റബ്ബർ സംസ്കരണ രംഗത്തേക്ക് കുടുംബശ്രീ ഗ്രൂപ്പുകളെ എത്തിക്കാൻ സഹകരണ ബാങ്കുകൾക്ക് കഴിയും.

adminmoonam

റബ്ബർ സംസ്കരണ രംഗത്തു സജീവമായി പ്രവർത്തിക്കാൻ സഹകരണ ബാങ്കുകൾക്ക് കഴിയും.കുടുംബശ്രീ ഗ്രൂപ്പുകളുടെ ഏകോപനം വഴി സംസ്കരണം കാര്യക്ഷമമാക്കാൻ സംഘങ്ങൾക്ക് സാധിക്കും.കേരളത്തിൻറെ അതിജീവനം സഹകരണ പ്രസ്ഥാനത്തിലൂടെ.. ഡോക്ടർ എം. രാമനുണ്ണിയുടെ ലേഖനം-31.

ലോകത്തെമ്പാടും കർഷകർ തങ്ങളുടെ വിളകൾക്ക് ന്യായമായ വില ലഭിക്കുന്നില്ല എന്ന് പരാതിപ്പെടുന്ന കാലഘട്ടത്തിൽ, ഏവരും അസൂയയോടെ നോക്കിക്കണ്ട ഒന്നായിരുന്നു കേരളത്തിലെ റബർ കർഷകർ നേടിയ വളർച്ച. എന്നാൽ ഇന്ന് റബ്ബർ കൃഷിയും പ്രതിസന്ധിയെ നേരിട്ടുകൊണ്ടിരിക്കുകയാണ്. ലോക ബാങ്ക് സഹായത്തോടെ റബ്ബർ കൃഷി വ്യാപനം വളരെ ഫലപ്രദമായതോടുകൂടി വൻകിട തോട്ടമുടമകൾ, കൂടാതെ 50 സെന്റ് സ്ഥലം ഉള്ളവർ വരെ റബ്ബർ കൃഷി തുടങ്ങുകയുണ്ടായി. ശരാശരി ഒരേക്കർ മാത്രം ഉള്ള റബ്ബർ കൃഷി നമ്മുടെ നാട്ടിൽ നിരവധി ആണ് . നെൽ പാടങ്ങൾ നികത്തി റബ്ബർ കൃഷി ആരംഭിച്ചവരും ധാരാളമായുണ്ട്. ചുരുക്കത്തിൽ റബ്ബർ കൃഷി ഏറെ ലാഭകരം ആണ് എന്ന ധാരണയിൽ ഈ രംഗത്തേക്ക് ഒട്ടനവധിപേർ എത്തിച്ചേർന്നു.

റബ്ബർ ബോർഡ് നൽകിയ പരിശീലനം, സബ്സിഡി ,പിന്തുണ എന്നിവയെല്ലാം വർദ്ധിച്ച തോതിൽ ഈ കൃഷിയിലേക്ക് ജനങ്ങളെ ആകർഷിക്കുന്നതിന് കാരണമായി . എന്നാൽ ഇന്ന് കേരളത്തിൽ റബർ കൃഷിയുടെ വ്യാപനം നിലച്ച സ്ഥിതിയിലാണ്. റബ്ബർ കൃഷി ലാഭകരമല്ല എന്ന നിലപാട് സ്വീകരിക്കാൻ കർഷകർ തയ്യാറായിരിക്കുന്നു. കഴിവതും തോട്ടങ്ങളിൽ നിന്നും റബ്ബർ വെട്ടുന്നത് പോലും നിർത്തിവയ്ക്കുന്ന അവസ്ഥയിലേക്ക് എത്തിച്ചേർന്നിരിക്കുന്നു.
എന്നാൽ ലോകനിലവാരത്തിൽ പരിഗണിക്കുമ്പോൾ റബ്ബർ കൃഷി ചെയ്യുന്ന പ്രദേശങ്ങളുടെ അളവ് വർധിച്ചതായാണ് കാണാൻ കഴിയുന്നത്. തായ്‌ലൻഡ് ആണ് റബർ ഉൽപ്പാദനത്തിൽ ഒന്നാം സ്ഥാനത്ത്. തൊട്ടുപിറകെ ഇന്തോനേഷ്യ, കംബോഡിയ, ചൈന എന്നീ രാജ്യങ്ങളുണ്ട്. ലോകനിലവാരത്തിൽ ഇന്ത്യ ഏഴാം സ്ഥാനത്താണ് എന്നാണ് ചില കണക്കുകൾ സൂചിപ്പിക്കുന്നത്. എന്താണ് ഇത്തരത്തിലുള്ള ഒരു മാറ്റത്തിന് കാരണമായത് ? സ്വാഭാവിക റബ്ബറിന് പകരം സിന്തറ്റിക് റബ്ബർ ഉപയോഗിക്കുന്നത് വർധിപ്പിച്ചതാണു ഒരു പ്രധാന കാരണം. എന്നാൽ ചർച്ച ചെയ്യാത്ത മറ്റൊരു കാര്യം കൂടി പ്രസക്തമാണ് . ഇത് നമ്മുടെ നാട്ടിലേക്ക് മറ്റു രാജ്യങ്ങളിൽ നിന്നും റബ്ബർ ഇറക്കുമതിയിൽ ഉണ്ടായ വർധനവാണ്. ഇതിന് കാരണമായത് നമ്മുടെ റബ്ബറിൻറെ ക്രമാതീതമായ വിലവർധനവും, ഗുണമേന്മയിലെ ശോഷണവും ആണ് .

ആദ്യകാലങ്ങളിൽ മദ്ധ്യതിരുവിതാംകൂർ പ്രദേശങ്ങളിൽ ഉത്പാദിപ്പിക്കുന്നറബ്ബർ ലോകോത്തര നിലവാരം പുലർത്തിയിരുന്നു. ഇതിനു കാരണം ഉത്പാദന പ്രക്രിയയിൽ കർഷകർ കാണിച്ച ശുഷ്കാന്തി ആണ്. റബ്ബർ ടാപ്പിങ്ങിനു ശേഷം ഉൽപ്പന്നം ആസിഡ് മായി കൂട്ടിച്ചേർത്തു പ്രത്യേകം പാത്രങ്ങളിൽ സൂക്ഷിക്കുന്നു . ഇത് 12 മണിക്കൂർ മുതൽ 24 മണിക്കൂർ വരെ സമയം കൊണ്ട് വീർത്ത രൂപത്തിൽ ആകുന്നു. ഇതിനെ പലതവണ കഴുകി വൃത്തിയാക്കി റോളർ ഉപയോഗിച്ചാണ് ഷീറ്റുകൾ ഉണ്ടാക്കുന്നത്. ഇത്തരം ഷീറ്റുകളിൽ കരട് അഥവാ മാലിന്യം ഇല്ലാതിരിക്കാൻ പലതവണ അരിച്ച് വൃത്തിയാക്കാറുണ്ട്. എന്നാൽ നല്ല വില ലഭിക്കാൻ തുടങ്ങിയതോടെ, ഉത്പാദനത്തിലെ ശ്രദ്ധ കുറയുകയും, മാലിന്യങ്ങൾ കൃത്യമായി അരിച്ചു നീക്കാതാവുകയും ചെയ്തു. അതുപോലെതന്നെ പുക ഇടുന്ന വേളയിൽ വേണ്ടത്ര ശ്രദ്ധ നൽകാതിരിക്കുന്നത് ഗുണമേന്മയെ ബാധിക്കാൻ ഇടയായി. തേൻതുള്ളി നിറത്തിൽ ലഭ്യമായിരുന്ന റബ്ബർ ഷീറ്റ് വളരെ സുതാര്യമായിരുന്നു. എന്നാൽ ക്വാളിറ്റി കുറഞ്ഞപ്പോൾ ലഭിക്കുന്ന വിലയും കുറഞ്ഞു.ഇതോടെ ഇറക്കുമതിയും വർദ്ധിച്ചു.

ചുരുക്കത്തിൽ നല്ല നിലയിൽ നടന്നിരുന്ന റബർകൃഷി പ്രതിസന്ധിയെ നേരിടാൻ തുടങ്ങി. നമ്മുടെ വിഷയം റബ്ബർ മേഖലയിലെ പ്രതിസന്ധിയോ അതിൻറെ പരിഹാരമോ അല്ല.പകരം ഈ മേഖലയിൽ എങ്ങിനെ കൂടുതൽ തൊഴിലവസരം ലഭ്യമാക്കാം എന്നതാണ്. ഓരോ പ്രദേശത്തെയും കുടുംബശ്രീ ഗ്രൂപ്പിലെ അംഗങ്ങൾ അവിടെ ലഭ്യമായ റബ്ബർ പാൽ സംഭരിച്ച്, വൃത്തിയാക്കി നല്ല വിധത്തിൽ പുക നൽകി RSS 1 ( 1X) പോലുള്ള, ഗുണമേന്മ കൂടിയ ഷീറ്റുകളുടെ നിർമ്മാണം സാധ്യമാകും.ഇതുവഴി നിലവിൽ ഉണ്ടാക്കുന്ന ഗുണമേന്മ കുറഞ്ഞ Lot , Off , RSS 4 എന്നിവയ്ക്ക് പകരം, ഗുണമേന്മ കൂടിയ ഇനങ്ങൾ ഉൽപ്പാദിപ്പിക്കുന്നതിന് സാധിക്കുന്നു. ഇതോടെ വിലവർധനവും, തൊഴിലും ലഭ്യമാക്കാൻ സാധ്യമാകുന്നു. അതോടൊപ്പം തന്നെ റബ്ബർ ബാൻഡ്, ഗ്ലൗസ് എന്നിവയുടെ നിർമ്മാണത്തിലും സ്ത്രീകളുടെ കൂട്ടായ്മക്ക് ഏറെ ഇടപെടാൻ കഴിയും. നിലവിലുള്ള റബ്ബർ കൃഷി സംരക്ഷിക്കുന്നതിനും, അതുവഴി തൊഴിൽ ലഭ്യമാക്കുന്നതിനും, കുടുംബശ്രീ ഗ്രൂപ്പ് വഴി സാധ്യമാവും. ഈ മേഖലയിൽ പ്രവർത്തിക്കുന്ന സഹകരണ സ്ഥാപനങ്ങളും, റബർ ഉൽപാദക സഹകരണ സംഘങ്ങളും, കുടുംബശ്രീയും ചേർന്നുകൊണ്ട് ഒട്ടനവധി പ്രവർത്തന പരിപാടികൾ ആവിഷ്കരിക്കാൻ കഴിയും . റബ്ബർ പാൽ സംഭരണം, സംസ്കരണം, ഷീറ്റ് നിർമ്മിക്കുന്ന മെഷീൻ, പുകപ്പുര നിർമ്മാണം എന്നിവയ്ക്കെല്ലാം ആവശ്യമായ തുക പ്രോജക്റ്റ് വായ്പ എന്ന നിലയിൽ അനുവദിക്കാവുന്നതാണ്. വൻകിടക്കാരുടെയും ഇടത്തരക്കാരുടെയും, മേഖലയായ റബ്ബർ സംസ്കരണ രംഗത്തേക്ക് കുടുംബശ്രീ ഗ്രൂപ്പുകളെ എത്തിക്കുന്നതിന് സഹകരണ ബാങ്കുകൾക്ക് ഈ പദ്ധതിയുടെ ഭാഗമായി കഴിയും.

ഡോ. എം രാമനുണ്ണി9388555988

Leave a Reply

Your email address will not be published. Required fields are marked *

Latest News