മലപ്പുറം ജില്ലാ സഹകരണ ആശുപത്രി കോവിഡ് രോഗികള്‍ക്ക് സൗജന്യ ചികിത്സാ കേന്ദ്രം തുറന്നു
മലപ്പുറം ജില്ലാ സഹകരണ ആശുപത്രി മലപ്പുറം ടൗണ്‍ ഹാളില്‍ കോവിഡ് രോഗികള്‍ക്ക് സൗജന്യ ചികിത്സാ കേന്ദ്രം തുറന്നു. ആശുപത്രി പ്രസിഡന്റ് കെ.പി.എ. മജീദ് മലപ്പുറം നഗരസഭ ചെയര്‍മാന്‍ മുജീബ് കാടേരിയുമായി ചര്‍ച്ച നടത്തിയ ശേഷം ഉടനെ തന്നെ മലപ്പുറം നഗരസഭ സൗജന്യമായി മലപ്പുറം ടൗണ്‍ ഹാള്‍ കോവിഡ് ചികിത്സാ കേന്ദ്രം തുടങ്ങാന്‍ ജില്ലാ സഹരണ ആശുപത്രിക്ക് വിട്ടുനല്‍കുകയായിരുന്നു. അടിസ്ഥാന സൗകര്യങ്ങളും രോഗികള്‍ക്ക് ഭക്ഷണവും നഗരസഭ ഒരുക്കി നല്‍കി. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ സൗജന്യ ചികിത്സാ കേന്ദ്രം ഉദ്ഘാടനം ചെയ്തു.
കിടത്തി ചികിത്സക്കായി 34 കിടക്കകളാണ് നിലവില്‍ ഒരുക്കിയിട്ടുള്ളത്. ഇതില്‍ 10 കിടക്ക ഓക്‌സിജന്‍ ലൈനോടെയുള്ള കിടക്കകളാണ്. പുരുഷന്‍മാര്‍ക്കും വനിതകള്‍ക്കും പ്രത്യേകം വാര്‍ഡും ഒരുക്കിയിട്ടുണ്ട്. 24 മണിക്കൂറും ഡോക്ടര്‍, നഴ്‌സിംഗ്, മരുന്ന്, ലാബ്, എക്‌സറെ എന്നീ സേവനവുമുണ്ട്. ചീഫ് ഫിസിഷ്യന്‍ ഡോ.വിജയന്റെ നേതൃത്യത്തിലുള്ള ആറ് അംഗ ഡോക്ടര്‍മാരുടെ ടീമാണ് കേന്ദ്രത്തില്‍ ചികിത്സ നടത്തുന്നത്.
ആശുപത്രി ടീമിന്റെ സംഭാവനയായ മൂന്ന് ലക്ഷം രൂപയുടെ ചെക്ക് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ക്കും മെഡിക്കല്‍ കിറ്റ് പി.കെ.കുഞ്ഞാലിക്കുട്ടിക്കും സെക്രട്ടറി സഹീര്‍ കാലടിയും സി.എം.ഒ. ഡോ. പരീദ് എന്നിവര്‍ ചേര്‍ന്ന് കൈമാറി. ആശുപത്രി പ്രസിഡന്റ് നിയുക്ത എം.എല്‍.എ. കെ.പി.എ.മജീദ് ,പി.ഉബൈദുള്ള, ആബിദ് ഹുസൈന്‍ തങ്ങള്‍, മുജീബ് കാടേരി, ആശുപത്രി വൈസ് പ്രസിഡന്റ് അബ്ദുള്ള മാസ്റ്റര്‍, ഭരണ സമിതി അംഗങ്ങളായ കെ.എന്‍.എം. ഹമീദ് മാസ്റ്റര്‍, നൗഷാദ് മണ്ണിശ്ശേരി, ഇമ്പിച്ചി കോയ തങ്ങള്‍, സുനീറ എന്നിവര്‍ പങ്കെടുത്തു.