റബ്കോ ഉല്‍പന്നങ്ങള്‍ക്ക് ലോകോത്തര നിലവാരം: മന്ത്രി വി എന്‍ വാസവന്‍
പൊതുമേഖലയില്‍ ഉല്‍പാദിപ്പിക്കുന്നതില്‍ ഏറ്റവും മികച്ച ഉല്‍പന്നങ്ങളാണ് റബ്കോയുടേതെന്ന് മന്ത്രി വി.എന്‍ വാസവന്‍. കോട്ടയം ഗാന്ധിനഗര്‍ മാളിയേക്കല്‍ പവലിയനില്‍ നടക്കുന്ന റബ്കോ പ്രദര്‍ശന വിപണന മേള ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. റബ്കോ ഉല്‍പന്നങ്ങള്‍ വിപണിയില്‍ ലോകോത്തര നിലവാരം പുലര്‍ത്തുന്നതാണ്. ഉപയോക്താക്കളിലേക്ക് എത്തിക്കുന്ന ഉല്‍പന്നങ്ങളുടെ നിലവാരത്തില്‍ വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് റബ്കോ തുടക്കം മുതല്‍ സ്വീകരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. റബ്കോ ഗ്രൂപ്പ് ചെയര്‍മാന്‍ കാരായി രാജന്‍ അധ്യക്ഷത വബിച്ചു. ചങ്ങനാശേരി അര്‍ബന്‍ കോ-ഓപറേറ്റീവ് ബാങ്ക് പ്രസിഡന്റ് എ വി റസല്‍ ആദ്യ വില്‍പന നടത്തി.
റബ്കോയുടെ എല്ലാ ഉല്‍പന്നങ്ങളും നേരിട്ട് പൊതുസമൂഹത്തിലേക്ക് എത്തിക്കുക എന്നതാണ് 28വരെ നടക്കുന്ന മേള ലക്ഷ്യമിടുന്നത്. വിഷു, ഈസ്റ്റര്‍, റംസാന്‍ എന്നിവ പ്രമാണിച്ച് 25 ശതമാനം വരെ വിലക്കിഴിവും പ്രഖ്യാപിച്ചിട്ടുണ്ട്. കോട്ടയം നഗരസഭാംഗം എം എം ഷാജി, റബ്കോ ഗ്രൂപ്പ് ഡയറക്ടര്‍മാരായ വി എം പ്രദീപ്, അനിത ഓമനക്കുട്ടന്‍, കേരള സ്റ്റേറ്റ് പ്രവാസി സഹകരണസംഘം പ്രസിഡന്റ് എ കെ മൂസ, കോട്ടയം രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി മുന്‍ പ്രിന്‍സിപ്പല്‍ ഡോ. സി സതീഷ് കുമാര്‍, റബ്കോ ഗ്രൂപ്പ് മാനേജിങ് ഡയറക്ടര്‍ പി വി ഹരിദാസന്‍ എന്നിവര്‍ പങ്കെടുത്തു.