‘ബാങ്ക് ഭീഷണി’ മൂന്നുമാസം മുമ്പുതന്നെ റിസര്‍വ് ബാങ്ക് കേരളത്തെ അറിയിച്ചിരുന്നു

adminmoonam

ബാങ്കിങ് നിയന്ത്രണ നിയമത്തിലെ ഭേദഗതി കേരളത്തിലെ പ്രാഥമിക കാര്‍ഷിക വായ്പ സഹകരണ സംഘങ്ങളെ ബാധിക്കുമെന്ന് മൂന്നുമാസം മുമ്പുതന്നെ റിസര്‍വ് ബാങ്ക് സഹകരണ വകുപ്പിനെ അറിയിച്ചിരുന്നു. കേന്ദ്രസര്‍ക്കാര്‍ ഓര്‍ഡിനന്‍സ് കൊണ്ടുവന്നതിന് പിന്നാലെയായിരുന്നു ഈ അറിയിപ്പ്. ധനകാര്യവകുപ്പ് അഡീഷ്ണല്‍ ചീഫ് സെക്രട്ടറി, സഹകരണ സംഘം രജിസ്ട്രാര്‍, പോലീസ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്ത സംസ്ഥാനതല ഏകോപനസമിതി യോഗത്തിലായിരുന്നു ഇത്.

2020 ആഗസ്റ്റ് 14നാണ് എസ്.എല്‍.സി.സി.യോഗം ചേര്‍ന്നത്. ഇതില്‍ മൂന്നാമത്തെ അജണ്ടയായി ഉണ്ടായിരുന്നത് ബാങ്കിങ് നിയന്ത്രണ നിയമത്തിലെ ഭേദഗതി സംബന്ധിച്ചായിരുന്നു. 2020 ജൂണ്‍ 26ന് കേന്ദ്രസര്‍ക്കാര്‍ ഭേദഗതി സംബന്ധിച്ച് വിജ്ഞാപനം ഇറക്കിയിട്ടുണ്ടെന്നും, പുതിയ ഭേദഗതി അനുസരിച്ച് പ്രാഥമിക കാര്‍ഷിക വായ്പ സഹകരണ സംഘങ്ങള്‍ക്ക് ലഭിച്ചിരുന്ന ഇളവുകളില്‍ മാറ്റം വരുത്തിയിട്ടുണ്ടെന്നുമുള്ള ആര്‍.ബി.ഐ. ജനറല്‍മാനേജറുടെ അറിയിപ്പ് യോഗത്തെ അറിയിച്ചു. അതനുസരിച്ച് സഹകരണ സംഘം രജിസ്ട്രാര്‍ നടപടി സ്വീകരിക്കണമെന്ന് ആര്‍.ബി.ഐ. റീജിയണല്‍ ഡയറക്ടര്‍ സഹകരണ സംഘം രജിസ്ട്രാറോട് നിര്‍ദ്ദേശിക്കുകയും ചെയ്തു.
നിയമം നടപ്പാക്കുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിക്കേണ്ടത് എന്നതിനെക്കുറിച്ച് റിസര്‍വ് ബാങ്ക് ഒരു മാര്‍ഗനിര്‍ദ്ദേശം പുറത്തിറക്കണമെന്ന് യോഗത്തില്‍ പങ്കെടുത്ത അഡീഷ്ണല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പോലീസ് (ക്രൈം) പറഞ്ഞു. എന്നാല്‍, ‘ബാങ്ക്’ എന്ന് പേരിനൊപ്പം ചേര്‍ക്കരുതെന്നകാര്യം സഹകരണ സംഘങ്ങളെ അറിയിക്കണമെന്നാണ് ധനകാര്യവകുപ്പ് അഡീഷ്ണല്‍ ചീഫ് സെക്രട്ടറി യോഗത്തില്‍വെച്ചുതന്നെ രജിസ്ട്രാറോട് ആവശ്യപ്പെട്ടിട്ടുള്ളത്. നിയമഭേദഗതിക്ക് ശേഷം സഹകരണ സംഘങ്ങള്‍ക്ക് ‘ബാങ്ക്’ എന്ന് ഉപയോഗിക്കാനാവില്ല. ഇത് നിയമലംഘനമാണെന്നും അത് നടക്കാതിരിക്കാനുള്ള നടപടി സ്വീകരിക്കണമെന്നും അഡീഷ്ണല്‍ ചീഫ് സെക്രട്ടറി പറഞ്ഞു. ഇതിനൊപ്പം, നിയമഭേദഗതിക്ക് ശേഷം എന്തൊക്കെ നടപടിയാണ് സ്വീകരിക്കേണ്ടത് എന്നതിനെ കുറിച്ച് റിസര്‍വ് ബാങ്ക് സര്‍ക്കാരിന് കത്ത് നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. അക്കാര്യത്തില്‍ റിസര്‍വ് ബാങ്കിന്റെ കേന്ദ്ര ഓഫീസില്‍നിന്നുതന്നെ വ്യക്തത നല്‍കുമെന്നായിരുന്നു റീജിയണല്‍ ഡയറക്ടര്‍ ഇതിന് നല്‍കിയ മറുപടി.

ഈ യോഗത്തിന് ശേഷമാണ് അര്‍ബന്‍ ബാങ്കുകളുടെ ടാസ്‌ക്‌ഫോഴ്‌സ് യോഗം നടന്നത്. 2020 ഒക്ടോബര്‍ ഏഴിനായിരുന്നു ഇത്. ഈ യോഗത്തിലും പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങള്‍ ബാങ്ക് എന്ന പേര് ഉപയോഗിക്കുന്നത് തടയണമെന്നും ഇതിനെതിരെ അടിയന്തര നടപടി സ്വീകരിക്കണമെന്നും റിസര്‍വ് ബാങ്ക് റീജിയണല്‍ ഡയറക്ടര്‍ രജിസ്ട്രാറോട് ആവശ്യപ്പെട്ടു. ഇതിനുപിന്നാലെയാണ് ചെക്ക്, ഡ്രാഫ്റ്റ് ഉപയോഗിക്കുന്ന സംഘങ്ങളുടെ വിവരം തേടി റിസര്‍വ് ബാങ്ക് കത്ത് നല്‍കുന്നത്. ഈ കത്തിന് അനുസരിച്ച് റജിസ്ട്രാര്‍ വിവരങ്ങള്‍ തേടുമ്പോഴാണ് സഹകാരികളും സംഘം പ്രതിനിധികളും ഇക്കാര്യം അറിയുന്നത് എന്നുമാത്രം.
ബാങ്കിങ് ഭേദഗതി നിയമം പ്രാഥമിക കാര്‍ഷിക വായ്പാസഹകരണങ്ങളെ എങ്ങനെയൊക്കെ ബാധിക്കുമെന്നത് പലഘട്ടത്തിലായി സഹകരണ സംഘം ഉദ്യോഗസ്ഥരെയും സര്‍ക്കാര്‍ പ്രതിനിധികളെയും അറിയിച്ചിരുന്നുവെന്നാണ് ഈ യോഗത്തിലെ വിവരങ്ങള്‍ വ്യക്തമാക്കുന്നത്. എന്നിട്ടും, ഇക്കാര്യങ്ങള്‍ സഹകാരികളെ വ്യക്തമായി ബോധ്യപ്പെടുത്തുന്നതിനോ, പ്രായോഗിക നടപടികള്‍ സ്വീകരിക്കുന്നതിനോ ഉദ്യോഗസ്ഥരോ സര്‍ക്കാരോ ശ്രമിച്ചിട്ടില്ല. അതിന്റെ ആശയക്കുഴപ്പവും അവ്യക്തതയുമാണ് സഹകരണ മേഖലയിലുള്ളത്.

Leave a Reply

Your email address will not be published.