വൈദ്യനാഥന്‍ പറഞ്ഞതല്ലേ കേരളത്തില്‍ നടപ്പാവുന്നത് ?

Deepthi Vipin lal

(2020 സെപ്റ്റംബര്‍ ലക്കം)

– കെ. സിദ്ധാര്‍ഥന്‍

പ്രൊഫ. എ. വൈദ്യനാഥന്‍ അധ്യക്ഷനായ കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ട് ഒന്നര പതിറ്റാണ്ടായി. സഹകരണ സംഘങ്ങളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്താനുള്ള സമഗ്ര പാക്കേജ് നടപ്പാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ഇതിലൂടെ ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍, പല കാരണങ്ങളാല്‍ കേരളം റിപ്പോര്‍ട്ടിനോട് യോജിച്ചില്ല. ഇതിലൂടെ നമുക്ക് കിട്ടേണ്ടിയിരുന്ന 1600 കോടി രൂപയുടെ കേന്ദ്രസഹായം നഷ്ടപ്പെടുത്തി എന്നു മാത്രമല്ല നിരാകരിച്ച നിര്‍ദേശങ്ങള്‍ പലതും പിന്നീട് പല രൂപത്തില്‍ നടപ്പാക്കേണ്ടിയും വന്നു എന്നതാണ് വൈരുധ്യം

കേ രളത്തിലെ സഹകരണ മേഖലയില്‍ ഏറെ ചര്‍ച്ചകള്‍ക്ക് വഴിവെച്ചതാണ് വൈദ്യനാഥന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട്. ഹ്രസ്വകാല ഗ്രാമീണ വായ്പാ സംവിധാനത്തിന്റെ പുനരുദ്ധാരണം ലക്ഷ്യമിട്ട് 2004 ആഗസ്റ്റിലാണ് കേന്ദ്ര സര്‍ക്കാര്‍ പ്രൊഫ. എ. വൈദ്യനാഥന്‍ അധ്യക്ഷനായ ഒരു സമിതിയെ നിയോഗിക്കുന്നത്. 2005 ഫെബ്രുവരി നാലിന് ഈ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഈ റിപ്പോര്‍ട്ട് 2005 ജൂണ്‍ 27ന് ദേശീയ വികസന കൗണ്‍സിലിലും സെപ്റ്റംബര്‍ 9, 29 തീയതികളില്‍ സംസ്ഥാന മുഖ്യമന്ത്രിമാരുടെയും സഹകരണ-ധനകാര്യ വകുപ്പ് മന്ത്രിമാരുടെയും യോഗത്തിലും അവതരിപ്പിച്ചു. സമഗ്ര ചര്‍ച്ചയാണ് യോഗത്തില്‍ ഈ റിപ്പോര്‍ട്ടിന്മേലുണ്ടായത്. ചര്‍ച്ചകളില്‍ ഉരുത്തിരിഞ്ഞുവന്ന നിര്‍ദേശങ്ങള്‍ കൂടി കണക്കിലെടുത്ത് റിപ്പോര്‍ട്ടില്‍ ചില മാറ്റങ്ങള്‍ കേന്ദ്ര ധന മന്ത്രാലയം വരുത്തി. മാറ്റം വരുത്തിയ ഭാഗം കൂടി ഉള്‍പ്പെടുത്തി എല്ലാ സംസ്ഥാനങ്ങള്‍ക്കും റിപ്പോര്‍ട്ട് അയച്ചുകൊടുത്തു. റിപ്പോര്‍ട്ടനുസരിച്ച് പുനരുദ്ധാരണ പാക്കേജ് തയാറാക്കുന്നതിനുള്ള മുന്നോടിയായിട്ടായിരുന്നു ഇത്. സംസ്ഥാനങ്ങളുടെ നിര്‍ദേശം കൂടി പരിഗണിച്ച് പാക്കേജ് തയാറാക്കുകയായിരുന്നു ലക്ഷ്യം.

പ്രൊഫ. എ. വൈദ്യനാഥന്‍

ഗ്രാമീണ സമ്പദ് വ്യവസ്ഥയില്‍, പ്രത്യേകിച്ച് കാര്‍ഷിക മേഖലയില്‍, സഹകരണ സംഘങ്ങള്‍ക്കുള്ള പങ്ക് നിര്‍ണായകമാണെന്ന് കേന്ദ്ര സര്‍ക്കാരും റിസര്‍വ് ബാങ്കും നബാര്‍ഡും വിവിധ കാലങ്ങളില്‍ നിയോഗിച്ച പഠനസമിതികള്‍ വിലയിരുത്തിയിട്ടുണ്ട്. കാര്‍ഷിക വായ്പാ സഹകരണ സംഘങ്ങള്‍ ഇല്ലായിരുന്നെങ്കില്‍ ഇന്ത്യയിലെ ഗ്രാമീണ സാമ്പത്തിക അവസ്ഥ എത്രയോ പരിതാപകരമാകുമായിരുന്നുവെന്നാണ് നബാര്‍ഡ് ചൂണ്ടിക്കാട്ടിയിട്ടുള്ളത്. എന്നാല്‍, പ്രാഥമിക സംഘങ്ങളുടെ പ്രശ്‌നങ്ങള്‍ ഏറെയാണ്. മൂലധനത്തിന്റെ അപര്യാപ്തതയും സാങ്കേതികമായ പരിമിതിയും സഹകരണ സംഘങ്ങളെ അലട്ടുന്നുണ്ടെന്നാണ് കേന്ദ്ര ഏജന്‍സികള്‍ വിലയിരുത്തിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് സഹകരണ സംഘങ്ങളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിന് സമഗ്രമായ പാക്കേജ് തയാറാക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത്. അതിന്റെ അടിസ്ഥാനത്തിലുള്ള ചുവടുവെപ്പായിരുന്നു വൈദ്യനാഥന്‍ കമ്മീഷന്റെ നിയമനം.

പ്രാഥമിക സംഘങ്ങളെ മാറ്റിയെടുക്കണം

ഇന്ത്യയിലെ ഗ്രാമീണ ജനതയുടെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ പാകത്തില്‍ പ്രാഥമിക തലത്തില്‍ സഹകരണ സംഘങ്ങളെ മാറ്റണമെന്നായിരുന്നു വൈദ്യനാഥന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിലെ ഉള്ളടക്കം. ചെറുകിട-നാമമാത്ര കര്‍ഷകരുടെ ആവശ്യങ്ങള്‍ നിര്‍വഹിക്കാന്‍ പാകത്തില്‍ ഇത്തരം സഹകരണ സംഘങ്ങള്‍ മാറണം. അതിന് ഇന്നത്തെ നിലയിലുള്ള സഹായവും പ്രവര്‍ത്തനരീതിയും മതിയാവില്ല. നല്ല ഭരണ നേതൃത്വവും ചലനാത്മകമാക്കാന്‍ ശേഷിയുള്ള സാങ്കേതിക സംവിധാനങ്ങളും സംഘങ്ങള്‍ക്കുണ്ടാവണം. ഇതിന് നിയമ പരിഷ്‌കരണം വേണ്ടിവരും. ഭരണ-നിയന്ത്രണ വ്യവസ്ഥകള്‍ പരിഷ്‌കരിക്കണം. പര്യാപ്തമായ സാമ്പത്തിക ശേഷിയും ജനാധിപത്യ സ്വയംഭരണ പരമാധികാരവുമുള്ള സ്ഥാപനങ്ങളാക്കി സഹകരണ സംഘങ്ങളെ മാറ്റണമെന്നാണ് വൈദ്യനാഥന്‍ റിപ്പോര്‍ട്ട് മുന്നോട്ടുവെച്ചത്.

ഈ നിര്‍ദേശങ്ങളുടെ പൊരുളിനോട് കേരളമുള്‍പ്പടെ ഒരു സംസ്ഥാനത്തിനും എതിര്‍പ്പുണ്ടായിരുന്നില്ല. എന്നാല്‍, ഭരണ-നിയന്ത്രണ മാറ്റത്തിനായി റിപ്പോര്‍ട്ടിലും റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തയാറാക്കിയ പുനരുദ്ധാരണ പാക്കേജിലും നിര്‍ദേശിച്ച വ്യവസ്ഥകളില്‍ കേരളം ശക്തമായ വിയോജിപ്പ് പ്രകടിപ്പിച്ചു. സംഘങ്ങളെ സ്വയംപര്യാപ്തമാക്കാന്‍ നിര്‍ദേശിച്ച വ്യവസ്ഥകള്‍ പലതും സംസ്ഥാനത്തിന്റെ അധികാരങ്ങള്‍ കവര്‍ന്നെടുക്കുന്നതാണെന്നായിരുന്നു കേരളത്തിന്റെ വിലയിരുത്തില്‍. ഈ വ്യവസ്ഥകള്‍ അംഗീകരിച്ചാല്‍ കേരളത്തിലെ സഹകരണ മേഖലയെ അത് ദോഷമായി ബാധിക്കുമെന്നാണ് സര്‍ക്കാരും സഹകാരികളും ചൂണ്ടിക്കാണിച്ചത്. കേന്ദ്രത്തിന്റെ പുനരധിവാസ പാക്കേജനുസരിച്ച് കേരളത്തിന് 1600 കോടി രൂപയോ അതിലധികമോ സാമ്പത്തിക സഹായം ലഭിക്കുമായിരുന്നു. അത് ലഭിക്കണമെങ്കില്‍ പുനരുദ്ധാരണ പാക്കേജിന്റെ ഭാഗമായുള്ള നിബന്ധനങ്ങള്‍ അംഗീകരിച്ചുകൊണ്ട് കേരളം ധാരണാപത്രം ഒപ്പിടണം. എന്നാല്‍, സംസ്ഥാനം നിര്‍ദേശിക്കുന്ന ഭേദഗതികളോടെയല്ലാതെ ധാരണാപത്രം ഒപ്പിടാനാവില്ലെന്നാണ് കേരളം സ്വീകരിച്ച നിലപാട്.

കേരളത്തിന് വിയോജിപ്പ്

2008 ജുലായ് അഞ്ച് വരെയായിരുന്നു ധാരണാപത്രം ഒപ്പിടാനുള്ള സമയപരിധി. വൈദ്യനാഥന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിലെ ഒമ്പത് നിര്‍ദേശങ്ങളോടാണ് കേരളത്തിന് വിയോജിപ്പുണ്ടായിരുന്നത്. ഇക്കാര്യത്തില്‍ കേരളത്തിനുള്ള ആശങ്കകളും വിയോജിപ്പുകളും 2005 ജൂണ്‍ മൂന്നിന് സഹകരണ വകുപ്പ് സെക്രട്ടറി നബാര്‍ഡിനെ അറിയിച്ചിരുന്നു. കേരളത്തിന്റെ വിയോജിപ്പുകള്‍ അംഗീകരിച്ച് പാക്കേജ് നടപ്പാക്കണമെന്നായിരുന്നു ആവശ്യം. അല്ലെങ്കില്‍, കേരളത്തിലെ സഹകരണ മേഖലയ്ക്ക് അനുയോജ്യമായ രീതിയില്‍ പാക്കേജ് നടപ്പാക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ പ്രത്യേക അനുമതി നല്‍കണമെന്നും ആവശ്യപ്പെട്ടിരുന്നു. ഇതൊന്നും അംഗീകരിക്കപ്പെട്ടില്ല. ഇക്കാര്യത്തില്‍ പലവട്ടം പല തട്ടിലായി ചര്‍ച്ച നടന്നിട്ടും കേരളത്തിന്റെ ആശങ്കള്‍ക്ക് പരിഹാരമുണ്ടാക്കാനായില്ല. ഒടുവില്‍ ധാരണാപത്രം ഒപ്പിടാതെ കേന്ദ്ര പാക്കേജില്‍നിന്ന് കേരളം പുറത്തായി. വൈദ്യനാഥന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന് ശേഷം ഒന്നര പതിറ്റാണ്ട് സഹകരണ മേഖല കടന്നുപോയി. കേരളത്തിലെ സഹകരണ രംഗത്ത് ഒട്ടേറെ മാറ്റങ്ങളുണ്ടായി. അന്നത്തെ നിബന്ധനകളെക്കുറിച്ച് ഇന്ന് ഒരു പുനപ്പരിശോധന നടത്തിയാല്‍, വൈദ്യനാഥന്‍ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയതെല്ലാം ഒരു രീതിയില്‍ അല്ലെങ്കില്‍ മറ്റൊരു രീതിയില്‍ കേരളം നടപ്പാക്കിക്കഴിഞ്ഞുവെന്ന് തിരിച്ചറിയേണ്ടിവരും. അപ്പോള്‍, പ്രാഥമിക സംഘങ്ങളുടെ പുനരുദ്ധാരണത്തിനായി കേന്ദ്രപാക്കേജിലൂടെ കേരളത്തിന് ലഭിക്കേണ്ട 1600 കോടിയുടെ നഷ്ടം മാത്രമാണോ നമുക്കുണ്ടായത് ? അതുവഴി സംഘങ്ങള്‍ക്കുണ്ടാകേണ്ട വളര്‍ച്ചയെ പിടിച്ചുനിര്‍ത്തിയ മണ്ടന്‍ തീരുമാനമായിരുന്നോ കേരളം കൈകൊണ്ടത് ? ഇതിന് ഉത്തരം കിട്ടാന്‍ കേരളം വിയോജിച്ച ഒമ്പത് നിര്‍ദേശങ്ങളും അതിന് ഇന്നുണ്ടായ പരിണാമവും പരിശോധിക്കാം.

1. സഹകരണ വായ്പാ സംഘങ്ങളിലെ ഓഹരി മൂലധനത്തില്‍ സര്‍ക്കാര്‍ വഹിക്കുന്ന പങ്കാളിത്തം പൂര്‍ണമായും അവസാനിപ്പിക്കണമെന്നും കേന്ദ്ര-അപ്പക്‌സ് സംഘങ്ങളുടെ ഭരണ സമിതികളില്‍ സര്‍ക്കാര്‍ നോമിനേഷന്‍ പാടില്ലെന്നുമുള്ള നിര്‍ദേശത്തോടാണ് കേരളം ആദ്യം വിയോജിപ്പ് അറിയിച്ചത്. സര്‍ക്കാര്‍ഓഹരി സംഘങ്ങള്‍ മടക്കി നല്‍കണമെന്നാണ് പുനരുദ്ധാരണ പാക്കേജ് തയാറാക്കിയ ടാസ്‌ക് ഫോഴ്‌സ് നിര്‍ദേശിച്ചത്. കേരളം മാത്രമല്ല, ഈ നിര്‍ദേശത്തെ എതിര്‍ത്തത്. കേരളത്തിലുള്ളതിനേക്കാളേറെ മറ്റു പല സംസ്ഥാനങ്ങളിലും സഹകരണ വായ്പാസംഘങ്ങളില്‍ സര്‍ക്കാരിന് ഓഹരിപങ്കാളിത്തമുണ്ട്. ഈ സാഹചര്യം വിലയിരുത്തി, ഈ വ്യവസ്ഥയില്‍ മാറ്റം വരുത്താന്‍ കേന്ദ്രം തുടക്കത്തില്‍ത്തന്നെ തയാറായിരുന്നു. സര്‍ക്കാരിന്റെ ഓഹരിപങ്കാളിത്തം, സംഘത്തിന്റെ മൊത്തം പിരിഞ്ഞുകിട്ടിയ ഓഹരിയുടെ 25 ശതമാനത്തില്‍ കൂടാന്‍ പാടില്ലെന്നായിരുന്നു പാക്കേജ് അംഗീകരിക്കുന്നതിനായി നല്‍കിയ പുതുക്കിയ നിര്‍ദേശം. ഇത് കേരളത്തിന് വലിയ ദോഷം ചെയ്യുന്ന വ്യവസ്ഥയായിരുന്നില്ല.

കേന്ദ്ര- അപ്പക്‌സ് സംഘങ്ങളില്‍ സര്‍ക്കാര്‍ നോമിനികള്‍ പാടില്ലെന്ന റിപ്പോര്‍ട്ടിലെ നിര്‍ദേശത്തിലും പിന്നീട് കേന്ദ്രം ഇളവ് വരുത്തിയിരുന്നു. സര്‍ക്കാര്‍ നോമിനികളുടെ എണ്ണം ഒന്നു മതി എന്നായിരുന്നു പിന്നീടുള്ള വ്യവസ്ഥ. മൂന്നംഗങ്ങളെ നോമിനേറ്റ് ചെയ്യാവുന്ന വ്യവസ്ഥയാണ് കേരളത്തിലുള്ളത്. ഇക്കാര്യത്തില്‍ കേന്ദ്ര നിര്‍ദേശം അംഗീകരിച്ചിരുന്നെങ്കില്‍പ്പോലും അത് സഹകരണ മേഖലയ്ക്ക് ദോഷം ചെയ്യുന്നതല്ല. അതായത്, ഒന്നാമത്തെ വ്യവസ്ഥയില്‍ത്തന്നെ കേരളത്തിന്റെ വിയോജിപ്പ് ഒരുപരിധിവരെ കേന്ദ്രം അംഗീകരിച്ചിരുന്നുവെന്നര്‍ഥം.

മൂലധന പര്യാപ്തത

2. വാണിജ്യ ബാങ്കുകള്‍ക്ക് ബാധകമായ പ്രുഡന്‍ഷ്യല്‍ നോംസ് സഹകരണ ബാങ്കുകള്‍ക്കും ബാധകമാക്കണമെന്നതാണ് രണ്ടാമത്തെ നിര്‍ദേശം. ഇതനുസരിച്ച് റിസര്‍വ് ബാങ്ക് നിര്‍ദേശിക്കുന്ന മൂലധന പര്യാപ്തത സഹകരണ ബാങ്കുകളും പാലിക്കേണ്ടതുണ്ട്. സംസ്ഥാന-ജില്ലാ ബാങ്കുകള്‍ക്ക് ആ ഘട്ടത്തില്‍ത്തന്നെ ഈ നിര്‍ദേശം ബാധകമായിരുന്നു. 1996 മുതല്‍ ജില്ലാ ബാങ്കുകള്‍ക്ക് പ്രുഡന്‍ഷ്യല്‍ നോംസ് ബാധകമാണ്. എന്നാല്‍, കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയത് സഹകരണ വായ്പാ മേഖലയുടെ മൂന്നു തട്ടിലും മൂലധനപര്യാപ്ത നിബന്ധന ബാധകമാക്കണമെന്നാണ്. അതായത്, ഈ വ്യവസ്ഥ പ്രാഥമിക സഹകരണ ബാങ്കുകള്‍ക്കും ബാധകമാകും.ഹ്രസ്വകാല വായ്പാഘടനയിലെ എല്ലാ സഹകരണ ബാങ്കുകള്‍ക്കും ഏഴ് ശതമാനം മൂലധന പര്യാപ്തത കൈവരിക്കുന്നതിന് ആവശ്യമായ തുക ഗ്രാന്റായി കേന്ദ്ര സര്‍ക്കാര്‍ നല്‍കുമെന്നായിരുന്നു പാക്കേജിലെ വാഗ്ദാനം. വായ്പാ സംഘങ്ങള്‍ക്ക് പ്രവര്‍ത്തനശേഷിയും ലാഭക്ഷമതയും കൈവരിക്കുന്നതിന് കിട്ടാക്കടം കുറയ്ക്കുകയും മൂലധനപര്യാപ്തത ഉറപ്പുവരുത്തുകയും വേണമെന്നാണ് പുനരുദ്ധാരണ പാക്കേജില്‍ ചൂണ്ടിക്കാട്ടിയിരുന്നത്.

പ്രാഥമിക സഹകരണ ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് നിര്‍ദേശിക്കുന്ന മൂലധനപര്യാപ്ത എന്ന നിബന്ധന കേരളത്തില്‍ പ്രശ്‌നങ്ങളുണ്ടാക്കുമായിരുന്നു. എന്നാല്‍, പുതിയ ബാങ്കിങ് നിയന്ത്രണ നിയമ ഭേദഗതി ഓര്‍ഡിനന്‍സിലൂടെ ഫലത്തില്‍ ഈ ഘട്ടത്തിലേക്ക് പ്രാഥമിക സഹകരണ ബാങ്കുകളും എത്തിയിരിക്കുകയാണ്. പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണ സംഘങ്ങള്‍ പ്രാഥമിക സഹകരണ ബാങ്കുകളായി പ്രവര്‍ത്തിക്കണമെങ്കില്‍ റിസര്‍വ് ബാങ്കിന്റെ ലൈസന്‍സ് എടുക്കണമെന്നാണ് പുതിയ നിബന്ധന. അത് നടപ്പായാല്‍ പ്രുഡന്‍ഷ്യല്‍ നോംസും മൂലധന പര്യാപ്തത നിബന്ധനയും എല്ലാ പ്രാഥമിക ബാങ്കുകളും പാലിക്കേണ്ടിവരും.

3. സഹകരണ ബാങ്കുകളില്‍ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റുമാരുടെ ഓഡിറ്റ് വേണമെന്നതാണ് മൂന്നാമത്തെ നിര്‍ദേശം. ഇത് ഏറക്കുറെ നടപ്പായിക്കഴിഞ്ഞു. സംസ്ഥാന സഹകരണ ബാങ്കിലും അര്‍ബന്‍ ബാങ്കുകളിലും ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ് ഓഡിറ്റ് വേണമെന്ന് കേന്ദ്ര നിയമത്തില്‍ത്തന്നെ വ്യവസ്ഥ കൊണ്ടുവന്നു. വകുപ്പുതല ഓഡിറ്റ് ഭരണപരമായ കാര്യങ്ങള്‍ക്ക് മാത്രമാക്കി കേന്ദ്രസര്‍ക്കാര്‍ പരിമിതപ്പെടുത്തി. മാത്രവുമല്ല, സംസ്ഥാന ബാങ്കിലും അര്‍ബന്‍ ബാങ്കുകളിലും റിസര്‍വ് ബാങ്കിന് പരിശോധന നടത്താനും അനുമതിയുണ്ട്. നേരത്തെ കേരളം എതിര്‍ത്തതിലും ഒരുപടി കൂടി കടന്ന്, ഭരണസമിതിക്ക് പുറമെ ബോര്‍ഡ് ഓഫ് മാനേജ്‌മെന്റ് എന്ന റിസര്‍വ് ബാങ്കിന്റെ നിയന്ത്രണത്തിലുള്ള പ്രത്യേക സമിതിയും നിലവില്‍ വന്നുകഴിഞ്ഞു. പ്രാഥമിക സഹകരണ ബാങ്കുകളിലും ഇതുതന്നെയാണ് സ്ഥിതി. ആദായ നികുതി ഇളവ് കിട്ടുന്നതിന് ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റിന്റെ ഓഡിറ്റ് റിപ്പോര്‍ട്ടാണ് ആദായ നികുതി വകുപ്പ് പരിഗണിക്കുന്നത്. ഫലത്തില്‍, ഒരേസമയം വകുപ്പുതല ഓഡിറ്റും ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റിന്റെ ഓഡിറ്റും പ്രാഥമിക സഹകരണ ബാങ്കുകളില്‍ ഇപ്പോള്‍ നടത്തേണ്ട സ്ഥിതിയാണ്.

റിസര്‍വ് ബാങ്കിന്റെ നിയന്ത്രണാധികാരം

4. രജിസ്ട്രാറുടെ അധികാരം പരിമിതപ്പെടുത്തി റിസര്‍വ് ബാങ്കിന്റെ നിയന്ത്രണാധികാരം കൂട്ടണമെന്നതാണ് നാലാമത്തെ നിര്‍ദേശം. ഇതിനെ കേരളം ശക്തമായി എതിര്‍ത്തതാണ്. റിസര്‍വ് ബാങ്കിനുള്ള അധികാരങ്ങള്‍ പരിമിതപ്പെടുത്തുകയും രജിസ്ട്രാറുടെ അധികാരം കൂട്ടുകയും വേണമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ കത്തില്‍ ചൂണ്ടിക്കാണിച്ചിരുന്നത്. ഉപദേശക അധികാരം മാത്രമായിരിക്കണം റിസര്‍വ് ബാങ്കിനുണ്ടാകേണ്ടത്. റിസര്‍വ് ബാങ്കിന്റെ നിര്‍ദേശങ്ങള്‍ തള്ളാനും കൊള്ളാനും രജിസ്ട്രാര്‍ക്ക് സ്വാതന്ത്ര്യമുണ്ടാകണമെന്നാണ് കേരളം ആവശ്യപ്പെട്ടത്. ബാങ്കിങ് നിയന്ത്രണ നിയമത്തിലെ വ്യവസ്ഥകള്‍ സഹകരണ ബാങ്കുകള്‍ക്കും ബാധകമാണെന്ന കാര്യം ഉള്‍ക്കൊണ്ടുതന്നെയാണ് കേരളം അന്ന് അങ്ങനെ നിലപാട് സ്വീകരിച്ചത്. സഹകരണ ബാങ്കുകളിലെയും ബാങ്കിങ് കാര്യങ്ങള്‍ മാത്രമേ റിസര്‍വ് ബാങ്കിന്റെ നിയന്ത്രണത്തിലാകാവൂ എന്നായിരുന്നു കേരളത്തിന്റെ കാഴ്ചപ്പാട്.

ഈ കാഴ്ചപ്പാടില്‍നിന്ന് നമ്മള്‍ എത്രയോ മാറി. കള്ളത്തരം ഒളിപ്പിക്കാനുള്ളവരാണ് സഹകരണ ബാങ്കുകളില്‍ റിസര്‍വ് ബാങ്കിന്റെ നിയന്ത്രണം വരുന്നതിനെ എതിര്‍ക്കുന്നത് എന്നാണ് കേരള ബാങ്കിന്റെ ഉദ്ഘാടനച്ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍തന്നെ വിശദീകരിച്ചത്. കേരള ബാങ്കിന്റെ രൂപവ്തകരണത്തിന് റിസര്‍വ് ബാങ്ക് നിര്‍ദേശിച്ച വ്യവസ്ഥകള്‍ ഈ നിയന്ത്രണം ഉറപ്പുവരുത്തുന്നതായിരുന്നു. അതിന്റെ ഭാഗമായാണ് ഇന്ത്യയില്‍ ആദ്യമായി ഒരു സംസ്ഥാന സഹകരണ ബാങ്കില്‍ ബോര്‍ഡ് ഓഫ് മാനേജ്‌മെന്റ് രൂപവത്കരിക്കണമെന്ന നിര്‍ദേശം കേരള ബാങ്കിനുവേണ്ടി റിസര്‍വ് ബാങ്ക് നല്‍കിയത്. സംസ്ഥാന സഹകരണ ബാങ്കിലും അര്‍ബന്‍ ബാങ്കിലും ഭരണസമിതി തിരഞ്ഞെടുപ്പ്, അഡ്മിനിസ്‌ട്രേറ്റീവ് ഓഡിറ്റ് എന്നിവയില്‍ മാത്രമായി സഹകരണ സംഘം രജിസ്ട്രാറുടെ അധികാരം പരിമിതപ്പെട്ടുകഴിഞ്ഞു. ഭരണസമിതിയെ പിരിച്ചുവിടുന്നതിനടക്കം ഇപ്പോള്‍ റിസര്‍വ് ബാങ്കിന് അധികാരമുണ്ട്.

നിക്ഷേപകരുടെ വോട്ടവകാശം

5. പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണ സംഘങ്ങളിലെ നിക്ഷേപകരെ വോട്ടവകാശമുള്ള അംഗങ്ങളാക്കണമെന്നതാണ് അഞ്ചാമത്തെ നിര്‍ദേശം. ഇത് കമ്മീഷന്റിപ്പോര്‍ട്ടില്‍ മാത്രമല്ല, റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ രൂപവത്കരിച്ച ടാസ്‌ക് ഫോഴ്‌സും ആവര്‍ത്തിച്ചതാണ്. കേന്ദ്ര സര്‍ക്കാര്‍ തയാറാക്കിയ പുനരുദ്ധാരണ പാക്കേജിലും ഈ നിര്‍ദേശമുണ്ട്. പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണ സംഘങ്ങള്‍ പൊതുജനങ്ങളില്‍ നിന്നുള്ള നിക്ഷേപം സ്വീകരിക്കരുതെന്നാണ് പാക്കേജിലെ വ്യവസ്ഥ. കേരളം ഒഴികെയുള്ള മറ്റ് സംസ്ഥാനങ്ങളിലെ പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങള്‍ ജില്ലാ ബാങ്ക് നല്‍കുന്ന വായ്പയെ ആശ്രയിച്ച് പ്രവര്‍ത്തിക്കുന്നവയാണ്. അവിടെ അംഗങ്ങളുടെ നിക്ഷേപം തുലോം കുറവാണ്. അതിനാല്‍, കേരളത്തില്‍ പ്രാഥമിക സഹകരണ ബാങ്കുകളായി പ്രവര്‍ത്തിക്കുന്ന ഇത്തരം സംഘങ്ങളെയാണ് ഈ വ്യവസ്ഥ ഏറെ ബാധിക്കുക. അതുകൊണ്ട്, ഇതിനെ സംസ്ഥാനം എതിര്‍ത്തു. ഒപ്പം, ഈ വ്യവസ്ഥ കേരളത്തിലെ പ്രാഥമിക സഹകരണ മേഖലയെ തകര്‍ക്കുന്നതാണെന്ന് കാണിച്ച് പ്രൈമറി കോ-ഓപ്പറേറ്റീവ് സൊസൈറ്റീസ് അസോസിയേഷന്‍ കേന്ദ്ര ധനമന്ത്രിയെ നേരില്‍ക്കണ്ട് നിവേദനവും നല്‍കിയിരുന്നു.

ഇന്നത്തെ അവസ്ഥ ഒന്നു പരിശോധിച്ചുനോക്കൂ. ബാങ്കിങ് നിയന്ത്രണ നിയമത്തിലെ ഭേദഗതി ഓര്‍ഡിനന്‍സില്‍ പറയുന്നത് ഫലത്തില്‍ ഇതേ നിര്‍ദേശമാണ്. പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങള്‍ അംഗങ്ങളില്‍ മാത്രമായി പ്രവര്‍ത്തനം പരിമിതപ്പെടുത്തണമെന്നതാണീ നിര്‍ദേശം. മാത്രവുമല്ല, ആദായനികുതിയുടെ കാര്യത്തില്‍ ആദായനികുതി വകുപ്പും കോടതിയിലടക്കം വാദിക്കുന്നത് ഇതേ കാര്യമാണ്. പല സംഘങ്ങളില്‍നിന്ന് ആദായനികുതി വകുപ്പ് തേടിയ വിവരങ്ങള്‍, അവയുടെ അംഗങ്ങളെക്കുറിച്ചും ഓരോ വിഭാഗം അംഗങ്ങള്‍ക്കുമുള്ള അധികാരാവകാശത്തെക്കുറിച്ചുമാണ്. സംഘങ്ങളുടെ പ്രവര്‍ത്തനത്തിനുള്ള നിക്ഷേപത്തിന്റെ ഏറിയ പങ്കും വോട്ടവകാശമില്ലാത്ത അംഗങ്ങളുടേതും ലാഭവിഹിതം പോകുന്നത് വോട്ടവകാശമുള്ള അംഗങ്ങള്‍ക്കുമാണെന്നാണ് ആദായനികുതി വകുപ്പ് വിലയിരുത്തിയത്. എന്നാല്‍, സംസ്ഥാന നിയമത്തിന്റെ അടിസ്ഥാനത്തിലാണ് സഹകരണ സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. കേരള സഹകരണ സംഘം നിയമത്തില്‍ എല്ലാ വിഭാഗം അംഗങ്ങളും സംഘത്തിന്റെ അംഗങ്ങളാണെന്ന് പറയുന്നുണ്ട്. ഓരോ വിഭാഗം അംഗങ്ങള്‍ക്കും അവരുടേതായ അധികാരാവകാശങ്ങള്‍ നല്‍കിയിട്ടുമുണ്ട്. ഇത് നിലനില്‍ക്കുന്നതുകൊണ്ടാണ് കേന്ദ്ര സ്ഥാപനങ്ങള്‍ക്ക് ഇക്കാര്യത്തില്‍ ഇടപെടാനാകാത്തത്. എന്നാല്‍, സമീപഭാവിയില്‍ നിക്ഷേപം സ്വീകരിക്കുന്നത് വോട്ടവകാശമുള്ള അംഗങ്ങളില്‍നിന്ന് മാത്രമാകണമെന്ന വ്യവസ്ഥ കേന്ദ്ര നിയമത്തില്‍ത്തന്നെ ഉള്‍പ്പെടുത്താനുള്ള സാധ്യത ഏറെയാണ്. നിക്ഷേപകര്‍ക്ക് വോട്ടവകാശം നല്‍കണമെന്നത് ഇതിന്റെ മറ്റൊരു രീതിയിലുള്ള അവതരണമാകും. ആ തരത്തിലായിരിക്കും കേന്ദ്രം ഈ വ്യവസ്ഥ കൊണ്ടുവരിക. അതിന് റിസര്‍വ് ബാങ്കിന്റെ പിന്തുണയുമുണ്ടാകും.

മിച്ചഫണ്ടിന്റെ നിക്ഷേപം

6. പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങള്‍ക്കും ജില്ലാ സഹകരണ ബാങ്കുകള്‍ക്കും അവയുടെ മിച്ചഫണ്ട് എവിടെ വേണമെങ്കിലും നിക്ഷേപിക്കുന്നതിനും എവിടെനിന്നും വായ്പ എടുക്കുന്നതിനും സ്വാതന്ത്ര്യം നല്‍കുന്നതാണ് ആറാമത്തെ നിര്‍ദേശം. സംസ്ഥാന-ജില്ലാ സഹകരണ ബാങ്കുകളുടെ നിലനില്‍പ്പ് അപകടത്തിലാക്കുന്ന നിര്‍ദേശമാണിത് എന്നതാണ് ഇതിനോട് വിയോജിക്കുന്നതിന് കാരണമായി കേരളം വിലയിരുത്തിയത്. അംഗസംഘങ്ങളുടെ വിഭവമനുസരിച്ച് പ്രവര്‍ത്തിക്കുന്നതാണ് കേരളത്തിലെ സഹകരണ വായ്പാ ശ്രൃംഖല. പ്രാഥമിക സഹകരണ ബാങ്കുകളാണ് ഏറ്റവും കൂടുതല്‍ നിക്ഷേപം നേടുന്നത്. ഇത് ജില്ലാ ബാങ്കിലും ജില്ലാ ബാങ്കിന്റെ മിച്ചഫണ്ട് സംസ്ഥാന സഹകരണ ബാങ്കിലും നിക്ഷേപിക്കുന്നതാണ് പൊതുരീതി. അതിനാല്‍, പ്രാഥമിക ബാങ്കുകളുടെ ജനകീയതയും വിശ്വാസ്യതയും സംസ്ഥാന ബാങ്കിന്റെ അടിത്തറയടക്കം ഭദ്രമാക്കുന്നുണ്ട്. അതിനാല്‍, അപ്പക്‌സ് സ്ഥാപനങ്ങളില്‍ മാത്രം മിച്ചഫണ്ട് നിക്ഷേപിക്കുന്ന രീതി തുടരാന്‍ അനുവദിക്കണമെന്നായിരുന്നു കേരളത്തിന്റെ നിലപാട്.

ചട്ടപ്രകാരം അപ്പക്‌സ് സ്ഥാപനങ്ങളിലാണ് ഇന്നും സംഘങ്ങള്‍ മിച്ചഫണ്ട് നിക്ഷേപിക്കേണ്ടതെങ്കിലും അത് ലംഘിക്കാനുള്ള വ്യവസ്ഥയായി മാറിയിട്ടുണ്ട്. അതിന് പല കാരണങ്ങളുണ്ട്. സാങ്കേതിക കാരണമാണ് ഒന്ന്. പുതുതലമുറ ബാങ്കുകളോട് മത്സരിക്കേണ്ട അവസ്ഥയാണ് ഇക്കാലത്ത് പ്രാഥമിക സഹകരണ ബാങ്കുകള്‍ക്കുള്ളത്. അതിനായി ആധുനിക ബാങ്കിങ് സംവിധാനങ്ങള്‍ സഹകരണ ബാങ്കുകള്‍ക്കും നല്‍കേണ്ടതുണ്ട്. റിസര്‍വ് ബാങ്കിന്റെ ലൈസന്‍സില്ലാതെയാണ് പ്രാഥമിക സഹകരണ ബാങ്കുകള്‍ പ്രവര്‍ത്തിക്കുന്നത് എന്നതിനാല്‍ ഈ സംവിധാനങ്ങളൊന്നും അവര്‍ക്ക് സ്വന്തമായി നേടാനാവില്ല. ഇത്തരം ആധുനിക ബാങ്കിങ് ലൈസന്‍സുള്ള ബാങ്കുകളുടെ സബ് മെമ്പര്‍ഷിപ്പില്‍ പൊതുജനങ്ങള്‍ക്ക് സേവനം നല്‍കുകയാണ് പരിഹാരമാര്‍ഗം. ഈ സബ് മെമ്പര്‍ഷിപ്പ് നല്‍കാന്‍ സംസ്ഥാന സഹകരണ ബാങ്കിനുപോലും കഴിഞ്ഞിട്ടില്ല. അതിനാല്‍, പ്രാഥമിക സഹകരണ ബാങ്കുകള്‍ ഈ സേവനം ലഭിക്കുന്നതിന് വാണിജ്യ ബാങ്കുകളെയാണ് ആശ്രയിക്കുന്നത്. അതില്‍ത്തന്നെ, ഏറെയും സ്വകാര്യ വാണിജ്യ ബാങ്കുകളെയാണ്. ഇതിനു പകരം നല്‍കുന്നത് നിക്ഷേപമാണ്. അപ്പക്‌സ് ബാങ്കില്‍ മാത്രം നിക്ഷേപിച്ചാല്‍ മതിയെന്ന വ്യവസ്ഥ ഒഴിവാക്കാനാവാത്ത സാഹചര്യത്തില്‍ ഇവിടെ ലംഘിക്കപ്പെടുന്നു.

ഇനി ഭരണപരമായ പ്രശ്‌നമാണ്. താരതമ്യേന മെച്ചപ്പെട്ട പലിശനിരക്ക് നല്‍കുന്നു എന്നതാണ് സഹകരണ ബാങ്കുകളില്‍ നിക്ഷേപമെത്താന്‍ കാരണം. ഇന്ന് നിക്ഷേപത്തിന്റെ പലിശനിരക്ക് ഗണ്യമായി കുറയ്ക്കുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളത്. ട്രഷറി നിക്ഷേപം കൂട്ടുകയാണ് ഇതിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. അതിനാല്‍, ട്രഷറിയിലെ പലിശ നിരക്ക് സഹകരണ ബാങ്കുകളിലുള്ളതിനേക്കാള്‍ കൂട്ടുകയും ചെയ്തു. ഇത് നിക്ഷേപം പിന്‍വലിക്കുന്ന സ്ഥിതിയുണ്ടാകുമെന്നു തിരിച്ചറിഞ്ഞ പല പ്രാഥമിക സഹകരണ ബാങ്കുകളും പലിശ നിരക്ക് കുറച്ചില്ല. അതിനാല്‍, മിച്ചഫണ്ട് അപ്പക്‌സ് സംഘത്തില്‍ നിക്ഷേപിക്കുന്നത് നഷ്ടത്തിനു വഴിവെക്കുന്ന സ്ഥിതിയായി. ഇത് മറികടക്കാന്‍ പല ഫെഡറല്‍ സഹകരണ സംഘങ്ങളിലും നിക്ഷേപിക്കാന്‍ അവര്‍ തയാറായി. നിര്‍മാണ-മാര്‍ക്കറ്റിങ് രംഗത്തെ സഹകരണ സംഘങ്ങള്‍ക്ക് ഇത്തരം നിക്ഷേപം അവരുടെ പ്രവര്‍ത്തന മൂലധനമായി മാറുന്നതിനാല്‍ ഉയര്‍ന്ന പലിശ നല്‍കാനുമാകും. അതായത്, നിലനില്‍പിന് വേണ്ടിയും സംഘങ്ങള്‍ അപ്പക്‌സ് സംഘങ്ങളില്‍ മാത്രമേ നിക്ഷേപിക്കാവൂ എന്ന വ്യവസ്ഥ ലംഘിക്കപ്പെട്ടു.

ഭരണ സമിതിയിലെ വിദഗ്ധര്‍

7. ബാങ്കിങ് നിയന്ത്രണ നിയമത്തിന്റെ പരിധിയില്‍ വരുന്ന സഹകരണ ബാങ്കുകളുടെ ഭരണസമിതിയില്‍ വിദഗ്ധരെ ഉള്‍പ്പെടുത്തണമെന്നും അവരുടെ യോഗ്യത റിസര്‍വ് ബാങ്ക് നിശ്ചയിക്കുമെന്നുമാണ് ഏഴാമത്തെ നിര്‍ദേശം. ഇത് അംഗീകരിക്കാനാവില്ലെന്നായിരുന്നു കേരളത്തിന്റെ നിലപാട്. സംസ്ഥാന, ജില്ലാ സഹകരണ ബാങ്കുകളും അര്‍ബന്‍ ബാങ്കുകളുമായിരുന്നു ഇതില്‍ ഉള്‍പ്പെട്ടിരുന്നത്. വിദഗ്ധരെ ഭരണസമിതിയില്‍ ഉള്‍പ്പെടുത്തേണ്ടത് തിരഞ്ഞെടുപ്പിലൂടെയാകണമെന്നായിരുന്നു നിര്‍ദേശിച്ചത്. എന്നാല്‍, അതിന് കഴിഞ്ഞില്ലെങ്കില്‍ റിസര്‍വ് ബാങ്ക് നിര്‍ദേശിക്കുന്ന അത്രയും വിദഗ്ധരെ ബോര്‍ഡിന് കോ-ഓപ്റ്റ് ചെയ്യാമെന്നും വ്യവസ്ഥ ചെയ്തിരുന്നു. ഇങ്ങനെ കോപ്റ്റ് ചെയ്യുന്ന അംഗങ്ങള്‍ക്കും തിരഞ്ഞെടുക്കുന്ന അംഗങ്ങളുടെ എല്ലാ അധികാരാവകാശങ്ങളും ഉണ്ടാകുമെന്നുമായിരുന്നു പുനരുദ്ധാരണ പാക്കേജിലെ വ്യവസ്ഥ. അക്കൗണ്ടിങ്, നിയമം, സഹകരണം, ഗ്രാമീണ സമ്പദ്ഘടന, കൃഷി, ബാങ്കിങ് എന്നീ വിഷയങ്ങളായിരുന്നു വിദഗ്ധര്‍ക്കായി നിര്‍ദേശിച്ചത്.

കേരളം ശക്തമായി എതിര്‍ത്ത ഈ വ്യവസ്ഥ ഇന്ന് പൂര്‍ണ അര്‍ത്ഥത്തില്‍ നടപ്പായിക്കഴിഞ്ഞു. ഒരുപക്ഷേ, അന്ന് നിര്‍ദേശിച്ചതിനേക്കാള്‍ കൂടുതല്‍ കാര്‍ക്കശ്യത്തോടെയാണ് അത് നടപ്പായത് എന്നും പറയാം. വൈദ്യനാഥന്‍ റിപ്പോര്‍ട്ട് ചര്‍ച്ചയാവുന്ന ഘട്ടത്തില്‍ത്തന്നെ അര്‍ബന്‍ ബാങ്ക് ഭരണസമിതിയില്‍ രണ്ട് വിദഗ്ധരുണ്ടാകണമെന്ന നിര്‍ദേശം റിസര്‍വ് ബാങ്ക് നടപ്പാക്കിയിരുന്നു. ഇപ്പോള്‍ അത് കേരള ബാങ്കിലും നടപ്പില്‍ വന്നു. ജില്ലാ സഹകരണ ബാങ്കുകള്‍ ഇല്ലാതായതിനാല്‍ അതേക്കുറിച്ച് ഇപ്പോള്‍ ചര്‍ച്ച ചെയ്യേണ്ട കാര്യവുമില്ല. മാത്രവുമല്ല, പ്രാഥമിക സംഘങ്ങളുടെ ഭരണസമിതിയില്‍പ്പോലും വിദഗ്ധരുണ്ടാകണമെന്ന വ്യവസ്ഥ പരിഗണിക്കുന്ന ഘട്ടം കൂടിയാണിത്. സഹകരണ ബാങ്കുകളെ പ്രൊഫഷണല്‍ ആക്കുന്നതിന് ഇത് അത്യാവശ്യമാണെന്നാണ് ഇന്ന് സര്‍ക്കാരിന്റെയും സഹകാരികളുടെയും സമീപനം. ഭരണ സമിതിയില്‍ വിദഗ്ധരെ ഉള്‍പ്പെടുത്തുന്നതിനെ എതിര്‍ത്ത കേരളം കേരള ബാങ്കിനുവേണ്ടി ബോര്‍ഡ് ഓഫ് മാനേജ്‌മെന്റ് എന്ന പുതിയ ഭരണ സംവിധാനംതന്നെ റിസര്‍വ് ബാങ്കിനുവേണ്ടി രൂപവത്കരിച്ചു കൊടുത്തുവെന്നതും ശ്രദ്ധേയമാണ്.

സി.ഇ.ഒ.നിയമനം

8. സഹകരണ ബാങ്കുകളിലെ പ്രധാന കാര്യനിര്‍വഹണ ഉദ്യോഗസ്ഥനെ നിയമിക്കുന്നത് റിസര്‍വ് ബാങ്കിന്റെ അനുമതിയോടെയാവണമെന്നതാണ് കേരളം എതിര്‍ത്ത മറ്റൊരു വ്യവസ്ഥ. സി.ഇ.ഒ.യുടെ യോഗ്യത റിസര്‍വ് ബാങ്ക് നിശ്ചയിക്കുമെന്നും ഈ യോഗ്യതയുള്ളവരെയാണ് ബാങ്ക് ഭരണസമിതി നിയമിക്കേണ്ടതെന്നും ടാസ്‌ക് ഫോഴ്‌സും പുനരുദ്ധാരണ പാക്കേജില്‍ നിര്‍ദേശിച്ചിരുന്നു. ബാങ്കിങ് മേഖല സേവനത്തിലും പ്രവര്‍ത്തനത്തിലും മത്സരാധിഷ്ഠിതമാകുന്ന കാലമാണ്. അതിനാല്‍, ചീഫ് എക്‌സിക്യുട്ടീവിന്റെ കാര്യശേഷിയും അക്കാദമിക് യോഗ്യതകളും ബാങ്കിന്റെ പ്രവര്‍ത്തനത്തെ ബാധിക്കും. അതുകൊണ്ടാണ് ഇത്തരമൊരു സമീപനം സ്വീകരിക്കുന്നതെന്നാണ് ടാസ്‌ക് ഫോഴ്‌സ് വിലയിരുത്തിയത്. എന്നാല്‍, സംസ്ഥാന സര്‍ക്കാരിന്റെ അധികാരത്തിലുള്ള കൈകടത്തലാണ് ഇതെന്നായിരുന്നു ഇതില്‍ കേരളം സ്വീകരിച്ച നിലപാട്. ആരെ നിയമിക്കണമെന്നു നിര്‍ദേശിക്കാനുള്ള അധികാരം റിസര്‍വ് ബാങ്കിന് കൈവരുന്നത് അംഗീകരിക്കാനാവില്ലെന്നും കേരളം കേന്ദ്രത്തെ അറിയിച്ചു.

ഈ വ്യവസ്ഥ പൂര്‍ണമായി ഇന്ന് അംഗീകരിച്ചുകഴിഞ്ഞു. കേരള ബാങ്കിലും അര്‍ബന്‍ ബാങ്കിലും ഇതേ വ്യവസ്ഥ നടപ്പായി. കേരള ബാങ്കില്‍ അത്തരത്തില്‍ ആദ്യ സി.ഇ.ഒ.യെ നിയമിച്ചും കഴിഞ്ഞു. കരാര്‍ നിയമനങ്ങളാണ് സി.ഇ.ഒ. തലത്തില്‍ നടക്കുന്നത്. റിസര്‍വ് ബാങ്കിന്റെ നിര്‍ദേശം പൂര്‍ണമായി നടപ്പാക്കാന്‍ ബാധ്യതപ്പെട്ട ഉദ്യോഗസ്ഥനാണ് സി.ഇ.ഒ. എന്നും പുതിയ വ്യവസ്ഥ വന്നു. ഭരണ സമിതിയുടെ നിര്‍ദേശത്തേക്കാള്‍ റിസര്‍വ് ബാങ്കിന്റെ നിര്‍ദേശമാണ് സി.ഇ.ഒ. പാലിക്കേണ്ടത്. ഇക്കാര്യത്തില്‍ വീഴ്ചവരുത്തിയാല്‍ നടപടിയെടുക്കാനും റിസര്‍വ് ബാങ്കിന് അധികാരമുണ്ട്. സി.ഇ.ഒ.യുടേതു മാത്രമല്ല, ബോര്‍ഡ് ഓഫ് മാനേജ്‌മെന്റിലെ അംഗങ്ങളെ നിയമിക്കുന്നതിനുപോലും റിസര്‍വ് ബാങ്കിന്റെ മുന്‍കൂര്‍ അനുമതി വാങ്ങണം. ഇവരുടെ യോഗ്യതയും റിസര്‍വ് ബാങ്കാണ് നിശ്ചയിക്കുന്നത്.

ഭരണ സമിതി പിരിച്ചുവിടല്‍

9. സഹകരണ ബാങ്ക് ഭരണ സമിതിയെ പിരിച്ചുവിടാനുള്ള അധികാരം റിസര്‍വ് ബാങ്കിന് നല്‍കണമെന്നതാണ് കേരളം വിയോജിച്ച ഒമ്പതാമത്തെ നിര്‍ദേശം. ഭരണസമിതിയെ പിരിച്ചുവിടാനും അഞ്ചു വര്‍ഷംവരെ ബാങ്ക് ഭരണം അഡ്മിനിസ്‌ട്രേറ്ററെ ഏല്‍പ്പിക്കാനും റിസര്‍വ് ബാങ്കിന് അധികാരം നല്‍കണമെന്നാണ് കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്. നിക്ഷേപകരുടെ താല്‍പ്പര്യത്തിന് വിരുദ്ധമായി ബാങ്ക് പ്രവര്‍ത്തിച്ചാര്‍ റിസര്‍വ് ബാങ്കിന് ഈ നടപടിയിലേക്ക് നീങ്ങാം. പൊതുതാല്‍പ്പര്യം മുന്‍നിര്‍ത്തിയും പിരിച്ചുവിടല്‍ നടപടി സ്വീകരിക്കാം. ഇതാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നാല്‍, റിപ്പോര്‍ട്ടിലെ ഈ നിര്‍ദേശം പൂര്‍ണമായി കേന്ദ്ര സര്‍ക്കാരിന്റെ പുനരുദ്ധാരണ പാക്കേജിന്റെ ഭാഗമായി ഉള്‍പ്പെടുത്തിയിരുന്നില്ല. ജനാധിപത്യ രീതിയില്‍ തിരഞ്ഞെടുക്കുന്ന ഭരണ സമിതിയെ പിരിച്ചുവിടുന്ന സര്‍ക്കാര്‍ സമീപനത്തില്‍ നിയന്ത്രണം വേണമെന്നായിരുന്നു പാക്കേജിലെ വ്യവസ്ഥ. പിരിച്ചുവിടാനുള്ള അധികാരം റിസര്‍വ് ബാങ്കിന് നല്‍കണമെന്ന കമ്മീഷന്‍ നിര്‍ദേശത്തെയും സഹകരണ സംഘം ഭരണ സമിതിക്കെതിരെ നടപടിയെടുക്കാനുള്ള സര്‍ക്കാരിന്റെ അധികാരം പരിമിതപ്പെടുത്തുന്ന കേന്ദ്ര പാക്കേജിലെ നിര്‍ദേശത്തെയും ഒരേപോലെ കേരളം എതിര്‍ത്തു. ഈ വ്യവസ്ഥയും ഇപ്പോള്‍ നടപ്പായിക്കഴിഞ്ഞു. കേരള ബാങ്കിന്റെയും അര്‍ബന്‍ ബാങ്കിന്റെയും ഭരണസമിതികളെ പിരിച്ചുവിടാന്‍ ഇപ്പോള്‍ സഹകരണ സംഘം രജിസ്ട്രാര്‍ക്ക് അത്ര എളുപ്പമല്ല. അതിന് റിസര്‍വ് ബാങ്കിന്റെ തീരുമാനം കൂടി നിര്‍ണായകമാണ്. നേരെമറിച്ച്, ഈ രണ്ടു ബാങ്കുകളുടെയും ഭരണ സമിതികളെ പിരിച്ചുവിടാന്‍ റിസര്‍വ് ബാങ്കിന് രജിസ്ട്രാറോട് നിര്‍ദേശിക്കാനാകും. അടിയന്തര ഘട്ടത്തില്‍ ഭരണസമിതിയെ പിരിച്ചുവിടാനും അഡ്മിനിസ്‌ട്രേറ്ററെ നിയോഗിക്കാനും റിസര്‍വ് ബാങ്കിന് അധികാരമുണ്ട്. പഞ്ചാബ് ആന്‍ഡ് മഹാരാഷ്ട്ര അര്‍ബന്‍ ബാങ്കില്‍ നടപ്പായത് ഇതാണ്.

കേരളം നേടിയതും നഷ്ടപ്പെടുത്തിയതും

ഇടതു , വലതു സര്‍ക്കാരുകളുടെ കാലത്ത് വൈദ്യനാഥന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിനെക്കുറിച്ചുള്ള ചര്‍ച്ച കേരളത്തില്‍ നടന്നിട്ടുണ്ട്. നിയമസഭയില്‍ വലിയ ചര്‍ച്ചയുണ്ടായിട്ടുണ്ട്. ഒടുവില്‍ പാക്കേജിലെ വ്യവസ്ഥകള്‍ അംഗീകരിക്കുന്നത് കേരളത്തിന് ദോഷമാകുമെന്ന പൊതുവിലയിരുത്തലാണ് ഉണ്ടായത്. അതോടെ കേരളം ഈ പാക്കേജില്‍നിന്ന് പുറത്തായി. സഹകരണ വായ്പാ സംഘങ്ങളെ ജനാധിപത്യ, സ്വതന്ത്ര, സ്വാശ്രയ, പരമാധികാര, സ്വയംപര്യാപ്ത സംഘങ്ങളാക്കുകയെന്നതാണ് പുനരുദ്ധാരണ പാക്കേജിന്റെ ആമുഖത്തില്‍ത്തന്നെ പറയുന്നത്. ഈ ലക്ഷ്യം നേടുന്നതിന് സംഘങ്ങള്‍ക്ക് സാമ്പത്തിക സഹായം ഉറപ്പുവരുത്തേണ്ടതുണ്ടെന്ന് കമ്മീഷന്‍ ചൂണ്ടിക്കാട്ടിയിരുന്നു. 2004 മാര്‍ച്ച് 31ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തിലെ സഞ്ചിത നഷ്ടം പൂര്‍ണമായി കേന്ദ്രസര്‍ക്കാര്‍ നികത്തണമെന്നായിരുന്നു നിര്‍ദേശം. 2005 ലാണ് കമ്മീഷന്‍ റിപ്പോര്‍ട്ട് നല്‍കിയത്. അതുകൊണ്ടാണ് 2004 മാര്‍ച്ച് 31 എന്ന പരിധി കണക്കാക്കിയത്. എന്നാല്‍, പാക്കേജില്‍ കേന്ദ്രസര്‍ക്കാര്‍ വിശദീകരിച്ചത് തൊട്ടുമുമ്പത്തെ വര്‍ഷത്തെ സഞ്ചിത നഷ്ടം നികത്തുമെന്നാണ്. അതായത്, പാക്കേജ് അംഗീകരിക്കുന്നതിന്റെ തൊട്ടുമുമ്പത്തെ വര്‍ഷം വരെയുള്ള നഷ്ടം കണക്കാക്കി കേരളത്തിലെ സഹകരണ സംഘങ്ങള്‍ക്ക് തിരിച്ചുനല്‍കേണ്ടാത്ത ഫണ്ട് കേന്ദ്രം കൈമാറുമായിരുന്നു.

പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണ സംഘങ്ങളുടെ ( പ്രാഥമിക സഹകരണ ബാങ്ക് ) കാര്‍ഷിക-കാര്‍ഷികേതര വായ്പാ വിതരണത്തിലൂടെ സംഭവിച്ച നഷ്ടം 100 ശതമാനവും വായ്‌പേതര പ്രവര്‍ത്തനത്തിലൂടെയുണ്ടായ നഷ്ടം 50 ശതമാനവും കേന്ദ്രം വഹിക്കുമെന്നായിരുന്നു വ്യവസ്ഥ. പാക്കേജ് നടപ്പാക്കുന്നതിന് പ്രാഥമിക സഹകരണ ബാങ്കുകള്‍ക്കും മൂലധന പര്യാപ്തത നിര്‍ബന്ധമായിരുന്നു. കേരളത്തിലെ മിക്ക സഹകരണ ബാങ്കുകള്‍ക്കും ഏഴ് ശതമാനം മൂലധന പര്യാപ്തത എന്നത് പാലിക്കാനാകുമായിരുന്നില്ല. ഇതിനുവേണ്ട സാമ്പത്തിക സഹായവും കേന്ദ്രം നല്‍കുമായിരുന്നു. പ്രാഥമിക സഹകരണ ബാങ്കുകള്‍ക്ക് 600 കോടിയും സംസ്ഥാന സഹകരണ ബാങ്കിന് 175 കോടിയും മൂലധന പര്യാപ്തത കൈവരിക്കുന്നതിന് അന്ന് കേന്ദ്രത്തില്‍നിന്ന് ലഭിക്കുമായിരുന്നു. കൂടാതെ പരിശീലനം, കമ്പ്യുട്ടര്‍വത്കരണം, പൊതു അക്കൗണ്ടിങ് സമ്പ്രദായം തുടങ്ങിയ സാങ്കേതിക സംവിധാനങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് വേറെയും സഹായം വാഗ്ദാനം ചെയ്തിരുന്നു.

ഇന്ത്യയിലാകെ സഹകരണ മേഖലയുടെ പുനരുദ്ധാരണത്തിന് 60 കോടി ഡോളര്‍ ലോകബാങ്കില്‍ നിന്ന് വായ്പയെടുത്താണ് കേന്ദ്ര സര്‍ക്കാര്‍ ഈ പാക്കേജ് നടപ്പാക്കുന്നത്. ഈ വായ്പത്തുക ഓരോ സംസ്ഥാനത്തിനും ഗ്രാന്റായി നല്‍കാനുള്ളതായിരുന്നു. ആന്ധ്രപ്രദേശ്, അരുണാചല്‍ പ്രദേശ്, ബിഹാര്‍, ഗുജറാത്ത്, ഹരിയാണ, മധ്യപ്രദേശ്, മഹാരാഷ്ട്ര, ഒഡിഷ, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, പശ്ചിമ ബംഗാള്‍ തുടങ്ങി സഹകരണ മേഖലയ്ക്ക് വേരോട്ടമുള്ള സംസ്ഥാനങ്ങളെല്ലാം ഈ പാക്കേജ് അംഗീകരിക്കുകയും സാമ്പത്തിക സഹായം നേടുകയും ചെയ്തിട്ടുണ്ട്. പക്ഷേ, ഉപാധികളോടെയുള്ള പാക്കേജ് അംഗീകരിക്കേണ്ട എന്ന നിലപാടാണ് കേരളം സ്വീകരിച്ചത്. ഇതിലൂടെ നഷ്ടമാക്കിയത് സഹകരണ മേഖലയ്ക്ക് ലഭിക്കേണ്ട 1600 കോടിയിലേറെ രൂപയാണ്. കേരളം അന്നു വിയോജിപ്പ് പ്രകടിപ്പിച്ചത് തെറ്റായിരുന്നു എന്നു പറയാനാവില്ല. അതെല്ലാം അന്നത്തെ സാഹചര്യത്തില്‍ ശരിയായിരുന്നു. പക്ഷേ, ദീര്‍ഘവീക്ഷണത്തോടെ ആ പാക്കേജിനെ സമീപിക്കാനായില്ലെന്ന്് ഇപ്പോള്‍ വിലയിരുത്താനാവും. അന്ന് അംഗീകരിച്ചിരുന്നെങ്കില്‍ ഇന്നത്തെ പ്രാഥമിക സഹകരണ മേഖലയുടെ നിലവാരം എത്രയോ മെച്ചപ്പെട്ടതാവുമായിരുന്നു. അന്ന് കേന്ദ്ര നിര്‍ദേശത്തോട് വിയോജിച്ച കേരളം പിന്നീട് കേരള ബാങ്കിലൂടെ അതിലേറെയും സ്വയമേവ ചോദിച്ചുവാങ്ങി എന്നതാണ് വസ്തുത.

 

Leave a Reply

Your email address will not be published. Required fields are marked *

Latest News
error: Content is protected !!