സഹകരണ എക്‌സ്‌പോ: ഏപ്രില്‍ 19 നു വിളംബരദിനം

moonamvazhi

സര്‍ക്കാരിന്റെ മൂന്നാം നൂറുദിന കര്‍മപരിപാടിയുടെ ഭാഗമായി 2023 ഏപ്രില്‍ 22 മുതല്‍ 30 വരെ എറണാകുളം മറൈന്‍ഡ്രൈവ് മൈതാനത്തു സംഘടിപ്പിക്കുന്ന സഹകരണ എക്‌സ്‌പോയുമായി ബന്ധപ്പെട്ട് ഏപ്രില്‍ 19 ബുധനാഴ്ച എല്ലാ ജില്ലകളിലും വര്‍ണപ്പകിട്ടാര്‍ന്ന പരിപാടികളോടെ വിളംബരദിമായി ആചരിക്കണമെന്നു സഹകരണസംഘം രജിസ്ട്രാര്‍ നിര്‍ദേശിച്ചു. അന്ന് എല്ലാ സഹകരണവകുപ്പ് ജീവനക്കാരും സഹകരണസംഘം ജീവനക്കാരും സഹകരണവിദ്യാര്‍ഥികളും എക്‌സ്‌പോ ബാഡ്ജ് ധരിക്കണം. അനുയോജ്യമായ ഡ്രസ്‌കോഡ് ജില്ലകള്‍ക്കു നടപ്പാക്കാം – രജിസ്ട്രാര്‍ നിര്‍ദേശിച്ചു.

വിളംബരവുമായി ബന്ധപ്പെട്ട ഫോട്ടോകളും ഗ്രൂപ്പ് ഫോട്ടോകളും സെല്‍ഫിയും എക്‌സ്‌പോയുമായി ബന്ധപ്പെട്ട സോഷ്യല്‍മീഡിയ വഴി പ്രചരിപ്പിക്കാം. ഏറ്റവും വര്‍ണാഭമായ ഫോട്ടോയ്ക്കു സംസ്ഥാനാടിസ്ഥാനത്തില്‍ പ്രത്യേക പ്രോത്സാഹനസമ്മാനമുണ്ടാകും. വിളംബരദിനത്തില്‍ സഹകാരികള്‍ക്കും പൊതുജനങ്ങള്‍ക്കുമിടയില്‍ സോഷ്യല്‍മീഡിയ വഴിയും നേരിട്ടും എക്‌സ്‌പോ സംബന്ധിച്ച പ്രചരണം നടത്തണം. സഹകരണ ഉല്‍പ്പന്നങ്ങള്‍ക്കായി ട്രേഡ്മാര്‍ക്ക് നിയമപ്രകാരം രജിസ്റ്റര്‍ ചെയ്ത കോ-ഓപ്‌കേരള മുദ്രയ്ക്കും പരമാവധി പ്രചരണം നല്‍കണം – രജിസ്ട്രാര്‍ നിര്‍ദേശിച്ചു.

വിളംബരദിനത്തില്‍ വിദ്യാര്‍ഥികള്‍ക്കായി കലാമത്സരം നടത്താനും നിര്‍ദേശമുണ്ട്. സംഘഗാനം, നാടന്‍പാട്ട്, സംഘനൃത്തം എന്നിവയിലാണു മത്സരം നടത്തേണ്ടത്. അതതു ജില്ലകളിലെ എച്ച്.ഡി.സി. /  ജെ.ഡി.സി. സ്ഥാപനങ്ങള്‍, സഹകരണകോളേജുകള്‍, നഴ്‌സിങ് കോളേജുകള്‍ എന്നിവയുള്‍പ്പെടെയുള്ള എല്ലാ സഹകരണ വിദ്യാഭ്യാസസ്ഥാപനങ്ങളിലെയും വിദ്യാര്‍ഥികളെ പങ്കെടുപ്പിച്ച് ഉച്ചയ്ക്കുശേഷം ഒരു കേന്ദ്രത്തില്‍വെച്ചാണു മത്സരങ്ങള്‍ സംഘടിപ്പിക്കേണ്ടത്. മത്സരങ്ങളില്‍ പങ്കെടുക്കുന്ന എല്ലാ ടീമുകള്‍ക്കും പ്രോത്സാഹനസമ്മാനം നല്‍കണം. ഒന്നാംസ്ഥാനക്കാരെ സഹകരണ എക്‌സ്‌പോയിലെ മത്സരത്തില്‍ പങ്കെടുപ്പിക്കണം. സഹകരണഎക്‌സ്‌പോ വേദിയില്‍ സംഘഗാനം, നാടന്‍പാട്ട് മത്സരങ്ങള്‍ ഏപ്രില്‍ 24 നും സംഘനൃത്തം 28 നും ഫാഷന്‍ഷോ 29 നും ഉച്ചക്കുശേഷം രണ്ടു മുതല്‍ അഞ്ചു വരെ നടക്കും. ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടുന്ന ടീമുകള്‍ക്കു പ്രശസ്തിപത്രവും സര്‍ട്ടിഫിക്കറ്റുമുണ്ടാകും.

Leave a Reply

Your email address will not be published. Required fields are marked *

Latest News