മാതൃകാ സഹകരണ സംഘങ്ങള്‍ക്ക് 4.2 കോടിയുടെ ധനസഹായം
മാതൃകാ സഹകരണ സംഘങ്ങള്‍ക്കുള്ള സാമ്പത്തിക സഹായം സര്‍ക്കാര്‍ അനുവദിച്ചു. 15 സഹകരണ സംഘങ്ങള്‍ക്കായി 4.20 കോടി രൂപയാണ് അനുവദിച്ചത്. 2019-20 സാമ്പത്തിക വര്‍ഷത്തില്‍ ഒമ്പത് സംഘങ്ങള്‍ക്കും 2020-21 ല്‍ ആറ് സംഘങ്ങള്‍ക്കുമാണ് സഹായം ലഭിക്കുന്നത്. സബ്‌സിഡി, ഓഹരി, വായ്പ എന്നീ ക്രമത്തിലാണ് പണം നല്‍കുന്നത്. കാസര്‍കോട് പനത്തടി സര്‍വീസ് സഹകരണ ബാങ്ക്, കോഴിക്കോട് അഴിയൂര്‍ വനിതാ സഹകരണ സംഘം, കോഴിക്കോട് ഒളവണ്ണ സര്‍വീസ് സഹകരണ ബാങ്ക്, കാറളം സര്‍വീസ് സഹകരണ ബാങ്ക്, തൃശ്ശൂര്‍ വരന്തരപ്പള്ളി വനിതാ സഹകരണ സംഘം, കാലടി ഫാര്‍മേഴ്‌സ് സഹകരണ സംഘം, മറയൂര്‍ സര്‍വീസ് സഹകരണ ബാങ്ക്, പൂവരണി സര്‍വീസ് സഹകരണ ബാങ്ക്, പന്മന സര്‍വീസ് സഹകരണ ബാങ്ക് എന്നിവയാണ് 2019-20 ല്‍ സര്‍ക്കാര്‍ സഹായം നേടിയ സംഘങ്ങള്‍.
25 ലക്ഷം രൂപ വീതമാണ് ഓരോ സംഘത്തിനുമുള്ളത്. ഈ ഒമ്പതു സംഘങ്ങള്‍ക്കുമായി 2.25 കോടി രൂപ അനുവദിക്കും. ഈ സംഘങ്ങളില്‍ പൂവരണി സര്‍വീസ് സഹകരണ ബാങ്ക് സര്‍ക്കാര്‍സഹായം വേണ്ടതില്ലെന്ന് രജിസ്ട്രാറെ അറിയിച്ചിട്ടുണ്ട്. സര്‍ക്കാര്‍ ധനസഹായം റിലീസ് ചെയ്യുന്നതിന് സംഘത്തിന്റെ വസ്തു പണയമായി നല്‍കേണ്ടതിനാല്‍ രജിസ്‌ട്രേഷന്‍ ഇനത്തില്‍ വലിയ തുക ചെലവഴിക്കേണ്ടിവരുമെന്ന് ചൂണ്ടിക്കാട്ടിയാണ് ധനസഹായം വേണ്ടതില്ലെന്ന് അറിയിച്ചത്.
2020-21 വര്‍ഷത്തില്‍ ആറ് സംഘങ്ങള്‍ക്ക് സഹായം നല്‍കണമെന്നാണ് സഹകരണ സംഘം രജിസ്ട്രാര്‍ സര്‍ക്കാരിന് ശുപാര്‍ശ നല്‍കിയത്. ഏരൂര്‍ സര്‍വീസ് സഹകരണ ബാങ്ക്, കീഴ്ത്തടിയൂര്‍ സര്‍വീസ് സഹകരണ ബാങ്ക്, എളവൂര്‍ സര്‍വീസ് സഹകരണ ബാങ്ക്, കല്ലടിക്കോട് സര്‍വീസ് സഹകരണ ബാങ്ക്, കുളത്തൂര്‍പ്പുഴ സര്‍വീസ് സഹകരണ ബാങ്ക്, മുളക്കുളം സര്‍വീസ് സഹകരണ ബാങ്ക്, മലയിടം സര്‍വീസ് സഹകരണ ബാങ്ക് എന്നിവയാണിവ. ഈ ശുപാര്‍ശയും സര്‍ക്കാര്‍ അംഗീകരിച്ചു. ഇവയ്ക്കും സബ്‌സിഡി, ഓഹരി, വായ്പ എന്നീ വിഭാഗത്തിലായി 25 ലക്ഷം രൂപ വീതമാണ് നല്‍കുക.