സംഘങ്ങളുടെ കണ്‍സോര്‍ഷ്യമുണ്ടാക്കി വ്യവസായ സംരംഭങ്ങളില്‍ നിക്ഷേപം നടത്തും -സഹകരണ മന്ത്രി

Deepthi Vipin lal

സഹകരണ സംഘങ്ങളുടെ കണ്‍സോര്‍ഷ്യമുണ്ടാക്കി പ്രാദേശിക തലത്തില്‍ വ്യവസായ സംരംഭങ്ങളില്‍ നിക്ഷേപം നടത്താനാ വശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് വ്യവസായ വകുപ്പ് സംഘടിപ്പിച്ച സംരംഭക വര്‍ഷം പരിപാടിയില്‍ സഹകരണ മന്ത്രി വി.എന്‍.വാസവന്‍ അറിയിച്ചു. സംസ്ഥാനത്തെ സഹകരണ ബാങ്ക് പ്രസിഡന്റ്മാരുമായി വ്യവസായ വകുപ്പ് മന്ത്രി പി. രാജീവും ഉദ്യോഗസ്ഥരും ഓണ്‍ ലൈനില്‍ സംവദിക്കുന്ന പരിപാടിയിലാണ് സഹകരണ വകുപ്പിന്റെ പൂര്‍ണ പിന്തുണ മന്ത്രി വാഗ്ദാനം ചെയ്തത്.

സംസ്ഥാനത്തെ സഹകരണ സംഘങ്ങള്‍ 336 വ്യത്യസ്ത ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിച്ചു വിപണിയില്‍ എത്തിക്കുന്നുണ്ട്. കൂടുതല്‍ സഹകരണ സംഘങ്ങള്‍ ഇത്തരം സംരംഭങ്ങളുമായി മുന്നോട്ട് വരുകയും ചെയ്യുന്നുണ്ട്. ഓരോ പ്രദേശത്തുമുള്ള വ്യവസായ സംരംഭങ്ങള്‍ വിലയിരുത്തുകയാണെങ്കില്‍ മിച്ച ധനമുള്ള സഹകരണ സംഘങ്ങളുടെ കണ്‍സോര്‍ഷ്യം മേഖലാടിസ്ഥാനത്തിലോ ജില്ലാ അടിസ്ഥാനത്തിലോ രൂപീകരിച്ച് നിക്ഷേപം നടത്താന്‍ കഴിയും. സഹകരണ സംഘങ്ങളെ യൂണിറ്റായി കണ്ട് വ്യവസായ സംരംഭം തുടങ്ങുകയും വിജയമാണെന്നു കണ്ടാല്‍ വിപുലമാക്കുകയും ചെയ്യാവുന്നതാണ്. ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുകയല്ല വിപണി കണ്ടെത്തുകയെന്നതാണ് പ്രധാന പ്രശ്‌നം. പല സഹകരണ സംഘങ്ങള്‍ക്കും അവരുടെ ഉല്‍പ്പന്നങ്ങളുടെ നിര്‍മ്മാണച്ചെലവ് തിരിച്ചു നല്‍കാന്‍ കഴിഞ്ഞാല്‍ത്തന്നെ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കാന്‍ കഴിയും. വ്യവസായ വകുപ്പിന്റെ സംരംഭങ്ങള്‍ സ്ഥാപിക്കുമ്പോള്‍ ഉല്‍പ്പന്നങ്ങള്‍ക്ക് വിപണി കണ്ടെത്താനും ശ്രദ്ധിക്കണം. ഇതിനായി പ്രത്യേകം മാര്‍ക്കറ്റിംഗ് വിഭാഗം പ്രവര്‍ത്തിക്കുകയും വേണം. മാത്രമല്ല പദ്ധതികളുടെ നിരീക്ഷണത്തിലും പരിശോധനയിലും സഹകരണ വകുപ്പിനും പങ്കാളിത്തം ആവശ്യമാണ്. സംരംഭങ്ങള്‍ക്ക് മുതല്‍ മുടക്കുന്നവരെന്ന നിലയില്‍ നിരീക്ഷണത്തിനുള്ള അവസരം കൂടി ലഭിക്കുകയാണെങ്കില്‍ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമാക്കാന്‍ കഴിയും. മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍, പ്രത്യേകിച്ച് പച്ചക്കറിയും ഭക്ഷ്യ ഉല്‍പ്പന്നങ്ങളും, സംഭരിക്കുന്നതിനുള്ള ശീതീകരണ സംവിധാനങ്ങളുണ്ടെങ്കില്‍ കൂടുതല്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കാന്‍ കഴിയും. ശീതീകരണ സംവിധാനങ്ങളുള്ള വാഹനങ്ങള്‍ കൂടി ലഭ്യമാക്കണം -മന്ത്രി വാസവന്‍ പറഞ്ഞു.

വ്യവസായ വകുപ്പില്‍ നിന്നുള്ള സംരംഭകത്വ നിര്‍ദേശങ്ങളോട് പൂര്‍ണമായും സഹകരിക്കാന്‍ സഹകരണ വകുപ്പ് തയ്യാറാണെന്നും ജില്ല തിരിച്ചോ മേഖല തിരിച്ചോ മിച്ചഫണ്ടുള്ള സഹകരണ സംഘങ്ങളുടെ പട്ടിക തയ്യാറാക്കി കണ്‍സോര്‍ഷ്യം രൂപീകരിക്കുന്നതിനും മൂലധനം സ്വരൂപിക്കുന്നതിനുമുള്ള എല്ലാ നടപടികളും സഹകരണ വകുപ്പിന്റെ ഭാഗത്തു നിന്നുണ്ടാകുമെന്നും ഓണ്‍ലൈന്‍ യോഗത്തില്‍ സഹകരണ മന്ത്രി വാസവന്‍ ഉറപ്പു നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *

Latest News