വായ്പ ആപ്പുകളിലൂടെ വിവരങ്ങള്‍ ചോര്‍ത്തരുതെന്ന് റിസര്‍വ് ബാങ്കിന്റെ മുന്നറിയിപ്പ്
ഓഫറുകള്‍ നല്‍കി ഇടപാടുകാരെ സാമ്പത്തിക ബുദ്ധിമുട്ടിലാക്കുന്ന ഓണ്‍ലൈന്‍ വായ്പ രീതികള്‍ നിയന്ത്രിക്കാന്‍ റിസര്‍വ് ബാങ്ക്. ഇടപാടുകാരന്റെ അനുമതിയില്ലാതെ കടമെടുപ്പ് പരിധി തനിയെ വര്‍ദ്ധിപ്പിക്കുന്ന രീതി പാടില്ലെന്ന് ആര്‍.ബി.ഐ. സമിതിയുടെ ശുപാര്‍ശ റിസര്‍വ് ബാങ്ക് അംഗീകരിച്ചു. അനധികൃത വായ്പ ആപ്പുകള്‍ നിരോധിക്കാന്‍ നിയമനിര്‍മ്മാണം നടത്തണമെന്ന ശുപാര്‍ശ ആര്‍.ബി.ഐ. സര്‍ക്കാരിന് കൈമാറിയിട്ടുണ്ട്.
വായ്പ എടുത്താലും ഇടപാടുകാരന് അധികബാധ്യതയില്ലാതെ അതില്‍നിന്ന് പിന്മാറാനുള്ള സമയം ഡിജിറ്റല്‍ വായ്പ രീതിയിലുണ്ടാകണമെന്നാണ് നിര്‍ദ്ദേശം. ‘കൂളിങ് ഓഫ് ടൈം’ ഈ സമയപരിധിയെ വിശേഷിപ്പിക്കുന്നത്. വായ്പ എടുത്തുകഴിഞ്ഞ് അതിലെ കുരുക്കും അപകടവും തിരിച്ചറിഞ്ഞാല്‍ നിലവില്‍ ഇടപാടുകാരന് പിന്മാറാന്‍ അവസരമില്ല. കാലാവധി തികച്ച് വലിയ പലിശ നല്‍കി മാത്രമേ ഓണ്‍ലൈന്‍ വായ്പ ആപ്പുകളിലെ ലോണ്‍ അവസാനിപ്പിക്കാന്‍ കഴിയൂ. ഈ രീതി അവസാനിപ്പിക്കുന്നതാണ് കൂളിങ് ഓഫ് ടൈം വ്യവസ്ഥ.
വായ്പ എടുത്തയാളുടെ പരാതികളില്‍ 30 ദിവസത്തിനകം തീര്‍പ്പുണ്ടായില്ലെങ്കില്‍ ആര്‍.ബി.ഐ. ഇന്റഗ്രേറ്റഡ് ഓംബുഡ്‌സ്മാന്‍ പദ്ധതിയില്‍ പരാതി നല്‍കാം. വായ്പ അനുവദിക്കുന്നതിനുള്ള മൊത്തം ചെലവ് എത്രയാകുമെന്ന് നേരത്തെ ഇടപാടുകാരനെ അറിയിക്കണം. ഒളിഞ്ഞിരിക്കുന്ന ചാര്‍ജുകള്‍ ഇടപാടുകാര്‍ക്ക് ചുമത്താന്‍ പാടില്ല. ഇടപാടുകാര്‍ അറിയാതെ അവരുടെ ഡേറ്റ മറ്റെന്തെങ്കിലും ആവശ്യത്തിനോ, മറ്റേതെങ്കിലും സ്ഥാപനത്തിനോ ഉപയോഗിക്കാന്‍ പാടില്ല. എല്ലാ ഡേറ്റകളും ഇന്ത്യന്‍ സെര്‍വറുകളില്‍ സൂക്ഷിക്കണമെന്നും ബയോമെട്രിക് വിവരങ്ങളൊന്നും സൂക്ഷിക്കരുതെന്നും റിസര്‍വ് ബാങ്കിന്റെ നിര്‍ദ്ദേശത്തിലുണ്ട്.
അംഗീകൃത ഡിജിറ്റല്‍ ആപ്പുകളിലൂടെ വായ്പ എടുക്കുന്നവരുടെ ഫോണിലെ ഫയലുകള്‍, കോണ്‍ടാക്റ്റ് ലിസ്റ്റ്, കോള്‍ വിവരങ്ങള്‍ എന്നിവ വായ്പ ദാതാവ് ഒരു കാരണവശാലും പരിശോധിക്കുകയോ എടുക്കുകയോ ചെയ്യരുതെന്നാണ് മറ്റൊരു നിര്‍ദ്ദേശം. നിലവില്‍ ഡേറ്റ സംബന്ധിച്ച് നല്‍കിയ അനുമതി പിന്‍വലിക്കാനും ഉപയോക്താവിന് അവസരമുണ്ടാകും. ഫോണിലെ ക്യാമറ, മൈക്ക്, ലൊക്കേഷന്‍, തുടങ്ങിയ രജിസ്‌ട്രേഷന്‍, കെ.വൈ.സി. എന്നിവബാങ്കുകള്‍ക്ക് ആവശ്യങ്ങള്‍ക്ക് മാത്രം ഒരുതവണ ഉപയോഗിക്കാന്‍ അനുമതിയുണ്ടാകുമെന്നും ആര്‍.ബി.ഐ. വ്യക്തമാക്കി.
[mbzshare]