മില്‍മയുടെ ഗതിമാറ്റിയത് സഹകരണ നിയമഭേദഗതി അംഗീകരിക്കാത്ത ഗവര്‍ണറുടെ നിലപാട്
സഹകരണ നിയമഭേദഗതി അംഗീകരിക്കാത്ത ഗവര്‍ണറുടെ നടപടി മില്‍മയുടെ ഭരണസമിതി തിരഞ്ഞെടുപ്പില്‍ സര്‍ക്കാരിന് തിരിച്ചടിയായി. അഡ്മിനിസ്‌ട്രേറ്റര്‍മാര്‍ക്ക് വോട്ടവകാശംനല്‍കിയാണ് മില്‍മ മേഖലയൂണിയന്റെ തിരഞ്ഞെടുപ്പ് നടന്നത്. ഇത് ഹൈക്കോടതി വിലക്കി. ഇതോടെ, തിരുവനന്തപുരം മേഖല യൂണിയന്‍ ഭരണം യു.ഡി.എഫിന് ലഭിക്കും. മലബാര്‍ മേഖല യു.ഡി.എഫിന്റെയും എറണാകുളം മേഖല എല്‍.ഡി.എഫിന്റെയും ഭരണ നിയന്ത്രണത്തിലാണ്. തിരുവനന്തപുരം മേഖലകൂടി യു.ഡി.എഫിന് ലഭിക്കുന്നതോടെ ഫെഡറേഷന്‍ ഭരണവും അവര്‍ക്ക് ലഭിക്കും.
ക്ഷീരസംഘങ്ങളിലെ അഡ്മിനിസ്‌ട്രേറ്റര്‍മാര്‍ക്ക് മേഖല യൂണിയന്‍ ഭരണസമിതി തിരഞ്ഞെടുപ്പില് വോട്ടവകാശം അനുവദിച്ചുകൊണ്ട് സര്‍ക്കാര്‍ സഹകരണ നിയമത്തില്‍ ഭേദഗതി കൊണ്ടുവന്നിരുന്നു. തിരുവനന്തപുരം മേഖല യൂണിയന് കീഴില്‍ 58 ക്ഷീര സംഘങ്ങള്‍ അഡ്മിനിസ്‌ട്രേറ്റീവ് ഭരണത്തിലാണ്. 23 സംഘങ്ങളിലാണ് തിരഞ്ഞെടുക്കപ്പെട്ട ഭരണസമിതിയുള്ളത്. അഡ്മിനിസ്‌ട്രേറ്റര്‍ക്ക് വോട്ടവകാശം അനുവദിച്ചുകൊണ്ടാണ് മേഖല യൂണിയനിലേക്ക് തിരഞ്ഞെടുപ്പ് നടന്നത്. ഇതിനെതിരെ മുന്‍ യൂണിയന്‍ ചെയര്‍മാന്‍ കല്ലട രമേശിന്റെ നേതൃത്വത്തില്‍ ഒരുവിഭാഗം ഹൈക്കോടതിയില്‍ ഹരജി നല്‍കി. കോടതി ഉത്തരവ് വരെ തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചിരുന്നില്ല. വ്യാഴാഴ്ച പരാതിക്കാര്‍ക്ക് അനുകൂലമായി വിധി വന്നു.
യൂണിയന്‍ തിരഞ്ഞെടുപ്പിന് പിന്നാലെയാണ് സഹകരണ നിയമത്തില്‍ ഭേദഗതി കൊണ്ടുവന്നത്. ബില്ല് നിയമസഭ പാസാക്കി ഗവര്‍ണര്‍ക്ക് കൈമാറിയിട്ട് ഒരുവര്‍ഷം കഴിഞ്ഞു. ഇതുവരെ ഗവര്‍ണര്‍ ഇത് അംഗീകരിച്ചിട്ടില്ല. നിയമം നിലവില്‍ വന്നിരുന്നെങ്കില്‍ ഹൈക്കോടതിയുടെ വിധിതന്നെ മാറ്റൊന്നാകാനുള്ള സാധ്യതയുണ്ടായിരുന്നു. ഭേദഗതി അംഗീകരിക്കരുതെന്ന് കാണിച്ച് പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍ ഗവര്‍ണര്‍ക്ക് കത്ത് നല്‍കിയിരുന്നു. ജനാധിപത്യവിരുദ്ധമായ ഭേദഗതിയാണെന്നാണ് പ്രതിപക്ഷനേതാവ് ചൂണ്ടിക്കാട്ടിയത്. എന്നാല്‍, തിരഞ്ഞെടുക്കപ്പെട്ട ഭരണസമിതി ഇല്ലെന്ന കാരണത്താല്‍ യൂണിയന്‍ തിരഞ്ഞെടുപ്പില്‍ സംഘങ്ങള്‍ക്കുള്ള അവകാശം നിഷേധിക്കുന്നത് ശരിയല്ലെന്നായിരുന്നു സര്‍ക്കാരിന്റെ വാദം. ഇക്കാര്യം ഗവര്‍ണര്‍ക്ക് വിശദീകരണമായി നല്‍കുകയും ചെയ്തിരുന്നു. ഇതിനുശേഷവും ബില്ലില്‍ ഒപ്പിടാന്‍ ഗവര്‍ണര്‍ തയ്യാറായില്ല. ഇതിനിടയില്‍ കോടതി വിധി വന്നതോടെ, മില്‍മയുടെ ഭരണം യു.ഡി.എഫിന് തിരിച്ചുലഭിക്കുന്ന സ്ഥിതിയായി.