സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി; പെന്‍ഷന്‍ കമ്പനിക്ക് പണം നല്‍കാന്‍ സഹകരണ ബാങ്കുകള്‍ക്കും ആശങ്ക
സംസ്ഥാന അതിഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലേക്ക് മാറുന്നത് സഹകരണ ബാങ്കുകളെയും ആശങ്കയിലാക്കുന്നു. ക്ഷേമ പെന്‍ഷന്‍ വിതരണം ചെയ്യാന്‍ സഹകരണ ബാങ്കുകളുടെ കണ്‍സോര്‍ഷ്യം രൂപീകരിച്ച് വായ്പ എടുക്കുന്ന രീതി ഇത്തവണ ലക്ഷ്യം കണ്ടില്ല. നല്‍കുന്ന പണം തിരിച്ചകിട്ടുന്നത് സംബന്ധിച്ച് സഹകരണ ബാങ്കുകള്‍ക്ക് ആശങ്കയുണ്ട്. അതാണ് പണം നല്‍കാന്‍ സഹകരണ ബാങ്കുകള്‍ മടിക്കുന്നത്. 2500 കോടിരൂപ കണ്‍സോര്‍ഷ്യത്തിലൂടെ പിരിച്ചെടുക്കാനാണ് തീരുമാനിച്ചിരുന്നത്. എന്നാല്‍, ഇതുവരെ 800 കോടിയോളം രൂപയാണ് സഹകരണ ബാങ്കുകളില്‍നിന്ന് ലഭിച്ചത്. ഇതോടെ പുതുതായി രൂപീകരിച്ച സഹകരണ കണ്‍സോര്‍ഷ്യം പിരിച്ചുവിടാനുള്ള ആലോചനയിലാണ് സര്‍ക്കാര്‍.
പെന്‍ഷന്‍ കമ്പനിക്ക് നല്‍കുന്ന വായ്പ കാലവാധിക്ക് ശേഷം തിരിച്ചുനല്‍കുകയും മൂന്നുമാസം കൂടുമ്പോള്‍ പലിശ നല്‍കുകയും വേണമെന്നാണ് വ്യവസ്ഥ. ഈ പലിശ ഇതുവരെ കൃത്യമായി സഹകരണ ബാങ്കുകള്‍ക്ക് ലഭിച്ചിട്ടുണ്ട്. കാലാവധി കഴിഞ്ഞ വായ്പകള്‍ കുറെയൊക്കെ തിരിച്ചുനല്‍കുകയും ചെയ്തിട്ടുണ്ട്. 4000 കോടിയോളം രൂപ നിലവില്‍ സഹകരണ ബാങ്കുകളുടെ പണം പെന്‍ഷന്‍ കമ്പനിയിലുണ്ട്. സര്‍ക്കാര്‍ സഹായമാണ് കമ്പനിയുടെ വരുമാനം. അത് ലഭിച്ചാല്‍ മാത്രമാണ് പെന്‍ഷന്‍ കമ്പനിക്ക് സഹകരണ ബാങ്കുകള്‍ക്ക് പണം തിരിച്ചുനല്‍കാന്‍ കഴിയുക. സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഘട്ടത്തില്‍ സര്‍ക്കാരില്‍നിന്ന് പണം ലഭിക്കുമോ എന്ന ആശങ്ക സഹകരണ ബാങ്കുകള്‍ക്കുണ്ട്. ബെവ്റേജ് കോര്‍പ്പറേഷനില്‍ നിന്ന് അടക്കം പെന്‍ഷന്‍ കമ്പനി എടുത്ത പണം തിരിച്ചുനല്‍കിയിട്ടില്ല.
കേരളബാങ്ക് ആണ് സഹകരണ കണ്‍സോര്‍ഷ്യത്തിന്റെ ലീഡര്‍ ബാങ്ക്. എന്നാല്‍, ക്ഷേമപെന്‍ഷന്‍ നല്‍കാന്‍ സഹകരണ ബാങ്കുകള്‍ നല്‍കുന്ന പണത്തിന് ഒരു ഉത്തരവാദിത്തവും കേരളബാങ്കിന് ഉണ്ടാകില്ലെന്ന് ഉത്തരവില്‍തന്നെ വ്യക്തമാക്കിയിട്ടുണ്ട്. കേരളബാങ്ക് ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ ഉത്തരവില്‍ തന്നെ ഇത്തരമൊരു കാര്യം ഉള്‍പ്പെടുത്തിയതെന്നാണ് വിവരം. സഹകരണ ബാങ്കുകളുടെ പണം കുടിശ്ശികയായാല്‍ അതിന്റെ ബാധ്യത കേരളബാങ്കിന് വരാതിരിക്കാനാണ് ഈ കരുതല്‍ സ്വീകരിച്ചത്. സര്‍ക്കാര്‍ സഹായമല്ലാതെ മറ്റൊരു വരുമാനവുമില്ലാത്ത പെന്‍ഷന്‍ കമ്പനിക്കും തിരിച്ചടവ് ഉറപ്പാക്കാനുള്ള ശേഷിയില്ല. ഇതെല്ലാമാണ് കണ്‍സോര്‍ഷ്യത്തിലേക്ക് പണം നല്‍കുന്നതില്‍ നിന്ന് സഹകരണ ബാങ്കുകളെ പിന്തിരിപ്പിച്ചത്.
സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധികാരണം സഹകരണ സംഘങ്ങള്‍ നല്‍കാനുള്ള മറ്റു സാമ്പത്തിക സഹായങ്ങളും കുടിശ്ശികയാണ്. ഉത്തേജന പലിശ ഇളവ് പദ്ധതിയില്‍ സംഘങ്ങള്‍ക്ക് കോടികള്‍ നല്‍കാനുണ്ട്. കാര്‍ഷിക കടാശ്വാസം അനുവദിച്ചതിലും സംഘങ്ങള്‍ക്ക് വിഹിതം കിട്ടിയില്ല. ഇതിനെല്ലാം പുറമെ കണ്‍സോര്‍ഷ്യം വായ്പയും കുടിശ്ശികയായാല്‍ അത് സഹകരണ ബാങ്കുകളെ വലിയ പ്രതിസന്ധിയിലാക്കും. ഈ ആശങ്കയാണ് സഹകരണ കണ്‍സോര്‍ഷ്യം പരാജയപ്പെടാന്‍ ഇടയാക്കിയത്.