വികസിത ഇന്ത്യ യാഥാര്‍ഥ്യമാക്കാന്‍ സഹകരണമേഖലയുടെ പങ്കാളിത്തമുണ്ടാകണം- പ്രധാനമന്ത്രി
പുതിയ ഇന്ത്യയില്‍ സാമ്പത്തികസ്രോതസ്സിന്റെ ശക്തമായ മാധ്യമമായി സഹകരണസംഘങ്ങള്‍ മാറുമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിപ്രായപ്പെട്ടു. സഹകരണമാതൃക പിന്തുടര്‍ന്നു സ്വയംപര്യാപ്തമായ ഗ്രാമങ്ങള്‍ കെട്ടിപ്പടുക്കണമെന്നും സഹകരണ സംഘങ്ങള്‍ക്കിടയില്‍ സഹകരണം മെച്ചപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. വികസിത ഇന്ത്യ എന്ന സ്വപ്‌നം യാഥാര്‍ഥ്യമാക്കാന്‍ സഹകരണമേഖല സര്‍ക്കാരിന്റെ പങ്കാളിയാകണം – അദ്ദേഹം ആവശ്യപ്പെട്ടു.
ശനിയാഴ്ച ന്യൂഡല്‍ഹിയിലെ പ്രഗതി മൈതാനത്തു പതിനേഴാമതു ഇന്ത്യന്‍ സഹകരണ കോണ്‍ഗ്രസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രധാനമന്ത്രി. ചടുലമായൊരു ഇന്ത്യയ്ക്കായി സഹകരണത്തിലൂടെ സമൃദ്ധി എന്നതാണു സഹകരണ കോണ്‍ഗ്രസ്സിന്റെ ചിന്താവിഷയം. രണ്ടു ദിവസത്തെ സമ്മേളനം ഞായറാഴ്ച സമാപിക്കും.
അമൃതകാലത്തില്‍ രാജ്യത്തെ ഗ്രാമങ്ങളുടെയും കര്‍ഷകരുടെയും സാധ്യതകള്‍ വര്‍ധിപ്പിക്കുന്നതില്‍ സഹകരണമേഖലയുടെ പങ്ക് വലുതാണ്. രാഷ്ട്രീയത്തിനു പകരം സാമൂഹിക-ദേശീയനയങ്ങളുടെ വാഹകരാവണം സഹകരണസംഘങ്ങള്‍. സുതാര്യതയുടെ മാതൃക സൃഷ്ടിച്ചു സംഘങ്ങള്‍ അഴിമതിരഹിത ഭരണം കാഴ്ചവെക്കണം. ഇതിനായി സഹകരണമേഖലയില്‍ ഡിജിറ്റലൈസേഷന്‍ പ്രോത്സാഹിപ്പിക്കണം. രാജ്യത്തെ അറുപതിനായിരത്തിലധികം പ്രാഥമിക കാര്‍ഷികവായ്പാസംഘങ്ങള്‍ കമ്പ്യൂട്ടര്‍വത്കരിച്ചുകഴിഞ്ഞു- പ്രധാനമന്ത്രി പറഞ്ഞു.
നമുക്ക് എണ്ണപ്പാടങ്ങളില്ല. അതുകൊണ്ട് അസംസ്‌കൃത എണ്ണ ഇറക്കുമതി ചെയ്യാതെ നിവൃത്തിയില്ല. പക്ഷേ രാജ്യത്തു സുശക്തമായ സഹകരണപ്രസ്ഥാനമുള്ളപ്പോള്‍ നമ്മളെന്തിനു ഭക്ഷ്യഎണ്ണ ഇറക്കുമതി ചെയ്യണം- അദ്ദേഹം ചോദിച്ചു. എണ്ണക്കുരുക്കളുടെയും പയര്‍വര്‍ഗങ്ങളുടെയും ഉല്‍പ്പാദനം വര്‍ധിപ്പിക്കാനും പാചകഎണ്ണയുടെ കാര്യത്തില്‍ രാജ്യത്തെ സ്വാശ്രയമാക്കാനും സഹകരണസംഘങ്ങള്‍ പ്രവര്‍ത്തിക്കണം. ഓരോ വര്‍ഷവും കൃഷിക്കാര്‍ക്കും കര്‍ഷകര്‍ക്കുംവേണ്ടി കേന്ദ്രസര്‍ക്കാര്‍ ആറര ലക്ഷം കോടിയിലധികം രൂപ ചെലവഴിക്കുന്നുണ്ട്. ഒരുവിധത്തിലല്ലെങ്കില്‍ മറ്റൊരുവിധത്തില്‍ വിവിധ പദ്ധതികളിലൂടെ രാജ്യത്തെ ഓരോ കര്‍ഷകനും വര്‍ഷത്തില്‍ അമ്പതിനായിരം രൂപ കിട്ടുന്നുണ്ടെന്നു സര്‍ക്കാര്‍ ഉറപ്പുവരുത്തുന്നുണ്ട്. രാജ്യത്തിന്റെ പല ഭാഗങ്ങളിലും ചെറുകിട കര്‍ഷകര്‍ക്കു വലിയ താങ്ങാണു സഹകരണസംഘങ്ങള്‍ നല്‍കുന്നത്. വികസിതരാഷ്ട്രം എന്ന ലക്ഷ്യം നേടാന്‍ സഹകരണമേഖലയെ ശക്തിപ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്- പ്രധാനമന്ത്രി പറഞ്ഞു.
[mbzshare]