ലതാഗോപാലകൃഷ്ണന് പുരസ്കാരം
ഡല്‍ഹി ക്രാഫ്റ്റ്സ് കൗണ്‍സില്‍ നടത്തിയ ‘ ഇന്ത്യയിലെ സാരികള്‍ ‘ എന്ന പ്രദര്‍ശനവിപണനമേളയില്‍ പരമ്പരാഗതകൈത്തറിയില്‍ സാരികള്‍ നെയ്യുന്നതിലെ മികവിന് എറണാകുളം ജില്ലയിലെ ചെറായിയില്‍ പ്രവര്‍ത്തിക്കുന്ന ചേന്ദമംഗലം കൈത്തറി നെയ്ത്ത് സഹകരണസംഘം എച്ച്.ഡബ്ലിയു.സി.എസ്. 648 ലെ അംഗവും നെയ്ത്തുതൊഴിലാളിയുമായ ലതാ ഗോപാലകൃഷ്ണന് സൂത്രകാര്‍ സമ്മാന്‍ പുരസ്കാരം ലഭിച്ചു. 50,000 രൂപയും പ്രശസ്തിപത്രവുമാണു പുരസ്കാരം.
ഡല്‍ഹി ഭഗവന്‍ദാസ് റോഡിലെ ആഗാഖാന്‍ ഹാളില്‍ നടന്ന ചടങ്ങില്‍ പ്രമുഖ ബിസിനസുകാരിയായ നൈന ലാല്‍ കിദ്വായിയില്നിന്നു ലതാഗോപാലകൃഷ്ണന് പുരസ്കാരം ഏറ്റുവാങ്ങി. കൈത്തറിസംഘം പ്രസിഡന്റ് അജിതാ സുരേഷ്, സെക്രട്ടറി ഷിജി റെജിം, ഭരണസമിതിയംഗങ്ങളായ ബി.ആര്. തങ്കമണി, കെ.പി. വിജി, സി.കെ. രമണി തുടങ്ങിയവര്‍ സംബന്ധിച്ചു. നാല്‍പ്പത്തിയാറുകാരിയായ ലതാ ഗോപാലകൃഷ്ണന് വീട്ടിലിരുന്നാണു സംഘത്തിനുവേണ്ടി വസ്ത്രങ്ങള്‍ നെയ്യുന്നത്. 2010 ല്‍ സംഘത്തില്‍ ചേര്‍ന്ന് ഒരു മാസ്റ്റര്‍ വീവറുടെ കീഴില്‍ പരിശീലനം നേടിയ ലത വൈവിധ്യമാര്‍ന്ന കൈത്തറിസാരിയിനങ്ങള് മികവോടെയും വേഗത്തിലും നെയ്യുന്നതില്‍ വിദഗ്ധയാണ്. കെയര്‍ ഫോര്‍ ചേന്ദമംഗംലം ട്രസ്റ്റ് എന്ന സന്നദ്ധസംഘടനയുടെ സഹായത്തോടെയാണ് സ്ത്രീകളുടെതായ ഈ കൈത്തറി സഹകരണസംഘം പ്രവര്‍ത്തിക്കുന്നത്.