജക്ട് ലോണുകളും ഏതെങ്കിലും ഒരു ഗഡു അടയ്ക്കാതിരുന്നാല്‍ എന്‍.പി.എ. ആകും. സ്ഥിര നിക്ഷേപ ഈടിന്മേലോ നാഷണല്‍ സേവിങ്‌സ് സര്‍ട്ടിഫിക്കറ്റ്, ലൈഫ് ഇന്‍ഷുറന്‍സ് പോളിസി എന്നിവയുടെ ഈടിന്മേലോ ഉള്ള വായ്പകള്‍ക്കു എന്‍.പി.എ. ബാധകമല്ല.
ഹ്രസ്വകാല സഹകരണ വായ്പാ ഘടനയിലെ സംസ്ഥാന – ജില്ലാ സഹകരണ ബാങ്കുകള്‍ അവയുടെ മൂന്നു വര്‍ഷം വരെ കുടിശ്ശികയായ എന്‍.പി.എ. വായ്പകളെ സബ് സ്റ്റാന്‍ഡേര്‍ഡ് വായ്പകളായും മൂന്നു വര്‍ഷത്തിനുമേല്‍ കുടിശ്ശികയായ വായ്പകളെ സംശയാസ്പദ വായ്പകളായുമാണു പ്രൂഡന്‍ഷ്യല്‍ മാനദണ്ഡങ്ങളില്‍ തരംതിരിച്ചിട്ടുള്ളത്. മൂന്നു വര്‍ഷം വരെ കുടിശ്ശികയുള്ള നിഷ്‌ക്രിയ വായ്പകള്‍ക്കു മുതല്‍ഭാഗത്തിന്റെ പത്തു ശതമാനമാണു കരുതല്‍ വെക്കേണ്ടത്. മൂന്നു വര്‍ഷത്തിനുമേല്‍ കുടിശ്ശികയുള്ള സംശയാസ്പദ വായ്പകള്‍ വസ്തു ഈടിന്മേലുള്ള വായ്പകളാണെങ്കില്‍ മൂന്നു മുതല്‍ നാലു വര്‍ഷംവരെ കുടിശ്ശികയായ വായ്പകള്‍ക്കു മുതല്‍ഭാഗത്തിന്റെ 20 ശതമാനവും നാലു വര്‍ഷത്തിനുമേല്‍ ആറു വര്‍ഷംവരെ കുടിശ്ശികയായ നിഷ്‌ക്രിയ വസ്തു ഈടു വായ്പകള്‍ക്കു മുതലിന്റെ 30 ശതമാനവും ആറു വര്‍ഷത്തിനുമേല്‍ കുടിശ്ശികയുള്ള വസ്തു ഈടു വായ്പകള്‍ക്കു മുതലിന്റെ 100 ശതമാനവുമാണു കരുതല്‍ വെക്കേണ്ടത്. എന്നാല്‍, ആള്‍ജാമ്യ വായ്പകളുള്‍പ്പെടെയുള്ള ഈടുറപ്പില്ലാത്ത വായ്പകള്‍ മൂന്നു വര്‍ഷത്തിനുമേല്‍ കുടിശ്ശികയായാല്‍ 100 ശതമാനം കരുതല്‍ മുതലിനു വെക്കേണ്ടതുണ്ട്. പ്രൂഡന്‍ഷ്യല്‍ മാനദണ്ഡങ്ങള്‍ പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങള്‍ക്കു ബാധകമാക്കിയ സംസ്ഥാനങ്ങളിലെ പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങളും മേല്‍സൂചിപ്പിച്ച നിരക്കില്‍ത്തന്നെയാണു നിഷ്‌ക്രിയ വായ്പകള്‍ക്കു കരുതല്‍ വെക്കുന്നത്. എന്‍.പി.എ. ആയ വായ്പാ അക്കൗണ്ടുകളിലെ ബാക്കിനില്‍പ്പുമുതലിനു മുഴുവനും കരുതല്‍ വെക്കാന്‍ നിര്‍ബന്ധിതമാണ്.
പ്രൂഡന്‍ഷ്യല്‍
മാനദണ്ഡങ്ങള്‍
സഹകരണ സംഘം രജിസ്ട്രാറുടെ സര്‍ക്കുലര്‍ പ്രകാരം മൂന്നു വര്‍ഷംവരെ കുടിശ്ശികയുള്ളതും വസ്തുഈടിന്മേലുള്ളതുമായ വായ്പകള്‍ക്കു കരുതല്‍ വെക്കേണ്ടതില്ല. എന്നാല്‍, പ്രൂഡന്‍ഷ്യല്‍ മാനദണ്ഡങ്ങള്‍ പ്രകാരം അവയ്ക്കു മുതലിന്റെ പത്തു ശതമാനം കരുതല്‍ വെക്കേണ്ടതാണ്. ആള്‍ജാമ്യവായ്പകള്‍ ഇതേവിഭാഗത്തില്‍പ്പെടുന്നതും മൂന്നു വര്‍ഷംവരെ കുടിശ്ശികയായതുമായവയ്ക്കു പ്രൂഡന്‍ഷ്യല്‍ മാനദണ്ഡങ്ങളിലും രജിസ്ട്രാറുടെ സര്‍ക്കുലര്‍ പ്രകാരവും പത്തു ശതമാനം കരുതല്‍ വെക്കണം. മൂന്നു വര്‍ഷത്തിനുമേല്‍ കുടിശ്ശികയുള്ള ആള്‍ജാമ്യവായ്പകള്‍ പ്രൂഡന്‍ഷ്യല്‍ മാനദണ്ഡപ്രകാരവും രജിസ്ട്രാറുടെ സര്‍ക്കുലര്‍ പ്രകാരവും 100 ശതമാനം കരുതല്‍ വെക്കണം. മൂന്നു വര്‍ഷത്തിനുമേല്‍ കുടിശ്ശികയായ വസ്തുഈടിന്മേലുള്ള വായ്പകള്‍ക്കു രജിസ്ട്രാറുടെ സര്‍ക്കുലര്‍പ്രകാരം ആറു വര്‍ഷത്തിനുള്ളിലുള്ള കുടിശ്ശികയാണെങ്കില്‍ 50 ശതമാനമാണു കരുതല്‍ വേണ്ടത്. എന്നാല്‍, പ്രൂഡന്‍ഷ്യല്‍ മാനദണ്ഡപ്രകാരം മൂന്നു മുതല്‍ നാലു വര്‍ഷംവരെ കുടിശ്ശികയായ വസ്തുഈടുവായ്പകള്‍ക്കു 20 ശതമാനവും നാലു വര്‍ഷം മുതല്‍ ആറു വര്‍ഷംവരെ കുടിശ്ശിയായതിനു 30 ശതമാനവും കരുതല്‍ വെച്ചാല്‍ മതിയാകും. മേല്‍സൂചിപ്പിച്ച നിബന്ധനകളില്‍ നിന്നു പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങള്‍ക്കു പ്രൂഡന്‍ഷ്യല്‍ മാനദണ്ഡങ്ങള്‍ നടപ്പാക്കിയാല്‍ കുടിശ്ശികയായ വായ്പകളിലെ മുതല്‍ഭാഗത്തിനു ഇപ്പോള്‍ വെച്ചുകൊണ്ടിരിക്കുന്ന കരുതല്‍ത്തുകയില്‍ കുറഞ്ഞ കരുതല്‍ച്ചെലവേ ഉണ്ടാവുകയുള്ളു എന്നു ബോധ്യമാകും. സഹകരണ സംഘം രജിസ്ട്രാറുടെ സര്‍ക്കുലര്‍പ്രകാരം വായ്പാ അക്കൗണ്ട് കുടിശ്ശികയായാല്‍ കുടിശ്ശിക ഒരു ദിവസമോ ഒരു വര്‍ഷമോ ആയാല്‍ത്തന്നെയും കുടിശ്ശികവായ്പയില്‍ ആര്‍ജിച്ച പലിശ ലാഭനഷ്ടക്കണക്കില്‍ പലിശവരവില്‍ ഉള്‍പ്പെടുത്താന്‍ പാടില്ല. ഉള്‍പ്പെടുത്തിയാല്‍ അതിനു നൂറു ശതമാനം കരുതല്‍ വെക്കണം. എന്നാല്‍, പ്രൂഡന്‍ഷ്യല്‍ മാനദണ്ഡങ്ങള്‍പ്രകാരം ഒരു വര്‍ഷംവരെ കുടിശ്ശികയായ ഹ്രസ്വകാല കാര്‍ഷികവായ്പകളിലെ കുടിശ്ശികപ്പലിശ ലാഭനഷ്ടക്കണക്കില്‍ പലിശവരവായി എടുക്കാം. അതിനു കരുതല്‍ വെക്കേണ്ട. മറ്റെല്ലാ വായ്പാ അക്കൗണ്ടുകളിലും 90 ദിവസംവരെ കുടിശ്ശികയായ വായ്പകളില്‍ ആര്‍ജിച്ച പലിശ ലാഭനഷ്ടക്കണക്കിലെ പലിശവരവില്‍ ഉള്‍പ്പെടുത്താം. കരുതല്‍ വെക്കേണ്ടതുമില്ല. മേല്‍വിവരിച്ച വസ്തുതയില്‍ നിന്നു പലിശവരുമാന നിര്‍ണയത്തില്‍ രജിസ്ട്രാറുടെ സര്‍ക്കുലര്‍നിര്‍ദേശങ്ങളേക്കാള്‍ സംഘങ്ങള്‍ക്കു കൂടുതല്‍ ഗുണകരമായിട്ടുള്ളത് പ്രൂഡന്‍ഷ്യല്‍ മാനദണ്ഡങ്ങളാണെന്നു ബോധ്യപ്പെടുന്നതാണ്.
ഗഡുവായ്പകളില്‍ കുടിശ്ശികയായ ഗഡുക്കളിലെ മുതല്‍ഭാഗത്തിന് ആര്‍ജിച്ച പലിശക്കുമാത്രം കരുതല്‍ വെച്ചാല്‍ പോരേ, എന്തിനു കുടിശ്ശികയായ വായ്പാ അക്കൗണ്ടിലെ ബാക്കിനില്‍പ്പുമുതലിനു കുടിശ്ശികക്കാലം ആര്‍ജിച്ച പലിശയ്ക്കു മുഴുവന്‍ കരുതല്‍ വെക്കണം എന്ന സന്ദേഹം നിരവധി സഹകാരികള്‍ പ്രകടിപ്പിക്കുന്നുണ്ട്. പലിശയിലെ കുടിശ്ശികയെന്നതു ഡിമാന്റായ പലിശത്തുകയില്‍ നിന്നു അടവായ പലിശത്തുക കുറച്ചശേഷം ബാക്കിയുള്ള പലിശയാണ്. ഗഡുവായ്പകളില്‍ ഓരോ ഗഡുവിലും ഡിമാന്റ് ചെയ്യുന്ന പലിശത്തുക വായ്പാ അക്കൗണ്ടിലെ നില്‍പ്പുമുതലിനു മുന്‍ഗഡു അടച്ച തീയതി മുതല്‍ നാളതുവരെ ബോണ്ട് നിരക്കനുസരിച്ച് ആര്‍ജിച്ച പലിശയാണ്. ഓരോ ഗഡുവിലും ഡിമാന്റ് ചെയ്യുന്ന പലിശ അതതു ഗഡുവില്‍ അടയ്‌ക്കേണ്ട മുതല്‍ഭാഗത്തിനു ഉണ്ടായ പലിശയല്ല. മറിച്ച്, നില്‍പ്പുമുതലിനു മുഴുവനുമാണ്. ഒരംഗം 12 ലക്ഷം രൂപ അഞ്ചുവര്‍ഷ കാലാവധിക്കു 12 ശതമാനം പലിശക്കു 60 തവണകളായി അടയ്ക്കാന്‍ ബാധ്യസ്ഥനായ ഒരു അക്കൗണ്ടില്‍ ഒന്നാംതവണ അടയ്‌ക്കേണ്ട മുതല്‍ 20,000 രൂപയും നില്‍പ്പുമുതല്‍ 12 ലക്ഷം രൂപയ്ക്കു ഒരു മാസം ആര്‍ജിച്ച പലിശ 12,000 രൂപയും ഉള്‍പ്പെടെ 32,000 രൂപയാണ്. അയാള്‍ ആദ്യത്തെ അഞ്ചു തവണകള്‍ അടയ്ക്കാതെ കുടിശ്ശിക വരുത്തിയാല്‍ അടയ്ക്കാന്‍ ബാധ്യസ്ഥമായ മുതല്‍ ഒരു ലക്ഷം രൂപയും വായ്പാ അക്കൗണ്ടിലെ മുതലായ 12 ലക്ഷം രൂപയ്ക്കു അഞ്ചു മാസമുണ്ടായ പലിശ 60,000 രൂപയും ഓരോ തവണയിലെ മുതല്‍ഭാഗത്തിനു കുടിശ്ശികക്കാലം ആര്‍ജിച്ച പിഴപ്പലിശയും കൂട്ടുന്ന തുകയാണ്. സാമ്പത്തിക വര്‍ഷാവസാനമാണ് ഈ സ്ഥിതിയിലുള്ള കുടിശ്ശിക വായ്പാ അക്കൗണ്ടില്‍ കാണുന്നതെങ്കില്‍ ഡിമാന്റായ 60,000 രൂപയാണു പലിശയില്‍ കുടിശ്ശികയാകുന്നത്. അല്ലാതെ, അഞ്ചു തവണകളായി അടയ്ക്കാന്‍ ബാധ്യസ്ഥമായ മുതല്‍ഗഡുതുക ഒരു ലക്ഷം രൂപയ്ക്കു ആര്‍ജിച്ച പലിശയല്ല.
ഡിമിനിഷിങ്
ഇന്‍സ്റ്റാള്‍മെന്റ്
നമ്മുടെ പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങള്‍ ഡിമിനിഷിങ് ഇന്‍സ്റ്റാള്‍മെന്റ് പ്രകാരമാണു ഗഡുവായ്പകളില്‍ തിരിച്ചടവു സ്വീകരിക്കുന്നത്. എന്നാല്‍, സംസ്ഥാന സഹകരണ ബാങ്കും അര്‍ബന്‍ സഹകരണ ബാങ്കുകളും വാണിജ്യ ബാങ്കുകളും ഇക്വേറ്റഡ് മന്ത്‌ലി ഇന്‍സ്റ്റാള്‍മെന്റായിട്ടാണു ഗഡുവായ്പകളില്‍ തിരിച്ചടവു സ്വീകരിക്കുന്നത്. ഓരോ തവണയിലെ ഇ.എം.ഐ. തുകയും അതതു മാസം നില്‍പ്പുവായ്പകളില്‍ ആര്‍ജിച്ച പലിശയിലേക്കും ശേഷിക്കുന്ന തുക മുതലിലേക്കുമാണു വരവു വെക്കുന്നത്. ഇക്കാരണത്താല്‍ വായ്പയിലെ ആദ്യപകുതി കാലയളവില്‍ മുതലിലെ ഗഡുവരവു തുക ഡിമിനിഷിങ് ഇന്‍സ്റ്റാള്‍മെന്റിലെ തുകയില്‍ കുറവും രണ്ടാം പകുതിയില്‍ കൂടുതലുമായിരിക്കും. മുമ്പു സൂചിപ്പിച്ച 12 ലക്ഷം രൂപ വായ്പയുടെ കാര്യത്തില്‍ ഡിമിനിഷിങ് ഇന്‍സ്റ്റാള്‍മെന്റ് പ്രകാരം ആദ്യഗഡുതുക 32,000 രൂപയാണെങ്കില്‍ ഇക്വേറ്റഡ് മന്ത്‌ലി ഇന്‍സ്റ്റാള്‍മെന്റില്‍ അതു 26,693. 34 രൂപ മാത്രമായിരിക്കും. 60 തവണകളിലും ഒരേ തുകതന്നെ വായ്പക്കാരന്‍ അടയ്ക്കാന്‍ ബാധ്യസ്ഥനായതിനാല്‍ അടയ്‌ക്കേണ്ട തുക അസന്നിഗ്ധമായിരിക്കും. എല്ലാറ്റിനുമുപരി തവണ കുടിശ്ശികയുണ്ടായാല്‍ കുടിശ്ശികപ്പലിശയും പിഴപ്പലിശയും കൂടുതലായി ഗഡുത്തുകയോടൊപ്പം അടച്ചാല്‍ മതിയാകും. കുടിശ്ശികപ്പലിശ എന്നതു നില്‍പ്പുമുതലിനു കുടിശ്ശികക്കാലത്ത് ആര്‍ജിച്ച ബോണ്ട് നിരക്കനുസരിച്ചുള്ള പലിശയില്‍ നിന്നും കൃത്യമായി അടച്ചിരുന്നെങ്കില്‍ അടയ്‌ക്കേണ്ടിയിരുന്ന തവണകളിലെ പലിശത്തുക കുറച്ചുകിട്ടുന്ന തുകയാണ്. പിഴപ്പലിശയാകട്ടെ കുടിശ്ശിക ഗഡുവിലെ മുതല്‍ഭാഗത്തിനു കുടിശ്ശികക്കാലത്തുണ്ടായ രണ്ടു ശതമാനം നിരക്കിലുള്ള പലിശയും.
സംസ്ഥാനത്തെ പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങളുടെ നില്‍പ്പുവായ്പകളില്‍ പകുതിയിലധികവും മധ്യകാല കാര്‍ഷികേതര വായ്പകളായിട്ടുള്ള സാഹചര്യത്തില്‍ തുല്യമാസ തവണത്തുകകളായി വായ്പകള്‍ തിരിച്ചടപ്പിച്ചുകൊണ്ട് ( വായ്പത്തുകയെ ഗഡുക്കളുടെ എണ്ണംകൊണ്ട് ഹരിക്കുമ്പോള്‍ കിട്ടുന്ന തുല്യ മുതല്‍ത്തുകയും ഡിമിനിഷിങ് ഇന്‍സ്റ്റാള്‍മെന്റിലെ ആദ്യതവണയിലെയും അവസാന തവണയിലെയും പലിശത്തുകകളുടെ ശരാശരിയും കൂട്ടുന്ന ഇ.എം.ഐ. അല്ല ) വായ്പക്കാര്‍ക്കും സ്ഥാപനങ്ങള്‍ക്കും ഗുണകരമായ സംവിധാനത്തിലേക്കു മാറേണ്ടതാണ്.
[mbzshare]