മലപ്പുറത്തെ കേരളബാങ്കില്‍ ലയിപ്പിക്കാന്‍ ഹൈക്കോടതിയുടെ അനുമതി
മലപ്പുറം ജില്ലാസഹകരണ ബാങ്കിനെ കേരളബാങ്കില്‍ നിര്‍ബന്ധിതമായി ലയിപ്പിക്കുന്നതിന് സഹകരണ സംഘം രജിസ്ട്രാര്‍ക്ക് നടപടി സ്വീകരിക്കാമെന്ന് ഹൈക്കോടതി വ്യക്തമാക്കി. മലപ്പുറത്തെ ലയിപ്പിക്കുന്നതിനുള്ള നിബന്ധനകള്‍ ഉള്‍പ്പെടുത്തി സഹകരണ സംഘം രജിസ്ട്രാര്‍ ഉത്തരവിറക്കിയിരുന്നു. ഇതിനെ ചോദ്യം ചെയ്തുള്ള ഹരജിയിലാണ് ഹൈക്കോടതി വിധി.
മലപ്പുറം ജില്ലാ ബാങ്കിനെ കേരള ബാങ്കില്‍ ലയിപ്പിക്കാനുള്ള സഹകരണസംഘം രജിസ്ട്രാറുടെ നടപടികള്‍ തുടരാമെന്ന് ജസ്റ്റിസ് വിജി അരുണ്‍ വ്യക്തമാക്കി. ജില്ലാ ബാങ്ക് പ്രസിഡന്റും എം.എല്‍.എ.യുമായ യു.എ. ലത്തീഫും ഒരുകൂട്ടം പ്രാഥമിക സഹകരണസംഘം പ്രസിഡന്റുമാരും നല്‍കിയ ഹര്‍ജിയിലാണ് വിധി. മലപ്പുറം ജില്ലാ ബാങ്കിനെ ലയിപ്പിക്കുന്നതിന്റെ ഭാഗമായി അംഗസംഘങ്ങള്‍ക്ക് സഹകരണ രജിസ്ട്രാര്‍ നല്‍കിയ കത്തിന്റെ നിയമസാധുതയും 2021ലെ ഭേദഗതി നിയമത്തിന്റെ ഭരണഘടനാസാധുതയും ചോദ്യം ചെയ്തായിരുന്നു ഹരജി.
എന്തിന് വേണ്ടിയാണ് മലപ്പുറം ജില്ലാബാങ്കിനെ ലയിപ്പിക്കുന്നതെന്ന് രജിസ്ട്രാറുടെ ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. നാല് കാരണങ്ങളാണ് ഇതിനായി ചൂണ്ടിക്കാട്ടിയത്. കേരളബാങ്കിന്റെ ഭാഗമാകുന്നതോടെ മലപ്പുറം ജില്ലാസഹകരണ ബാങ്കിനുണ്ടാകുന്ന നേട്ടം, സാമ്പത്തിക ഉന്നതി, സഹകരണ വായ്പ ഘടന മൂന്നുതട്ടില്‍നിന്ന് രണ്ടുതട്ടിലേക്ക് മാറേണ്ടതിന്റെ ആവശ്യകത, 13 ജില്ലാബാങ്കുകള്‍ ഈ ഘടനയിലേക്ക് മാറിയ സാഹചര്യം എന്നിവയെല്ലാമാണ് വിശദീകരിച്ചത്.
മലപ്പുറം കേരളബാങ്കിന്റെ ഭാഗമാകുന്നതോടെ ഇടപാടുകാര്‍ക്കും പ്രാഥമിക കാര്‍ഷിക വായ്പ സഹകരണ സംഘങ്ങള്‍ക്കുമുള്ള നേട്ടങ്ങളും ഈ ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. കേരള ബാങ്ക് ഗ്ലോബല്‍ ബാങ്കിങ് നിലവാരത്തിലേക്ക് എത്തുമെന്നാണ് ഇതിലുള്ള പ്രധാന വാഗ്ധാനം. എല്ലാവിഭാഗം പ്രാഥമിക സഹകരണ സംഘങ്ങള്‍ക്കും ഇതുവഴി നേട്ടമുണ്ടാകും. എല്ലാ പ്രാഥമിക സഹകരണ ബാങ്കുകള്‍ക്കും കേരളബാങ്ക് വഴി പുത്തന്‍തലമുറ ബാങ്കുകള്‍ നല്‍കുന്ന എല്ലാവിധ സേവനങ്ങളും ഉറപ്പാക്കാനാകുമെന്നും ഈ ഉത്തരവില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.