വനിതകള്‍ക്കായി വിവിധ വായ്പാ-വ്യവസായ പദ്ധതികളുമായി സഹകരണ വകുപ്പ്
കേരളത്തിലെ വനിതകളുടെ വരുമാനം വര്‍ദ്ധിപ്പിക്കുക, അവരില്‍ സ്വാശ്രയ ശീലം വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ കുറഞ്ഞ പലിശനിരക്കില്‍ അവര്‍ക്കായി വായ്പാ പദ്ധതി ആവിഷ്‌കരിച്ചതായി മന്ത്രി വി.എന്‍. വാസവന്‍ നിയമസഭയില്‍ ചോദ്യത്തിന് ഉത്തരം നല്‍കി. കേരള ബാങ്ക് മുഖേന കുറഞ്ഞ പലിശ നിരക്കില്‍ വനിതകള്‍ക്ക് അഞ്ചുലക്ഷം രൂപ വരെ സംരംഭക വായ്പകള്‍ അനുവദിച്ചു വരുന്നു. കൂടാതെ വനിതകള്‍ക്ക് ഇലക്ട്രിക് ഉള്‍പ്പെടെയുള്ള വാഹനം വാങ്ങുന്നതിന് രണ്ടുലക്ഷം രൂപ വരെയുള്ള ഷീ ടൂ വീലര്‍ വായ്പയും നല്‍കി വരുന്നു.
യുവവനിതകളെ സഹകരണമേഖലയില്‍ മുന്നോട്ട് കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെ മൂന്ന് യുവവനിതാ സഹകരണ സംഘം കോട്ടയം, തൃശൂര്‍, കണ്ണൂര്‍ ജില്ലകളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. വ്യവസായ വകുപ്പുമായി സഹകരിച്ച് വനിതാ സഹകരണ സംഘങ്ങളെ ഉല്പാദന യൂണിറ്റുകളാക്കി മാറ്റുക എന്ന പദ്ധതി നടപ്പിലാക്കപകയാണ്. ഇതിനായി വ്യവസായ വകുപ്പുമായുള്ള ചര്‍ച്ച പൂര്‍ത്തിയാക്കി.
സഹജ മൈക്രോ ഫിനാന്‍സ് എന്ന സ്‌ക്രീമില്‍ വനിതകളുടെ വരുമാനം ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടെ സംരംഭകര്‍ക്ക് വേണ്ടി തുടങ്ങിയ വായ്പ പദ്ധതിയാണ് കെ.ബി. സഹജ. ഇതിലൂടെ 20 ലക്ഷം രൂപ വരെ കുറഞ്ഞ പലിശ നിരക്കില്‍ എസ്.എച്ച്.ജി. വായ്പയായി നല്‍കി വരുന്നത്. കേരളത്തിലെ അസംഘടിത മേഖലയില്‍ പണിയെടുക്കുന്ന ചുമട്ടുതൊഴിലാളികള്‍ക്ക് വേണ്ടി 3 ലക്ഷം രൂപ വരെ പരസ്പര ജാമ്യത്തില്‍ വായ്പ നല്‍കി വരുന്നു. സ്ത്രീ ശാക്തീകരണം തുടങ്ങിയവ ലക്ഷ്യമാക്കിയുള്ള വായ്പ പദ്ധതിയും കേരളാബാങ്കിലൂടെ നടപ്പിലാക്കി വരുന്നു
വനിത സഹകരണ സംഘങ്ങള്‍ക്കും കേരള സംസ്ഥാന വനിതാ സഹകരണ ഫെഡറേഷനും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്ന പ്രത്യേക പ്രോജക്ടുകള്‍ നടപ്പിലാക്കാനുള്ള സഹായം നല്‍കുന്നതിനായി 2023-24 സാമ്പത്തികവര്‍ഷം 89.56 ലക്ഷം രൂപ വിവിധ വനിതാസഹകരണ സംഘങ്ങള്‍ക്ക് അനുവദിച്ച് നല്‍കിയിട്ടുണ്ട് സമൂഹത്തിന്റെ സാമൂഹ്യവും, സാമ്പത്തികവുമായ പുരോഗതി കൈവരിക്കുന്നതിനുതകുന്ന തരത്തില്‍ അവര്‍ക്കുവേണ്ടി സംയോജിത വായ്പ-സേവന പ്രവര്‍ത്തനങ്ങള്‍ അംഗ സംഘങ്ങള്‍ വഴി നടപ്പാക്കുക എന്നതാണ് വനിതാഫെഡറേഷന്റെ പ്രഖ്യാപിത ലക്ഷ്യം. ഈ ലക്ഷ്യം പ്രാവര്‍ത്തികമാക്കുന്നതിനു വേണ്ടി അംഗ സംഘങ്ങള്‍ക്ക് വിവിധ പദ്ധതികള്‍ക്ക് വായ്പ നല്‍കിവരുന്നു.
കേരള സംസ്ഥാന സഹകരണ ബാങ്ക്, അര്‍ബന്‍ സഹകരണ ബാങ്കുകള്‍, പ്രാഥമിക സഹകരണ സംഘങ്ങള്‍ മുഖേന ‘സഹകരണം സൗഹൃദം’ എന്ന പേരില്‍ ഭിന്ന ശേഷി വിഭാഗത്തില്‍പ്പെട്ട വ്യക്തികള്‍ക്ക് തൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് 3 ലക്ഷം രൂപ വായ്പാ വിതരണം ചെയ്യുന്ന പദ്ധതി നടപ്പാക്കുകയാണെന്നും മന്ത്രി പറഞ്ഞു. എം.എല്‍.എ.മാരായ വി.ജോയി, സി.എച്ച്. കുഞ്ഞമ്പു , കെ.കെ. രാമചന്ദ്രന്‍, ഒ.എസ്. അംബിക എന്നിവരുടെ ചോദ്യത്തിന് ഉത്തരമായാണ് ഇക്കാര്യം മന്ത്രി അറിയിച്ചത്.