മഴക്കെടുതിയില്‍ ക്ഷീര മേഖലയ്ക്ക് രണ്ടു കോടിയുടെ നഷ്ടം

Deepthi Vipin lal

കനത്തമഴ പ്രളയമായി മാറിയപ്പോള്‍ ക്ഷീരകര്‍ഷകര്‍ക്ക് ഏറെ നഷ്ടമുണ്ടായതായി സര്‍ക്കാരിന്റെ കണക്ക്. രണ്ടു കോടി രൂപയുടെ നഷ്ടമാണ് പ്രാഥമികമായി കണക്കാക്കിയിട്ടുള്ളത്. കര്‍ഷകര്‍ക്കും ക്ഷീര സംഘങ്ങള്‍ക്കുമുണ്ടായ നഷ്ടത്തിന് സഹായം ലഭ്യമാക്കാനുള്ള നടപടികള്‍ സ്വീകരിച്ചുതുടങ്ങിയിട്ടുണ്ട്. കന്നുകാലികള്‍ നഷ്ടപ്പെട്ട ക്ഷീരകര്‍ഷകര്‍ക്ക് കന്നുകാലി ഒന്നിന് മുപ്പതിനായിരം രൂപ വീതം സഹായം നല്‍കുമെന്ന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി പറഞ്ഞു.


സംസ്ഥാനത്ത് 91 ഉരുക്കള്‍, 42 ആടുകള്‍, 25032 കോഴികള്‍, 274 തൊഴുത്തുകള്‍, 29 ല്‍ പരം കോഴിക്കൂടുകള്‍, അഞ്ച് ലക്ഷം രൂപയുടെ കാലിത്തീറ്റ എന്നിവയുള്‍പ്പെടെയാണ് രണ്ട് കോടി രൂപയുടെ നാശനഷ്ടം കണക്കാക്കുന്നത്. കന്നുകുട്ടിക്ക് പതിനായിരവും ആട്, പന്നി എന്നിവക്ക് മൂവായിരം വീതവും നഷ്ടപരിഹാരം നല്‍കും. ദുരിതാശ്വാസ ക്യാമ്പുകളില്‍ കെട്ടിയിട്ടിരിക്കുന്ന കന്നുകാലികള്‍ക്ക് മില്‍മയുടെ സഹായത്തോടെ തീറ്റ ലഭ്യമാക്കും. പശുവൊന്നിന് ദിവസവും 70 രൂപയുടെ കാലിത്തീറ്റ സൗജന്യമായി നല്‍കും. ഇന്‍ഷ്വര്‍ ചെയ്ത കന്നുകാലികളുടെ ഇന്‍ഷ്വര്‍ തുക ഉടന്‍ നല്‍കും.


മൃഗസംരക്ഷണ, ക്ഷീരവികസന മേഖലയില്‍ കാലവര്‍ഷക്കെടുതിയുമായി ബന്ധപ്പെട്ട രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന്റെ ഭാഗമായി എല്ലാ ജില്ലകളിലും കണ്‍ട്രോള്‍ റൂം തുറന്നു. പ്രകൃതിക്ഷോഭത്തിനു സാധ്യതയുള്ള പ്രദേശങ്ങള്‍ കണ്ടെത്തി മുന്‍കരുതല്‍ നടപടി സ്വീകരിച്ചു. വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളില്‍ കന്നുകാലികളെ മാറ്റിപ്പാര്‍പ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. കൂടാതെ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ ആവശ്യമാകുന്ന സന്ദര്‍ഭങ്ങളില്‍ ജില്ലാതല ദുരന്ത നിവാരണ അതോറിറ്റിയുമായും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായും സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ വകുപ്പിലെ ജില്ലാതല ഓഫീസര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. വകുപ്പിലെ ജില്ലാതല കണ്‍ട്രോള്‍ റൂമുകളില്‍ നിന്നുള്ള വിവരങ്ങള്‍ സംസ്ഥാനതലത്തിലുള്ള കണ്‍ട്രോള്‍ റൂമില്‍ ക്രോഡീകരിക്കും.


ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും ജില്ലാ തലത്തില്‍ ക്ഷീരവികസനം, മൃഗസംരക്ഷണം, മില്‍മ തുടങ്ങിയ മേഖലകളിലെ ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി ജില്ലാതല ലൈവ് സ്റ്റോക്ക് ആന്‍ഡ് പൗള്‍ട്ടറി ദുരന്തനിവാരണ കമ്മിറ്റിക്കു രൂപം നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്. ജില്ലാതലത്തില്‍ ദുരന്തനിവാരണ വകുപ്പില്‍ നിന്നുള്ള ധനസഹായം കര്‍ഷകര്‍ക്ക് സമയബന്ധിതമായി എത്തിക്കുന്നതിന് മന്ത്രി വകുപ്പുകള്‍ക്ക് നിര്‍ദ്ദേശം നല്‍കി. ധനസഹായ വിതരണത്തിനുള്ള അപേക്ഷ സ്വീകരിക്കാനും തീരുമാനമായി. കര്‍ഷകര്‍ അതതു പഞ്ചായത്തിലെ മൃഗാശുപത്രിയിലെ വെറ്ററിനറി സര്‍ജന്റെ ഓഫീസിലോ ക്ഷീരവികസന വകുപ്പിന്റെ ബ്ലോക്ക് തല ഓഫീസിലോ പത്ത് ദിവസത്തിനുള്ളില്‍ അപേക്ഷ സമര്‍പ്പിക്കണം.

Leave a Reply

Your email address will not be published. Required fields are marked *

Latest News