മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളുമായി മികവിന്റെ പാതയില്‍ വാരപ്പെട്ടി ബാങ്ക്
വി.എന്‍. പ്രസന്നന്‍
(2021 ജൂണ്‍ ലക്കം)
എറണാകുളം വാരപ്പെട്ടി സഹകരണ ബാങ്ക് കൃഷിയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്കാണു പ്രാധാന്യം നല്‍കുന്നത്. കാര്‍ഷിക വിളകളെ മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളാക്കി ബാങ്ക് കര്‍ഷകരെ സഹായിക്കുന്നു. വെളിച്ചെണ്ണ, ഉണക്കിയ ഏത്തപ്പഴം, പൈനാപ്പിള്‍, ചക്കപ്പഴം, വാക്വം ഫ്രൈ ചെയ്ത ഉപ്പേരി എന്നിവ ബാങ്കിന്റെ ഉല്‍പ്പന്നങ്ങളാണ്.
എറണാകുളം ജില്ലയിലെ കോതമംഗലം താലൂക്കില്‍ വാരപ്പെട്ടി പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന വാരപ്പെട്ടി സര്‍വീസ് സഹകരണ ബാങ്ക് കര്‍ഷകര്‍ക്കു സേവനം നല്‍കുന്നതില്‍ വൈവിധ്യവത്കരണത്തിന്റെ പുത്തന്‍പാതകളിലാണ്. ഉല്‍പ്പാദനച്ചലവു പോലും തിരിച്ചുകിട്ടാതെ വിഷമിക്കുന്ന കര്‍ഷകരെ സഹായിക്കാന്‍ കാര്‍ഷികവിളകളെ മൂല്യവര്‍ധിതോല്‍പ്പന്നങ്ങളാക്കി മാറ്റി വിപണിയിലെത്തിക്കുകയാണു ബാങ്ക് ചെയ്യുന്നത്. ചൈനയിലും മലേഷ്യയിലും നിന്ന് ഇറക്കുമതി ചെയ്ത ആധുനികയന്ത്രങ്ങളുടെ സഹായത്താലാണ് ഈ മൂല്യവര്‍ധന. പച്ചത്തേങ്ങ വൈദ്യുതിയുടെ സഹായത്താല്‍ ഉണക്കി കൊപ്രയാക്കിയുണ്ടാക്കുന്ന വെളിച്ചെണ്ണ ഉദാഹരണം. ഡീഹൈഡ്രേഷന്‍ എന്ന ഈ പ്രക്രിയ വഴി ഉണക്കിയെടുത്ത ഏത്തപ്പഴം, പൈനാപ്പിള്‍, ചക്കപ്പഴം എന്നിവ മറ്റുദാഹരണങ്ങള്‍. വാക്വം ഫ്രൈ ചെയ്ത ഉപ്പേരികളാണു വേറൊരിനം.
നാളികേരവും റബ്ബറും വാങ്ങാന്‍ ആളില്ലാത്ത അവസ്ഥ രണ്ടരപ്പതിറ്റാണ്ടു മുമ്പ് നമ്മള്‍ നേരിട്ടിരുന്നു. കേരളത്തില്‍ പൊതുവെ കര്‍ഷകര്‍ അനുഭവിച്ച ആ സ്ഥിതി എറണാകുളം ജില്ലയിലെ മലയോര മേഖലയായ വാരപ്പെട്ടിയിലും പ്രതിഫലിച്ചു. ആ ദുരിതാവസ്ഥയില്‍നിന്നു കര്‍ഷകരെ രക്ഷപ്പെടുത്താന്‍ വാരപ്പെട്ടി സര്‍വീസ് സഹകരണബാങ്ക് നടത്തിയ യത്‌നങ്ങളാണ് ഇന്നു വ്യാപകമായി ശ്രദ്ധിക്കപ്പെടുന്ന ഈ നേട്ടങ്ങളിലേക്ക് എത്തിയത്. കേരളത്തിലെ പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണ സംഘങ്ങളില്‍ നല്ലൊരു ഭാഗവും ബാങ്കിങ് പ്രവര്‍ത്തനങ്ങള്‍ക്കു പ്രാധാന്യം നല്‍കുന്ന സ്ഥിതി വന്നപ്പോഴും വാരപ്പെട്ടി സര്‍വീസ് സഹകരണബാങ്ക് കൃഷിപ്രധാനമായ പ്രവര്‍ത്തനങ്ങളില്‍ ഉറച്ചുനിന്നു.
വിപണിയില്‍ മത്സരം രൂക്ഷമാകുന്ന പുതിയ കാലഘട്ടത്തില്‍ കര്‍ഷകരെ കാര്‍ഷിക രംഗത്തു പിടിച്ചുനിര്‍ത്താനും കൃഷി ലാഭകരമാവാനും മൂല്യവര്‍ധിതോല്‍പ്പന്നങ്ങളിലൂടെ മത്സരക്ഷമത നേടി വിപണിയില്‍ കൂടുതല്‍ ആകര്‍ഷകമാവേണ്ടതുണ്ടെന്ന തിരിച്ചറിവാണു വാരപ്പെട്ടി ബാങ്കിനെ നയിക്കുന്നത്. ഇത്തരം ഉല്‍പ്പന്നങ്ങളുണ്ടാക്കി കയറ്റുമതി ചെയ്യാനുള്ള പദ്ധതികള്‍ ബാങ്ക് നടപ്പാക്കിവരികയാണ്.
വാരപ്പെട്ടി ബ്രാന്റ് വെളിച്ചെണ്ണ
മലയാളികള്‍ ഏറ്റവുമധികം ഉപയോഗിക്കുന്ന ഉല്‍പ്പന്നങ്ങളിലൊന്നാണു വെളിച്ചണ്ണ. പക്ഷേ, പലപ്പോഴും മായം കലര്‍ന്ന വെളിച്ചെണ്ണയാണു വിപണിയില്‍ കിട്ടുക. പരിശുദ്ധമായ വെളിച്ചെണ്ണ ഉല്‍പ്പാദിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ബാങ്ക് ഈ രംഗത്തു പ്രവര്‍ത്തിച്ചു. അതിന്റെ ഫലമായി അഗ്മാര്‍ക്ക് മുദ്രയോടെ വാരപ്പെട്ടി ബ്രാന്റ് വെളിച്ചെണ്ണ വിപണനം ചെയ്യാന്‍ ബാങ്കിനു കഴിഞ്ഞു. നാലു വര്‍ഷമായി ഈ ബ്രാന്റിലുള്ള വെളിച്ചെണ്ണ വിപണിയിലുണ്ട്. ഇതുമായി 2018 ല്‍ ഡല്‍ഹിയില്‍ നടന്ന അന്താരാഷ്ട്ര സഹകരണ പ്രദര്‍ശന മേളയില്‍ പങ്കെടുക്കാനും ബാങ്കിനു കഴിഞ്ഞു.
മൈലൂരില്‍ ബാങ്ക് വാങ്ങിയ ഒന്നരയേക്കര്‍ സ്ഥലത്തു സ്ഥാപിച്ച ആധുനിക യന്ത്രസാമഗ്രികളുടെ സഹായത്തോടെയാണ് ഇപ്പോള്‍ വെളിച്ചെണ്ണയുല്‍പ്പാദനം. പച്ചത്തേങ്ങ ഡീഹൈഡ്രേറ്റ് ചെയ്തു കൊപ്രയായി സംസ്‌കരിച്ചെടുക്കാന്‍ കഴിയുന്ന പ്ലാന്റാണ് ഇവിടെയുള്ളത്. സംസ്ഥാന സര്‍ക്കാരിന്റെയും നാളികേര വികസന ബോര്‍ഡിന്റെയും സഹകരണ വകുപ്പിന്റെയും സഹായത്തോടെയാണ് ഈ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു നീക്കിയത്. മൈലൂരില്‍ വാങ്ങിയ സ്ഥലത്തു 2019 ഒക്ടോബറിലാണ് അന്നത്തെ കൃഷിമന്ത്രി വി.എസ്. സുനില്‍കുമാര്‍ ഈ മൂല്യവര്‍ധിതോല്‍പ്പാദന കേന്ദ്രത്തിനു തറക്കല്ലിട്ടത്. വാരപ്പെട്ടി പഞ്ചായത്തിനെ കേരഗ്രാമം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയതായി അന്ന് സുനില്‍കുമാര്‍ പ്രഖ്യാപിച്ചു. 2021 ഫെബ്രുവരിയില്‍ അന്നത്തെ വ്യവസായമന്ത്രി ഇ.പി. ജയരാജന്‍ ഈ കേന്ദ്രത്തിന്റെ പ്രവര്‍ത്തനം ഉദ്ഘാടനം ചെയ്തു.
മൈലൂരിലെ പുതിയ വ്യവസായ കേന്ദ്രത്തില്‍ പ്രതിദിനം നാലു ടണ്‍ കൊപ്ര സംസ്‌കരിച്ചെടുക്കാനുള്ള സൗകര്യമുണ്ട്. വൈദ്യുതി ഉപയോഗിച്ചാണു തേങ്ങ ഉണക്കുന്നത്. ചൈനയില്‍നിന്ന് ഇറക്കുമതി ചെയ്ത യന്ത്രമാണ് ഇതിനുപയോഗിക്കുന്നത്. കപ്പയടക്കമുള്ള ഭക്ഷ്യവസ്തുക്കളും വൈദ്യുതി ഉപയോഗിച്ച് ഉണക്കുന്നുണ്ട്. ഇതിനുള്ള ഉപകരണവും ചൈനയില്‍നിന്ന് ഇറക്കുമതി ചെയ്തതുതന്നെ. വൈദ്യുതിയില്‍ ഉണക്കുന്നതുകൊണ്ടു ശുദ്ധമായി സംസ്‌കരിക്കാന്‍ കഴിയും. കേരളത്തില്‍ ആദ്യമായി വൈദ്യുതികൊണ്ട് ഇവ ഉണക്കുന്ന സാങ്കേതികവിദ്യ ഉപയോഗിച്ചതു തങ്ങളാണെന്നു വാരപ്പെട്ടി ബാങ്ക് അധികൃതര്‍ പറഞ്ഞു.
റബ്ബറിനു പകരം കുറ്റ്യാടി തെങ്ങിന്‍തൈ
അത്യുല്‍പ്പാദനശേഷിയുള്ള തെങ്ങുകളുള്ള തോട്ടങ്ങള്‍ പോലും ഉല്‍പ്പാദനം മുരടിച്ചും രോഗങ്ങള്‍ മൂലവും നശിക്കുന്ന സ്ഥിതിയുണ്ട്. അതേസമയം, ദീര്‍ഘകാലാടിസ്ഥാനത്തില്‍ തേങ്ങ കിട്ടിയാലേ കൃഷി ആദായകരമാവുകയുള്ളൂ. റബ്ബര്‍ തോട്ടങ്ങളിലാണെങ്കില്‍ പലപ്പോഴും റബ്ബര്‍ വെട്ടാന്‍ പോലും ആളെക്കിട്ടാത്ത സ്ഥിതിയുണ്ടാകാറുണ്ട്. ന്യായമായ വില കിട്ടൂമെന്ന് ഉറപ്പുമില്ല. ഈ രണ്ടു പ്രശ്‌നങ്ങള്‍ക്കും ഒരു പരിഹാരമെന്ന നിലയില്‍ ബാങ്ക് ഒരു പദ്ധതി ആവിഷ്‌കരിച്ചു. അതിന്റെ ഭാഗമായി, റബ്ബര്‍ വെട്ടിമാറ്റുന്ന സ്ഥലത്തു നല്ല വിള കിട്ടുന്നതും ദീര്‍ഘകാലം നിലനില്‍ക്കുന്നതുമായ ഡബ്ലിയു.സി.ടി. (West Cost Tall – WCT) അഥവാ കുറ്റ്യാടി തെങ്ങിന്‍തൈകള്‍ എന്നറിയപ്പെടുന്ന തൈകള്‍ പ്രതിവര്‍ഷം പതിനായിരം എണ്ണം വീതം ഉല്‍പ്പാദിപ്പിച്ച് കര്‍ഷകര്‍ക്കു നല്‍കിവരികയാണു ബാങ്ക്. ഡബ്ലിയു.സി.ടി. തെങ്ങുകള്‍ക്കു നൂറുകൊല്ലം വരെ വിളവ് ലഭിക്കുമെന്നാണു കണക്കാക്കപ്പെടുന്നത്. ഇത്തരം തെങ്ങുകള്‍ക്കു രോഗപ്രതിരോധശേഷിയും കൂടുതലാണ്. നാരുകള്‍ക്കു ബലം കൂടുതലുള്ളതിനാല്‍ കീടങ്ങളുടെ ആക്രമണവും ഒരു പരിധിവരെ തടയാന്‍ കഴിയും. കര്‍ഷകര്‍ നടുന്ന തൈ പരിപാലിക്കുന്നതിനായി കോക്കനട്ട് ഡോക്ടറെയും ബാങ്ക് നിയോഗിച്ചിട്ടുണ്ട്. തെങ്ങുപരിപാലനത്തില്‍ വിദഗ്ധനായ ഒരു കര്‍ഷകനെത്തന്നെയാണ് ഇങ്ങനെ നിയോഗിച്ചിരിക്കുന്നത്. കോക്കനട്ട് ഡോക്ടറുടെ പകുതി വേതനം ബാങ്കും ബാക്കി പകുതി കര്‍ഷകരുമാണു വഹിക്കുക. ഓരോ തെങ്ങിനും നിശ്ചിത തുക വീതമാണു വേതനം. നാളികേര വികസന ബോര്‍ഡിന്റെ ധനസഹായവും പദ്ധതിക്കുണ്ട്. കൂടാതെ, കൃഷിഭവനില്‍നിന്നുള്ള ഉപദേശ നിര്‍ദേശങ്ങളും പരിചരണവും ലഭിക്കുന്നു. മികവുറ്റതെന്ന് ഉറപ്പുവരുത്തിയ തൈകളാണ് ഇത്തരത്തില്‍ വിപണനം നടത്തുന്നത്.
കേരള സര്‍ക്കാര്‍ സംസ്ഥാന ഫലമായി അംഗീകരിച്ച ചക്കയും ചക്കപ്പഴവും മൂല്യവര്‍ധിതോല്‍പ്പന്നമാക്കുന്ന പദ്ധതിയും ബാങ്കിനുണ്ട്. ഡീഹൈഡ്രേഷന്‍ എന്ന സാങ്കേതിവിദ്യ ഇതിനായി ഉപയോഗിക്കുന്നു. ഇതുവഴി ഒരു വര്‍ഷം വരെ ചക്കപ്പഴത്തിന്റെ നിറവും മധുരവും നഷ്ടപ്പെടാതെ സൂക്ഷിക്കാം. ഡീഹൈഡ്രേഷന്‍ വഴി ചക്കപ്പഴം ഉണക്കിയെടുക്കുകയാണു ചെയ്യുക. ഏത്തപ്പഴം, പൈനാപ്പിള്‍ എന്നിവയും ഇത്തരത്തില്‍ ഉണക്കിയെടുക്കുന്നുണ്ട്.
കോവിഡ് കാലത്ത് മരച്ചീനിയിലേക്കു കൂടി ഇതു വ്യാപിപ്പിച്ചു. ഇക്കാലത്തു മരച്ചീനിക്കൃഷി വ്യാപകമായതിനെത്തുടര്‍ന്നു വാങ്ങാന്‍ വേണ്ടത്ര ആളില്ലാതായി. കര്‍ഷകരെ സഹായിക്കാന്‍ ബാങ്ക് മുന്നോട്ടുവന്നു. കമ്പോളത്തില്‍ മരച്ചീനി കിലോയ്ക്ക് ആറു രൂപയായിരുന്നപ്പോള്‍ 15 രൂപയ്ക്കു ബാങ്ക് അവ സംഭരിച്ചു. ഇൗ മരച്ചീനി ഉണക്കി വിവിധ പ്രദേശങ്ങളില്‍ വില്‍ക്കുകയാണു ചെയ്യുന്നത്. ഏത്തക്കായും ചക്കയും കപ്പയും വാക്വംഫ്രൈ എന്ന സാങ്കേതികവിദ്യ ഉപയോഗിച്ച് ഉപ്പേരിയാക്കി മാറ്റുന്നു. വാക്വംഫ്രൈ ചെയ്യുന്നതിനുള്ള യന്ത്രം മലേഷ്യയില്‍നിന്ന് ഇറക്കുമതി ചെയ്തതാണ്. കേരള കാര്‍ഷിക സര്‍വകലാശാലയുടെ മണ്ണുത്തി കേന്ദ്രത്തില്‍ പരിശീലനം ലഭിച്ച ജീവനക്കാരാണ് ഇതു ചെയ്യുന്നത്. സാധാരണഗതിയില്‍ ഉപ്പേരിയുണ്ടാക്കുമ്പോള്‍ ഉപയോഗിക്കേണ്ടിവരുന്ന എണ്ണയുടെ 10 ശതമാനം പോലും വാക്വം ഫ്രൈ വിദ്യ ഉപയോഗിച്ച് ഉപ്പേരിയുണ്ടാക്കുമ്പോള്‍ വേണ്ടിവരില്ല. അതുകൊണ്ട് ഇത്തരം പലഹാരങ്ങളിലെ അമിതമായ എണ്ണ കൊണ്ടുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ ഇവയ്ക്കില്ല.
എല്ലാ കാലത്തും കാര്‍ഷിക വിള
വര്‍ഷത്തില്‍ എല്ലാ സമയവും കാര്‍ഷികവിളകള്‍ ലഭ്യമാക്കാന്‍ ബാങ്ക് പദ്ധതി ആവിഷ്‌കരിച്ചിട്ടുണ്ട്. ഇതിനായി കര്‍ഷകരുടെ സംയുക്ത ബാധ്യതാഗ്രൂപ്പുകള്‍ ( Joint Liability Groups – JLG ) രൂപവത്കരിച്ചു. അവര്‍ക്കു കുറഞ്ഞ നിരക്കില്‍ വിത്തും വളവും കീടനാശിനിയും നല്‍കുന്നു. ഏത്തവാഴ വിത്തുകള്‍ പല ഘട്ടമായി നല്‍കി. അത്യുല്‍പ്പാദനശേഷിയുള്ളതും ഒന്നര വര്‍ഷംകൊണ്ടു കായ്ഫലം തരുന്നതുമായ വിയറ്റ്‌നാം യേര്‍ളി ഇനം പ്ലാവിന്‍തൈകളും നല്‍കിവരുന്നു. എല്ലാ വര്‍ഷവും നടുക്കര തൈ ഉല്‍പ്പാദന കേന്ദ്രത്തില്‍നിന്നു തൈകള്‍ വാങ്ങി പകുതി വിലയ്ക്കു കര്‍ഷകര്‍ക്കു നല്‍കാറുണ്ട്. കര്‍ഷകരുടെ വിളകള്‍ വില്‍ക്കാന്‍ എല്ലാ ചൊവ്വാഴ്ചയും വെള്ളിയാഴ്ചയും ഗ്രാമീണച്ചന്തയും നടത്തുന്നു.
തരിശുഭൂമി കൃഷിക്കുപയുക്തമാക്കുന്ന പദ്ധതിയും ബാങ്ക് നടപ്പാക്കി. കോവിഡ് കാലത്തു സംസ്ഥാന സര്‍ക്കാരിന്റെ ഭക്ഷ്യസുരക്ഷാ പദ്ധതിയുടെ ഭാഗമായി ഏട്ടേക്കര്‍ വരുന്ന കണ്ണാപ്പിള്ളി പാടശേഖരത്തില്‍ ഇരുപ്പൂ നെല്‍ക്കൃഷി ഇറക്കി. പശുവളര്‍ത്തല്‍ പ്രോത്സാഹിപ്പിക്കാന്‍ നാമമാത്രമായ പലിശനിരക്കില്‍ വീട്ടമ്മമാര്‍ക്കു വായ്പ നല്‍കുന്നുണ്ട്. പലിശരഹിതമായി ആടു വായ്പയും നല്‍കുന്നു. ചാണകവും ആട്ടിന്‍കാഷ്ടവും സംഭരിച്ച് മിശ്രിത ജൈവവള നിര്‍മാണം ആരംഭിക്കാന്‍ പരിപാടിയുണ്ട്. ഇതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.
നീതി മെഡിക്കല്‍ ലാബ്
ബാങ്ക് ഒരു നീതി മെഡിക്കല്‍ ലാബ് സ്ഥാപിച്ചിട്ടുണ്ട്. ദിവസം ശാശരി 45 പേര്‍ ഇവിടെ പരിശോധനകള്‍ക്കു വിധേയരാകുന്നു. മറ്റു ലാബുകളില്‍ പരിശോധനയ്ക്കു ഈടാക്കുന്നതിന്റെ പകുതിനിരക്കു മാത്രമാണ് ഇവിടെ ഈടാക്കുന്നതെന്നു ബാങ്ക് അറിയിച്ചു. ലാബിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി മൂന്നു പേരെ നിയോഗിച്ചിട്ടുണ്ട്. പകുതിയോളം ഫീസ് മാത്രം ഈടാക്കിയ ഇനത്തില്‍ മൊത്തത്തില്‍ മുപ്പതു ലക്ഷത്തോളം രൂപയുടെ ആനുകൂല്യങ്ങള്‍ ലാബിന്റെ സേവനങ്ങളെ ആശ്രയിച്ചവര്‍ക്കു കിട്ടിയിട്ടുണ്ടെന്നാണു ബാങ്കിന്റെ വിലയിരുത്തല്‍. ജനങ്ങള്‍ക്കു വിഷരഹിത മത്സ്യം കൊടുക്കാനായി മത്സ്യഫെഡിന്റെ സ്റ്റാള്‍ ബാങ്ക് ആരംഭിച്ചിട്ടുണ്ട്. ഈ സ്റ്റാളിലും മൂന്നു പേരെ ജോലിക്കായി നിയോഗിച്ചിട്ടുണ്ട്.
96 വര്‍ഷത്തെ ചരിത്രം
96 വര്‍ഷത്തെ പ്രവര്‍ത്തന പാരമ്പര്യമുള്ള ബാങ്കാണിത്. 1924 ലാണു ഇതിനു രജിസ്‌ട്രേഷന്‍ ലഭിച്ചത്. 1925ല്‍ പ്രവര്‍ത്തനം ആരംഭിച്ചു. പരസ്പര നാണയ വിനിമയസംഘം എന്നായിരുന്നു അന്നത്തെ പേര്. ഇളങ്ങവം ചേലക്കല്‍ പരമേശ്വരന്‍പിള്ളയാണ് ആദ്യത്തെ പ്രസിഡന്റ്. പിന്നീട് പുന്നേക്കോട്ടയില്‍ മഹ്‌റൂബ് പ്രസിഡന്റായി സര്‍വീസ് സഹകരണ സംഘം എന്ന പേരില്‍ വാടകക്കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചു. 2008 ല്‍ മൈലൂരില്‍ വാങ്ങിയ അഞ്ചു സെന്റില്‍ രണ്ടുനില മന്ദിരം നിര്‍മിച്ചു. ഇവിടെ ബാങ്ക് ശാഖയും നീതി സ്‌റ്റോറും പ്രവര്‍ത്തിക്കുന്നുണ്ട്. 2012 ല്‍ ഇഞ്ചൂരില്‍ 10 സെന്റ് വാങ്ങി മന്ദിരം നിര്‍മിച്ചു. അവിടെയും ബാങ്ക് ശാഖയും നീതിസ്റ്റോറുമുണ്ട്. 2012 ഐക്യരാഷ്ട്രസഭ സഹകരണ വര്‍ഷമായി പ്രഖ്യാപിച്ചു. അതിന്റെ ഓര്‍മയ്ക്കായി ഇഞ്ചൂര്‍ ശാഖയ്ക്ക് അന്താരാഷ്ട്ര സഹകരണ സ്മാരകമന്ദിരം എന്നു പേരു നല്‍കി. അന്താരാഷ്ട്ര സഹകരണ വര്‍ഷാചരണത്തിന് ഒരു സ്മാരകമന്ദിരം കേരളത്തില്‍ വേറെയില്ല. അന്നത്തെ പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദനാണു മന്ദിരം ഉദ്ഘാടനം ചെയ്തത്. 2019ല്‍ ബാങ്ക് നവതി ആഘോഷിച്ചു. അന്നു സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് ആഘോഷം ഉദ്ഘാടനം ചെയ്തത്. ബഹുനില മന്ദിരവും അദ്ദേഹം ഉദ്ഘാടനം ചെയ്തു. മൈലൂര്‍, ഇഞ്ചൂര്‍, ഇളങ്ങവം എന്നിവിടങ്ങളില്‍ ബാങ്കിനു ശാഖകളുണ്ട്. 2019 ല്‍ത്തന്നെ മൂല്യവര്‍ധിതോല്‍പ്പാദന കേന്ദ്രത്തിനു തറക്കല്ലിട്ടു. 2021 ല്‍ അതു പ്രവര്‍ത്തനം തുടങ്ങി.
സി.പി.എം. നേതാവായ എം.ജി. രാമകൃഷ്ണനാണു 13 വര്‍ഷമായി ഈ ബാങ്കിന്റെ പ്രസിഡന്റ്. എം.പി. വര്‍ഗീസ് ( വൈസ് പ്രസിഡന്റ് ), അഡ്വ. സുരേഷ് എം. കുമാര്‍, ഇ.എ. സുഭാഷ്, സി.എച്ച്. അബൂബക്കര്‍, ടി.കെ. ശ്രീധരന്‍, അഡ്വ. കെ. ബിജുകുമാര്‍, ഷിബു വര്‍ഗീസ്, സി.സി. ഹരിഹരന്‍, എന്‍.പി. ശാന്ത, സി.ജി. സുരേന്ദ്രന്‍, ലിസി പൗലോസ് എന്നിവരാണു മറ്റു ഡയരക്ടര്‍ ബോര്‍ഡംഗങ്ങള്‍. ടി.ആര്‍. സുനിലാണു സെക്രട്ടറി.
ഗുണനിലവാരത്തിനു മുന്‍ഗണന നല്‍കുന്ന ഉല്‍പ്പന്നങ്ങള്‍ വഴി കൂടുതല്‍ തൊഴിലവസരവും കര്‍ഷകര്‍ക്കു ന്യായവിലയും ലഭ്യമാക്കി കാര്‍ഷികോല്‍പ്പന്ന സംസ്‌കരണ കാര്യത്തില്‍ കൂടുതല്‍ മുന്നേറാന്‍ കഴിയുമെന്നു ബാങ്ക് പ്രസിഡന്റ് എം.ജി. രാമകൃഷ്ണന്‍ പറഞ്ഞു.
[mbzshare]