മൂന്നാംവഴി ആറാം വര്‍ഷത്തിലേക്ക്
സഹകരണമേഖലയുടെ ജീവല്‍പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കാട്ടി സഹകാരികള്‍ക്കിടയില്‍ ഗൗരവമുള്ള വായനയ്ക്കു തുടക്കം കുറിച്ച ഞങ്ങളുടെ ‘ മൂന്നാംവഴി ‘ സഹകരണമാസിക ( പത്രാധിപര്‍ സി.എന്‍. വിജയകൃഷ്ണന്‍ ) പ്രസിദ്ധീകരണത്തിന്റെ ആറാം വര്‍ഷത്തിലേക്കു കടന്നിരിക്കുകയാണ്. 61-ാമത്തെ ലക്കം ( 2022 നവംബര്‍ ലക്കം ) നവംബര്‍ നാലിനു വിപണിയിലിറങ്ങും.
നിലവിലെ സാധ്യതകള്‍ പ്രയോജനപ്പെടുത്തി സഹകരണമേഖലയില്‍ വലിയൊരു മുന്നേറ്റത്തിനു വഴിയൊരുക്കാനുള്ള സഹകരണ സംഘം രജിസ്ട്രാര്‍ അലക്‌സ് വര്‍ഗീസിന്റെ പരിശ്രമങ്ങളെക്കുറിച്ചാണ് ഈ ലക്കത്തിലെ കവര്‍സ്റ്റോറി ( മാറ്റത്തിനൊരുങ്ങി സഹകരണമേഖല – കിരണ്‍ വാസു ). ക്ഷേമപെന്‍ഷന്‍ കമ്പനിയും കിഫ്ബിയും എടുത്ത വായ്പകള്‍ പൊതുകടത്തില്‍ ഉള്‍പ്പെടുത്തിയ കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം പുന:പരിശോധിച്ചില്ലെങ്കില്‍ ഉണ്ടാകാന്‍ പോകുന്ന പ്രതിസന്ധിയെക്കുറിച്ചാണു മറ്റൊരു പ്രധാന ലേഖനം ( പെന്‍ഷന്‍കമ്പനിയെ സംഘങ്ങള്‍ എന്തിനു പേടിക്കണം? – കിരണ്‍ വാസു ). കേരള സഹകരണ സംഘം നിയമം വകുപ്പുകളും ചട്ടങ്ങളും തയാറാക്കാനുള്ള അധികാരം പരമമായതാണോ എന്ന ചോദ്യമുയര്‍ത്തി മുന്‍ എ.സി.എസ്.ടി.ഐ. ഡയരക്ടര്‍ ബി.പി. പിള്ള എഴുതുന്ന ലേഖനപരമ്പരയുടെയും സ്റ്റോര്‍സ് പര്‍ച്ചേസ് മാന്വലിനെയും സുതാര്യമായ സംഭരണത്തെയും ആഴത്തില്‍ വിശകലനം ചെയ്തു കേരള സംസ്ഥാന ഓഡിറ്റ് വകുപ്പിന്റെ മുന്‍ സീനിയര്‍ ഡെപ്യൂട്ടി ഡയരക്ടര്‍ യു.പി. അബ്ദുള്‍ മജീദ് തയാറാക്കുന്ന ലേഖനപരമ്പരയുടെയും രണ്ടാം ഭാഗങ്ങള്‍ ഈ ലക്കത്തില്‍ വായിക്കാം. നമ്മുടെ സാമൂഹിക സാഹചര്യവും സാംസ്‌കാരിക മുന്നേറ്റവും ജീവിതരീതിയും നിയമ-ഭരണ വ്യവസ്ഥയുമൊക്കെ മാറിയിട്ടും അതിനനുസൃതമായി പരിഷ്‌കരിച്ചിട്ടില്ലാത്ത കേരള സഹകരണ സംഘം നിയമത്തിന്റെ പോരായമ്കളെക്കുറിച്ചും പുതുതായി രൂപപ്പെടുത്തേണ്ട നിയമങ്ങളെക്കുറിച്ചും കേരള സഹകരണ ഫെഡറേഷന്‍ ചെയര്‍മാന്‍ സി.എന്‍. വിജയകൃഷ്ണനും ( നിയമപരിഷ്‌കരണവും കാലമറിഞ്ഞാവണം ) വിശ്വാസം ആര്‍ജിക്കുക എന്നത് അതികഠിനവും അതു നഷ്ടപ്പെടുത്തുക എന്നത് അതിലളിതവുമാണെന്നു അന്യരുടെ പണം കൈകാര്യം ചെയ്യുന്ന സഹകരണ സംഘങ്ങളുള്‍പ്പെടെയുള്ള ധനകാര്യസ്ഥാപനങ്ങളെ ഓര്‍മപ്പെടുത്തിക്കൊണ്ട് അധ്യാപികയായ ഡോ. ആര്‍. ഇന്ദുലേഖയും ( ധനകാര്യസ്ഥാപനങ്ങളും സാമ്പത്തികധാര്‍മികതയും ) അന്താരാഷ്ട്ര നാണ്യനിധിയും ലോകവ്യാപാര സംഘടനയും പ്രവചിക്കുന്നതുപോലെ ലോകം സാമ്പത്തികമാന്ദ്യത്തിലേക്കു നീങ്ങുകയാണോ എന്ന സന്ദേഹവുമായി സാമ്പത്തിക നിരീക്ഷകന്‍ പി.ആര്‍. പരമേശ്വരനും ( അര്‍ഥവിചാരം ) ഈ ലക്കത്തില്‍ എഴുതുന്നു.
മുത്തങ്ങാപ്പുല്ലുകൊണ്ട് മനോഹരമായ പായകള്‍ നെയ്യുന്ന കേരളത്തിലെ ഏക സഹകരണ സംഘത്തെക്കുറിച്ചും കൃഷിക്കൊപ്പം കളിയും പ്രോത്സാഹിപ്പിക്കാനായി സ്വന്തം ഫുട്ബാള്‍ ടര്‍ഫ് നിര്‍മിച്ച പട്ടാമ്പി സഹകരണ ബാങ്കിനെക്കുറിച്ചും ( അനില്‍ വള്ളിക്കാട് ) നൂറുകണക്കിനു ഏക്കറില്‍ കൃഷി ചെയ്തു സ്വന്തം ബ്രാന്‍ഡ് അരി വിപണിയിലിറക്കി സംസ്ഥാന സഹകരണ അവാര്‍ഡ് നേടിയ കണ്ണൂര്‍ ചെറുതാഴം സഹകരണ ബാങ്കിനെക്കുറിച്ചും ( യു.പി. അബ്ദുള്‍ മജീദ് ) കൊച്ചി കപ്പല്‍ശാലയിലെ ജീവനക്കാര്‍ക്കും നാട്ടുകാര്‍ക്കുമായി കുറഞ്ഞ വിലയ്ക്കു ഉപഭോക്തൃസാധനങ്ങള്‍ വിറ്റ് പ്രതിവര്‍ഷം അമ്പതു കോടി രൂപയ്ക്കുമേല്‍ വിറ്റുവരവും ഒരു കോടി രൂപ ലാഭവുമുണ്ടാക്കുന്ന ഉപഭോക്തൃ സഹകരണ സംഘത്തെക്കുറിച്ചും ( വി.എന്‍. പ്രസന്നന്‍ ) വെറും 12 വര്‍ഷത്തെ പ്രവര്‍ത്തനംകൊണ്ട് കേരളത്തിലെ മികച്ച വനിതാ സഹകരണ സംഘത്തിനുള്ള സംസ്ഥാന അവാര്‍ഡ് നേടിയ കണ്ണൂര്‍ വെള്ളോറ വനിതാ സഹകരണ സംഘത്തെക്കുറിച്ചുമുള്ള ഫീച്ചറുകളും ഈ ലക്കത്തില്‍ വായിക്കാം. കൂടാതെ സ്ഥിരം പംക്തികളായ കരിയര്‍ ഗൈഡന്‍സ് ( ഡോ. ടി.പി. സേതുമാധവന്‍ ), സ്റ്റൂഡന്റ്‌സ് കോര്‍ണര്‍ ( രാജേഷ് പി.വി. കരിപ്പാല്‍ ), മത്സരത്തിലെ ഇംഗ്ലീഷ് ( ചൂര്യയി ചന്ദ്രന്‍ ) എന്നിവയും.
100 പേജ്. ആര്‍ട്ട് പേപ്പറില്‍ അച്ചടി. വില 50 രൂപ.