സഹകരണ മേഖലയ്ക് ഏകോപിതമായ പ്രവർത്തനത്തിലൂടെ ആയുർവേദ മരുന്ന് വ്യവസായത്തെ സംരക്ഷിക്കാനും, നമ്മുടെ സമൂഹത്തിലെ ജൈവസമ്പത്ത് നിലനിർത്താനും കഴിയും .

adminmoonam

സഹകരണ മേഖലയ്ക് ഏകോപിതമായ പ്രവർത്തനത്തിലൂടെ ആയുർവേദ മരുന്ന് വ്യവസായത്തെ സംരക്ഷിക്കാനും, നമ്മുടെ സമൂഹത്തിലെ ജൈവസമ്പത്ത് നിലനിർത്താനും കഴിയും. ആയുർവേദ ചികിത്സാ രീതിയെ സമ്പന്നമാക്കാൻ സഹകരണമേഖലയ്ക്ക് കഴിയും.കേരളത്തിലെ സഹകരണ പ്രസ്ഥാനം ലോക്ക് ഡൗണിനുശേഷം.. ഡോക്ടർ എം.രാമനുണ്ണിയുടെ ലേഖനം-9

ഏതൊരു പ്രശ്നത്തിലും ഒരു സാധ്യത ഒളിഞ്ഞിരിപ്പുണ്ട് എന്ന ഒരു പ്രയോഗമുണ്ട്. ഇത് നമ്മുടെ സംസ്ഥാനത്തിനെ സംബന്ധിച്ചും ശരിയാണ്. ലോകത്തിന് കേരളം സംഭാവന ചെയ്ത ഏറ്റവും മഹത്തായ ചികിത്സാരീതിയാണ് ആയുർവേദം. ദീർഘകാലമായി കേരളീയർ ഈ ചികിത്സാരീതിയെ ആശ്രയിക്കുന്നു. സാധാരണക്കാരനും പണക്കാരനും എന്നും ഒരുപോലെ വിശ്വാസമർപ്പിച്ച ഒന്നാണ് ആയുർവേദം. മലയാളി മാത്രമല്ല ഇന്ത്യയിലെ മറ്റു സംസ്ഥാനത്ത് ജീവിക്കുന്നവരും, വിദേശിയരും ഒരു പോലെ ആയുർവേദത്തിൽ വിശ്വാസം അർപ്പിച്ചിട്ടുണ്ട് .

എന്നാൽ സമീപകാലത്തായി ആയുർവേദ മരുന്നു വ്യവസായം ഒട്ടനവധി പ്രതിസന്ധികളെ നേരിടുകയാണ്. അസംസ്കൃത വസ്തുക്കളുടെ വില വർധനവാണ് ഏറ്റവും പ്രധാന പ്രശ്നം. പല ഔഷധ സസ്യങ്ങളും ലഭിക്കുന്നില്ലെന്ന സ്ഥിതിയും നിലവിലുണ്ട്. നമ്മുടെ നാട്ടിൽ സുലഭമായി ലഭ്യമായിരുന്ന കുറുന്തോട്ടി ,ചിറ്റമൃത്, ആടലോടകം , മുക്കുറ്റി, എന്നു തുടങ്ങി ഒട്ടനവധി ഔഷധസസ്യങ്ങൾ ഇന്ന് ലഭ്യമല്ല . മനുഷ്യൻ കൃഷിക്കായും മറ്റ് ആവശ്യങ്ങൾക്കായും, വനത്തെ ചൂഷണം ചെയ്യാൻ ആരംഭിച്ചതോടെ ഔഷധസസ്യങ്ങളുടെ ലഭ്യത ഇല്ലാതായി. ഇതുമൂലം ആയുർവേദ മരുന്നുകൾക്ക് ഗുണമേന്മ കുറയുകയും ,വില വർദ്ധിക്കുകയും ചെയ്യുന്നു . കേരളത്തിൻറെ അഭിമാനമായ ആയുർവേദം നിലനിൽക്കണമെങ്കിൽ ഔഷധസസ്യങ്ങൾ പരിപാലിക്കണം .ഇതിനു സഹായകരമായി ഒട്ടനവധി പദ്ധതികൾ ഔഷധ സസ്യ ബോർഡ് ആവിഷ്കരിച്ചിട്ടുണ്ട്. ഔഷധസസ്യങ്ങൾ ശാസ്ത്രീയമായി കൃഷിചെയ്യുന്നതിന് കാർഷിക സർവ്വകലാശാല പദ്ധതികൾ ചിട്ടപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ഇത് പ്രയോജനപ്പെടുത്തി ആയുർവേദത്തെ സംരക്ഷിക്കാനോ, അതുവഴി വഴി കർഷകന് കൃത്യമായി വരുമാനം ഉറപ്പാക്കുന്നതിനോ കഴിഞ്ഞിട്ടില്ല.

ഈ സാഹചര്യത്തിൽ ഓരോ പഞ്ചായത്തിലും തരിശായി കിടക്കുന്ന സ്ഥലങ്ങളിൽ ഔഷധസസ്യങ്ങളുടെ കൃഷി ആരംഭിക്കാവുന്നതാണ്. ഇതിലേക്ക് ആവശ്യമായ വിത്ത്, നടീൽ വസ്തുക്കൾ, പരിചരണം എന്നിവ ലഭ്യമാക്കാൻ സഹകരണ ബാങ്കുകൾക്ക് ശ്രമിക്കാവുന്നതാണ്. കാർഷിക സർവകലാശാല, കേരളത്തിലെ പ്രധാനപ്പെട്ട ആയുർവേദ മരുന്നു വ്യവസായസ്ഥാപനങ്ങൾ , എന്നിവർക്ക് കർഷകരെ സഹായിക്കുന്നതിന് ആവശ്യമായ പദ്ധതികളും, ഔഷധസസ്യങ്ങൾ തിരികെ വാങ്ങാമെന്ന് ഉറപ്പും നൽകാവുന്നതാണ്. ഈ പ്രവർത്തനത്തിലൂടെ കർഷകർക്ക് തങ്ങളുടെ ഉൽപ്പന്നങ്ങൾക്ക് ന്യായമായ വിലയും, ഉറപ്പുള്ള വിപണിയും ലഭ്യമാക്കാൻ കഴിയും. അതുപോലെതന്നെ ആയുർവേദ മരുന്ന് കമ്പനികൾക്ക് തങ്ങൾക്കാവശ്യമുള്ള ഔഷധസസ്യങ്ങളുടെ ലഭ്യത ഉറപ്പു വരുത്താനും കഴിയും.

ഇതുകൂടാതെ പഞ്ചായത്തിലെ സർക്കാർ ആഫീസുകൾ, സ്കൂളുകൾ, പൊതുസ്ഥലങ്ങൾ, എന്നിവിടങ്ങളിൽ ഔഷധസസ്യങ്ങളുടെ ഉദ്യാനം നിർമ്മിക്കാൻ കുടുംബശ്രീ അയൽക്കൂട്ടങ്ങൾ, യുവജന സംഘടനകൾ, ക്ലബ്ബുകൾ എന്നിവയെ ചുമതലപ്പെടുത്താവുന്നതാണ്. കാര്യമായ രോഗകീടബാധകൾ ഇല്ല എന്നുള്ളതും, ജലസേചനം , വളപ്രയോഗം എന്നിവ കാര്യമായി വേണ്ടിവരുന്നില്ല എന്നതും ഈ കൃഷിയെ പ്രോത്സാഹിപ്പിക്കാൻ കാരണമാകുന്നു. ഇത്തരത്തിൽ ഏകോപിതമായ പ്രവർത്തനത്തിലൂടെ ആയുർവേദ മരുന്ന് വ്യവസായത്തെ സംരക്ഷിക്കാനും, നമ്മുടെ സമൂഹത്തിലെ ജൈവസമ്പത്ത് നിലനിർത്താനും കഴിയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Latest News