സഹകരണ മേഖലയെ രക്ഷിക്കാന്‍ കര്‍മപദ്ധതി വേണം: ‘മൂന്നാംവഴി’ ഏപ്രിൽമാസം എഡിറ്റോറിയൽ.

adminmoonam

സഹകരണ മേഖലയെ രക്ഷിക്കാന്‍
കര്‍മപദ്ധതി വേണം…
അടിയന്തര സാഹചര്യത്തെ അവധാനതയോടെ കാണുകയും പ്രായോഗിക സമീപനങ്ങള്‍ മാതൃകാപരമായി സ്വീകരിക്കുകയും ചെയ്ത അനുഭവങ്ങളാണ് കേരളത്തിലെ സഹകരണ മേഖലയ്ക്കുള്ളത്. അത് പ്രളയഘട്ടത്തിലും ഇപ്പോള്‍ കൊറോണ രോഗവ്യാപനമുണ്ടാകുമ്പോഴും പ്രകടമായതാണ്. പ്രളയത്തില്‍ കിടപ്പാടം നഷ്ടമായവര്‍ക്ക് വീടും പറ്റാവുന്നിടത്ത് ആ വീടിനാവശ്യമായ ഉപകരണങ്ങളും നല്‍കിയ സംസ്ഥാനത്തെ ഒരേയൊരു വിഭാഗം സഹകരണ മേഖലയാണ്. പൊതുമേഖലാ സ്ഥാപനങ്ങള്‍ പോലും ഏറ്റെടുക്കാത്ത ദൗത്യമാണ് സഹകരണ സംഘങ്ങള്‍ ഏറ്റെടുത്തത്. അംഗങ്ങളുടെ ലാഭവിഹിതവും അംഗങ്ങളുടെ ക്ഷേമത്തിനുവേണ്ടി സംഘം കരുതിവെച്ചതുമെല്ലാം സര്‍ക്കാരിനു നല്‍കി. പൊതു ശൗചാലയങ്ങള്‍ക്ക് സ്ഥലം നല്‍കാന്‍, കൊറോണ പ്രതിരോധത്തിന് പൊതുസ്ഥലങ്ങളില്‍ സാനിറ്റൈസര്‍ വെക്കാന്‍, മഹാവ്യാധിയ പ്രതിരോധിക്കാന്‍ കേരളം അടച്ചിടേണ്ടിവന്നപ്പോള്‍ ഭക്ഷ്യവസ്തുക്കളുടെ ശേഖരണം ഉറപ്പാക്കാന്‍ എന്നുതുടങ്ങി ഇപ്പോഴും സര്‍ക്കാര്‍ ആവശ്യപ്പെടുന്ന എല്ലാ കാര്യങ്ങളും തുറന്ന മനസ്സോടെ ഏറ്റെടുത്ത് നടപ്പാക്കാന്‍ സംസ്ഥാനത്തെ സഹകരണ സംഘങ്ങള്‍ തയാറായിട്ടുണ്ട്.

സമൂഹനന്മയ്ക്കായി, സര്‍ക്കാര്‍ ലക്ഷ്യത്തിന്റെ പൂര്‍ണതയ്ക്കായി , എല്ലാ കാലത്തും നിലകൊണ്ടതാണ് സഹകരണ മേഖലയെന്ന് ഓര്‍മപ്പെടുത്താനാണ് ചില സമീപകാല അനുഭവങ്ങള്‍ വിവരിച്ചത്. ഒപ്പം, ഈ മേഖല ഇതേ ശക്തിയോടെ നിലകൊള്ളേണ്ടത് സര്‍ക്കാരിന്റെയും സമൂഹത്തിന്റെയും ബാധ്യതയാണെന്നു ബോധ്യപ്പെടുത്താന്‍ വേണ്ടിക്കൂടിയാണ്. എന്നാല്‍, അതി ഗുരുതരമായ പ്രതിസന്ധി ഘട്ടത്തിലൂടെയാണ് കേരളത്തിലെ സഹകരണ മേഖല കടന്നുപോകുന്നത്. ഇന്ത്യയിലെ ഒരു സംസ്ഥാനത്തിനും അവകാശപ്പെടാനില്ലാത്ത കരുത്തും വിശ്വാസവും കേരളത്തിലെ പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങള്‍ക്കുണ്ടായിരുന്നു. ഒരു തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ പരിധിക്കുള്ളില്‍ ഒന്നിലേറെ സഹകരണ ബാങ്കുകള്‍ പ്രവര്‍ത്തിക്കുന്ന മറ്റൊരു സംസ്ഥാനവും ഇന്ത്യയിലില്ല. അവയിലേറെയും വാണിജ്യ ബാങ്കുകളോട് മത്സരിക്കുന്ന പ്രവര്‍ത്തന ശേഷിയുള്ളവയാണ്. ഈ പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണ സംഘങ്ങളാണ് കേരളത്തിലെ സഹകരണ മേഖലയുടെ നട്ടെല്ലായി നിന്നത്. ആ നട്ടെല്ലിനാണ് ഇപ്പോള്‍ ക്ഷതമേറ്റിരിക്കുന്നത്.

പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണ സംഘത്തിന് ലഭിക്കുന്ന നികുതിയിളവ് കേരളത്തിലെ സംഘങ്ങള്‍ക്ക് നിഷേധിക്കപ്പെട്ടു. പിന്‍വലിക്കുന്ന പണത്തിന് രണ്ടു ശതമാനം അധിക നികുതി ചുമത്തി. ബാങ്ക് എന്ന പേര് ഉപയോഗിക്കുന്നതിന് വിലക്ക് വന്നു. ഇത് മൂന്നും നടപ്പായാല്‍ കേരളത്തിലെ പ്രാഥമിക സഹകരണ ബാങ്കുകളെ കാത്തിരിക്കുന്നത് തകര്‍ച്ചയുടെ നാളുകളാവും. അതിനാല്‍, ഈ തിരിച്ചടിയെ അതിജീവിക്കാന്‍ ഒരു കര്‍മപദ്ധതിതന്നെ സഹകരണ വകുപ്പ് തയാറാക്കേണ്ടതുണ്ട്. നികുതി ഇളവ് ലഭിക്കാന്‍ പാകത്തില്‍ വായ്പാഘടനയിലും ഓഡിറ്റ് രീതിയിലും അടിയന്തരമായ മാറ്റം വരുത്താനാകണം. കാര്‍ഷിക വായ്പകള്‍ സംഘങ്ങളുടെ ശ്രമഫലത്തില്‍ മാത്രം നല്‍കാവുന്നതല്ല. അതിന് ക്രിയാത്മകമായ പദ്ധതിയും ആ പദ്ധതിക്കുള്ള വായ്പ സഹകരണ സംഘങ്ങള്‍ വഴിയാക്കുകയും വേണം. ബാങ്കിങ് പ്രധാന പ്രവര്‍ത്തനമാകുന്ന പ്രാഥമിക സഹകരണ സംഘങ്ങളെ റിസര്‍വ് ബാങ്കിന്റെ നിയന്ത്രണ പരിധിയിലേക്ക് കൊണ്ടുവരേണ്ടിവരും. ബാങ്കും കാര്‍ഷിക സംഘവും എന്ന നിലയിലുള്ള ഇരട്ട വ്യക്തിത്വം ഇനി സഹകരണ സംഘങ്ങള്‍ക്ക് കൊണ്ടുനടക്കാനാവില്ലെന്നാണ് നിലവിലെ സ്ഥിതി വിലയിരുത്തുമ്പോള്‍ തിരിച്ചറിയേണ്ടത്. ഈ മേഖല നേരിടുന്നത് ഒട്ടേറെ പ്രതിസന്ധികളാണ്. അതിന് ഒറ്റമൂലിയില്ല. കാലത്തിനനുസരിച്ച് മാറുകയും നിയമത്തിനനുസരിച്ച് ക്രമീകരിക്കുകയുമാണ് വേണ്ടത്. അതിനായി ദീര്‍ഘവീക്ഷണത്തോടെയുള്ള ക്രമീകരണമാണ് കര്‍മപദ്ധതിയിലൂടെ ലക്ഷ്യംവെക്കേണ്ടത്.

-എഡിറ്റർ

Leave a Reply

Your email address will not be published. Required fields are marked *

Latest News