സഹകരണ മേഖലയെ തകര്‍ക്കുന്ന കേന്ദ്രനയങ്ങള്‍ക്കെതിരെ ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ പാര്‍ലമെന്റ് ധര്‍ണ ഇന്ന്.
സഹകരണ മേഖലയെ തകര്‍ക്കുന്ന കേന്ദ്രനയങ്ങള്‍ക്കെതിരെ ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ ഇന്ന് പാര്‍ലമെന്റ് ധര്‍ണ നടത്തും. ജനവിരുദ്ധ സഹകരണ നയങ്ങള്‍ തിരുത്തുക, കാര്‍ഷിക ഗ്രാമ വികസന ബാങ്കുകള്‍ക്ക് ബാങ്കിംഗ് ലൈസന്‍സ് നല്‍കുക, പ്രാഥമിക കാര്‍ഷിക വായ്‌പാ സഹകരണ സംഘങ്ങള്‍ക്ക് വാണിജ്യ ബാങ്കുകള്‍ നേരിട്ട് വായ്പ നല്‍കാനുള്ള തീരുമാനം നിറുത്തിവക്കുക, അര്‍ബന്‍ ബാങ്കുകളെ സ്‌മോള്‍ ഫിനാന്‍സ് ബാങ്കുകളാക്കി മാറ്റാനുള്ള നീക്കം ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് പാര്‍ലമെന്റ് മാര്‍ച്ചില്‍ ഉന്നയിക്കുന്നത്.
ജനകീയ പ്രസ്ഥാനമായ സഹകരണ മേഖലയെ തകര്‍ക്കുന്ന നയങ്ങള്‍ തുടര്‍ച്ചയായി നടപ്പിലാക്കിക്കൊണ്ടിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. പി.എം.സി ബാങ്കിലെ തട്ടിപ്പിന്റെ പേരില്‍ കേന്ദ്ര മന്ത്രിസഭ അംഗീകരിച്ച സഹകരണ ബില്ല് അതില്‍ ഏറ്റവും അവസാനത്തെ നടപടിയാണ്. സഹകരണ മേഖലയില്‍ ഭരണഘടനാപരമായി സംസ്ഥാനങ്ങള്‍ക്കുള്ള അധികാരങ്ങള്‍ കവര്‍ന്നെടുക്കുക എന്നതാണ് കേന്ദ്ര സര്‍ക്കാര്‍ ലക്ഷൃമിടുന്നത്. കഴിഞ്ഞ ബജറ്റ് നിര്‍ദേശങ്ങളില്‍ സഹകരണ മേഖലയെ കോര്‍പ്പറേറ്റ് സ്ഥാപനങ്ങളായി കാണുന്ന നയം മാറ്റവും പ്രകടമാണ്. ഇത് കൂടുതല്‍ പ്രതിസന്ധി സ്രഷ്ടിക്കുകയും സഹകരണ മേഖലയുടെ സ്വയംഭരണാവകാശം ഇല്ലാതാക്കുകയും ചെയ്യുമെന്നു സംഘടന കുറ്റപ്പെടുത്തി.
മുന്‍കാലങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ സഹകരണ മേഖലക്ക് നല്‍കിയിരുന്ന എല്ലാ പരിരക്ഷകളും പടിപടിയായി ഇല്ലാതാക്കുകയാണ്. ആദായ നികുതിയില്‍ 80(പി) യുടെ ആനുകൂല്യം സഹകരണ മേഖലക്ക് ഉണ്ടായിരുന്നത് പരിമിതപ്പെടുത്തുകയായിരുന്നു കഴിഞ്ഞ കാലങ്ങളില്‍ ചെയ്തിരുന്നത്. എങ്കില്‍ ഇപ്പോള്‍ കോര്‍പ്പറേറ്റ് സ്ഥാപനങ്ങളായി കണക്കാക്കാന്‍ തുടങ്ങുന്നതോടെ അതും നഷ്ടപ്പെടും. പണമിടപാട് കുറക്കാന്‍ എന്ന പേരില്‍ ഒരു കോടിയിലേറെ രൂപ പണമായി പിന്‍വലിച്ചാല്‍, വ്യക്തികള്‍ക്ക് ഈടാക്കുന്നത് പോലെ, അധികരിച്ച തുകക്ക് രണ്ട് ശതമാനം നികുതി നല്‍കണമെന്ന നിര്‍ദ്ദേശം ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് കേരളത്തിലെ പ്രാഥമിക സഹകരണ സംഘങ്ങളെയാണ്.സഹകരണ സംഘങ്ങള്‍ നല്‍കുന്ന ഹൃസ്വകാല കാര്‍ഷിക മേഖലയാ വായ്പകള്‍ക്ക് നബാര്‍ഡ് നല്‍കിയിരുന്ന പുനര്‍വായ്പാ സംവിധാനം പടിപടിയായി കുറച്ചു കൊണ്ടിരിക്കുകയാണെന്നും സംഘടനാ നേതാക്കൾ കുറ്റപ്പെടുത്തുന്നു.
ധര്‍ണ സിഐടിയു ജനറല്‍ സെക്രട്ടറി തപന്‍സെന്‍ ഉദ്ഘാടനം ചെയ്യും. കേരളത്തില്‍ നിന്നും ജില്ലാ ബാങ്ക് എംപ്പോയീസ് ഫെഡറേഷന്‍, കേരള സംസ്ഥാന സഹകരണ ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍, കാര്‍ഷിക ഗ്രാമവികസന ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ എന്നീ സംഘടനാ പ്രതിനിധികളും ധര്‍ണയില്‍ പങ്കെടുക്കും.