മള്‍ട്ടിസ്റ്റേറ്റ് നിയമഭേദഗതിക്കെതിരെ കേരളം; പ്രതിസന്ധിയുണ്ടാക്കുമെന്ന് മന്ത്രി

moonamvazhi

മള്‍ട്ടി സ്റ്റേറ്റ് സഹകരണ സംഘം നിയമത്തില്‍ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന ഭേദഗതിക്കെതിരെ കേരളം. കേരളത്തിലെ ഏത് സംഘത്തെയും മള്‍ട്ടി സ്റ്റേറ്റ് സഹകരണ സംഘത്തിലേക്ക് ലയിപ്പിക്കാന്‍ കഴിയുന്ന വ്യവസ്ഥയാണ് ഈ നിയമത്തിലുള്ളത്. സാധാരണക്കാര്‍ക്ക് ഗുണകരമായ പ്രവര്‍ത്തനം നടത്തുന്ന സഹകരണ മേഖലയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രതിസന്ധിയാകുന്നതാണ് കേന്ദ്രസര്‍ക്കാരിന്റെ പുതിയ നിയമ ഭേദഗതിയെന്ന് മന്ത്രി വി.എന്‍.വാസവന്‍ പറഞ്ഞു,

നിയമ ഭേദഗതിയിലൂടെ ഫെഡറല്‍ സംവിധാനത്തെ അട്ടിമറിക്കാനുള ശ്രമമാണ് കേന്ദ്ര സര്‍ക്കാര്‍ നടത്തുന്നത്. 2021 ജൂലായ് 20 ന് 97ാം ഭരണഘടനാ ഭേദഗതിയുമായി ബന്ധപ്പെട്ട ഭരണഘടനാ ബഞ്ചിന്റെ സുപ്രധാന വിധിയില്‍ സഹകരണം രംഗം സംസ്ഥാന വിഷയമാണെന്ന് അസനിഗ്ദ്ധമായി വ്യക്തമാക്കിയിരുന്നു. ഈ തിരിച്ചടി മറികടക്കാനാണ് പുതിയ മള്‍ട്ടി സ്റ്റേറ്റ് നിയമ ഭേദഗതിയുമായി കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടു വരുന്നത്. ജനാധിപത്യത്തിന്റെ കടയ്ക്കല്‍ കത്തി വയ്ക്കുന്ന സമീപനമാണിത്.

മള്‍ട്ടി സ്റ്റേറ്റ് സഹകരണ സംഘങ്ങളുടെ മേല്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിയന്ത്രണമില്ല. നിക്ഷേപങ്ങള്‍ക്ക് സുരക്ഷ നല്‍കാനോ, സാധാരണക്കാരന് വായ്പ നല്‍കാനോ ഉള്ള സഹകരണ സംഘങ്ങളുടെ പ്രാഥമിക ബാധ്യത പോലും നിയമപ്രകാരം മള്‍ട്ടി സ്റ്റേറ്റ് സംഘങ്ങള്‍ക്ക് ഇല്ലാത്ത സ്ഥിതിയുണ്ടാകും. സംസ്ഥാന സഹകരണ രജിസ്ട്രാര്‍ക്ക് കീഴില്‍ നിയമ പ്രകാരം പ്രവര്‍ത്തിക്കുന്ന സംഘങ്ങളെ പോലും ഇല്ലാതാക്കി മള്‍ട്ടി സ്റ്റേറ്റ് സംഘങ്ങളാക്കി മാറ്റാന്‍ കഴിയുന്ന വ്യവസ്ഥകളും കേന്ദ്ര സര്‍ക്കാര്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഭരണ സമിതിയുടെ തീരുമാന പ്രകാരവും പൊതുയോഗത്തിലെ ഭൂരിപക്ഷം ഉപയോഗിച്ച് ഏത് സഹകരണ സംഘത്തെയും മള്‍ട്ടി സ്റ്റേറ്റ് സംഘമാക്കി മാറ്റാം. ഇതോടെ സംസ്ഥാന നിയമ പ്രകാരം നിക്ഷേപകനും വായ്പക്കാരനും ഇടപാടുകാര്‍ക്കും ലഭിക്കുന്ന സംരക്ഷണവും ആനുകൂല്യങ്ങളും നഷ്ടമാകുമെന്നാണ് വാസവന്‍ വിശദീകരിക്കുന്നത്. .

സഹകരണ സംഘത്തിന്റെ ആസ്തിയും മൂലധനവും ഉപയോഗിക്കുന്നതിനുള്ള നിയന്ത്രണങ്ങളും ഒഴിവാകും. കേന്ദ്ര സര്‍ക്കാരോ നിക്ഷേപം നടത്തുന്ന വന്‍കിട കോര്‍പ്പറേറ്റുകളോ നിര്‍ദ്ദേശിക്കുന്ന തരത്തില്‍ സംഘത്തിന്റെ ആസ്തിയും വരുമാനവും ഉപയോഗിക്കേണ്ടി വരും. ഇത് സാധാരണക്കാര്‍ക്കുള്ള സഹായങ്ങള്‍ നല്‍കുന്നതിന് തടസമാകും. ഇതോടെ സഹകരണ സംഘങ്ങളുടെ പ്രാഥമിക ഉദ്ദേശം തന്നെ നഷ്ടപ്പെടുകയും സാധാരണക്കാര്‍ക്കും ചെറുകിട കര്‍ഷകര്‍ക്കും അപ്രാപ്യമാകുകയും ചെയ്യും.

പ്രാദേശിക സാമ്പത്തിക സ്രോതസ് എന്ന നിലയില്‍ ആര്‍ക്കും ഏത് സമയത്തും ആശ്രയിക്കാന്‍ കഴിയുന്ന സ്ഥാപനമെന്ന യാഥാര്‍ത്ഥ്യം ഇല്ലാതാകുകയും ചെയ്യും. സാമ്പത്തിക ലാഭം മാത്രം ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന നവ തലമുറ വാണിജ്യ ബാങ്കുകള്‍ക്ക് സമാനമായി സഹകരണ സംഘങ്ങള്‍ മാറുകയും ചെയ്യും.

സുപ്രീം കോടതിയെ ഈ വസ്തുതകള്‍ ബോദ്ധ്യപ്പെടുത്താനായത് കൊണ്ടാണ് സംസ്ഥാനങ്ങള്‍ക്ക് അനുകൂലമായ നിലപാടുണ്ടായത്. ഫെഡറല്‍ തത്വങ്ങളിലേയ്ക്കുള്ള കടന്ന് കയറ്റമാണെന്ന് വ്യക്തമായതോടെയാണ് കേന്ദ്ര നീക്കങ്ങള്‍ക്ക് സുപ്രീം കോടതി തടയിട്ടത്. ഇത് മറികടക്കാനാണ് പുതിയ വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തിയ ഭേദഗതിയുമായി കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റില്‍ എത്തുന്നത്.

സംസ്ഥാനത്തിന്റെ സ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്ന് കയറ്റമാണ് ഇത്. ലോകത്തിന് തന്നെ മാതൃകയാകുന്ന, റാങ്കിംഗില്‍ വന്‍കിട സഹകരണ സംഘങ്ങളെ മറികടന്ന് ഒന്നാം സ്ഥാനത്തേയ്ക്ക് എത്തിയ സഹകരണ സംഘങ്ങളും സംസ്ഥാനത്തുണ്ട്. ഇത്തരത്തില്‍ മാതൃകയാകുന്ന സംഘങ്ങള്‍ക്ക് പോലും ഭീഷണിയാകുന്ന മള്‍ട്ടി സ്റ്റേറ്റ് സഹകരണ നിയമ ഭേദഗതി ശക്തിയുക്തം എതിര്‍ക്കപ്പെടണ്ടേതാണെന്നും മന്ത്രി വി.എന്‍. വാസവന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Latest News