സംഘങ്ങളുടെ രജിസ്‌ട്രേഷന്‍ മുതല്‍ പ്രവര്‍ത്തനം അവസാനിപ്പിക്കല്‍വരെ എല്ലാം ഓണ്‍ലൈനാക്കി സെന്‍ട്രല്‍ രജിസ്ട്രാര്‍

moonamvazhi

കേന്ദ്ര സഹകരണ മന്ത്രാലയത്തിന് കീഴിലുള്ള സംഘങ്ങളുമായി ബന്ധപ്പെട്ട എല്ലാകാര്യങ്ങളും ഓണ്‍ലൈന്‍ രീതിയിലേക്ക് മാറ്റി. ഇതിനായി കേന്ദ്ര സഹകരണ സംഘം രജിസ്ട്രാറുടെ ഓഫീസില്‍ പുതിയ ഡിജിറ്റല്‍ പോര്‍ട്ടല്‍ തയ്യാറാക്കിയ ഒരു സഹകരണ സംഘത്തിന്റെ രജിസ്‌ട്രേഷന്‍ മുതല്‍ അതിന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതുവരെയുള്ള എല്ലാ നടപടികളും ഓണ്‍ലൈനായിരിക്കും. കേന്ദ്ര സഹകരണ സംഘം രജിസ്ട്രാറുടെ ഓഫീസ് പൂര്‍ണമായും കടലാസുരഹിത ഓഫിസായി ഇതോടെ മാറി.

മള്‍ട്ടി സ്റ്റേറ്റ് സഹകരണ സംഘങ്ങളുടെ പ്രവര്‍ത്തനങ്ങളുടെ ക്രമീകരണത്തിനായി 11 മോഡ്യൂളുകളാണ് കേന്ദ്ര രജിസ്ട്രാറുടെ പോര്‍ട്ടിലില്‍ തയ്യാറാക്കിയിട്ടുള്ളത്. രജിസ്‌ട്രേഷന്‍, ബൈലോകളുടെ ഭേദഗതി, വാര്‍ഷിക റിട്ടേണ്‍ ഫയലിംഗ്, അപ്പീല്‍, ഓഡിറ്റ്, പരിശോധന, അന്വേഷണം, ആര്‍ബിട്രേഷന്‍, വൈന്‍ഡിങ് അപ് ആന്‍ഡ് ലിക്യുഡേഷന്‍, ഓംബുഡ്‌സ്മാന്‍, തിരഞ്ഞെടുപ്പ് എന്നിവയാണിത്. ഇത് സംബന്ധിച്ച് സംഘങ്ങള്‍ക്കുള്ള അറിയിപ്പുകളും മറുപടിയും റിപ്പോര്‍ട്ടുകളും ഓണ്‍ലൈനായാണ് നല്‍കുക. രജിസ്‌ട്രേഷന്‍ ലഭിച്ച സംഘത്തിന് ഇ-രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റാണ് ലഭിക്കുക. സംഘങ്ങളുടെ പ്രവര്‍ത്തനം സംബന്ധിച്ച് അംഗങ്ങള്‍ക്ക് പരാതിയുണ്ടെങ്കില്‍ അതും ഓണ്‍ലൈനായി സെന്‍ട്രല്‍ രജിസ്ട്രാര്‍ക്ക് കൈമാറാം. ഓരോ ഫയലും കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥനെ സംബന്ധിച്ചുള്ള വിവരങ്ങളും ഓണ്‍ലൈനായി ലഭ്യമാകും. അതിനാല്‍, ഉദ്യോഗസ്ഥര്‍ ഫയല്‍ പിടിച്ചുവെക്കുന്ന രീതിയും ഇല്ലാതാകും. പരാതികള്‍ പരിശോധിച്ച് നിശ്ചിത ദിവസത്തിനകം മറുപടി നല്‍കണമെന്ന നിര്‍ദ്ദേശവും സെന്‍ട്രല്‍ രജിസ്ട്രാര്‍ നല്‍കുന്നുണ്ട്.

സഹകരണ സംഘങ്ങള്‍ക്ക് പദ്ധതി നിര്‍വഹണവും പുതിയ പദ്ധതി രേഖ സമര്‍പ്പിക്കലുമെല്ലാം എളുപ്പമാക്കുക എന്നതും കമ്പ്യൂട്ടറൈസേഷന്റെ ലക്ഷ്യമാണ്. മള്‍ട്ടി സ്റ്റേറ്റ് കോഓപ്പറേറ്റീവ് സൊസൈറ്റി നിയമങ്ങളും ചട്ടങ്ങളും കാര്യക്ഷമമായി വേഗത്തില്‍ നടപ്പാക്കുക, സഹകരണ സംഘങ്ങള്‍ക്ക് ബിസിനസ്സ് ചെയ്യാനുള്ള എളുപ്പം സൃഷ്ടിക്കുക, ഡിജിറ്റല്‍ ആശയവിനിമയം, സുതാര്യമായ പ്രോസസ്സിംഗ് എന്നിവയാണ് ഇതിന്റെ ലക്ഷ്യമെന്ന് കേന്ദ്ര സഹകരണ മന്ത്രാലയം വിശദീകരിക്കുന്നു. ഇതിനായി പ്രത്യേക മാനേജ്‌മെന്റ് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം കേന്ദ്ര സഹകരണ സംഘം രജിസ്ട്രാര്‍ ഓഫീസില്‍ നടപ്പാക്കുന്നുണ്ട്.

2002 ലെ മള്‍ട്ടി സ്റ്റേറ്റ് നിയമവും അതില്‍ പുതുതായി വരുത്തിയ ഭേദഗതികളും പുതിയ പോര്‍ട്ടലില്‍ ഉള്‍പ്പെടുത്തും. ഇലക്ട്രോണിക് രീതിയില്‍ തന്നെയാകും അപേക്ഷകളും സേവനങ്ങളും പോര്‍ട്ടലിലൂടെ കൈകാര്യം ചെയ്യുക. ഒ.ടി.പി. അടിസ്ഥാനമാക്കിയുള്ള ഉപയോക്തൃ രജിസ്‌ട്രേഷന്‍, വീഡിയോ കോണ്‍ഫറന്‍സിലൂടെ കേള്‍ക്കല്‍, രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് വിതരണം, ഇലക്ട്രോണിക് ആശയവിനിമയം എന്നിവയ്ക്കുള്ള വ്യവസ്ഥകളും ഇതില്‍ ഉണ്ടായിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *

Latest News