സഹകരണ മേഖലയിലെ പ്രതിസന്ധി- ജൂലൈ 2ന് ജോയിന്റ് രജിസ്ട്രാർ ഓഫീസുകൾകു മുന്നിൽ എംപ്ലോയീസ് ഫ്രണ്ട് ധർണ്ണ.

adminmoonam

സഹകരണ മേഖലയിലെ പ്രതിസന്ധി പരിഹരിക്കണം എന്നാവശ്യപ്പെട്ട് കേരള കോ. ഓപ്പറേറ്റിവ് എംപ്ലോയീസ് ഫ്രണ്ട് പ്രത്യക്ഷ സമരത്തിലേക്ക് നീങ്ങുന്നു. ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ ജോയിന്റ് രജിസ്ട്രാർ ഓഫീസുകൾക്ക് മുന്നിൽ സംഘടന ധർണ നടത്തും.
സഹകരണ മേഖലയും അതിൽ ജോലി ചെയ്യുന്ന തൊഴിലാളികളും ഗുരുതരമായ പ്രതിസന്ധികളെയും പ്രശ്നങ്ങളെയും അഭിമുഖീകരിക്കയാണ്. കോവിഡ് മറ്റെല്ലാ രംഗങ്ങളെയും പോലെ സഹകരണ രംഗത്തും സൃഷ്ടിച്ചിരിക്കുന്ന പ്രതിസന്ധി ചെറുതല്ല. ഇത്അഭിമുഖീകരിക്കാൻ സംഘങ്ങളെ പ്രാപ്തമാക്കേണ്ട സഹകരണ വകുപ്പും സർക്കാറും സംഘങ്ങളെ കൂടുതൽ പ്രതിസന്ധിയിലാക്കുന്ന നയങ്ങളാണ് തുടർന്ന് വരുന്നത്.ഇതിന് ഏറ്റവും വലിയ ഉദാഹരണമാണ് കോവിഡ് കാലത്ത് നമ്മുടെ നിക്ഷേപങ്ങളുടെ പലിശ കുത്തനെ കുറച്ചത്.മാത്രമല്ല ട്രഷറി, കെ.എസ്.എഫ്.ഇ പലിശ നിരക്കുകളിൽ വർദ്ധനവ് വരുത്തി,സഹകരണ സംഘങ്ങളിലെ നിക്ഷേപം വഴി തിരിച്ച് കൊണ്ടുപോകാനുള്ള ബോധപൂർവ്വമായ ശ്രമം നടത്തുകയും ചെയ്തതായി സംഘടന കുറ്റപ്പെടുത്തി.

സർക്കാർ ഏത് പ്രതിസന്ധി നേരിടുമ്പോഴും സഹകരണ സംഘങ്ങളിലെ പണത്തെ ആണ് ആശ്രയിക്കുന്നത്. കേരളത്തിലെ ക്രഡിറ്റ് മേഖലയിലെ ശക്തി കണ്ടാണ് സർക്കാർ പല തീരുമാനങ്ങളിലൂടെയും സംഘങ്ങളിലെ പണം ആവശ്യപ്പെടുന്നത്. എന്നാൽ ഈ ക്രഡിറ്റ്മേഖലയാണ് ഏറെ പ്രതിസന്ധിയിലകപ്പെട്ടിരിക്കുകയാണെന്നു സംഘടന പറയുന്നു. ആദായ നികുതി, പിൻവലിക്കുന്ന പണത്തിന് അധിക നികുതി, ബേങ്ക് എന്ന പേര് ഉപയോഗിക്കന്നതിന് വിലക്ക്, അംഗങ്ങൾക്ക് മാത്രമായി ഇടപാട് പരിമിതപ്പെടുത്തണമെന്ന്ഭീഷണി, വായ്പ തിരിച്ചടവ് ഇല്ലാതാക്കാൻ മാത്രമുതകുന്ന മൊറട്ടോറിയം, തിരിച്ചടക്കുന്ന വായ്പകൾക്ക് സർക്കാറിന്റെയും കടാശ്വാസകമ്മിഷനുകളുടെയും നിർദ്ദേശമനുസരിച്ച് പലിശ ഇളവനുവദിക്കേണ്ട സ്ഥിതി, സാമ്പത്തിക മേഖലയിലെ മാന്ദ്യം മൂലം ബിസിനസ്സിലെ തിരിച്ചടി ഇങ്ങനെ അഭിമുഖീകരിക്കുന്നതും, അഭിമുഖീകരിക്കേണ്ടതുമായ പ്രതിസന്ധികളേറെയാണ്. ഇതിൽനിന്നെല്ലാം സർക്കാർ ബോധപൂർവം മുഖം തിരിക്കുകയാണെന്ന് സംഘടന ആരോപിച്ചു.

ലോക്ക് ഡൗൺ കാലത്ത് വരുമാന നഷ്ടം വന്ന ദിനനിക്ഷേപ പിരിവ് കാർക്ക് ആശ്വാസ വേതന മനുവദിക്കണമെന്ന ആവശ്യം സർക്കാറിന്റെ മുന്നിലുയർത്തിയത് സംഘടന ആണ്. സർക്കാറിന് യാതൊരു സാമ്പത്തിക ബാധ്യതയുംവരാത്ത ഈ വിഷയത്തിൽ കൊടുത്ത പണം തിരിച്ച് പിടിക്കാൻ ഉത്തരവിറക്കിയിരിക്കയാണ് സർക്കാറിപ്പോൾ. എത് പ്രതിസന്ധിയും സഹകരണ സ്ഥാപനങ്ങൾക്ക് ബാധകമല്ലെന്ന തരത്തിൽ വകുപ്പും സർക്കാരും മുന്നോട്ട് പോകുമ്പോൾ ന്യായമായ ആവശ്യങ്ങൾ നേടി എടുക്കാനുള്ള സമരം നടത്താൻ ജീവനക്കാർ നിർബന്ധിതരായിരിക്കുകയാണ്. അതു കൊണ്ട് 2020 ഫെബ്രുവരിയിൽ സെക്രട്ടറിയേറ്റ് നടയിൽ നടത്തിയ ചതുർദിന സത്യാഗ്രഹ സമരത്തിന്റെ 2 – ആം ഘട്ടമെന്നോണം ജൂലൈ 2 ന് വ്യാഴാഴ്ച രാവിലെ 10 മണിക്ക് എല്ലാ ജില്ലകളിലും ജോയൻറ് രജിസ്ട്രാർ ഓഫീസുകൾക്ക് മുന്നിൽ കോവിഡ്-19 ജാഗ്രതാ നിർദ്ദേശങ്ങൾ പാലിച്ച് അതാത് ജില്ലാ കമ്മറ്റികളുടെ നേതൃത്വത്തിൽ ധർണ്ണ നടത്തുമെന്ന് സംസ്ഥാന പ്രസിഡണ്ട്ജോഷ്വാ മാത്യുവും ജനറൽ സെക്രട്ടറി
അശോകൻ കുറുങ്ങപ്പള്ളിയും ട്രഷറർ
വിനയകുമാർ പി.കെ.യും പ്രസ്താവനയിൽ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Latest News