സഹകരണ മേഖലയിലെ പ്രവർത്തന രീതിയും വായ്പ ശൈലിയും മാറിയില്ലെങ്കിൽ നിലനിൽക്കാൻ സാധിക്കില്ലെന്ന് ഡോക്ടർ എം.രാമനുണ്ണി.

adminmoonam

സാഹചര്യത്തിനനുസരിച്ച് പ്രവർത്തന രീതിയിലും വായ്പ ശൈലിയിലും കാതലായ മാറ്റങ്ങൾ കൊണ്ടുവരാൻ സഹകരണമേഖല തയ്യാറായില്ലെങ്കിൽ നിലനിൽക്കാൻ സാധിക്കില്ലെന്ന് പ്രമുഖ സഹകരണ വിചക്ഷണനും ലാഡറിന്റെ ചീഫ് കമേഴ്സ്യൽ മാനേജരുമായ ഡോക്ടർ എം.രാമനുണ്ണി പറഞ്ഞു. പുതിയ സാഹചര്യത്തിൽ വിദേശമലയാളികൾ തൊഴിലന്വേഷകരായി തിരികെ വരും. ഇവരെ പുനരധിവസിപ്പിക്കാൻ സാധിക്കണം. അവർക്കായുള്ള പുതിയ പദ്ധതികൾ സഹകരണമേഖല കൊണ്ടുവരണം. വാണിജ്യ, ദേശസാൽകൃത ബാങ്കുകൾക്കു ഇത്തരം സാഹചര്യങ്ങളിൽ തീരുമാനമെടുക്കാൻ കൂടുതൽ സമയം എടുക്കും. പ്രാദേശികമായ സാഹചര്യങ്ങൾക്കനുസരിച്ച് തീരുമാനമെടുക്കുന്നത് ഇത്തരം ബാങ്കുകൾക്കു ബുദ്ധിമുട്ടാകും. എന്നാൽ സഹകരണ സംഘങ്ങൾക്ക് ഇത് എളുപ്പത്തിൽ നടപ്പാക്കാൻ സാധിക്കും. സഹകരണമേഖലയുടെ അതിജീവനത്തെ സംബന്ധിച്ച ആശയങ്ങൾ പങ്കുവെക്കുകയായിരുന്നു അദ്ദേഹം.

വിദേശത്തുനിന്നും മടങ്ങിവരുന്നവർ വലിയ സംരംഭങ്ങളിൽ മുതൽമുടക്കാൻ മടിക്കും. ഇവരുടെ കയ്യിൽ കുറച്ചു പണം സമ്പാദ്യമായി ഉണ്ടാകും. ഇത് ഉപയോഗിച്ച് ചെറിയ സംരംഭങ്ങൾ നാട്ടിൽ ആരംഭിക്കാൻ ഇവർ ശ്രമിക്കും. നിർമ്മാണ മേഖലയിലും കാർഷിക മൂല്യവർധിത ഉത്പന്നങ്ങളിലും ഐ.ടി അനുബന്ധങ്ങളിലും ആയിരിക്കും ഇത്. ഇത്തരം സംരംഭങ്ങൾക്കു പ്രാദേശികമായി നേരിൽ അറിയാവുന്ന വ്യക്തികൾ ആയതിനാൽ സഹകരണ സംഘങ്ങൾക്ക് വായ്പ നൽകാൻ ബുദ്ധിമുട്ടുണ്ടാകില്ല. അവരുടെ പ്രോജക്ടുകൾക്ക് അനുസരിച്ച് സഹകരണ സംഘങ്ങൾ വായ്പാ രീതിയിൽ മാറ്റം വരുത്തണം. കാർഷിക വായ്പ, ഗോൾഡ് ലോൺ, സിംമ്പിൾ ലോണിനു പകരം പുതിയ ഇത്തരം പദ്ധതികൾക്ക് സഹായം നൽകാൻ സഹകരണസംഘങ്ങൾ തയ്യാറാകണം.

കെ.വൈ.സി യുടെ കാലം പോയി. പകരം കണക്ട് യുവർ കസ്റ്റമർ( സി.വൈ.സി) യുടെ കാലത്തിലേക്ക് മാറണം. പണവുമായി ബന്ധപ്പെട്ട ആവശ്യങ്ങൾക്ക് ബാങ്കിൽ വരാതെ തന്നെ സഹായങ്ങളും സൗകര്യങ്ങളും നൽകാൻ സഹകരണസംഘങ്ങൾക്ക് സാധിക്കണം. സഹകരണസംഘങ്ങളിൽ ഭൂരിഭാഗം ഉപഭോക്താക്കളും ഉയർന്ന പ്രായമുള്ളവരാണ്. കോവിഡ് ക്കാലത്ത് ഇവർ ബാങ്കിംഗ് മായി ബന്ധപ്പെട്ട് വളരെ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്.പ്രായമായ ഉപഭോക്താക്കളുടെ ആവശ്യങ്ങൾക്കനുസരിച്ച് ബാങ്കിംഗ് ശൈലിയിൽ മാറ്റം കൊണ്ടുവരാൻ സഹകരണമേഖലയ്ക്ക് ആകണം എന്നും അദ്ദേഹം പറഞ്ഞു. ഒപ്പം വർക്ക് ഫ്രം ഹോം എന്നത് സഹകരണ ജീവനക്കാർക്ക് പലപ്പോഴും തുടരേണ്ട സാഹചര്യവും വരും. അതിനായി ജീവനക്കാരെ പരിശീലിപ്പിച്ച് പ്രാപ്തരാക്കണം. ബാങ്കിംഗ് എന്നത് ഒരു പുതിയ സംവിധാനത്തിലേക്ക് മാറാൻ സഹകരണ ബാങ്കുകൾക്ക്എളുപ്പത്തിൽസാധിക്കണം.വിദ്യാസമ്പന്നരായ വിദേശത്തുനിന്നും മടങ്ങിവരുന്നവർ ചെയ്യാൻ സാധ്യതയുള്ള പ്രോജക്ടുകൾക്ക് സഹായം നൽകാൻ സഹകരണമേഖലയ്ക്ക് സാധിക്കണം. പ്രത്യേകിച്ച് ടൂറിസം, ഹെൽത്ത് മേഖലകളിൽ കേരളത്തിന് ഇപ്പോൾ വലിയ മതിപ്പുണ്ട്. ഇത് ഉപയോഗപ്പെടുത്തണം. ഇത്തരം സംരംഭങ്ങൾ തുടങ്ങുന്ന സ്റ്റാർട്ടപ്പുകൾക്ക് സഹകരണസംഘങ്ങൾ സാമ്പത്തിക സഹായമായി വരണം.

ഇത്തരം വെല്ലുവിളികളിൽ വിജയിക്കാൻ സഹകരണ സ്ഥാപനങ്ങൾകു ആകണം. നിലവിൽ പ്രാഥമിക സഹകരണ സംഘങ്ങളിൽ നിക്ഷേപത്തിന്റെ നല്ലൊരു ഭാഗം വായ്പയായി കൊടുതിരിക്കുകയാണ് . ഇത് തിരിച്ചു വന്നിട്ടില്ല. കിട്ടാക്കടം നിലവിൽ വളരെ കൂടുതലാണ്. കിട്ടാത്ത പലിശ കിട്ടുമെന്ന് ഓഡിറ്റിൽ കണക്കാക്കിയാണ് സഹകരണസംഘങ്ങൾ പലപ്പോഴും ലാഭം പറയുന്നത്. വായ്പതിരിച്ചടവ് വൈകുന്നതോടെ സഹകരണസംഘങ്ങൾകൂടുതൽ പ്രതിസന്ധിയിലാകും. അതുകൊണ്ട് വായ്പശൈലിയിലും പ്രവർത്തന രീതിയിലും മാറ്റം വരുത്തിക്കൊണ്ട് മുന്നേറാൻ സഹകരണസംഘങ്ങൾക്ക് സാധിക്കണമെന്നും കൺസ്യൂമർഫെഡ് മുൻ എം.ഡി കൂടിയായ രാമനുണ്ണി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Latest News