മാതൃക തീര്‍ത്ത് എന്‍.എം.ഡി.സി.; ഫെഡറല്‍ സംഘമായി ഉയര്‍ത്തി സര്‍ക്കാര്‍

moonamvazhi

ഒരു സഹകരണ സംഘം എങ്ങനെയാകണമെന്നതിന് മാതൃകയാണ് കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന എൻ.എം.ഡി.സി. എന്ന നോർത്ത് മലബാർ ഡിസ്ട്രിക്റ്റ് മാർക്കറ്റിംഗ് ആൻഡ് സപ്ലൈ സഹകരണ സംഘം. കർഷകർക്ക് വേണ്ടി നിലകൊള്ളുകയും അവരുടെ ഉൽപന്നങ്ങൾക്ക് വിപണി കണ്ടെത്തി കൊടുക്കുകയും ചെയ്യുക എന്ന പ്രാഥമിക ഉത്തരവാദിത്തം മാതൃകാപരമായി നിർവഹിച്ചതിന്റെ അംഗീകാരം നിറവിലാണ് ഈ സംഘം. തകർന്നുപോയിടത്തുനിന്ന് ദീർഘവീക്ഷണത്തോടെയുള്ള പ്രവർത്തനത്തിലൂടെ ഉയർത്തെഴുന്നേറ്റ് നടന്ന് ചരിത്രപരമായ വിജയം നേടിയതിന് എൻ.എം.ഡി.സി.ക്ക് സഹകരണ വകുപ്പിന്റെ അംഗീകാരം. എൻ.എം.ഡി.സി.യെ ഫെഡറൽ സംഘമായി ഉയർത്തി സഹകരണ വകുപ്പ് ഉത്തരവിറക്കി.

മദ്രാസ് സഹകരണ നിയമം അനുസരിച്ച് രൂപംകൊണ്ട സംഘം നഷ്ടത്തിലേക്ക് കൂപ്പുകുത്തി അടിച്ചുപൂട്ടാന്‍ ഒരുങ്ങിയ ഘട്ടത്തില്‍നിന്നാണ് ഇപ്പോഴത്തെ ഉയര്‍ത്തെഴുന്നേല്‍പ്. ഇന്ന് കേരളത്തിലെ സഹകരണ സംഘങ്ങള്‍ക്ക് വഴികാട്ടിയായി എന്‍.എം.ഡി.സി. മാറിക്കഴിഞ്ഞു. കോഓപ് മാര്‍ട്ട പദ്ധതി സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടും എങ്ങുമെത്താതെ ഇഴഞ്ഞുനീങ്ങിയപ്പോഴാണ്, അത് ഞങ്ങള്‍ നടത്താമെന്ന അപേക്ഷയുമായി എന്‍.എം.ഡി.സി. സഹകരണ വകുപ്പിന് മുമ്പിലെത്തിയത്. ഇത്രയും വലിയ ഉത്തരവാദിത്തം എല്‍പിക്കാന്‍ കഴിയുന്ന ഒരു സംഘമാണോ ഇതെന്ന സഹകരണ വകുപ്പ് ശങ്കിച്ച് നിന്നപ്പോള്‍, നെഞ്ചുറപ്പോട് ഏറ്റെടുക്കാന്‍ തയ്യാറായി എന്‍.എം.ഡി.സി. നിന്നു.

360 ഉല്‍പന്നങ്ങളാണ് കേരളത്തിലെ സഹകരണ സംഘങ്ങള്‍ ഉല്‍പാദിപ്പിക്കുന്നത്. ഇവയ്ക്കായി ഒരു കണ്‍സ്യൂമര്‍ വിപണന ശൃംഖല തീര്‍ക്കുകയെന്ന കാഴ്ചപ്പാടുമായി എന്‍.എം.ഡി.സി. തയ്യാറാക്കിയ പദ്ധതി രേഖ സഹകരണ വകുപ്പ് അംഗീകരിച്ചു. പക്ഷേ, നാല് കോഓപ് മാര്‍ട്ടുകളാണ് കേരളത്തിലാകെയുള്ളത്. 14 ജില്ലകളിലെ പ്രാദേശിക തലത്തില്‍നിന്ന് സഹകരണ ഉല്‍പന്നങ്ങള്‍ ഈ കോഓപ് മാര്‍ട്ടുകളിലേക്ക് എത്തിക്കാനുള്ള ചെലവ് ഭാരിച്ചതായിരുന്നു. എന്നിട്ടും അത് എന്‍.എം.ഡി.സി. ഏറ്റെടുത്തു. നാലില്‍നിന്ന് 14ജില്ലകളിലും ഒരോന്നുവീതമെന്ന കണക്കില്‍ 14 ആയി കോഓപ് മാര്‍ട്ടുകളുയര്‍ത്തി. ആ 14 ജില്ലകളിലേക്കും എന്‍.എം.ഡി.സി. സഹകരണ ഉല്‍പന്നങ്ങളെത്തിച്ചു.

പദ്ധതി നിര്‍വഹണത്തിന്റെ ചുമതല മടിച്ചു മടിച്ചു ഏല്‍പിച്ച സഹകരണ വകുപ്പ് ഇപ്പോള്‍ എന്‍.എം.ഡി.സി.യുടെ ഈ ദൗത്യത്തെ അംഗീകരിച്ചു. എല്ലാ പഞ്ചായത്തിലും കോഓപ് മാര്‍ട്ട് തുടങ്ങാനുള്ള തീരുമാനത്തിലാണ് സഹകരണ സംഘം രജിസ്ട്രാര്‍ അലക്‌സ് വര്‍ഗീസ്. ഒപ്പം, ഡല്‍ഹിയില്‍നടന്ന അന്തര്‍ദേശീയ ട്രേഡ് ഫെസ്റ്റില്‍ കോഓപ് മാര്‍ട്ടിന്റെ പേരില്‍തന്നെ ആദ്യമായി സഹകരണ ഉല്‍പന്നങ്ങള്‍ പ്രദര്‍ശിപ്പിച്ചു. ആ ചുമതലയും രജിസ്ട്രാര്‍ എന്‍.എം.ഡി.സി.ക്കാണ് നല്‍കിയത്. വിജയകരമായി അത് പൂര്‍ത്തിയാക്കിയതിന് ഒപ്പമാണ് ഫെഡറല്‍ സംഘത്തിന്റെ ക്ലാസിഫിക്കേഷനില്‍ എന്‍.എം.ഡി.സി.യെ ഉള്‍പ്പെടുത്തി സഹകരണ വകുപ്പിന്റെ ഉത്തരവിറങ്ങിയത്.

27 തസ്തികകള്‍ അടങ്ങിയ പുതിയ സ്റ്റാഫ് പാറ്റേണിനും സര്‍ക്കാര്‍ അംഗീകാരം നല്‍കി. ജനറല്‍മാനേജര്‍, അസിസ്റ്റന്റ് ജനറല്‍മാനേജര്‍, രണ്ട് ബിസിനസ് മാനേജര്‍മാര്‍, നാല് ബ്രാഞ്ച് മാനേജര്‍, മൂന്ന് സീനിയര്‍ ക്ലര്‍ക്ക്, അഞ്ച് ജൂനിയര്‍ ക്ലര്‍ക്ക്, അസിസ്റ്റന്റ് ഗ്രേഡര്‍ ഒന്ന്, നാല് അറ്റന്‍ഡര്‍, മൂന്ന് വാച് മാന്‍, മൂന്ന് പി.ടി.എസ്. എന്നിങ്ങനെയാണ് പുതിയ സ്റ്റാഫ് പാറ്റേണ്‍. നല്ല ലക്ഷ്യബോധവും, അര്‍പ്പണ ബോധത്തോടെ പ്രവര്‍ത്തിക്കുന്ന ജീവനക്കാരും, അവര്‍ക്ക് ആവശ്യമായതെല്ലാം നല്‍കുന്ന ഭരണസമിതിയും ചേര്‍ന്നാല്‍ ഒരു സഹകരണ സംഘത്തിന് മാതൃക തീര്‍ക്കാമെന്നതാണ് എന്‍.എം.ഡി.സി. നല്‍കുന്ന സന്ദേശം. വീഴുമ്പോള്‍ നിലവിളിക്കുന്നതിലല്ല, വിജയം മുമ്പിലുണ്ടെന്ന് വിശ്വസിച്ച് എഴുന്നേറ്റ് നടക്കുകയാണ് വേണ്ടതെന്നാണ് എന്‍.എം.ഡി.സി. നല്‍കുന്ന അനുഭവപാഠം.

Leave a Reply

Your email address will not be published. Required fields are marked *

Latest News