മള്‍ട്ടി സ്റ്റേറ്റ് സംഘങ്ങളുടെ ക്രമക്കേടുകള്‍ക്കെതിരെ നടപടിയെടുക്കും – മന്ത്രി അമിത് ഷാ
ക്രമക്കേടുകള്‍ കാട്ടുന്ന മള്‍ട്ടി സ്റ്റേറ്റ് സഹകരണ സംഘങ്ങള്‍ക്കെതിരെ സര്‍ക്കാര്‍ നടപടിയെടുക്കുന്നുണ്ടെന്നു കേന്ദ്ര സഹകരണ മന്ത്രി അമിത്ഷാ ലോക്‌സഭയില്‍ അറിയിച്ചു. വിവിധ സംസ്ഥാനങ്ങളിലെ മള്‍ട്ടി സ്റ്റേറ്റ് സംഘങ്ങള്‍ക്കെതിരെ ധാരാളം പരാതികള്‍ സര്‍ക്കാരിനു കിട്ടിയിട്ടുണ്ടെന്നു ഹനുമന്‍ ബെനിവാളിന്റെ ചോദ്യത്തിനു മറുപടിയായി മന്ത്രി അറിയിച്ചു. പണം തിരിച്ചുകൊടുക്കാതിരിക്കുക, നിക്ഷേപത്തില്‍ തിരിമറികള്‍ കാട്ടുക തുടങ്ങിയ പരാതികളാണു സര്‍ക്കാരിനു കിട്ടിയിട്ടുള്ളതെന്നു അദ്ദേഹം പറഞ്ഞു.
ക്രമക്കേടുകള്‍ കാട്ടിയ സംഘങ്ങള്‍ക്കെതിരെ 2002 ലെ മള്‍ട്ടി സ്റ്റേറ്റ് സഹകരണ സംഘം നിയമത്തിലെ സെക്ഷന്‍ 86 പ്രകാരം അടച്ചുപൂട്ടല്‍ നടപടി കൈക്കൊള്ളുമെന്നു മന്ത്രി അറിയിച്ചു. 77 സംഘങ്ങള്‍ക്കെതിരെ ഇപ്പോള്‍ ഇത്തരത്തില്‍ നടപടിയെടുക്കുന്നുണ്ട്. തിരിമറി നടത്തിയ പണത്തിന്റെയും പണം നഷ്ടപ്പെട്ട നിക്ഷേപകരുടെയും കൃത്യമായ കണക്കു കിട്ടിയിട്ടില്ല – അദ്ദേഹം പറഞ്ഞു.
രാജസ്ഥാനിലടക്കം വിവിധ സംസ്ഥാനങ്ങളിലെ മള്‍ട്ടി സ്റ്റേറ്റ് സഹകരണ സംഘങ്ങള്‍ നിക്ഷേപകരുടെ കോടിക്കണക്കിനു രൂപ തിരിമറി നടത്തിയിട്ടുള്ള കാര്യം സര്‍ക്കാരിനറിയാമോ എന്നായിരുന്നു ബെനിവാളിന്റെ ചോദ്യം.
നേരത്തേ രാജ്യസഭയിലും ഇതിനു സമാനമായി ചോദ്യമുയര്‍ന്നിരുന്നു. പിരിച്ചുവിടല്‍ നടപടി നേരിടുന്ന മള്‍ട്ടി സ്റ്റേറ്റ് സംഘങ്ങളുടെ പട്ടിക മന്ത്രി എഴുതിക്കൊടുത്ത മറുപടിയോടൊപ്പം ചേര്‍ത്തിരുന്നു. ഇത്തരം സംഘങ്ങളിലെ 43,940 നിക്ഷേപകര്‍ക്കായി 96.23 കോടി രൂപ തിരിച്ചുകൊടുത്തതായി മന്ത്രി അറിയിച്ചു. കൃത്യമായ രേഖകളുടെ അഭാവത്താലും സംഘം ഓഫീസുകള്‍ പൂട്ടി പ്രമോട്ടര്‍മാര്‍ ഒളിവില്‍ പോയതിനാലും പല സംഘങ്ങളുടെയും അടച്ചുപൂട്ടല്‍ പ്രക്രിയ തടസ്സപ്പെട്ടിരിക്കുകയാണെന്നു മന്ത്രി അമിത് ഷാ പറഞ്ഞു.