സംരക്ഷിക്കും സഹകരണമേഖലയെ: അഗ്രികൾച്ചറൽ ക്രെഡിറ്റ് കോ–ഓപ്പറേറ്റീവ് സൊസൈറ്റീസ് അസോസിയേഷൻ
കേരളത്തിന്റെ നട്ടെല്ലായ സഹകരണമേഖലയെ തകർക്കാനുള്ള കേന്ദ്രസർക്കാർ നീക്കം എന്ത് വിലകൊടുത്തും പ്രതിരോധിക്കുമെന്ന പ്രഖ്യാപനമായി പ്രൈമറി അഗ്രികൾച്ചറൽ ക്രെഡിറ്റ് കോ–-ഓപ്പറേറ്റീവ് സൊസൈറ്റീസ് അസോസിയേഷൻ കണ്ണൂർ സ്റ്റേഡിയം കോർണറിൽ സംഘടിപ്പിച്ച സഹകരണ സംരക്ഷണ കൂട്ടായ്മ.
സഹകരണമേഖലയെ കരിവാരിത്തേച്ച് തെരഞ്ഞെടുപ്പിൽ രാഷ്ട്രീയലാഭം നേടാൻ ശ്രമിക്കുന്ന ബിജെപിക്കും നുണക്കഥകൾ മെനയുന്ന മാധ്യമങ്ങൾക്കുമെതിരെ ശക്തമായ ജനരോഷം കൂട്ടായ്മയിൽ അലയടിച്ചു. കേരളത്തിന്റെ സമാന്തര സാമ്പത്തിക ശ്രോതസ്സായ സഹകരണ പ്രസ്ഥാനങ്ങളെ തകർക്കാൻ ഒരു ശക്തിയെയും അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ച് ആയിരങ്ങൾ കൂട്ടായ്മയിൽ അണിചേർന്നു. മന്ത്രി വി എൻ വാസവൻ ഉദ്ഘാടനം ചെയ്തു.
സംസ്ഥാന ജനറൽ സെക്രട്ടറി പി പി ദാമോദരൻ അധ്യക്ഷനായി. സിപിഐ എം ജില്ലാ സെക്രട്ടറി എം വി ജയരാജൻ, കെഎസ്‌കെടിയു സംസ്ഥാന സെക്രട്ടറി എൻ ചന്ദ്രൻ, സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ എം പ്രകാശൻ, കാരായി രാജൻ, കെസിഇയു ജില്ലാ സെക്രട്ടറി കെ വി പ്രജീഷ്, സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ പി മുകുന്ദൻ, കെ ശ്രീധരൻ, ടി അനിൽ എന്നിവർ സംസാരിച്ചു. പിഎസിഎസ് അസോസിയേഷൻ ജില്ലാ സെക്രട്ടറി എൻ ശ്രീധരൻ സ്വാഗതം പറഞ്ഞു.