ബാങ്കിങ് നിയന്ത്രണ നിയമ ലംഘനം: ബിഹാര്‍ സംസ്ഥാനബാങ്കിന് റിസര്‍വ് ബാങ്ക് 60 ലക്ഷം രൂപ പിഴയിട്ടു
ബാങ്കിങ് നിയന്ത്രണനിയമം ലംഘിക്കുന്ന സഹകരണബാങ്കുകള്‍ക്കെതിരെ പിഴശിക്ഷ ചുമത്തുന്ന റിസര്‍വ് ബാങ്കിന്റെ നടപടി തുടരുന്നു. ഏറ്റവുമൊടുവില്‍ ശിക്ഷിക്കപ്പെട്ട ബാങ്കുകളില്‍ ബിഹാര്‍ സംസ്ഥാന സഹകരണബാങ്കും തെലങ്കാന സംസ്ഥാന സഹകരണബാങ്കും ഉള്‍പ്പെടും. ബിഹാര്‍ ബാങ്കിനു 60.20 ലക്ഷം രൂപയാണു പിഴ ചുമത്തിയത്.
ജൂണ്‍ അഞ്ചിനിറക്കിയ ഉത്തരവിലാണു റിസര്‍വ് ബാങ്ക് ബിഹാര്‍ സംസ്ഥാന സഹകരണ ബാങ്കിനു ഏറ്റവും ഉയര്‍ന്ന പിഴയായ 60.20 ലക്ഷം രൂപ ചുമത്തിയത്. 1949 ലെ ബാങ്കിങ് നിയന്ത്രണനിയമത്തിലെ സെക്ഷന്‍ 24 ( 3 ), 26, 27 ( 1 ) എന്നിവയിലെ വ്യവസ്ഥകളും 1966 ലെ ബാങ്കിങ് നിയന്ത്രണ ( സഹകരണസംഘങ്ങള്‍ ) ച്ചട്ടങ്ങളും പാലിച്ചില്ലെന്നാരോപിച്ചാണു റിസര്‍വ് ബാങ്ക് ഈ നടപടിയെടുത്തത്.
മേഘാലയത്തിലെ ജോവൈ അര്‍ബന്‍ ബാങ്കാണു ശിക്ഷിക്കപ്പെട്ട മറ്റൊരു ബാങ്ക്. ജൂണ്‍ ഒമ്പതിനിറക്കിയ ഉത്തരവനുസരിച്ച് ഈ ബാങ്കിനു ആറു ലക്ഷം രൂപയാണു പിഴയിട്ടത്. അര്‍ബന്‍ ബാങ്കുകളെ സംബന്ധിച്ച നിര്‍ദേശങ്ങളും കെ.വൈ.സി. ( നിങ്ങളുടെ ഇടപാടുകാരനെ അറിയുക ) നിര്‍ദേശങ്ങളും ലംഘിച്ചു എന്നാണു മേഘാലയ ബാങ്കിനെതിരായ പരാതി. ഗുജറാത്തിലെ രാജ്‌കോട്ട് സഹകരണ ബാങ്കിനും പിഴശിക്ഷ കിട്ടി. പത്തു ലക്ഷം രൂപയാണു പിഴ. ബാങ്കുമായി ഉപഭോക്താക്കള്‍ നടത്തിയ അനധികൃത ഇടപാടുകള്‍ വെളിപ്പെടുത്തിയില്ല എന്നതാണു പ്രധാന കുറ്റം. തെലങ്കാന സംസ്ഥാന സഹകരണ ബാങ്കിനു രണ്ടു ലക്ഷം രൂപയുടെ പിഴയാണു റിസര്‍വ് ബാങ്ക് ചുമത്തിയത്. 1949 ലെ ബാങ്കിങ് നിയന്ത്രണനിയമത്തിലെ സെക്ഷന്‍ 26 എ ( 2 ) യിലെ വ്യവസ്ഥകള്‍ പാലിച്ചില്ല എന്നാരോപിച്ചാണു പിഴയിട്ടത്. ശിക്ഷിക്കപ്പെട്ട നാലു സഹകരണബാങ്കുകള്‍ക്കും നോട്ടീസ് നല്‍കി അവരുടെ വിശദീകരണം തേടുകയും വാദം കേള്‍ക്കുകയും ചെയ്തശേഷമാണു റിസര്‍വ് ബാങ്ക് പിഴ ചുമത്തിയത്.
[mbzshare]