മള്‍ട്ടി സ്‌റ്റേറ്റ് സംഘങ്ങളുടെ ഭരണസമിതിയില്‍ വനിത-പട്ടികവിഭാഗ സംവരണം നിര്‍ബന്ധമാക്കി
മള്‍ട്ടി സ്റ്റേറ്റ് സഹകരണ സംഘങ്ങളുടെ ഭരണസമിതിയില്‍ വനിത-പട്ടിക വിഭാഗ സംവരണം നിര്‍ബന്ധമാക്കി കേന്ദ്ര സഹകരണ മന്ത്രാലയം. മള്‍ട്ടി സ്റ്റേറ്റ് സഹകരണ സംഘം നിയമത്തില്‍ ഭരണസമിതിയിലെ സ്ത്രീ-പട്ടിക വിഭാഗ സംവരണം വ്യവസ്ഥ ചെയ്തിരുന്നു. ഇത് നടപ്പാക്കാനുള്ള ഉത്തരവാണ് കേന്ദ്രസസഹകരണ മന്ത്രാലയം ഇറക്കിയിട്ടുള്ളത്.
മള്‍ട്ടി സ്റ്റേറ്റ് സഹകരണ സംഘങ്ങളുടെ ഭരണസമിതിയില്‍ 21 അംഗങ്ങളാണ് വേണ്ടത്. ഇതില്‍ പട്ടികജാതി-പട്ടിക വര്‍ഗ വിഭാഗങ്ങള്‍ക്ക് ഒരോ അംഗങ്ങള്‍വീതവും രണ്ട് വനിതാപ്രതിനിധികളുമാണ് ഭരണസമിതിയില്‍ വേണ്ടത്. സംഘം ഭരണസമിതി തിരഞ്ഞെടുപ്പിന് നിയോഗിക്കപ്പെട്ട വരണാധികാരി ഉറപ്പുവരുത്തണമെന്നും കേന്ദ്ര സഹകരണ മന്ത്രിലായത്തിന്റെ ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.
തിരഞ്ഞെടുപ്പിന് രണ്ടുമാസം മുമ്പ് സംഘത്തിന്റെ ചീഫ് എക്‌സിക്യുട്ടീവ് കേന്ദ്ര തിരഞ്ഞെടുപ്പ് അതോറിറ്റിയെ അറിയിക്കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഓണ്‍ലൈന്‍ വഴിയാണ് ഇത്തരമൊരു അറിയിപ്പും നല്‍കേണ്ടത്. ഇതിനായി സെന്‍ട്രല്‍ രജിസ്ട്രാര്‍ ഓഫീസിന്റെ വെബ് സൈറ്റില്‍ ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഓരോ സംഘത്തിനും പ്രത്യേകം ലോഗിന്‍ ഐ.ഡി. കേന്ദ്ര രജിസ്ട്രാര്‍ നല്‍കിയിട്ടുണ്ട്. ഇതിലൂടെ ‘ഇലക്ഷന്‍ റിക്വസ്റ്റ്’ എന്ന ഓപ്ഷന്‍ നല്‍കണം. ആവശ്യമായ മറ്റ് വിവരങ്ങളും ഓണ്‍ലൈന്‍ വഴിയാണ് നല്‍കേണ്ടത്.