രാജ്യത്തെ നമ്പര്‍ വണ്‍ അര്‍ബന്‍ ബാങ്കായ സാരസ്വത് ബാങ്കിനു 352 കോടി രൂപ ലാഭം
രാജ്യത്തെ ഏറ്റവും വലിയ അര്‍ബന്‍ സഹകരണ ബാങ്കായ സാരസ്വത് ബാങ്ക് 2022-23 സാമ്പത്തികവര്‍ഷം 352 കോടി രൂപ അറ്റലാഭം നേടി. ബാങ്കിന്റെ മൊത്തം ബിസിനസ് 75,500 കോടി രൂപയിലേറെയാണ്. ബാങ്കിന്റെ നിഷ്‌ക്രിയ ആസ്തി പൂജ്യമാണ്.
2022-23 ല്‍ സാരസ്വത് ബാങ്കിന്റെ ബിസിനസ് മുന്‍വര്‍ഷത്തെ 71,573 കോടി രൂപയില്‍ നിന്നു 75,559 കോടി രൂപയായെന്നു ഓഡിറ്റ് ചെയ്ത സാമ്പത്തികക്കണക്കുകള്‍ വ്യക്തമാക്കുന്നു. മുന്‍ സാമ്പത്തികവര്‍ഷം ബാങ്കിന്റെ നിക്ഷേപം 42,870 കോടി രൂപയായിരുന്നു. അതിപ്പോള്‍ 44,502 കോടി രൂപയായി വര്‍ധിച്ചു. അഡ്വാന്‍സ് 28,701 കോടി രൂപയില്‍ നിന്നു 31,057 കോടി രൂപയായും വര്‍ധിച്ചു. 2022 മാര്‍ച്ച് 31 നു 4,181 കോടി രൂപയായിരുന്ന ബാങ്കിന്റെ സ്വന്തം ഫണ്ട് 2023 മാര്‍ച്ച് 31 നു 4,759 കോടി രൂപയായി ഉയര്‍ന്നു. ‘ ഇടപാടുകാരുടെയും ഓഹരിയുടമകളുടെയും അചഞ്ചലമായ വിശ്വാസവും പിന്തുണയുമാണു തങ്ങളുടെ ചാലകശക്തിയെന്നും ഈ പ്രയാണത്തില്‍ കൂടെനിന്ന എല്ലാവര്‍ക്കും നന്ദിയുണ്ടെന്നും ‘ സാരസ്വത് ബാങ്ക് ട്വിറ്ററില്‍ കുറിച്ചു.
1918 സെപ്റ്റംബര്‍ പതിന്നാലിനു മുംബൈ ആസ്ഥാനമായി സ്ഥാപിച്ച ഈ ബഹുസംസ്ഥാന ( മള്‍ട്ടി സ്റ്റേറ്റ് ) സഹകരണ ബാങ്ക് മഹാരാഷ്ട്രക്കു പുറമേ ഗുജറാത്ത്, മധ്യപ്രദേശ്, കര്‍ണാടക, ഗോവ, ഡല്‍ഹി എന്നിവിടങ്ങളിലും പ്രവര്‍ത്തിക്കുന്നു. ജെ.കെ. പരുല്‍ക്കര്‍ ( ചെയര്‍മാന്‍ ), എന്‍.ബി. താക്കൂര്‍ ( വൈസ് ചെയര്‍മാന്‍ ), പി.എന്‍. വാര്‍ധെ ( സെക്രട്ടറി ) എന്നിവരാണു സ്ഥാപകാംഗങ്ങളില്‍ പ്രമുഖര്‍. ഫോര്‍ച്യൂണ്‍ ഇന്ത്യ – 500 പട്ടികയില്‍ തുടര്‍ച്ചയായി അഞ്ചു തവണയും ലോകത്തെ മികച്ച ബാങ്കുകളുടെ ഫോര്‍ബ്‌സ് പട്ടികയില്‍ തുടര്‍ച്ചയായി മൂന്നു തവണയും സാരസ്വത് ബാങ്ക് ഇടം നേടിയിട്ടുണ്ട്. ഇന്ത്യന്‍ ബാങ്ക്‌സ് അസോസിയേഷന്റെ മികച്ച സാങ്കേതികവിദ്യാ അവാര്‍ഡിനു തുടര്‍ച്ചയായി ആറു തവണയും ഈ ബാങ്ക് അര്‍ഹമായിട്ടുണ്ട്. രാജ്യത്തെ സഹകരണമേഖലയ്ക്കു നല്‍കിയ അതുല്യ സംഭാവനകളുടെ പേരില്‍ കേന്ദ്ര സഹകരണമന്ത്രാലയം സാരസ്വത് ബാങ്കിനെയും ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സഹകരണസംഘത്തെയും ഇക്കഴിഞ്ഞ ദിവസം ട്വിറ്ററിലൂടെ അഭിനന്ദിക്കുകയുണ്ടായി.