സഹകരണ മേഖലയെ തകര്‍ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം: മന്ത്രി
കേരളത്തിലെ സഹകരണ മേഖലയെ തകര്‍ക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ നീക്കം നടത്തുന്നതെന്ന് കായികമന്ത്രി വി അബ്ദുറഹ്മാന്‍ പറഞ്ഞു. തിരൂര്‍ അര്‍ബന്‍ സഹകരണ ബാങ്ക് ഏര്‍പ്പെടുത്തിയ പുന്നക്കല്‍ കുട്ടിശങ്കരന്‍ നായര്‍ സ്മാരക എന്‍ഡോവ്മെന്റും പി പി അബ്ദുള്ളക്കുട്ടി സ്മാരക അവാര്‍ഡും റിസ്‌ക് ഫണ്ട് ആനുകൂല്യ വിതരണവും നിര്‍വഹിച്ചശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.
സഹകരണ മേഖലയിലെ നിക്ഷേപത്തില്‍ കോര്‍പറേറ്റുകള്‍ കണ്ണുവയ്ക്കുകയാണ്. ഇതിന് കേന്ദ്ര സര്‍ക്കാര്‍ സഹായംചെയ്യുന്നു. ദേശസാല്‍ക്കൃത ബാങ്കുകളിലെ കോടിക്കണക്കിന് രൂപയുടെ വായ്പകള്‍ എഴുതിത്തള്ളുമ്പോള്‍ കേരളത്തിലെ സഹകരണ ബാങ്കുകളിലെ ലാഭം സാധാരണക്കാരുടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കായാണ് ചെലവഴിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
ബാങ്കിലെ എ ക്ലാസ് മെമ്പര്‍മാരുടെ മക്കളില്‍ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷയില്‍ ഉന്നത വിജയംനേടിയവര്‍ക്കുള്ളതാണ് പുന്നക്കല്‍ കുട്ടിശങ്കരന്‍ നായര്‍ സ്മാരക എന്‍ഡോവ്മെന്റ്. തിരൂര്‍ വിദ്യാഭ്യാസ ജില്ലയിലെ എസ്എസ്എല്‍സി പരീക്ഷയില്‍ നൂറ് ശതമാനം വിജയംനേടിയ സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ക്കുള്ളതാണ് പി പി അബ്ദുള്ളക്കുട്ടി സ്മാരക അവാര്‍ഡ്.
ചടങ്ങില്‍ ബാങ്ക് ചെയര്‍മാന്‍ ഇ ജയന്‍ അധ്യക്ഷനായി. കുറുക്കോളി മൊയ്തീന്‍ എംഎല്‍എ, തിരൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. യു സൈനുദ്ദീന്‍, മത്സ്യ തൊഴിലാളി ക്ഷേമ ബോര്‍ഡ് ചെയര്‍മാന്‍ കൂട്ടായി ബഷീര്‍, പ്രവാസി കമീഷന്‍ അംഗം ഗഫൂര്‍ പി ലില്ലീസ്, മുന്‍ ചെയര്‍മാന്‍ കെ കൃഷ്ണന്‍ നായര്‍, ടി കെ അലവിക്കുട്ടി, പി പി അബ്ദുറഹിമാന്‍, കെ കെ ജാഫര്‍ എന്നിവര്‍ സംസാരിച്ചു. ബാങ്ക് സിഇഒ കെ പി സുരേഷ് ബ്രാഞ്ച് പെര്‍ഫോമന്‍സ് അവാര്‍ഡ് വിതരണംചെയ്തു. കലിക്കറ്റ് സര്‍വകലാശാലയില്‍നിന്ന് ഡോക്ടറേറ്റ് നേടിയ കെ രുക്മിണിയെ ആദരിച്ചു. അഡ്വ. പി ഹംസക്കുട്ടി സ്വാഗതവും അഡ്വ. ദിനേശ് പൂക്കയില്‍ നന്ദിയും പറഞ്ഞു.
[mbzshare]