മാതൃകയായി മണിമല കൊക്കോ സഹകരണസംഘം; അമേരിക്കയിലേക്ക് കയറ്റുമതി തുടങ്ങി

Deepthi Vipin lal

കൊക്കോ കര്‍ഷകര്‍ക്ക് കൈത്താങ്ങാവാന്‍ സ്ഥാപിച്ച കോട്ടയം മണിമല കൊക്കോ സഹകരണസംഘം നേട്ടത്തിന്റെ പാതയില്‍. അമേരിക്കന്‍ കമ്പനിക്ക് ഒരു ടണ്‍ കൊക്കോക്കുരുവാണ് സംഘത്തിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം കയറ്റി അയച്ചത്. പ്രതിസന്ധികള്‍ക്കിടയില്‍ വിദേശ വിപണി കണ്ടെത്തിയത് കൊക്കോ കര്‍ഷകര്‍ക്ക് ആശ്വാസമായി.

കൊക്കോ കര്‍ഷകരുടെ ദുരിതത്തിന് പരിഹാരം കാണാന്‍ ഏഴുവര്‍ഷം മുമ്പാണ് കൊക്കോ ഉത്പാദക സഹകരണസംഘം സ്ഥാപിച്ചത്. 40 വര്‍ഷത്തിലധികമായി കൊക്കോ കര്‍ഷകനായ കെ.ജെ. വര്‍ഗീസ് പ്രസിഡന്റായി പന്ത്രണ്ടംഗ ഡയറക്ടര്‍ ബോര്‍ഡാണ് ഉള്ളത്. മണിമല മൂലേപ്ലാവ് കേന്ദ്രീകരിച്ച് കര്‍ഷകര്‍ക്ക് കൊക്കോ തൈകള്‍ വിതരണം ചെയ്താണ് സംഘത്തിന്റെ പ്രവര്‍ത്തനം തുടങ്ങിയത്. തൈകള്‍ വാങ്ങുന്നവരെ സംഘത്തിലെ അംഗങ്ങളാക്കി.

മണിമല, വെള്ളാവൂര്‍, വാഴൂര്‍, കങ്ങഴ, ചിറക്കടവ് പഞ്ചായത്തുകളിലേക്ക് കൊക്കോ കൃഷിയും സംഘത്തിന്റെ പ്രവര്‍ത്തനവും വ്യാപിപ്പിച്ചു. കായ്കള്‍ സംഘം തന്നെ സംഭരിച്ച് ഉണക്കിയെടുത്തു. എന്നാല്‍ നാട്ടില്‍ വിപണി കണ്ടെത്തുന്നതിന് വലിയ വിഷമം ഉണ്ടായി. ഈ സാഹചര്യത്തിലാണ് വിദേശത്ത് കൊക്കോ വില്‍ക്കാനുള്ള ശ്രമങ്ങള്‍ സംഘം നടത്തിയത്. അമേരിക്കയിലുള്ള കമ്പനിക്ക് സാമ്പിള്‍ അയച്ചുകൊടുത്തു.

മണിമല കൊക്കോ ഉത്പാദക സഹകരണ സംഘത്തില്‍ നിന്നുള്ള ഉണക്കക്കുരുവിന്റെ ഗുണനിലവാരം കമ്പനി വിലയിരുത്തി. പത്ത് രാജ്യങ്ങളില്‍ നിന്നുള്ള സാമ്പിളുകള്‍ പരിശോധിച്ചതില്‍ മൂന്നെണ്ണമാണ് തെരഞ്ഞെടുത്തത്. അതിലൊന്ന് മണിമല സംഘത്തിന്റേത് ആയിരുന്നു.
തുടര്‍ന്ന് ഒരു ടണ്‍ കൊക്കോക്കുരുവിനുള്ള ഓര്‍ഡര്‍ നല്‍കി. കൂടുതല്‍ വില ലഭിക്കുകയും ചെയതു. കയറ്റുമതി ലൈസന്‍സ് ഇല്ലാത്തതിനാല്‍
മുംബൈയിലെ ഒരു കമ്പനി വഴി കഴിഞ്ഞ ദിവസമാണ് കൊക്കോക്കുരു അയച്ചത്. ഗുണനിലവാരം ഉറപ്പുവരുത്തി കൂടുതല്‍ ഓര്‍ഡര്‍ നല്‍കുന്നതിന് തയ്യാറാണെന്ന് സംഘം പ്രസിഡന്റ് കെ.ജെ.വര്‍ഗീസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Latest News