ഭിന്നശേഷിക്കാര്‍ക്ക് തൊഴില്‍ സംരംഭങ്ങള്‍: സഹകരണ സംഘങ്ങള്‍ 100 കോടി രൂപ വായ്പ നല്‍കും
രണ്ടാം പിണറായിസര്‍ക്കാരിന്റെ നൂറുദിന കര്‍മ പരിപാടിയില്‍പ്പെടുത്തി ഭിന്നശേഷിക്കാര്‍ക്കു തൊഴില്‍ സംരംഭങ്ങള്‍ തുടങ്ങാന്‍ സഹകരണ സംഘങ്ങള്‍ പതിനായിരം വായ്പകള്‍ നല്‍കും. 100 കോടി രൂപയാണ് ഇങ്ങനെ വായ്പ നല്‍കുക.
കേരള ബാങ്ക്, അര്‍ബന്‍ ബാങ്കുകള്‍, പ്രാഥമിക സഹകരണ സംഘങ്ങള്‍ / ബാങ്കുകള്‍ എന്നിവ മുഖേനയാണു ഭിന്നശേഷിക്കാര്‍ക്കു തൊഴില്‍ സംരംഭങ്ങള്‍ തുടങ്ങാന്‍ വായ്പ നല്‍കുക. രണ്ടായിരം സഹകരണ സംഘങ്ങള്‍ മുഖേനയാണു വായ്പകള്‍ നല്‍കുക. ഈ സാഹചര്യത്തില്‍, നിശ്ചിത എണ്ണം വായ്പ വിതരണം ചെയ്യാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ സംഘങ്ങള്‍ക്കു നിര്‍ദേശം നല്‍കണമെന്നു സഹകരണ സംഘം രജിസ്ട്രാര്‍ എല്ലാ ജോയന്റ് രജിസ്ട്രാര്‍ ( ജനറല്‍ ) മാരോടും ആവശ്യപ്പെട്ടു.
അപേക്ഷകര്‍ വായ്പക്കായി സ്വന്തം പ്രദേശത്തെ സഹകരണ സംഘത്തില്‍ അംഗമാവണം. പ്രോജക്ടിന്റെ അടിസ്ഥാനത്തിലായിരിക്കും വായ്പ. പ്രോജക്ടിന്റെ 75 ശതമാനമോ മൂന്നു ലക്ഷം രൂപയോ ഏതാണോ കുറവ് അതായിരിക്കും വായ്പ്പത്തുക. പദ്ധതിയുടെ പുരോഗതി വിലയിരുത്തി ഗഡുക്കളായാണു വായ്പ അനുവദിക്കുക. കുറഞ്ഞ പലിശനിരക്കില്‍ അനുവദിക്കുന്ന വായ്പയുടെ കാലാവധി നാലു വര്‍ഷമാണ്.
വായ്പാ വിതരണത്തിലെ ആഴ്ചതോറുമുള്ള പുരോഗതിറിപ്പോര്‍ട്ട് താലൂക്കു തിരിച്ച് വായ്പ നല്‍കിയ സംഘങ്ങളുടെ എണ്ണം കൂടി ഉള്‍പ്പെടുത്തി എല്ലാ തിങ്കളാഴ്ചയും രജ്‌സ്ട്രാറുടെ ഓഫീസില്‍ സമര്‍പ്പിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. ഫെബ്രുവരി പത്തിനാരംഭിച്ച നൂറുദിന കര്‍മ പരിപാടി മെയ് ഇരുപതിനാണ് അവസാനിക്കുക.