സംസ്ഥാനത്ത് മില്‍മ പാല് വില നാളെ മുതല്‍ കൂടും: അറിഞ്ഞിട്ടില്ലെന്ന് മന്ത്രി
സംസ്ഥാനത്ത് മില്‍മ പാലിന്റെ വില വീണ്ടും കൂടും. പച്ച, മഞ്ഞ കവറുകളിലുള്ള പാലിനാണ് നാളെ (ബുധനാഴ്ച) മുതല്‍ വില കൂടുന്നത്. മില്‍മ റിച്ച് പാക്കറ്റിന്റെ വില 29 ല്‍ നിന്ന് 31 രൂപയാകും. 24 രൂപയുടെ മില്‍മ സ്മാര്ട്ടിന് 25 രൂപയാകും. അതേസമയം മില്‍മ പാലിന്റെ വില കൂട്ടിയത് അറിയിച്ചിട്ടില്ലെന്നും ഒരു വിവരവും അറിയിക്കാതെ പെട്ടന്നാണ് വില വര്‍ധിപ്പിച്ചതെന്ന് ക്ഷീരവികസന വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി പറഞ്ഞു.
വില വര്‍ധിപ്പിച്ചതിനെ കുറിച്ച് മില്‍മയോട് വിശദീകരണം തേടുമെന്ന് മന്ത്രി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. പരമാവധി പാല് ഉത്പാദിപ്പിക്കാനാണ് വകുപ്പ് ശ്രമിക്കുന്നതെന്നും മന്ത്രി അറിയിച്ചു. മില്‍മ റിച്ച് കവറും മില്‍മ സ്മാര്‍ട് കവറും വിറ്റ് പോകുന്നത് മൊത്തം വില്പനയുടെ അഞ്ച് ശതമാനം മാത്രമാണ്. കഴിഞ്ഞ ദിവസം സംസ്ഥാനത്തെ പാല് സംഭരണത്തില്‍ അഞ്ച് ശതമാനം കുറവ് രേഖപ്പെടുത്തിയിരുന്നു. വര്‍ധിച്ചു വരുന്ന ചൂട് മൂലമാണ് പാല് സംഭരണത്തില്‍ കുറവുണ്ടായത്. പ്രതിദിനം മൂന്ന് ലക്ഷം ലിറ്റര്‍ പാലിന്റെ കുറവാണ് ഉണ്ടായിരുന്നത്.