വ്യത്യസ്ത പ്രൊജക്ടുകളുമായി 27 യുവജന സഹകരണ സംഘങ്ങള്‍ പ്രവര്‍ത്തനം തുടങ്ങി

Deepthi Vipin lal

കേരള സര്‍ക്കാരിന്റെ നൂറു ദിന കര്‍മപരിപാടിയില്‍പ്പെടുത്തി രൂപം കൊടുത്തിട്ടുള്ള യുവജന സഹകരണ സംഘങ്ങള്‍ തിങ്കളാഴ്ച പ്രവര്‍ത്തനം തുടങ്ങി. 18 – 45 പ്രായപരിധിയില്‍പ്പെട്ടവര്‍ മാത്രം അംഗങ്ങളായിട്ടുള്ള 27 യുവജന സഹകരണ സംഘങ്ങളാണു പ്രവര്‍ത്തനം ആരംഭിച്ചത്. ഇവയിലെല്ലാംകൂടി 675 അംഗങ്ങളാണുള്ളത്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി ഔപചാരിക ഉദ്ഘാടനം നിര്‍വഹിച്ചു.

 

സഹകരണ രംഗത്ത് ഒട്ടേറെ പുതുമകള്‍ സൃഷ്ടിച്ച സംസ്ഥാനമാണു കേരളമെന്നു മുഖ്യമന്ത്രി പറഞ്ഞു. യുവജനങ്ങള്‍ മാത്രം അംഗങ്ങളായിട്ടുള്ള സംഘങ്ങള്‍ ഒരു പ്രത്യേകതയാണ്. 45 വയസ് കഴിഞ്ഞാല്‍ ഈ സംഘങ്ങളിലെ അംഗത്വം അവസാനിക്കണം. എങ്കിലേ സംഘങ്ങളുടെ യുവത്വം നിലനിര്‍ത്താനാവൂ. സഹകരണ മേഖലയില്‍ സര്‍ക്കാര്‍ നടത്തുന്ന ഇടപെടലിന്റെ തുടര്‍ച്ച എന്ന നിലയിലാണു യുവജന സഹകരണ സംഘങ്ങള്‍ രൂപവത്കരിച്ചിട്ടുള്ളത് – അദ്ദേഹം പറഞ്ഞു.

ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള 27 സംഘങ്ങളും വ്യത്യസ്ത പ്രവര്‍ത്തനങ്ങളാണു നടത്തുന്നത്. നാടിന്റെ പൊതുവികസനത്തിനു ഈ സംഘങ്ങളുടെ പ്രവര്‍ത്തനം മുതല്‍ക്കൂട്ടാവും. പ്രാദേശിക വികസനം സാധ്യമാക്കുന്നതില്‍ നമ്മുടെ സഹകരണ മേഖല വലിയ പങ്കാണു വഹിക്കുന്നത്. പൊതു സമൂഹം അര്‍പ്പിക്കുന്ന വിശ്വാസം തകര്‍ക്കില്ലെന്നു തെളിയിച്ചവരാണു നമ്മുടെ ചെറുപ്പക്കാര്‍. അതു നിങ്ങള്‍ നിലനിര്‍ത്തുമെന്ന വിശ്വാസത്തിലാണു ഇത്തരം യുവസംരംഭക സഹകരണ സംഘങ്ങള്‍ തുടങ്ങാനുള്ള കാരണം – മുഖ്യമന്ത്രി പറഞ്ഞു.

തിരുവനന്തപുരം വട്ടിയൂര്‍ക്കാവില്‍ തുടങ്ങുന്ന യൂത്ത് ബ്രിഗേഡ് യുവജന സഹകരണ സംഘത്തിലാണു തുടര്‍ന്നുള്ള ഉദ്ഘാടനച്ചടങ്ങുകള്‍ നടന്നത്. സഹകരണ മന്ത്രി വി.എന്‍. വാസവന്‍, വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി, ഗതാഗത മന്ത്രി ആന്റണി രാജു, മേയര്‍ ആര്യാ രാജേന്ദ്രന്‍ തുടങ്ങിയവര്‍ ചേര്‍ന്നു നിലവിളക്കു കൊളുത്തി ചടങ്ങ് ഉദ്ഘാടനം ചെയ്തു. വി.കെ. പ്രശാന്ത് എം.എല്‍.എ. അധ്യക്ഷത വഹിച്ചു.

ചരിത്ര മുഹൂര്‍ത്തം

സഹകരണ കേരളത്തിലെ യൗവനങ്ങളുടെ ചരിത്ര മുഹൂര്‍ത്തമാണിതെന്നു മന്ത്രി വാസവന്‍ അഭിപ്രായപ്പെട്ടു. യുവാക്കളുടെ നേതൃത്വത്തില്‍ ഇത്തരം വൈവിധ്യമാര്‍ന്ന പ്രൊജക്ടുകള്‍ രാജ്യത്തു മറ്റൊരിടത്തുമുണ്ടാവില്ല. കാര്‍ഷിക, വിദ്യാഭ്യാസ, ആരോഗ്യ, കലാ, സേവന രംഗങ്ങളിലായി 27 പ്രൊജക്ടുകള്‍ – അദ്ദേഹം പറഞ്ഞു.

കേരളം പ്രതിസന്ധി നേരിട്ടപ്പോഴൊക്കെ സഹായഹസ്തവുമായി മുന്നോട്ടു വന്നത് സഹകരണ സംഘങ്ങളാണ്. പ്രളയക്കെടുതിയെത്തുടര്‍ന്നു സഹകരണ സംഘങ്ങള്‍ കെയര്‍ഹോം പദ്ധതിയില്‍ 2600 വീടുകളാണു നിര്‍മിക്കുന്നത്. ഇതില്‍ 2006 എണ്ണം കൈമാറിക്കഴിഞ്ഞു. കോവിഡ് കാലത്തും ഏറെ സഹായങ്ങള്‍ ചെയ്തു. പത്തു വനിതാ സംഘങ്ങള്‍ കോവിഡ് പ്രതിരോധ ഉപകരണങ്ങളുടെ നിര്‍മാണ രംഗത്തേക്കും കടന്നുകഴിഞ്ഞു. മൊബൈല്‍ ഫോണില്ലാത്ത സ്‌കൂള്‍ വിദ്യാര്‍ഥികളുടെ പഠിപ്പ് മുടങ്ങാതിരിക്കാന്‍ സഹകരണ ബാങ്കുകള്‍ വിദ്യാതരംഗിണി പദ്ധതിയില്‍ പലിശരഹിത വായ്പകള്‍ നല്‍കി. 78 കോടി രൂപയാണ് ഈയിനത്തില്‍ ബാങ്കുകള്‍ ഇതുവരെ വായ്പ നല്‍കിയത്. കലാപ്രവര്‍ത്തനങ്ങള്‍ മുടങ്ങിപ്പോയ കലാകാരന്മാരെ സഹായിക്കാന്‍ സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം മാതൃകയില്‍ സഹകരണ സംഘം തുടങ്ങുകയാണ്. സംഘത്തിന്റെ ബൈലോ തയാറായിക്കഴിഞ്ഞു. അടുത്താഴ്ച രജിസ്‌ട്രേഷന്‍ നടക്കും. സഹകരണ മേഖലയുടെ സമഗ്ര പുരോഗതിക്കായി അടുത്തുതന്നെ സര്‍ക്കാര്‍ നിയമനിര്‍മാണം കൊണ്ടുവരും – മന്ത്രി വാസവന്‍ പറഞ്ഞു.

ചടങ്ങില്‍ സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി സ്വാഗതം പറഞ്ഞു. മന്ത്രിമാരായ വി. ശിവന്‍കുട്ടി, ആന്റണി രാജു, മേയര്‍ ആര്യാ രാജേന്ദ്രന്‍, ശാസ്തമംഗലം മോഹന്‍ എന്നിവര്‍ ആശംസ നേര്‍ന്നു. സഹകരണ യൂണിയന്‍ ചെയര്‍മാന്‍ കോലിയക്കോട് കൃഷ്ണന്‍ നായര്‍, കെ.സി. വിക്രമന്‍ തുടങ്ങിയവരും പങ്കെടുത്തു. ബിനോയ്കുമാര്‍ നന്ദി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Latest News