സഹകരണ ഭവന് മുറ്റത്ത് ഭീമന്‍ പൂക്കളം ഒരുക്കി സഹകാരികള്‍
കോഴിക്കോട് സഹകരണ ഭവൻ മുറ്റത്ത് സഹകാരികൾ ഭീമൻ പൂക്കളം ഒരുക്കി. സഹകരണ ഓണം എന്ന പേരിൽ ഒരുക്കുന്ന മേളയുടെ സന്ദേശം നാടാകെ എത്താൻ സ്നേഹവും, കരുത്തും, നന്മയുമാണ് സഹകരണ പ്രസ്ഥാനങ്ങൾ എന്ന് ആവർത്തിച്ച് ഓർമിപ്പിച്ചു കൊണ്ട് സഹകാരികൾ ഒത്തു ചേർന്ന് അത്തം ദിനത്തിലാണ് സഹകരണ ഭവന് മുറ്റത്ത് പൂക്കളം ഒരുക്കിയത്.
സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം ബൈജുനാഥ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. പാക്‌സ് അസോസിയേഷൻ പ്രസിഡന്റ് അഡ്വ: ജി.സി. പ്രശാന്ത് കുമാർ അധ്യക്ഷത വഹിച്ചു. പ്രശസ്ത കവി പി.കെ. ഗോപി മുഖ്യാതിഥിയായിരുന്നു. ഓണക്കാലത്തെ ഒത്തൊരുമ സൂചിപ്പിക്കുന്ന കവിത അദ്ദേഹം അവതരിപ്പിച്ചു. വാഗ്ദാനങ്ങളുടെ രക്തസാക്ഷി എന്ന അദ്ദേഹത്തിന്റെ കവിത സഹകരണം കൺവീനർ റിജുൽ കുമാറിന് സമർപ്പിച്ചു. ജോയിന്റ് രജിസ്ട്രാർ ബി.സുധ, എം.എ. ജോൺസൺ, ജോയിന്റ് ഡയറക്ടർ വി.വി. വിജയൻ, കമൽ വരദൂർ, ശശികല തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. അസിസ്റ്റന്റ് രജിസ്ട്രാർ വാസന്തി കെ.ആർ സ്വാഗതവും റിജുൽ കുമാർ നന്ദിയും പറഞ്ഞു.
നിരവധി സഹകാരികളാണ് ഈ പൂക്കളം തയ്യാറാക്കാനായി എത്തിയത്. വിവിധ വർണ്ണങ്ങൾ ഒത്തൊരുമിച്ച ഈ സഹകരണ പൂക്കളം സഹകരണ പ്രസ്ഥാനങ്ങൾ നാടിന്റെ ഹൃദയമാണെന്ന് ഓർമ്മപ്പെടുത്തലാണ്.