സഹകരണ ഓഡിറ്റില്‍ തര്‍ക്കം തീര്‍ക്കാന്‍ ചീഫ് സെക്രട്ടറി ഇടപെട്ടേക്കും; പുതിയ മാര്‍ഗരേഖ റദ്ദാക്കുന്നത് പിന്നീട്

moonamvazhi

സഹകരണ സംഘങ്ങളുടെ ഓഡിറ്റ് മാനദണ്ഡം മാറ്റിയത് സംബന്ധിച്ച് സഹകരണ വകുപ്പിലെ തര്‍ക്കത്തില്‍ ചീഫ് സെക്രട്ടറി ഇടപെട്ടേക്കും. സഹകരണ സംഘം രജിസ്ട്രാര്‍ ഇറക്കിയ സര്‍ക്കുലര്‍ നടപ്പാക്കാന്‍ കഴിയില്ലെന്ന നിലപാടാണ് ഓഡിറ്റ് ഡയറക്ടര്‍ സ്വീകരിച്ചിട്ടുള്ളത്. ഇത് നടപ്പാക്കുന്നതിലെ അപ്രായോഗികത ചൂണ്ടിക്കാട്ടി വിശദമായ റിപ്പോര്‍ട്ട് ഓഡിറ്റ് ഡയറക്ടര്‍ വകുപ്പ് സെക്രട്ടറിക്ക് നല്‍കിയത്. ഇത് തള്ളിക്കൊണ്ട് രജിസ്ട്രാറുടെ മാര്‍ഗനിര്‍ദ്ദേശം നടപ്പാക്കണമെന്ന നിര്‍ദ്ദേശിക്കാന്‍ വകുപ്പ് സെക്രട്ടറിക്കും കഴിയാത്ത സ്ഥിതിയാണ്. അതുകൊണ്ടാണ് ചീഫ് സെക്രട്ടറിയുടെ പരിഗണനയ്ക്ക് വിടാന്‍ ആലോചിക്കുന്നത്.

പുതുപ്പള്ളി തിരഞ്ഞെടുപ്പിന് ശേഷമായിരിക്കും ഇത് ചീഫ് സെക്രട്ടറിയുടെ പരിഗണനയിലെത്തുക. അതില്‍ തീരുമാനം ഉണ്ടാകുന്നതുവരെ രജിസ്ട്രാറുടെ സര്‍ക്കുലര്‍ നടപ്പാക്കുകയോ റദ്ദാക്കുകയോ ചെയ്യില്ല. നിലവില്‍ ഓഡിറ്റ് ഡയറക്ടര്‍ ചൂണ്ടിക്കാട്ടിയ പ്രശ്‌നങ്ങള്‍ കൂടി ഉള്‍കൊണ്ട് സര്‍ക്കുലര്‍ ഭേദഗതി ചെയ്യാനുള്ള സാധ്യതയാണ് ഉദ്യോഗസ്ഥര്‍ സൂചിപ്പിക്കുന്നത്. കോവിഡിന്റെ പശ്ചാത്തലത്തില്‍ കരുതല്‍ നീക്കിവിക്കുന്നതില്‍ ഇളവ് അനുവദിച്ചുകൊണ്ട് ഓഡിറ്റ് ഡയറക്ടര്‍ ഒരു ഉത്തരവ് ഇറക്കിയിട്ടുണ്ട്. ഇതില്‍ കൂടുതല്‍ ഇളവ് നല്‍കുന്നത് സഹകരണ മേഖലയുടെ നിലനില്‍പിനെ ബാധിക്കുമെന്ന നിലപാടാണ് ഓഡിറ്റ് ഡയറക്ടര്‍ക്കുള്ളത്.

നിര്‍ദ്ദേശിച്ച വ്യവസ്ഥകളില്‍ മാറ്റം വരുത്തരുതെന്ന നിര്‍ദ്ദേശത്തോടെയാണ് സഹകരണ സംഘം രജിസ്ട്രാര്‍ പുതിയ സര്‍ക്കുലര്‍ ഇറക്കിയിട്ടുള്ളത്. അതിനാല്‍, തിരുത്തേണ്ടത് രജിസ്ട്രാര്‍ തന്നെയാണ്. ഇതിന് രജിസ്ട്രാര്‍ തയ്യാറാവുമോയെന്നതാണ് പ്രധാന പ്രശ്‌നം. എന്തായാലും ഓഡിറ്റ് കാര്യത്തിലുള്ള തര്‍ക്കം സഹകരണ സംഘങ്ങളുടെ ഓഡിറ്റ് പൂര്‍ത്തീകരിച്ച് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിനെ വരെ ബാധിച്ചിട്ടുണ്ട്. തല്‍ക്കാലം രജിസ്ട്രാറുടെ പുതിയ സര്‍ക്കുല്‍ നടപ്പാക്കേണ്ടതില്ലെന്ന നിര്‍ദ്ദേശം ഓഡിറ്റ് ഡയറക്ടര്‍ സഹകരണ ഓഡിറ്റര്‍മാര്‍ക്ക് നല്‍കിയിട്ടുണ്ട്.

കരുവന്നൂര്‍ സഹകരണ ബാങ്കിലെ തട്ടിപ്പിന്റെ പശ്ചാത്തലത്തില്‍ സഹകരണ ഓഡിറ്റ് രീതി കുറ്റമറ്റതാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇതിനായി ഇന്‍ഡ്യന്‍ ഓഡിറ്റ് ആന്‍ഡ് അക്കൗണ്ട്‌സ് സര്‍വീസിലെ ഉയര്‍ന്ന ഉദ്യോഗസ്ഥയെ ഓഡിറ്റ് ഡയറക്ടറായി നിയമിക്കുകയും ചെയ്തു. കോവിഡാനന്തരം സഹകരണ സംഘങ്ങള്‍ നേരിടുന്ന പ്രതിസന്ധി പരിഹരിക്കാന്‍ കരുതല്‍ വെക്കുന്നതില്‍ ചില ഇളവുകള്‍ ഓഡിറ്റ് ഡയറക്ടര്‍ നല്‍കിയിരുന്നു. ഇത് റദ്ദാക്കിയാണ് ഉദാരമായ വ്യവസ്ഥ സഹകരണ സംഘം രജിസ്ട്രാര്‍ കൊണ്ടുവന്നത്. ഇതോടെയാണ് സഹകരണ ഓഡിറ്റ് തര്‍ക്കത്തിലായത്.

Leave a Reply

Your email address will not be published. Required fields are marked *

Latest News