സഹകരണ മേഖലയില്‍ കൂടുതല്‍ എം.ബി.എ ബിരുദധാരികള്‍ എത്തുന്നത് പ്രൊഫഷണലിസം വര്‍ദ്ധിപ്പിക്കും: മന്ത്രി വി.എൻ.വാസവൻ
സഹകരണ മേഖലയില്‍ കൂടുതല്‍ എം.ബി.എ ബിരുദധാരികള്‍ എത്തുന്നത് പ്രൊഫഷണലിസം വര്‍ദ്ധിപ്പിക്കുമെന്ന് സഹകരണ മന്ത്രി വി.എൻ.വാസവൻ അഭിപ്രായപ്പെട്ടു. ഭാവിയില്‍ അപ്പക്സ് സ്ഥാപനങ്ങളില്‍ ഉണ്ടാകുന്ന ഒഴിവുകൾ എം. ബി.എ ക്കാര്‍ക്ക് നൽകാന് കഴിയുന്ന തരത്തിലുള്ള മാറ്റങ്ങള്‍ ഉണ്ടാകണമെന്നും സഹകരണ സ്ഥാപനങ്ങളിലെ പരിശീലനം പിന്നീട് ബഹുരാഷ്ട്ര കമ്പിനികളിലേക്ക് മാറേണ്ടി വന്നാല്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് കൂടുതല്‍ ഉപയോഗപ്രദമാകുമെന്നും അദ്ദേഹം പറഞ്ഞു.
കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോപ്പറേറ്റീവ് മാനേജ്മെന്റിൽ നിന്ന് പഠിച്ചിറങ്ങുന്ന എം.ബി. എ വിദ്യാര്‍ത്ഥികള്‍ക്ക് തൊഴില്‍ സാധ്യത ഉറപ്പു വരുത്താന്‍ വിവിധ സഹകരണ സ്ഥാപനങ്ങളുമായി ധാരണാ പത്രം ഒപ്പു വെയ്ക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോപ്പറേറ്റീവ് മാനേജ്മെന്റിലെ എം.ബി.എ വിദ്യാര്‍ത്ഥികള്‍ക്ക് അപ്രന്റിഷിപ്പ് നൽകുന്നതിന്റെ ഭാഗമായി ആദ്യഘട്ടത്തില്‍ കേരളാ ബാങ്ക്, ഹാന്റക്സ്,മാര്‍ക്കറ്റ്ഫെഡ്, ഹൗസിംഗ് ഫെഡ്,റബ്ബര്‍മാര്‍ക്ക്, കേരാഫെഡ് തുടങ്ങിയ സ്ഥാപനങ്ങളാണ് കരാറില്‍ ഒപ്പിട്ടത്. സഹകരണ മേഖലയിലെ ഇന്റന്‍ഷിപ്പ്, പ്രോജക്ട്, മാനേജ്മെന്റ് ട്രെയിനി എന്നീ സാധ്യതകള്‍ തിരിച്ചറിഞ്ഞ് മാനേജ്മെന്റ് വിദ്യാര്‍ത്ഥികള്‍ക്ക് സഹകരണ മേഖലയില്‍ പരമാവധി സാധ്യതകളും തൊഴില്‍ അവസരങ്ങളും ഒരുക്കുന്നതിനാണ് പുതിയ നീക്കം.